സുന്ദരിയാകാൻ മുഖവും മുടിയും മിനുക്കി അപ്പോ നഖങ്ങളോ? ഓഹ്… അതോർത്തില്ലെന്നല്ലേ പറയാൻ ഉദ്ദേശിച്ചത്. നമ്മിൽ നല്ലൊരു വിഭാഗം ഈയൊരു മനോഭാവക്കാരാണ്. നഖ പരിചരണത്തിൽ മതിയായ ശ്രദ്ധ നൽകാത്തവർ. സൗന്ദര്യത്തിന്‍റെ കണ്ണാടിയുമാണ് നഖങ്ങൾ. നഖങ്ങളെ അവഗണിക്കല്ലേ…
നഖങ്ങളിൽ ഗവേഷണം നടത്തി ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞനാണ് ക്ലിംഗ്‍മാൻ. നഖങ്ങൾ മുന്നിലേക്ക് വളരുന്നത് എന്തുകൊണ്ടാണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആണ് അദ്ദേഹത്തെ ചിന്താക്കുഴപ്പത്തിലാക്കിയത്. ഞെട്ടിക്കുന്ന ഈ ചോദ്യത്തിന് കൃത്യമായ മറുപടി ഇല്ലെന്നതായിരുന്നു സത്യം. പിന്നീട് ക്ലിംഗ്‍മാൻ വിചിത്രമായ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമം തുടങ്ങി. എന്തിനധികം… ഗവേഷണങ്ങൾ തകൃതിയായി നടന്നു. നഖങ്ങളെ സംബന്ധിക്കുന്ന പല സത്യങ്ങളും കണ്ടെത്തി. പ്രത്യേകിച്ച് മരണ ശേഷവും നഖങ്ങൾ വളരും എന്നതിന്‍റെ പിന്നിലുള്ള രഹസ്യം….
ഗർഭത്തിലുള്ളപ്പോൾ മുതൽ കുഞ്ഞിന്‍റെ നഖങ്ങൾ വളരുന്നുണ്ട്. എന്നാൽ മരണ ശേഷം നഖങ്ങൾക്ക് ചുറ്റുമുള്ള മൃദുഭാഗം സങ്കോചിക്കുവാൻ തുടങ്ങും. ഇത് നഖം വളരുന്നതായ ഭ്രമം ജനിപ്പിക്കുന്നുവെന്ന് മാത്രം. മുടിയും നഖങ്ങളും ചർമ്മത്തിന്‍റെ ഭാഗമാണെന്നും ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞു.
നഖങ്ങൾ രൂപപ്പെടുന്നത്
നഖങ്ങളെ സംബന്ധിക്കുന്ന ഒരുപാട് ധാരണകളുണ്ട്. അതിൽ വല്ല വാസ്തവുമുണ്ടോ എന്നറിയേണ്ടേ? കൽക്കത്തയിലെ സ്കിൻ സ്പെഷ്യലിസ്റ്റ് ഡോ. സുബ്രത്ത് ഇതേക്കുറിച്ച് സംസാരിക്കുന്നു.
നഖങ്ങൾക്ക് പിൻഭാഗത്തുള്ള ചർമ്മത്തിന് ചുവട്ടിലുള്ള നെയിൽ മെട്രിക്സിൽ നിന്നുമാണ് നഖങ്ങൾ രൂപപ്പെടുന്നത്. നഖങ്ങൾ രൂപം കൊണ്ട ശേഷം ചർമ്മത്തിന് പിന്നിൽ നിന്നും പുറത്തേക്ക് വളർന്നു തുടങ്ങുന്നു. വിരലിന്‍റെ അറ്റത്തായി നഖം അവസാനിക്കുന്ന ഭാഗത്താണ് മാർജിൻ ഓഫ് നെയിൽ. നമ്മൾ ചൊറിയുന്നതും സ്ക്രാച്ച് ചെയ്യുന്നതും മറ്റും ഈ ഭാഗം ഉപയോഗിച്ചാണ്. വിരലിന് മീതെ നഖം കാണുന്ന ഭാഗമാണ് നെയിൽ ഭാഗമാണ് നെയിൽ പ്ലേറ്റ്. വിരലിലെ ചർമ്മവുമായി ചേരുന്ന നെയിൽ പ്ലെയിറ്റ് ഭാഗത്ത് വളരെ നേർത്ത ചർമ്മാവരണമാണുണ്ടാവുക. ഇതാണ് ക്യൂട്ടിക്കിൾസ്. തീരെ ചെറുതും സുതാര്യവുമായ ഭാഗമാണിത്. ഏതെങ്കിലും കാരണവശാൽ നഖങ്ങളും അതിനെ ബന്ധിപ്പിക്കുന്ന ചർമ്മത്തിനും ഇടയിൽ ഒരു ഗ്യാപ്പ് രൂപപ്പെടും. ഇത് ശരീരത്തിൽ ഇൻഫെക്ഷനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മറഞ്ഞിരിക്കുന്ന സത്യം
ഒരു വ്യക്തിക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് അയാളുടെ നഖം പരിശോധിച്ചാൽ മനസ്സിലാക്കാവുമെന്ന് ഡോ. സുബ്രത്ത് പറയുന്നു. കാൽസ്യത്തിന്‍റെ കുറവ് മൂലമാണ് നഖ സംബന്ധമായ പല പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നാണ് പരക്കെയുള്ള ധാരണ. ചിലരെങ്കിലും ഇതൊഴിവാക്കാൻ കാത്സ്യം ഗുളിക കഴിച്ച് ചികിത്സ നടത്താറുണ്ട്. ഇത് തീർത്തും തെറ്റായ ധാരണയാണ്.
വാസ്തവത്തിൽ, നഖങ്ങളിൽ വളരെ കുറഞ്ഞ തോതിൽ മാത്രമേ കാൽസ്യം അടങ്ങിയിട്ടുള്ളൂ. അതും നഖങ്ങളുടെ പ്രതലത്തിൽ മാത്രം. നഖങ്ങൾ രൂപം കൊള്ളുന്നതിലും ആകൃതി നൽകുന്നതിലും നഖങ്ങളുടെ വളർച്ചയിലും കരോട്ടിൻ പ്രോട്ടീൻ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്.
സുഗമമായ രക്തസഞ്ചാരം ഉണ്ടെങ്കിലേ നഖങ്ങൾ നന്നായി വളരുകയുള്ളൂ. ഇല്ലെങ്കിൽ നഖങ്ങൾ കനം കുറഞ്ഞ് നീളം വയ്ക്കാതെ പെട്ടെന്ന് ഒടിഞ്ഞ് പോകും. ജന്മനാ തന്നെ ബലമില്ലാത്ത നഖങ്ങളുള്ളവരുണ്ട്. ശരീരത്തിലെ പ്രോട്ടീൻ കുറവാണിതിന് കാരണം. ഇത് കൂടാതെ പൊട്ടാസ്യം, സോഡിയം ഹൈഡ്രോക്സൈഡ് സമ്പർക്കം മൂലവും നഖങ്ങൾ മൃദുവായി തീരാം. എല്ലാ നഖങ്ങളുടെയും വളർച്ച ഒരുപോലെയല്ല എന്നത് നഖങ്ങളെ സംബന്ധിക്കുന്ന രസകരമായ മറ്റൊരു വസ്തുതയാണ്. തള്ളവിരലിലെയും ചെറുവിരലിലെയും നഖങ്ങൾ മറ്റ് വിരലിലെ നഖങ്ങളെ അപേക്ഷിച്ച് ധ്രുതഗതിയിൽ വളരുന്നുണ്ടത്രേ…
കൗതുകം നിറഞ്ഞ കണ്ടെത്തലുകൾ ഇനിയുമുണ്ട്. വലതുകൈയിലെ നഖങ്ങൾ ഇടതുകൈയിലെ നഖങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് വളരുമെന്ന് സസൂക്ഷ്മം നിരീക്ഷിച്ചാൽ മനസ്സിലാകും. മാത്രമല്ല സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ നഖങ്ങൾ പെട്ടെന്ന് വളരുമത്രേ. ശൈത്യകാലത്തേക്കാൾ വേനൽക്കാലത്താണ് നഖങ്ങൾ വേഗം വളരുന്നത്.
നഖങ്ങളും രോഗങ്ങളും
നഖത്തിൽ വെള്ളപ്പാടുകൾ കണ്ടാൽ പുതിയ വസ്ത്രം കിട്ടും, നഖങ്ങളിൽ ചവിട്ടിയാൽ ദോഷമാണ് എന്നൊക്കെ കേട്ടിട്ടില്ലേ? ഇതൊക്കെ നഖങ്ങളെക്കുറിച്ചുള്ള ചില വിശ്വാസങ്ങൾ മാത്രമാണ്. നഖങ്ങളിൽ തെളിയുന്ന ചെറിയ മാറ്റങ്ങൾ പോലും ശരീരത്തിലെ വലിയ രോഗലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ നഖങ്ങൾ ആരോഗ്യത്തിന്‍റെ കണ്ണാടിയാണ് എന്ന് പറയാം. നഖങ്ങളഉടെ ആകാരത്തിലോ നിറത്തിലോ പെട്ടെന്ന് മാറ്റങ്ങൾ കണ്ടാൽ ആരോഗ്യ കാര്യത്തിൽ കൂടതൽ ശ്രദ്ധ പതിപ്പിക്കുക. രാവിലെ ഉണരുമ്പോൾ നഖങ്ങളിൽ മഞ്ഞനിറം കാണുക, നഖത്തിന്‍റെ ഉപരിതലത്തിൽ പൊട്ടൽ കാണുക, നഖങ്ങൾ വല്ലാതെ കുഴിഞ്ഞ് പോകുക, സ്പൂൺ ഷെയ്പിലാകുക എന്നിങ്ങനെ ശ്രദ്ധയിൽ പെട്ടാൽ സൂക്ഷിക്കണം.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. ഇതൊക്കെ നഖത്തെ ബാധിക്കുന്ന രോഗത്തെയല്ല ശരീരത്തിനോ ചർമ്മത്തിനോ ബാധിക്കാനിടയുള്ള രോഗലക്ഷണങ്ങളാകാം. നഖങ്ങൾ നോക്കി അനീമിയയും മഞ്ഞപ്പിത്തവും ഒക്കെയുണ്ടോ എന്ന് മനസ്സിലാക്കാനാകും എന്ന് മാത്രമല്ല ഹൃദ്രോഗം, ലംഗ് കാൻസർ, തൈറോയ്ഡ് താളപ്പിഴകൾ വരെ തിരിച്ചറിയാനാകും. വളംകടി, നഖങ്ങളെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണ്. ഏറെ നേരം വെള്ളത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരായാണിതേറെ അലട്ടുക. ഒരു തരം ഫംഗസാണ് കാരണക്കാർ. ഫംഗസുണ്ടാകുന്നത് ബാക്ടീരിയമൂലവുമാണ്. ഏരെനേരം വെള്ളവുമായി സമ്പർക്കമുണ്ടായാൽ നഖങ്ങളിൽ നീരുണ്ടായി ചുവന്ന് തടിക്കാം. ഇതുമൂലം നഖങ്ങളിൽ പഴുപ്പും ഉണ്ടാകാം. ആന്‍റിഫംഗൽ ട്രീറ്റ്മെന്‍റിലൂടെ രോഗം ഭേദമാക്കാം. വെള്ളവുമായി സമ്പർക്കം വരുമ്പോഴൊക്കെ രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ട്.
കാൽവിരലുകളിലെ വേദന
കാൽവിരലുകളിലെ നഖങ്ങളിലുണ്ടാകുന്ന വേദന ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ്. നഖത്തിന്‍റെ രണ്ടറ്റവും വിരലിലെ മാംസഭാഗത്ത് അമരുന്നത് മൂലമാണ് ഈ വേദനയുണ്ടാകുന്നത്. പൊതുവെ ടൈറ്റ്, ഷാർപ്പ് ഷൂസ് ധരിക്കുന്നവരെയാണീ പ്രശ്നം അലട്ടുക. നഖങ്ങൾ മുറിച്ച് നെയിൽ ഫൈലർ കൊണ്ട് വശങ്ങൾ റൗണ്ട് ചെയ്യുക. കൂർത്ത് ഇറുകിയ ഷൂ ഒഴിവാക്കുക.