സ്വന്തം കാര്യം പോലും നോക്കാൻ നേരമില്ലാത്ത തിരക്കാണ് പലർക്കും. മിക്ക സ്ത്രീകളും പരാതിപ്പെടുന്ന ഒരു കാര്യമാണിത്. സംഗതി ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ ഉള്ള സൗന്ദര്യവും കൂടി പോയിക്കിട്ടും. പക്ഷേ ഇതങ്ങനെ വിട്ടുകൊടുക്കാൻ പറ്റുമോ… ദിവസവും ഒരു പത്ത് മിറ്റ് എങ്കിലും സൗന്ദര്യ പരിചരണത്തിന് ആയി വിനിയോഗിക്കുക. ഈ ജീവിതം ഒന്നല്ലേയുള്ളൂ. അത് കൂടുതൽ സുന്ദരമാക്കി കൂടേ… സ്വന്തം ഇഷ്ടം അനുസരിച്ച് ആ 10 മിനിറ്റ് നേരം ജീവിക്കൂ…
ഒരു നിമിഷം
തിരക്കു പിടിച്ച ജീവിത സാഹചര്യത്തിൽ നിന്നും ഒരു ഫംഗ്ഷനോ പാർട്ടിക്കോ പോകേണ്ടി വരുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
ഏറ്റവും ആദ്യം നല്ലൊരു ഫ്രഷ് കുളി ആയിക്കൊള്ളട്ടെ. ആദ്യം ഇളം ചൂട് വെള്ളം കൊണ്ടും അതിന് ശേഷം തണുത്ത വെള്ളവും ഉപയോഗിച്ച് കുളിക്കുക. കുളിക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി യൂഡികൊളണും കൂടി ചേർക്കുക. ശരീരത്തിനും മനസ്സിനും ഫ്രഷ്നസ് ലഭിക്കും.
കുളിക്കാൻ സമയമില്ലെങ്കിൽ നനഞ്ഞ ടൗവലിൽ യൂഡികൊളണിന്‍റെ ഏതാനും തുള്ളി ഒഴിച്ച് കണ്ണടച്ച ശേഷം കണ്ണിന് മീതെ ടൗവൽ വയ്ക്കുക. ഈ സമയം ദീർഘമായി നിശ്വസിക്കുക. 6 തവണ ശ്വാസം പുറത്തേക്ക് വിടുകയും അകത്തേക്ക് എടുക്കുകയും ചെയ്യുക. ശരീരവും മനസ്സും ഫ്രഷാകുന്നത് സ്വയം അനുഭവിച്ചറിയാം.
ടബ്ബിൽ ഇളം ചൂട് വെള്ളം നിറച്ച് അൽപം ഉപ്പും ചേർത്ത് പാദങ്ങൾ അതിൽ അൽപനേരം വയ്ക്കുക. തളർച്ച പൂർണ്ണമായും അകലും. അതിനുശേഷം വെള്ളം ഉപയോഗിച്ചോ ഐസ്ക്യൂബ് കൊണ്ടോ മുഖം മസാജ് ചെയ്യാം. കണ്ണുകളടച്ച് മുഖത്ത് വെള്ളം സ്പ്രേ ചെയ്യാം. നവോന്മേഷം ഫീൽ ചെയ്യുന്നില്ലേ…
ഡ്രസ് സെലക്ഷൻ
ഫംഗ്ഷന് കംഫർട്ടബിളായ വേഷം തന്നെ ആയിക്കൊള്ളട്ടെ. അതും നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിറത്തിലുള്ള ഡ്രസ്. ഡ്രസിനൊപ്പം കംഫർട്ടബിളായ ചെരിപ്പോ അല്ലെങ്കിൽ ഹീലുള്ള സാൻഡലോ അണിയാ. മനോഹരമായ ഡ്രസ് ധരിക്കുകയും അത് കംഫർട്ടബിൾ അല്ലാതിരിക്കുകയും ചെയ്താൽ നിങ്ങൾ ഗ്ലാമറസാവുകില്ല.
മേക്കപ്പിന്‍റെ മാജിക്
- മേക്കപ്പിടും മുമ്പ് മുഖം ക്ലൻസർ ഉപയോഗിച്ച് വൃത്തിയാക്കാം. ക്ലൻസർ വീട്ടിലും തയ്യാറാക്കാം. ഒരു സ്പൂൺ തേയിലയും അൽപം കടലമാവും പാലിലോ തൈരിലോ മിക്സ് ചെയ്ത് മുഖത്ത് പുരട്ടി രണ്ടോ മൂന്നോ മിനിറ്റുനേരം ക്ലോക്ക് വൈസായും ആന്‍റി ക്ലോക്ക് വൈസായും മസാജ് ചെയ്യാം. അതിനുശേഷം മുഖം കഴുകാം.
- ഇത് കഴിഞ്ഞ് ടോണർ ഉപയോഗിക്കാം. അതിനായി ഫ്രിഡ്ജിൽ നിന്നും ഒരു ഐസ്ക്യൂബ് കൈയിലെടുത്തോളൂ. മുഖത്ത് ഐസ്ക്യൂബ് കൊണ്ട് മൃദുവായി തടവാം.
- ഓരോരുത്തർക്കും ഓരോ തരം മേക്കപ്പാണ് ഇണങ്ങുക. അതുപോലെ ഓരോ അവസരത്തിനും ഓരോ പ്രത്യേക മേക്കപ്പ് പരീക്ഷിക്കാം.
- സ്വന്തം മുഖത്തിന് ഇണങ്ങുന്ന മേക്കപ്പ് തന്നെ തെരഞ്ഞെടുക്കുക. തിളക്കമേറിയ മേക്കപ്പ് വേണ്ട. അത് നിങ്ങളുടെ സൗന്ദര്യത്തെ കുറച്ച് കളയും.
- സോഫ്റ്റ് മേക്കപ്പ് മതി. കണ്ണുകൾക്ക് അമിതമായ മേക്കപ്പ് ആവശ്യമില്ല. ലിപ്സ്റ്റിക് നാച്ചുറലോ മാറ്റ് കളറിലുള്ളതോ ആകാം. ടിവിയിലും സിനിമയിലും പ്രത്യക്ഷപ്പെടുന്ന കലാകാരന്മാരുടെ മേക്കപ്പ് ഹെവിയായിരിക്കും. എന്നലത് സാധാരണ അവസരങ്ങൾക്ക് അനുയോജ്യമല്ല. അതിനാൽ അത്തരം മേക്കപ്പ് രീതികൾ അനുകരിക്കരുത്. ആഭരണങ്ങൾ ഡ്രസിന് ഇണങ്ങുന്നത് തന്നെ തെരഞ്ഞെടുക്കണം.
ഹെയർ സ്റ്റൈലിംഗ്
ബ്യൂട്ടി പാർലറിൽ പോയി സെറ്റ് ചെയ്യിക്കുക എന്നത് എപ്പോഴും പ്രയോഗികമാകണം എന്നില്ല. നല്ല നീളമുള്ള മുടിയുള്ളവർ കൊണ്ട കെട്ടി ബീഡ്സ് അല്ലെങ്കിൽ ഡിസൈനർ ഹെയർ അക്സസറീസ് ഉപയോഗിക്കാവുന്നതാണ്. കൊണ്ട കെട്ടാൻ താൽപര്യം ഇല്ലാത്തവർക്ക് മുടി ലൂസായി ഇടാം. മുടി ലേശം നനച്ച് ബ്രഷ് ചെയ്ത് ഇട്ട ശേഷം സിറം പുരട്ടി എലഗന്‍റ് ലുക്ക് പകരാം. തീരെ വരണ്ട മുടിയാണെങ്കിൽ വെള്ളത്തിൽ ഒരു തുള്ളി വെളിച്ചെണ്ണ യോജിപ്പിച്ച് മുടി വേര് തുടങ്ങി അറ്റം വരെ പുരട്ടുക. മുടി ബ്രൈറ്റ് ആന്‍റ് ബ്യൂട്ടിഫുൾ ആകും.
നൈസർഗികമായ സൗന്ദര്യം പരിപോഷിപ്പിക്കുന്ന വിധം അണിഞ്ഞൊരുങ്ങുന്നതാണ് നല്ലത്. മുഖസൗന്ദര്യം കൂട്ടാൻ നാച്ചുറൽ ഫേസ് പാക്ക് ഉപയോഗിക്കുക. അതുപോലെ സൗന്ദര്യം കൂട്ടുന്നതിൽ ആഹ്ളാദത്തിനും വലിയ പങ്കുണ്ട്. മനസ്സിലെപ്പോഴും സന്തോഷം നിലനിർത്താൻ ശ്രമിക്കുക. ദിവസവും ഒരൽപനേരം മനസ്സ് തുറന്ന് ചിരിച്ചാൽ സൗന്ദര്യവും കൂടുമത്രേ… ചിരിക്കുമ്പോൾ മുഖപേശികൾ ക്രിയാത്മകമാകുന്നത് കൊണ്ടാണത്.
ഇനി ധൈര്യമായി ചിരിച്ചുകൊള്ളൂ. ചിരിക്കാൻ വീണുകിട്ടുന്ന ഏതവസരത്തിലും മനസ്സ് തുറന്നങ്ങ് ചിരിച്ചേക്കുക. ഓരോ ചിരി കഴിയുമ്പോഴും നിങ്ങൾ കൂടുതൽ സുന്ദരിയായിക്കൊണ്ടിരിക്കും.
ടിപ്സ്
- ചർമ്മം ശുചിയാക്കുന്നതിനായി സോപ്പിന് പകരം പ്രകൃതിദത്തമായ വസ്തുക്കൾ (ഉദാ- കടലമാവ്, വെണ്ണ, ഉഴുന്ന് പരിപ്പ് അരച്ചത്, പാൽ, വെള്ളിരിക്കാ നീരി, റോസ് വാട്ടർ) ഉപയോഗിക്കുക.
- കുളിക്കും മുമ്പ് വെളിച്ചെണ്ണയോ ഏതെങ്കിലും സുഗന്ധതൈലമോ പുരട്ടി കുളിക്കുക.
- ഉപ്പൂറ്റി വിണ്ടുകീറിയിട്ടുണ്ടെങ്കിൽ വെള്ളത്തിൽ ഏതാനും തുള്ളി അരോമാ ഓയിൽ ഒഴിച്ച് പാദങ്ങൾ മുക്കി വയ്ക്കുക.
- തേൻ, പാൽ, ബദാം എന്നിവ ചേർത്ത് പേസ്റ്റ് മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയുക. ചർമ്മം തിളങ്ങും.
- ദിവസവും വ്യായാമം ചെയ്യുക. നടപ്പ് നല്ലൊരു വ്യായാമമാണ്.
- വെള്ളം ധാരാളം കുടിക്കുക. ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഏറ്റവും ലളിതമായ പോംവഴി കൂടിയാണിത്.
- പഴങ്ങൾ ധാരാളം കഴിക്കുക.