കുറഞ്ഞ കലോറിയും കൂടുതൽ നാരുകളും ഉള്ള ഉണക്ക പഴമാണ് പ്രൂൺസ്.
ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഇടയിൽ ഈ പഴം ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ, പൊട്ടാസ്യം എന്നീ ആന്‍റി ഓക്‌സിഡന്‍റുകളാണ് എല്ലുകളെ ശക്തിപ്പെടുത്തുന്നത്. മോശം ജീവിതശൈലി ശീലമുള്ളവർ ചെറുതായി വിശന്നാൽ പോലും കൈയിൽ കിട്ടുന്ന എന്തും, വറുത്തതോ പൊരിച്ചതോ ആയതെന്തും എടുത്ത് കഴിക്കും. അതേസമയം, ഇതിനുപകരം, ദിവസത്തിൽ ഒരു പ്രാവശ്യം 5- 6 പ്രൂൺ കഴിക്കുകയാണ് എങ്കിൽ ശരീരത്തിന് ശരിയായ പോഷണം ലഭിക്കും.
കുടലിനെ ആരോഗ്യകരമാക്കുന്നു: പ്രൂൺസിൽ ധാരാളം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കുടൽ നന്നായി വൃത്തിയാക്കാൻ സഹായിക്കുന്നു. അതുപോലെ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നത്തെ അകറ്റുകയും ചെയ്യും.
ഓസ്റ്റിയോപൊറോസിസിൽ നിന്നും മോചനം: ഓസ്റ്റിയോപൊറോസിസ് ബാധിച്ചവർക്ക് ഇത് വളരെ ഗുണം ചെയ്യുമെന്ന് പല മെഡിക്കൽ ഗവേഷണങ്ങളിലും പറയുന്നുണ്ട്. ഇത് സമീകൃതമായി കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു, പ്രത്യേകിച്ച് ആർത്തവ വിരാമത്തിന് ശേഷം ഈ പ്രശ്ന൦ നേരിടുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് കഴിക്കാം.
വിളർച്ച തടയുക: പ്രൂൺസിൽ അയണിനൊപ്പം, പൊട്ടാസ്യം, വിറ്റാമിൻ കെ, വിറ്റാമിന് ബി, സിങ്ക്, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും.
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു: ഇതിൽ അലിഞ്ഞു ചേരുന്ന നാരുകൾ ഉള്ളതിനാൽ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതോടെ പ്രമേഹരോഗികളുടെ ബ്ലഡ് ഷുഗർ നില നിയന്ത്രണവിധേയമാകും.
മാംസപേശികളുടെ പ്രശ്നത്തിൽ നിന്നും മോചനം: പ്രൂൺസിൽ ബോറോൺ പോലെയുള്ള ധാതുക്കൾ മാംസപേശികൾക്കു ഏറ്റവും ആവശ്യമുള്ള പോഷകമാണ്. മാംസപേശികളുമായി ബന്ധപ്പെട്ട പ്രശ്‌നം ഇടവിട്ട് ഒരു ദിവസത്തിൽ ഉണ്ടാകുന്നുണ്ട് എങ്കിൽ ശരീരത്തിൽ ബോറോൺ കുറവാണ് എന്നുള്ളതിന്‍റെ സൂചനയാണ് അത്.
ഹൃദയാരോഗ്യത്തിന്: പ്രൂൺസ് കൊളെസ്ട്രോളും ഷുഗറും നിയന്ത്രിക്കാൻ സഹായകമാണ്, അയതിനാൽ ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.
പൊണ്ണത്തടി കുറയ്ക്കും: ഇന്നത്തെ ജീവിതശൈലിയുടെ പരിണിത ഫലമാണ് പണ്ണത്തടി എന്നുള്ളത്. പ്രൂൺസ് കഴിക്കുന്നതിലൂടെ അടിക്കടി എന്തെങ്കിലും കഴിക്കണമെന്ന് തോന്നുകയില്ല അതുവഴി ശരീരഭാരം ഒരു പരിധി വരെ നിയന്ത്രിച്ച് നിറുത്താനും കഴിയും.
എങ്ങനെ കഴിക്കാം
പ്രൂൺസ് ഒരു സ്നാക്കായി കഴിക്കുന്നത് പോലെ തന്നെ മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ ചേർത്തും അവ കഴിക്കാവുന്നതാണ്.
- പ്രഭാത ഭക്ഷണമായി ഓട്‌സ് അല്ലെങ്കിൽ ഗോതമ്പു കഞ്ഞിക്കൊപ്പം ഈ പഴം ചേർത്ത് കഴിക്കാം.
- നട്സിനൊപ്പം സന്തുലിതമായ അളവിൽ ഇത് ചേർത്ത് നാലുമണി സമയത്ത് സ്നാക്സ് ആയി കഴിക്കാം.
- ഹെൽത്തി ഡ്രിങ്ക്സ് അല്ലെങ്കിൽ സ്മൂത്തിയിൽ ഇത് ബ്ലെൻഡ് ചെയ്തു കഴിക്കാം.
- പ്യൂരി തയ്യാറാക്കി ജാം പോലെ ഇത് ഉപയോഗിക്കാം.
- ബേക്ക്ഡ് ഭക്ഷണ പദാർത്ഥങ്ങൾ ഇഷ്ടപെടുന്നവർ ഏതെങ്കിലും വിഭവത്തിൽ ഈ ഡ്രൈ ഫ്രൂട്ട് ചേർത്ത് ബേക്ക് ചെയ്ത് കഴിക്കാവുന്നതാണ്.
- സേമിയ പായസം പോലുള്ള പായസങ്ങളിൽ മറ്റ് നട്സിനൊപ്പം ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രയോജനങ്ങൾക്ക് ഒപ്പം തന്നെ ഇതിനു മറ്റു ചില ഗുണങ്ങളുമുണ്ട്.
- മുഖത്ത് അകാല ചുളിവുകൾ ഉണ്ടാകുന്നത് തടയാൻ ഒരു പരിധി സാധിക്കുന്നു.
- മുടിയെ കരുത്തുള്ളതാക്കാൻ സഹായകമാണ്.
- കണ്ണിന്‍റെ കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
- രോഗ പ്രധിരോധശേഷി വർദ്ധിപ്പിക്കും.