ദിനംപ്രതി ട്രെൻഡ് മാറി വരുകയാണ്. വീടിന്‍റെ അകത്തങ്ങളിലും മാറ്റത്തിന്‍റെ ഈ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. ഇന്‍റീരിയർ ഡിസൈനിംഗിലെ പുതുമകളും പരീക്ഷണങ്ങളുമാണ് ഇതിന് കാരണം. മോഡേൺ സ്റ്റൈൽ, ഫാഷനബിൾ ട്രെൻഡി അക്സസറീസ്… ഒന്ന് ക്രിയേറ്റീവായി ചിന്തിച്ചാൽ വീടിനും യംഗ് ലുക്ക് പകരാനാകും.
ഡിസൈനർ ചുവരുകൾ
പെയിന്‍റിംഗിലെ പുതുയ രീതികൾ അവലംബിച്ച് ചുവരുകൾക്ക് നൂതനഭംഗി പകരാനാകും. കലാവസ്തുക്കൾ അലങ്കരിച്ച് വച്ചും പുതിയ ലുക്ക് നൽകാം.
മോഡേൺ പെയിന്‍റിംഗ് ട്രെൻഡ്
ഇപ്പോൾ കോമ്പിനേഷൻ കളറിംഗിന് പ്രചാരമേറുകയാണ്. ഉദാ- കടുംചുവപ്പിനൊപ്പം വെളുത്തനിറം, കാപ്പി നിറത്തിനൊപ്പം വെള്ള അല്ലെങ്കിൽ ബേയ്ജ് നിറമുള്ള പെയിന്‍റ്. മുറിയിലെ രണ്ട് ചുവരുകൾക്ക് ഇളം നിറവും രണ്ട് ചുവരുകൾക്ക് കടും നിറവും നൽകുന്ന കോമ്പിനേഷൻ കളറിംഗും പ്രിയമേറുകയാണ്.
ഗ്രാഫിക്കൽ പെയിന്‍റിംഗ്
ഗ്രാഫിക്കൽ പെയിന്‍റിംഗ് ചുവരുകൾക്ക് ചാരുത പകരും. പല നിറത്തിലുള്ള പെയിന്‍റ് ഉപയോഗിച്ച് ഡോട്ട്സ്, സർക്കിൾസ്, ക്യൂബ്, സ്ട്രൈപ്പ് ഡിസൈനുകൾ നൽകുന്നത് ചുവരുകൾക്ക് ആകർഷണീയത പകരും.
സ്റ്റൈലിഷ് വാൾപേപ്പർ
നിറം മങ്ങിയ, ചെറിയ പൊട്ടലോ പാടുകളോ ഉള്ള ചുവരുകളിൽ വാൾപേപ്പർ ഒട്ടിച്ച് അഭംഗി മറയ്ക്കാനാകും. ആനിമൽ പ്രിന്‍റഡ്, വുഡ് ലുക്കിംഗ്, വെൽവെറ്റ് ഫ്ളോക്ക്ഡ്, നേച്ചർ, ബ്രിക്സ് ആൻഡ് സ്റ്റോൺ വാൾപേപ്പർ ഇവയൊക്കെ വീടിന് ട്രെൻഡി ലുക്ക് നൽകും. ഫർണിച്ചർ നിറത്തിന് ചേരുന്നതാകണം എന്നുമാത്രം. പെയിന്‍റിന് പകരമായാണ് വാൾപേപ്പർ ഉപയോഗിക്കുന്നത്. എളുപ്പം വൃത്തിയാക്കാൻ സാധിക്കുമെന്നത് എടുത്ത് പറയേണ്ട സവിശേഷതയാണ്. മുറിയിലെ ഒരു ചുവരിൽ സ്റ്റോൺ, ടൈൽസ്, വുഡ്‍വർക്ക് ഡിസൈൻ നൽകാവുന്നതാണ്.
സ്മാർട്ട് ഫ്ളോറിംഗ്
നല്ല ഫ്ളോറിംഗ് വീടിന്‍റെ ലുക്ക് തന്നെ മാറ്റിമറിക്കും. ലാമിനേറ്റഡ് വുഡ് ഫ്ളോറിംഗിനും പ്രചാരം കൂടിവരുകയാണ്. വൃത്തിയാക്കാൻ എളുപ്പമാണെന്ന് മാത്രമല്ല പെട്ടെന്ന് സ്ക്രാച്ച് വീഴുകയുമില്ല. ഇത് കൂടാതെ മാർബിൾ ടൈൽസ് ഫ്ളോറിംഗ് ആകർഷകമായ നിറങ്ങളിലും ഷേയ്പിലും ലഭിക്കും. അക്രലിക് കാർപെറ്റ്, എംബ്രോയ്ഡറി സ്റ്റോൺ വർക്ക് കാർപെറ്റ് നിലത്തിന് അലങ്കാരമാണ്.
ലൈറ്റിംഗ്
വീടിന് ലക്ഷ്വറി ലുക്ക് നൽകണോ എങ്കിൽ ഹാംഗിംഗ് പെൻഡന്‍റ്, ഷാന്‍റലെയർ, വാൾലാന്‍റ്, വാൾ ലൈറ്റ്സ് ഇവ പിടിപ്പിക്കുക. സാധാരണയായി ഡ്രോയിംഗ് റൂം ഹൈലൈറ്റ് ചെയ്യാനാണ് ഇത്തരം ലൈറ്റുകൾ ഉപയോഗിക്കുന്നത്. എസെന്‍റ് ലൈറ്റ്സ് ഉപയോഗിച്ച് മുറിയിലെ ഏതെങ്കിലും പ്രത്യേകഭാഗം ഹൈലൈറ്റ് ചെയ്യാം. ഈ അറേഞ്ചേമെന്‍റ്സ് ലിവിംഗ് റൂമിനാണ് ഏറെ ഇണങ്ങുക.
ആർക്കിടെക്റ്റും ഇന്‍റീരിയർ ഡിസൈനറുമായ മോഹൻ പറയുന്നു “ബെഡിറൂമിൽ ഡിം ലൈറ്റാണ് നല്ലതെങ്കിലും ഫുട്‍ലൈറ്റിന് പ്രചാരമേറുകയാണ്. സിഎഫ്എൽ പോലുള്ള ഇക്കോഫ്രണ്ട്‍ലി ലൈറ്റുകളാണ് കൂടുതൽ നല്ലത്.”
ഫങ്കി ഫർണിച്ചർ
കളർ കോമ്പിനേഷനും ക്രിയേറ്റീവ് ഷേയ്പ്പുമാണ് ഇതിന്‍റെ സവിശേഷത. ഇത് പലതരം സ്റ്റൈലിഷ് ഷെയ്പുകളിൽ ലഭ്യമാണ്. ഉദാ- റൗണ്ട്, ഫ്ളവർ, ലീഫ്, സോഫാ കം ബെഡ്, അലമാര, ഡ്രസിംഗ് ടേബിൾ എന്നിവ വിപണിയിൽ ലഭിക്കും. ഇളം നിറത്തിലുള്ള ഫ്ളോറിംഗാണ് മുറിക്ക് എങ്കിൽ കടും നിറത്തിലുള്ള ഫർണിച്ചർ ഇണങ്ങും. മോഹൻ നിർദ്ദേശിക്കുന്നു.
ഡിസൈനർ ഹാന്‍റ്ലൂം
മനോഹരമായ ബെഡ്ഷീറ്റും തലയിണയും സോഫാ കവറും വീടിന് സ്മാർട്ട് ലുക്ക് നൽകും. ടസൽസ്, ഡിസൈനർ റോഡ്സ് എന്നിങ്ങനെ പലതരത്തിലുള്ള കർട്ടൻ ആക്സസറീസ് ലഭിക്കും. രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള കർട്ടൻ ട്രെൻഡി ലുക്ക് നൽകും. കർട്ടനുപയോഗിച്ച് ഹാൾ രണ്ടായി തിരിക്കുന്നതും ട്രെൻഡാണ്. റൂമിന് പുതിയ ലുക്ക് നൽകുമിത്. കാലവസ്ഥയ്ക്ക് അനുയോജ്യമായ കർട്ടനുകൾ ഉപയോഗിക്കണം. വേനൽക്കാലത്ത് ഇളം നിറങ്ങളും ശൈത്യകാലത്ത് കടും നിറങ്ങളും. സോഫാകവറിന് കൺട്രാസ്റ്റ് ചെയ്യുന്ന നിറത്തിലുള്ള കുഷ്യനുമിടാം.
ഗ്രീൻ ലുക്ക്
പ്രകൃതിയോടിങ്ങുന്ന പച്ചനിറം വീടിനകത്ത് നൽകാൻ പലർക്കും ഇഷ്ടമാണ്. വീട് ആകർഷകമാകുമെന്ന് മാത്രമല്ല ഇത്തരം ഇന്‍റീരിയർ ടെൻഷൻ ഒഴിവാക്കാനും സഹായിക്കുമത്രേ.
ഇൻഡോർ പ്ലാന്‍റ്സ്
സൂര്യപ്രകാശം നേരിട്ട് ലഭിക്കേണ്ടാത്ത ഇൻഡോർ പ്ലാന്‍റ്സ് ഉപയോഗിച്ച് വീടിനകത്തും പ്രകൃതി ഭംഗിയെത്തിക്കാനാകും. ഇത്തരം അലങ്കാരച്ചെടികൾ ബാൽക്കണിയുടെ ഭംഗി വർദ്ധിപ്പിക്കും.
ഹാംഗിഗ് ഗാർഡൻ
കളർഫുൾ പ്ലാസ്റ്റിക് കയർ/ കട്ടിയുള്ള ചരടുകൊണ്ട് കെട്ടി ചെടികൾ ബാൽക്കണിയിലോ ഉമ്മറത്തോ തൂക്കിയിടാം. വീടിനകത്ത് തൂക്കാവുന്ന തരം ഹാംഗിഗ് ചെടികളുമുണ്ട്. വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള ബാസ്ക്കറ്റ് ചെടികളും ഫ്ളോട്ടിംഗ് കണ്ടെയ്നെർ ചെടികളും വിപണിയിൽ ലഭ്യമാണ്.
മോഡേൺ കിച്ചൻ
മോഡ്യുലാർ കിച്ചൻ/ സ്ലീക് കിച്ചനാണ് പുതിയ ട്രെൻഡ്. തുരുമ്പ് പിടിക്കുമെന്നോ ചിതലരിക്കുമെന്നോ ഭയം വേണ്ട. തടിയിൽ തീർത്ത ലാമിനേറ്റഡ് സ്ലൈഡിംഗ് കാബിനെറ്റുകൾ, മോഡേൺ സറ്റൗ, ഇലക്ട്രിക് ചിമ്മിനി, ഡിസൈനർ സിങ്ക്, കണ്ടെയ്നർ എന്നിവയ്ക്കൊപ്പം നല്ല ഫ്ളോറിംഗും ചുമരുകളും അടുക്കളയ്ക്ക് സ്മാർട്ട് ലുക്ക് നൽകും. നല്ല കാറ്റും വെളിച്ചവും കിട്ടും. മാനേജ് ചെയ്യാൻ എളുപ്പമായിരിക്കുമെന്ന് മാത്രമല്ല ഇക്കോഫ്രണ്ട്‍ലിയുമായിരിക്കും. പല ഡിസൈനുകളിലും നിറങ്ങളിലും മോഡ്യുലാർ കിച്ചൻ അക്സസറീസ് ലഭ്യമാണ്.
കിച്ചൻ അക്സസറീസ്
ഫാഷനബിളും സൗകര്യപ്രദവുമായ കിച്ചൻ അക്സസറീസ് അടുക്കളയ്ക്ക് സ്മാർട്ട് ലുക്ക് നൽകും. ചിമ്മിനി, ചൂട് കുറയ്ക്കുമെന്ന് മാത്രമല്ല അടുക്കളയിൽ പുക നിറയാതെ തടയുകയും ചെയ്യുന്നു. ക്ലീൻ ചെയ്യേണ്ടി വരുന്നവ, ഓട്ടോമാറ്റിക് ക്ലീനിംഗ് സാധ്യമാക്കുന്നവ എന്നിങ്ങനെ പലതരത്തിലുള്ള ചിമ്മിനി വിപണിയിൽ ലഭ്യമാണ്. മൾട്ടിപ്പിൾ, ഓട്ടോ സ്പാർക്ക് ബർണറുകളാണ് ലേറ്റസ്റ്റ് ട്രെൻഡ്. ഒരേ സമയം ഒന്നിച്ച് വിഭവങ്ങൾ പാകം ചെയ്യാം കൂടാതെ ലൈറ്റർ പോലും വേണ്ടി വരുന്നില്ല.
ആകർഷകമായ നിറങ്ങളിലും ഡിസൈനിലും മെലാമൈൻ മൈക്രോവേവ് ക്രോക്കറി വിപണിയിൽ ലഭിക്കും. താഴെ വീണാൽ എളുപ്പം പൊട്ടില്ലെന്ന് മാത്രമല്ല ദീർഘനാൾ നിലനിൽക്കുകയും ചെയ്യും.
ചുമരുകളും നിലവും
സാധാരണയായി അടുക്കളയിലെ ചുമരുകൾക്ക് ചുറ്റുമായി കാബിനെറ്റുകൾ പിടിപ്പിക്കാറുണ്ട്. ഓയിൽ ബേസ്ഡ് പെയിന്‍റ് തേച്ചാൽ വർത്തിയാക്കാൻ എളുപ്പമായിരിക്കും. ബാക്കി ഭാഗത്ത് ടൈൽ പിടിപ്പിക്കാം. റൂഫ് ചുവരിന് കടും നിറം ചേരും. സ്റ്റോൺ, ഗ്ലാസ് ടൈൽസ്, വുഡ് ഫ്ളോറിംഗ് എന്നിവ അടുക്കളയ്ക്ക് നന്നായിണങ്ങും.
ഫർണിച്ചർ
പുതുതായി പണിയുന്ന വീടുകളിൽ സ്ലീക്ക് ഫർണിച്ചറിന് പ്രിയമേറുകയാണ്. സൗകര്യം കുറവുള്ള വീടുകളിൽ സ്ലീക്ക് ഫർണിച്ചറാണ് അഭികാമ്യം. എലഗന്‍റ് ലുക്കും ലഭിക്കും. കഴ്ചയ്ക്ക് ഒരൊറ്റ ഫർണിച്ചറായി തോന്നിക്കുമെങ്കിലും പല സൗകര്യങ്ങളും ഉണ്ടെന്നതാണ് ഇതിന്‍റെ പ്രത്യേകത.
സ്മാർട്ട്, യംഗർ ലുക്കിംഗ്, യൂത്ത് ഫുൾ ഹോം ആണോ സ്വപ്നം കാണുന്നത് എങ്കിൽ പുതിയ ഇന്‍റീരിയർ ടെക്നിക്കുകൾ സ്വീകരിച്ചോളൂ.