ഒരു വ്യക്‌തിയുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമാണ് വിവാഹ ദിനമെന്നത്. ആ ദിവസം ഏറ്റവും സുന്ദരിയും സുന്ദരനുമായി കാണപ്പെടണമെന്നാവും ഏതൊരു വധുവും വരനും ആഗ്രഹിക്കുക. പുതിയ ജീവിതത്തിലേക്ക് സന്തോഷപൂർവ്വമായ പ്രവേശം നടത്തുന്നതിന് ശാരീരികവും മാനസികവുമായ ആരോഗ്യവും തയ്യാറെടുപ്പുകളും ആവശ്യമാണ്.
വിവാഹത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളും മറ്റും നടത്തി തുടങ്ങുമ്പോൾ മിക്കപ്പോഴും ഭക്ഷണ കാര്യങ്ങളിലുള്ള ചിട്ടകളിൽ താളപ്പിഴവുണ്ടാകാം. ഷോപ്പിംഗിനുമൊക്കെയായി പുറത്തു പോകുന്ന അവസരങ്ങളിൽ ഹോട്ടൽ ഭക്ഷണത്തെയാവും ഭൂരിഭാഗംപ്പേരും ആശ്രയിക്കുക. അല്ലെങ്കിൽ സമയം തെറ്റിയുള്ള ആഹാരശീലങ്ങളിലേക്ക് നീങ്ങിയേക്കാം. അതിനാൽ വിവാഹത്തിന് ഏറെ മുന്നെ തുടങ്ങി വളരെ സിമ്പിളായ പോഷകസമ്പുഷ്ടമായ ആഹാര ശീലങ്ങൾ പിന്തുടരുന്നത് വളരെയധികം ഗുണം ചെയ്യും. പ്രത്യേകിച്ചും ബാഹ്യ സൗന്ദര്യത്തിന് തിളക്കവും പ്രസരിപ്പും ലഭിക്കാൻ പ്രയോജനം ചെയ്യും. വിവാഹത്തിന് മുമ്പ് ഏറെ തിരക്കുകൾ ഉണ്ടായാലും ശരി ഭക്ഷണ കാര്യത്തിൽ വധുവരന്മാർ ഉറച്ച തീരുമാനങ്ങൾ കൈ കൊള്ളുന്നത് ആരോഗ്യത്തിനും അഴകിനും മുതൽകൂട്ടാവും.
നോ ഡയറ്റ്
പലരും എളുപ്പം തടി കുറഞ്ഞു കിട്ടാൻ ക്രാഷ് ഡയറ്റ് ചെയ്യാറുണ്ട്. പ്രീ വെഡ്ഡിംഗ് ഡയറ്റ് എന്നത് ക്രാഷ് ഡയറ്റല്ല. അത്തരത്തിലുള്ള ക്രാഷ് ഡയറ്റിംഗ് ഗുണത്തെക്കാൾ ദോഷമെ ചെയ്യൂ. മാത്രവുമല്ല കുറച്ചു കഴിയുമ്പോൾ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടും ഉണ്ടാകും. വിവാഹത്തിന് മൂന്ന് മാസം മുമ്പ് തുടങ്ങി ഭക്ഷണകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധ കൊടുക്കുന്നത് മികച്ച ഫലം നൽകും.
- ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമം ചെയ്യുകയെന്നുള്ളതാണ് പരിഹാരം. എന്നാൽ പോഷകാഹാരങ്ങൾ കഴിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയുമുണ്ടാകരുത്.
- രാത്രി 7.30 ഓടെ രാത്രി ഭക്ഷണം കഴിക്കുക.
- 30- 45 മിനിറ്റ് വ്യായാമം ചെയ്യാം. ഇതിൽ പ്രഭാത സവാരി ദിനചര്യയുടെ ഭാഗമാക്കാം.
- വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഈ കാലയളവിൽ പാടെ ഒഴിവാക്കാം. പ്രത്യേകിച്ചും വിവാഹത്തിന് തലേ മാസം.
- ദിവസവും ഒരു ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. കാപ്പി, ചായ ഒഴിവാക്കാം. നിർബന്ധമാണെങ്കിൽ ദിവസത്തിൽ ഒരു ചായയോ കോഫിയോ കുടിക്കാം. അതും കുറഞ്ഞ അളവിൽ.
വെഡ്ഡിംഗ് ഡയറ്റിൽ വേണ്ടത്
ഭക്ഷണം പോഷകസമ്പുഷ്ടം: കാർബുകൾ ഒഴിവാക്കാം. ഗോതമ്പ്, റാഗി, ഓട്സ്, ചുവന്ന തവിടുള്ള അരി എന്നിവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും. അതുപോലെ പ്രധാനമാണ് പച്ച ഇലവർഗ്ഗങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇലവർഗ്ഗങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്താം. മറ്റൊന്ന് പയറുവർഗ്ഗങ്ങൾ ആണ്. അവയിൽ ഏതെങ്കിലുമൊന്ന് ആഴ്ചയിൽ ഓരോ ദിവസവും കഴിക്കാം. കാരണം അവ പ്രോട്ടീനിന്‍റെയും ധാതുക്കളുടെയും ഉത്തമ സ്രോതസുകളാണ്.
വെജിറ്റബിൾ ജ്യൂസ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കഴിക്കാം. പ്രത്യേകിച്ചും ബീറ്റ്റൂട്ട് – കാരറ്റ് ജ്യൂസ്, കുക്കുംബർ ജ്യൂസ്, ടുമാറ്റോ ജ്യൂസ് എന്നിവയൊക്കെ. അതുപോലെ വെജിറ്റബിൾ സലാഡുകൾ പ്രധാന മീലിനൊപ്പം കഴിക്കാം. അതുമല്ലെങ്കിൽ അത് പ്രധാന മീലായി കഴിക്കാം. കാരറ്റ്, കുക്കുംബർ, തക്കാളി എന്നിവ മിക്സ് ചെയ്‌തോ അതുമല്ലെങ്കിൽ ഇഷ്ടപ്പെട്ട പച്ചക്കറികൾ മിക്സ് ചെയ്‌തോ കഴിക്കാം. ഇവയിലുള്ള ആൻറി ഓക്സിഡൻറുകൾ ഫ്രീ റാഡിക്കൽ മൂലമുള്ള തകരാറുകളെ ഇല്ലാതാക്കും.
ഫ്രൂട്ട് ജ്യൂസ്: വെറും വയറ്റിൽ ആല്ലെങ്കിൽ പ്രാതലിനൊപ്പമോ ഏതെങ്കിലും ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് ആന്തരികാരോഗ്യത്തിനും ബാഹ്യസൗന്ദര്യത്തിനും നല്ലതാണ്. ശരീരത്തിൽ അത് അദ്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കാം. ഓറഞ്ച് ജ്യൂസ്, ആപ്പിൾ ജ്യൂസ്, പൈനാപ്പിൾ ജ്യൂസ്, നാരങ്ങാവെള്ളം, അനാർ ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിങ്ങനെ ഇഷ്ടപ്പെട്ട പഴങ്ങൾ കൊണ്ടുള്ള ജ്യൂസ് തയ്യാറാക്കി പഞ്ചസാര ചേർക്കാതെ കഴിക്കുന്നത് കൂടുതൽ മികച്ച ഫലം നൽകും.
ചർമ്മത്തിന് തിളക്കവും പുതുമയും പകരാൻ ഫലങ്ങളിലെ പോഷകങ്ങൾക്ക് കഴിയും. വിറ്റാമിൻ എ,സി എന്നീ പോഷകങ്ങൾ ചർമ്മ സൗന്ദര്യത്തിന് അനിവാര്യമാണ്. ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പും ഡാമേജും തടയാൻ അവ ആവശ്യമാണ്.
നട്സ്: ബദാം, കശുവണ്ടി പരിപ്പ്, പിസ്ത, നിലക്കടല, വാൽനട്ട് എന്നിങ്ങനെയുള്ള നട്ട് സ്നാക്കായി കഴിക്കാം. ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കാം. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ ഈ നട്ട് ചർമ്മസൗന്ദര്യത്തിന് ഉത്തമമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നാട്ടിൽ ലഭ്യമായ നട്ട്സ് ദൈനംദിന ഡയറ്റിൽ ഉൾപ്പെടുത്താം.
ധാരാളം വെള്ളം കുടിക്കുക: സൗന്ദര്യ- ആരോഗ്യ സംരക്ഷണത്തിന് പരമപ്രധാനമായ ഒന്നാണ് വെള്ളം കുടിക്കുകയെന്നുള്ളത്. ഇത് ശരീരത്തിനകത്തെ ടോക്സിനുകളെ പുറന്തള്ളുന്നതിനൊപ്പം ശരീരം ഹൈഡ്രേറ്റഡായിരിക്കാനും സഹായിക്കും. ദിവസം 8- 10 ഗ്ലാസ് വെള്ളം കുടിക്കാം. അത് ഒന്നോ രണ്ടോ ലിറ്ററായാൽ ഏറ്റവും നന്ന്. യാത്രാ വേളകളിൽ കയ്യിൽ അത്യാവശ്യമായും വെള്ളം കരുതാം. ചർമ്മ -കോശ സൗന്ദര്യത്തിന് ഇത് നല്ലൊരുപായമാണ്.
വ്യായാമം: ദിവസവും 45 മിനിറ്റ് നേരം നടക്കുകയെന്നത് സമ്പൂർണ്ണമായ ഒരു വ്യായാമമാണ്. ജോഗിംഗ്, സ്കിപ്പിംഗ്, എയറോബിക്സ്, യോഗ, സുംബ എന്നിങ്ങനെ ഇഷ്ടമനുസരിച്ച് ഏത് വ്യായാമവും ഫിറ്റ്നസിനായി തെരഞ്ഞെടുക്കാം.
ശരീരാരോഗ്യത്തിനെന്നപ്പോലെ മനസ്സിന്‍റെ ആരോഗ്യത്തിനും മുൻതൂക്കം നൽകിയുള്ള ജീവിതചര്യ ക്രമീകരിക്കാം. യോഗാ, ധ്യാനം പോലെയുള്ളവ പരിശീലിക്കാം. ഒപ്പം ഇഷ്‌ടമുള്ള ഹോബികളിൽ ഈ സമയത്ത് ഏർപ്പെടുന്നത് മനസിന് സന്തോഷം പകരും. ഇഷ്‌ടപ്പെട്ട പാട്ട് കേൾക്കുന്നതും ഇടയ്ക്ക് കൂട്ടുകാർക്കൊപ്പം ചെറുയാത്രകൾ നടത്തുന്നതും ജീവിതത്തിന് കൂടുതൽ ഊർജ്ജവും ഉണർവും പകരും.