പേൾ മില്ലറ്റ് അഥവാ ബാജ്റ വളരെ പോഷകഗുണമുള്ളതും ദഹിക്കാൻ എളുപ്പമുള്ളതുമായ ധാന്യമാണ്. ഗ്ലൂട്ടൻ അലർജിയും സീലിയാക് രോഗവുമുള്ള ആളുകൾക്ക് നോൺ ഗ്ലൂട്ടൻ ആയ ഈ ചെറുധാന്യം ആരോഗ്യകരമായ ഒരു ഓപ്ഷനാണ്. കാർബോഹൈഡ്രേറ്റ്, അവശ്യ അമിനോ ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകൾ, തയാമിൻ, റൈബോഫ്ളോവിൻ, ഫോളിക് ആസിഡ്, നിയാസിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ ഒന്നിലധികം വിറ്റാമിനുകളും അയൺ, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയ ഒരു പവർ പായ്ക്ക് ആണിത്.
ഡയറ്റിൽ ബാജ്റ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലതായിരിക്കും. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് ഇത് വളരെ നല്ലതാണ്. കൊളസ്ട്രോൾ മെറ്റബോളിസത്തെ നിയന്ത്രിക്കാനും ശരീരത്തിലെ സന്തുലിതാവസ്‌ഥ നിലനിർത്താനും സഹായിക്കുന്ന ഫൈറ്റിക് ആസിഡ് എന്ന പ്രത്യേക സംയുക്തം ഇതിൽ അടങ്ങിയിരിക്കുന്നു.
പ്രമേഹമുള്ളവർക്ക് മികച്ച ഭക്ഷണം- ബാജ്റയിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അത് സാവധാനത്തിൽ ദഹിപ്പിക്കപ്പെടുകയും ദീർഘകാലത്തേക്ക് സ്‌ഥിരമായ ഗ്ലൂക്കോസ് നില നിർത്തുകയും ചെയ്യുന്നു. ഇത് പ്രമേഹരോഗികൾക്ക് ആരോഗ്യകരമായ ഭക്ഷണമാണ്.
ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും- നാരുകളാൽ സമ്പന്നവും കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളാൽ സമ്പുഷ്ടമായ ഈ ധാന്യം ഹൃദ്രോഗികൾക്ക് നല്ലതാണ്.
സീലിയാക് രോഗത്തിനും ഗ്ലൂട്ടൻ അലർജി ഉള്ളവർക്ക് മികച്ച ചോയ്സ്- സീലിയാക് രോഗവും ഗ്ലൂട്ടൻ അലർജി ഉള്ള രോഗികൾക്കും പേൾ മില്ലറ്റ് അടിസ്‌ഥാനമാക്കിയുള്ള ഭക്ഷണക്രമം തെരഞ്ഞെടുക്കാം. കാരണം ഇത് ഗ്ലൂട്ടൻ രഹിതമാണ്.
അടിക്കടിയുള്ള അസിഡിറ്റിയും വയറ്റിലെ അൾസറും ഉള്ളവർക്ക് പ്രതിവിധി- ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുകയും അതുവഴി അൾസർ ഉണ്ടാകുന്നത് തടയുകയും ചെയ്യാനുള്ള കഴിവ് ഈ ധാന്യത്തിനുണ്ട്. അസിഡിറ്റി മൂലമുള്ള അസ്വസ്ഥതകൾ നിയന്ത്രിക്കാൻ കഴിയുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് ബാജ്റ അഥവാ പേൾ മില്ലറ്റ്.
മലബന്ധം തടയുന്നു- കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പോഷകങ്ങളാൽ സമ്പന്നമാണ് ഈ ചെറുധാന്യം. ലളിതമായി പറഞ്ഞാൽ, പേൾ മില്ലറ്റ് കഴിക്കുന്നത് മലബന്ധം അകറ്റും. ബാജ്റയിൽ ലയിച്ച് ചേരാത്ത നാരുകൾ ഉള്ളതാണ് അതിന് പിന്നിലെ രഹസ്യം.
സസ്യാഹാരം കഴിക്കുന്നവർക്ക് പ്രോട്ടീൻ നൽകുന്നു- മാംസം, മത്സ്യം എന്നിവയിൽ നിന്നും ലഭിക്കുന്ന പ്രോട്ടീൻ സസ്യാഹാരികൾക്ക് ലഭ്യമാകണമെന്നില്ല. അവരെ സംബന്ധിച്ച് പേൾ മില്ലറ്റ് ഒരു അനുഗ്രഹമാണ്. സസ്യാഹാരികൾക്കും ആവശ്യമായ പ്രോട്ടീൻ നൽകാനുള്ള കഴിവ് ബാജ്റയുടെ ആരോഗ്യ ഗുണങ്ങളിൽ ഉൾപ്പെടുന്നു. രാജ്മ, ചെറുപയർ, കടല തുടങ്ങിയയവയുമായി ബാജ്റ മാവ് ചേർത്ത് ഉണ്ടാക്കിയ വിഭവങ്ങൾ കഴിക്കുന്നത് പ്രോട്ടീൻ അഭാവത്തെ ഇല്ലാതാക്കും.
രക്തസമ്മർദ്ദം കുറയ്ക്കുന്നു- ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ആവശ്യമായ പൊട്ടാസ്യത്തിന്‍റെ മികച്ചൊരു ഉറവിടമാണ് ബാജ്റ. പൊട്ടാസ്യം അടങ്ങിയ കൂടുതൽ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ നിന്ന് സോഡിയം പുറന്തള്ളാൻ സഹായിക്കും. ഇത് രക്‌തസമ്മർദ്ദം കുറയ്ക്കും.
എല്ലുകളെ ബലപ്പെടുത്തുന്നു- ബാജ്റയിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് ഉള്ളതിനാൽ അത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കുന്നു- ഉയർന്ന കൊളസ്ട്രോൾ ഉള്ള രോഗികൾക്ക് ആവശ്യമുള്ള നല്ല കൊഴുപ്പ് ഈ പേൾ മില്ലറ്റിൽ അടങ്ങിയിട്ടുണ്ട്.
പോഷകസമൃദ്ധമായ ശിശു ഭക്ഷണം- എളുപ്പത്തിൽ ദഹിക്കുന്ന ഈ ധാന്യം കുഞ്ഞുങ്ങൾക്ക് നൽകാവുന്ന മികച്ച ഭക്ഷണമാണ്. ഇത് മുലകുടി മാറുന്ന സമയത്തും പിന്നീടും ശിശു ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താം.
ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പുഷ്ടമാണ്- ശരീരത്തിലെ ഫ്രീ റാഡിക്കൽ കൊണ്ടുള്ള കേടുപാടുകൾ കുറയ്ക്കുകയും വാർദ്ധക്യം, അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മുറിവുണങ്ങാൻ എന്നിവയ്ക്കെല്ലാം ഇത് മികച്ചതാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും അമിതവണ്ണം ഉണ്ടാകുന്നത് തടയുന്നതിനും അനുയോജ്യം.
വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു- ഇത് ആമാശയത്തെ പിഎച്ച് ആൽക്കലൈൻ ആക്കുന്നതിലൂടെ വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
ഇരുമ്പിന്‍റെയും ഫോളിക് ആസിഡിന്‍റെയും മികച്ചൊരു സ്രോതസായതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആരോഗ്യകരമായ ഭക്ഷണമാണിത്.