ഡയറ്റീഷ്യൻമാരുടെയും ഡോക്ടർമാരുടെയും അഭിപ്രായത്തിൽ, പ്രഭാതഭക്ഷണത്തെയും ഉച്ചഭക്ഷണത്തെയും അപേക്ഷിച്ച് അത്താഴം വളരെ ലൈറ്റ് ആയിരിക്കണം. ഏത് സമയത്തും ഭക്ഷണം തയ്യാറാക്കൽ സ്ത്രീകൾക്ക് വലിയ ഒരു പ്രശ്‌നമാണ്, കാരണം പലപ്പോഴും വീട്ടിലെ ഓരോ അംഗത്തിനും വ്യത്യസ്ത മുൻഗണനകളുണ്ട്, മാത്രമല്ല കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കുന്നത് വലിയ വെല്ലുവിളിയാണ്.
പോഷകാഹാരം മാത്രമല്ല, വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഇഷ്ടപ്പെടാവുന്ന പാലക് ചീരയും പനീറും കൊണ്ട് ഒരു പാചകക്കുറിപ്പ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. പാലക് പനീർ പുലാവിൽ പ്രോട്ടീൻ, അയൺ, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു, മാത്രമല്ല ഇത് ഒരു സമ്പൂർണ്ണ ഭക്ഷണം കൂടിയാണ്.
6 പേർക്ക്
ഉണ്ടാക്കാൻ ആവശ്യമായ സമയം: 30 മിനിറ്റ്
ചേരുവകൾ
ചീര 500 ഗ്രാം
പനീർ 250 ഗ്രാം
ബസ്മതി അരി 125 ഗ്രാം
ചെറുതായി അരിഞ്ഞ ഉള്ളി 1
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 4 എണ്ണം
ഗ്രാമ്പൂ 4 എണ്ണം
പച്ചമുളക് അരിഞ്ഞത് 4 എണ്ണം
ചുവന്ന മുളക് 2 എണ്ണം
തക്കാളി അരിഞ്ഞത് 2 എണ്ണം
ജീരകം 1/4 ടീസ്പൂൺ
1 ചെറിയ കഷണം ഇഞ്ചി അരിഞ്ഞത്
ഉപ്പ് പാകത്തിന്
നെയ്യ് ആവശ്യത്തിന്
ആവശ്യത്തിന് എണ്ണ
കശുവണ്ടിപ്പരിപ്പ് 10 എണ്ണം
നാരങ്ങ നീര് 1 ടീസ്പൂൺ
ചാട്ട് മസാല 1/2 ടീസ്പൂൺ
ചെറുതായി അരിഞ്ഞ മല്ലിയില 2 വലിയ തണ്ട്
തയ്യാറാക്കുന്ന വിധം
അരി ശുദ്ധജലത്തിൽ കഴുകി പാചകം ചെയ്യുന്നതിനു മുമ്പ് 20 മിനിറ്റ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം, മൂന്ന് ഇരട്ടി വെള്ളത്തിൽ 90 ശതമാനം വരെ വേവിക്കുക, ഒരു അരിപ്പയിലൂടെ വെള്ളം കളഞ്ഞ ശേഷം തണുക്കാൻ വയ്ക്കുക.
ചീര 3- 4 മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ട ശേഷം എടുത്ത് ഉടൻ തന്നെ ഐസ് വെള്ളത്തിൽ ഇട്ടു ബ്ലാഞ്ച് ചെയ്യുക, ഇങ്ങനെ ചെയ്താൽ ചീരയുടെ പച്ച നിറം കേടുകൂടാതെയിരിക്കും. വെള്ളം വേർതിരിച്ച ശേഷം മിക്സിയിൽ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക.
പനീർ അര ഇഞ്ച് സമചതുര കഷ്ണങ്ങളാക്കി ചൂടായ എണ്ണയിൽ സ്വർണ്ണ നിറമാകുന്നതു വരെ വറുത്തെടുക്കുക. അതേ പാനിൽ കശുവണ്ടി വറുത്ത് എടുക്കുക.
ഇനി ഒരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ജീരകം, ഗ്രാമ്പൂ വറുത്ത ശേഷം വെളുത്തുള്ളി, ഇഞ്ചി, ഉള്ളി എന്നിവ വഴറ്റുക. സവാള ഗോൾഡൻ നിറമാകാൻ തുടങ്ങുമ്പോൾ, ചീര പേസ്റ്റ് ചേർത്ത് ഇളക്കുക. വേവിച്ച അരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യുക. അടിയിൽ പിടിക്കാതെ ശ്രദ്ധിക്കുക.
ഇനി മറ്റൊരു പാനിൽ ഒരു ടീസ്പൂൺ നെയ്യും ഒരു ടീസ്പൂൺ എണ്ണയും ചേർക്കുക. അരിഞ്ഞ പച്ചമുളക്, ചുവന്ന മുളക്, തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് 1/4 ടീസ്പൂൺ ഉപ്പ് ചേർത്ത് തക്കാളി നന്നയി വേകുന്നത് വരെ പാകം ചെയ്യുക. തക്കാളി നന്നായി പാകമായി കഴിയുമ്പോൾ, ഇതിലേക്ക് വറുത്ത പനീർ കഷണങ്ങളും കശുവണ്ടിയും ചേർത്ത് ഇളക്കുക. ഇനി ഈ പനീർ മിശ്രിതം ചീര ചോറിൽ മിക്സ് ചെയ്യുക. ചോറ് കുഴഞ്ഞു പോകാതെ ശ്രദ്ധിച്ച് ഇളക്കുക. ചാട്ട് മസാലയും മല്ലിയിലയും നാരങ്ങാനീരും ചേർത്ത് ചൂടോടെ വിളമ്പുക.