“വലിയ വീടൊന്നുമല്ല… പക്ഷേ, അകം കണ്ടിട്ടുണ്ടോ? എന്തൊരു ഭംഗിയും സൗകര്യവുമാണ്…” ചിലപ്പോഴെങ്കിലും പരിചിതരുടെയോ അയൽക്കാരുടെയോ വീട് സന്ദർശിച്ചപ്പോൾ തോന്നിയിട്ടില്ലേ? അപ്പോൾ സ്വന്തം വീട്ടിലും ഇതുപോലെ ഒരു ചെയ്ഞ്ച് ആഗ്രഹിച്ചു കാണുമല്ലോ? ഇതിനൊക്കെ ഒരുപാട് കാശ് ചെലവാകുമല്ലോ എന്നോർത്ത് വിഷമിച്ചും കാണുമല്ലോ? അൽപം സൗന്ദര്യബോധവും നരീക്ഷണപാടവവും ഉണ്ടെങ്കിൽ ഇന്‍റീരിയർ ഡിസൈനിംഗ് തനിയെ ചെയ്യാവുന്നതേയുള്ളൂ.

ചുവരുകൾ, ഫ്ളോറിംഗ്, ലൈറ്റ്, പെയിന്‍റ്, അടുക്കള… വീടിന്‍റെ മുക്കും മൂലയും മനസ്സിൽ കണ്ടും വീട്ടുകാരുടെ ആവശ്യങ്ങൾക്കും അഭിരുചിക്കും ഇണങ്ങുന്ന ഡിസൈനുകൾ നൽകണമെന്ന് മാത്രം. വലിയ ഫർണിച്ചറുകളും അലങ്കാരവസ്തുക്കളും കുത്തി നിറച്ച് ഒരു മ്യൂസിയം പോലെ തോന്നിക്കാതെ വീട്ടുകാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും പെരുമാറാനും സൗകര്യമുണ്ടായിരിക്കണം. ഇന്‍റീരിയർ ഡിസൈനിംഗിൽ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനപരമായ കാര്യങ്ങൾ.

ലൈവ്ലി ലിവിംഗ് റൂം

ചാരുതയുള്ള ചെറിയ അലങ്കാരവസ്തുക്കളും ലളിതമായ ഫർണിച്ചറുകളും ലിവിംഗ് റൂമിന് അഴകേകും. ലിവിംഗ് റൂമിനോട് ചേർന്നാണ് ഡൈനിംഗ് റും ഒരുക്കിയിരിക്കുന്നത് എങ്കിൽ വ്യത്യാസം തോന്നിക്കാത്ത വിധത്തിലുള്ള ഫർണിഷിംഗ് ചെയ്യാം. രണ്ട് മുറികളിലും ഒരേ നിറത്തിലുള്ള ഫ്ളോറിംഗ് ചെയ്യുന്നതാണ് ഭംഗി. ഫ്ളോറിംഗ് വ്യത്യസ്തമാണെങ്കിൽ മുറിക്ക് വലുപ്പം കുറവ് തോന്നിക്കും.

ബാൽക്കണി

പല വർണ്ണത്തിലുള്ള ഇലകൾ, പൂക്കൾ, പുൽച്ചെടികൾ ബാൽക്കണിക്ക് ജീവൻ പകരും. ചെടിച്ചട്ടികളിൽ തന്നെ ചെടികൾ നടണമെന്നില്ല, പകരം പഴയ ഗ്ലാസ് ഭരണികൾ, ബോട്ടിൽ, മഗ് എന്നിവയിൽ മിക്സ് ആന്‍റ് മാച്ച് രീതിയിൽ ചെടികൾ പിടിപ്പിക്കാവുന്നതാണ്.

കളർ ചോയ്സ്

നമുക്ക് ചുറ്റുമുളള വസ്തുക്കളുടെ നിറങ്ങൾ നമ്മുടെ ചിന്തകളെയും വലിയൊരളവിൽ സ്വാധീനിക്കുന്നു എന്നാണ് നിറങ്ങളെ സംബന്ധിക്കുന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. ചുവരുകൾക്ക് അഴകേകുന്ന നിറങ്ങൾ മനസ്സിൽ ഉണർവ്വും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കും. ദ പവർ ഓഫ് കളർ എന്ന പുസ്തകത്തിൽ ഡോ.മോർട്ടൻ വാക്കർ നിറങ്ങളെക്കുറിച്ച് വളരെ രസകരമായ ഒരു വസ്തുത പ്രതിപാദിച്ചിട്ടുണ്ട്. അമേരിക്കിലെ ഇന്ത്യൻ വംശജരും ഈജിപ്റ്റുകാരും നിറങ്ങളുടെ സഹായത്തോടെയാണ് രോഗങ്ങൾ സുഖപ്പെടുത്തിയരുന്നതത്രേ… ഓരോ നിറത്തിനും അതിന്‍റേതായ സവിശേഷതകളുണ്ട്.

  • നീല പ്രശാന്തതയുടെയും നിർവൃതിയുടെയും നിറമാണ്.
  • പച്ചയാകട്ടെ സമൃദ്ധി, പ്രകൃതി, സൗഭാഗ്യം ഇവയാണ് പ്രതിനിധാനം ചെയ്യുന്നത്.
  • ഓറഞ്ച് നിറം ഊഷ്മളതയും സന്തുലനവും നൽകുന്നു.

ഇങ്ങനെ നിറങ്ങളുടെ ഒരു വലിയ ലോകംതന്നെ നമുക്ക് മുന്നിലുണ്ട്. ഓരോ സ്പേസിനും ഓരോ നിറം നൽകാതെ മിക്സ് ആന്‍റ് മാച്ച് കൺട്രാസ്റ്റ് നിറങ്ങൾ മുറിക്ക് ജീവൻ പകരും. നിറങ്ങൾ തെരഞ്ഞെടുക്കുന്നതിലും പ്രഗത്ഭ്യം വേണം. ഉദാ: വിശ്രമം ആവശ്യപ്പെടുന്ന ഇടമാണ് ബെഡിറൂം, കുളുർമയും ശാന്തതയും നൽകുന്ന നീല നിറം ബെഡ്റൂമിന് അനുയോജ്യമായിരിക്കും.

ലൈറ്റ് ഇഫക്ട്

കാറ്റും വെളിച്ചവുമെത്തുന്ന വിധത്തിലാകണം റൂം അറേഞ്ച് ചെയ്യുവാൻ. സൂര്യപ്രകാശം ശരിയായ രീതിയിൽ എത്തുന്ന രീതിയിൽ ജനാലകൾ പണിയാം. സോഫ അലമാര, ഫർണിച്ചറുകൾ അകത്തളത്തിന് മോടി കൂട്ടുമെന്നതിന് സംശയം വേണ്ട. എന്നാൽ ലൈറ്റുകൾ ശരിയായി ഒരുക്കിയില്ലെങ്കിൽ ഇവയ്ക്ക് ഡൾ ലുക്ക് തോന്നിക്കും. മുറിക്കകത്തെ പ്രകാശസംവിധാനം ക്രമീകരിക്കുന്നതിൽ കർട്ടനുകളും വെർട്ടിക്കൽ ബ്ലൈന്‍റുകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഡിം ലൈറ്റ്, ഷാന്‍റ്ലെയർ, ട്യൂബ് ലൈറ്റ്, ഹിഡൻ ലൈറ്റ് ഇങ്ങനെ മുറിയുടെ സ്വഭാവം കണക്കിലെടുത്ത് പ്രകാശസംവിധാനം ഒരുക്കാം.

ചുവരുകൾ

ചുവരുകൾ തൂവെള്ള നിറം ആധിപത്യമുറപ്പിച്ചിരുന്ന കാലം കഴിഞ്ഞു. മനോഹരമായ ചുവരുകൾ മുറിക്കകത്തു വച്ചിരിക്കുന്ന അലങ്കാര വസ്തുക്കളുടെ പൊലിമ വർദ്ധിപ്പിക്കും. എന്നാൽ വാടകവീട്ടിലും മറ്റും താമസിക്കുന്നവർക്ക് മനസ്സിനിഷ്ടപ്പെട്ട നിറം നൽകാൻ സാധിച്ചെന്ന് വരില്ല.

ഇത്തരക്കാർക്ക് ഡിസൈനർ സ്റ്റിക്കർ വാൾപേപ്പറുകളെ ആശ്രയിക്കാവുന്നതാണ്. മടുപ്പുളവാക്കുന്ന നിറങ്ങൾ ഒഴിവാക്കാം. ഒരു ചെയ്ഞ്ച് വേണമെന്ന് തോന്നുന്ന പക്ഷം പഴയത് പൊളിച്ചുകളഞ്ഞ് പുതിയത് ഒട്ടിക്കാം. പെയിന്‍റ് ചെയ്യാൻ ആവശ്യമായി വരുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയൊരു തുകയേ വേണ്ടി വരുന്നുള്ളൂ.

“ഓപ്പൺ ബുക്ക് ഷെൽഫുകളും വലിയ ക്യാബിനറ്റുകളും ചേരുന്ന ഭാഗത്ത് സ്റ്റഡി ടേബിൾ സ്പെയ്സ് ലാഭിക്കും. ഇതുപോലെ ഫർണിച്ചറുകളോട് ചേർന്നുള്ള ഷെൽഫുകളും സ്റ്റോറേജുകളും ഭംഗി പകരുമെന്നു മാത്രമല്ല മുറിക്ക് വലുപ്പവും തോന്നിപ്പിക്കും. പ്ലാസ്റ്റിക് ടബ്ബുകൾ ബിന്നുകളായി ഉപയോഗിച്ചിരുന്ന കാലം പോയി ഇപ്പോൾ വിക്കർ ബാസ്ക്കറ്റുകളാണ് താരം.” ഹോർമോണിയസ് ഹോംസ് എന്ന പുസ്തകത്തിൽ ജൂഡിത്ത് വിൽസൺ പറയുന്നു.

കിച്ചൻ സ്പെയ്സ്

ആനി മാക് കെവിറ്റ്, ഡിസൈനർ നോ ഹൗ വിൽ കിച്ചൻ ഫ്ളോറിംഗ് എന്ന പുസ്തകത്തിൽ മെറ്റീരിലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. “തെന്നിവീഴാത്തതും എളുപ്പം വൃത്തിയാക്കാൻ പറ്റുന്നതും കട്ടിയുള്ളതുമായ ഫ്ളോറിംഗ് ആണ് അടുക്കളയ്ക്കിണങ്ങുക. വിട്രിഫൈഡ് ടൈലുകളാണ് കിച്ചന് ഏറ്റവും അനുയോജ്യം. അടുക്കളയിൽ ഒരു ഭാഗത്ത് ചെറിയൊരു ടേബിൾ വയ്ക്കാം, പ്രാതൽ കൂടാതെ ഇടവേളയും ഇവിടെ ചിലവഴിക്കാം. വലിയ അടുക്കളയല്ല നിങ്ങളുടേതെങ്കിൽ ഡൈനിംഗ് റൂമിലേക്ക് ഒരു ഓപ്പണിംഗ് നൽകി സ്പേസ് ഉണ്ടാക്കാം.”

സ്റ്റൈലിംഗ് അക്സസറീസ്

ചിലർക്ക് ഗൊത്തിക്ക് പ്രിന്‍റുകളോടാവും ഇഷ്ടം. മറ്റുചിലർക്കാകട്ടെ ഇരുണ്ട നിറങ്ങളോടാകും പ്രിയം. എന്‍റർടൈയിനിംഗ് സ്പേസുകൾക്ക് ന്യൂട്രൽ ഡിസൈനുകൾ ആണ് ഇണങ്ങുക. കിറ്റ്സ് പകിട്ടുള്ള കുഷ്യൻ കവർ, മഗ്, മറ്റ് അക്സസറീസ് ഇവയൊക്കെ ന്യായമായ വിലക്ക് ലഭ്യമാണ്. പകിട്ടും പ്രൗഢിയും നൽകുമിത്. ട്രെഡീഷണൽ ലുക്ക് നൽകുന്നതിന് മിക്സ് ആന്‍റ് മാച്ച് അക്സസറീസ് കരുതാം. എംബ്രോയ്ഡറി ചെയ്ത കുഷ്യൻ കവറിനൊപ്പം രാജസ്ഥാനി കുഷ്യൻ അഭംഗി തോന്നിപ്പിക്കും.

മോഡേൺ ഐഡിയ

ലോറൻസ് ലെവലിൻ, ഡയറ്റ് മ്യൂഡ് ഗാവിൻ, ഹോം ഫ്രണ്ട് ഇൻസൈഡ് ഔട്ട് എന്ന പുസ്തകത്തിൽ ഇന്‍റീരിയറിലെ പുതുമകളെ പരിചയപ്പെടുത്തുന്നു. “മുറിയിൽ എല്ലായിടത്തും പ്രകാശമെത്തുന്ന സെൻട്രൽ സീലിംഗ് ലൈറ്റ് ലിവിംഗ് ഏരിയയ്ക്ക് കൂടുതൽ ലൈവ്ലിനെസ് പകരും. തൂവെള്ള നിറത്തിലുള്ള വാഷ്ബെയ്സനുകളുടെ സ്ഥാനത്ത് വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലും പാറ്റേണിലും തീർത്തവ ഇടം നേടിയിരിക്കുന്നു. മുറിക്ക് ക്ലാസി ലുക്ക് നൽകുന്ന ഗ്ലാസിൽ തീർത്തവയും ലഭ്യമാണ്. ടേബിൾ ലാമ്പിനു പകരം ചുവരുകളിൽ നിന്നും സ്വർണ്ണനിറം ചൊരിയുന്ന ഹിഡൻ ലാംപുകൾ പ്രകാശത്തെ ഒരു നിശ്ചിത പരിധിയിൽ കേന്ദ്രീകരിക്കുന്നു.”

ആർഭാടങ്ങളേക്കാൾ വീട്ടുകാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിയുള്ള ഇന്‍റീരീയറാണ് ഉചിതം. ഇനി സ്വന്തം വീടിന്‍റെ അകത്തളങ്ങളുടെ ഭംഗി കണ്ട് ലോകത്തിൽ വച്ച് എനിക്കേറ്റവും ഇഷടമുള്ളയിടം വീടാണെന്ന് ധൈര്യമായി പറയാം…

और कहानियां पढ़ने के लिए क्लिक करें...