ഹലോ, അപ്പുറത്ത്  ഘനഗംഭീരമായ ശബ്ദം. വർഷങ്ങൾക്കു മുമ്പ് കേട്ട് മറന്ന ആ ശബ്ദം. ഇതുവരെ ശേഖരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോയത് പോലെ. ഒരു സെക്കൻഡ് നേരത്തേക്ക് ശരീരത്തിന്‍റെ എല്ലാ പ്രവർത്തനവും നിലച്ചത് പോലെ. ആ നടുക്കത്തിൽ നിന്ന് ഉണരാൻ പിന്നെയും എടുത്തു കുറെ നിമിഷങ്ങൾ.

ഹലോ…

അപ്പുറത്തുനിന്നും ക്ഷമയില്ലാതെ ഒരിക്കൽ കൂടി ആ ശബ്ദം. ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു.

ഹലോ സണ്ണി അല്ലേ….

അതെ… ആരാ സംസാരിക്കുന്നത്?

ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കുന്ന വേദന.

ഞാൻ… താരയാണ്. ചെറിയ വിറയലോടെ അത്രയും പറഞ്ഞു.

താരാ ജോൺ..?

ഒരു നിമിഷത്തെ നിശബ്ദത.

എന്നെ മറന്നോ?

നിന്നെ മറക്കാനോ… പരിഹാസത്തിന്‍റെ സ്വരം.

ഡിസംബറിലെ തണുപ്പിലും ഞാൻ നിന്നു വിയർത്തു.

എന്തിനാ നീ ഇപ്പോൾ ഇത്രയും വർഷങ്ങൾക്കു ശേഷം എന്നെ വിളിച്ചത്. ആ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ പകച്ചു പോയി.

സണ്ണി, എന്നോട് ഇപ്പോഴും വെറുപ്പാണെന്ന് അറിയാം. ആ പഴയ താരയോട് സണ്ണിക്ക് ക്ഷമിച്ചു കൂടെ?

വേദന കണ്ണുനീരായി പുറത്തുവന്നു. അത് സണ്ണി അറിയാതിരിക്കാൻ ശ്രമിച്ചു.

സണ്ണി ഒന്നും പറഞ്ഞില്ല.

സണ്ണി, എന്നോട് ക്ഷമിച്ചെന്നു പറയണം.

ക്ഷമിച്ചിട്ട് എന്തിനാ. ഇപ്പോൾ ഈ വിളി വേണ്ടിയിരുന്നില്ല. താരേ… എല്ലാം പണ്ടേ അവസാനിപ്പിച്ചതല്ലേ. ആ കരിഞ്ഞ മുറിവുകൾ വീണ്ടും പഴുപ്പിക്കാൻ വേണ്ടി ഈ വിളി വേണ്ടായിരുന്നു.

ശരിയാണ് സണ്ണി ഒന്നും വേണ്ടിയിരുന്നില്ല.

നിന്‍റെ ഭർത്താവും കുഞ്ഞുങ്ങളും ഒക്കെ? സണ്ണി ആകാംക്ഷയോടെ ചോദിച്ചു.

പ്രതീക്ഷിച്ച ചോദ്യമാണെങ്കിലും താര ഒന്ന് പതറി.

എന്‍റെ ഭർത്താവ് ബിസിനസുകാരനാണ്. കുട്ടികൾ ഒരാണും ഒരു പെണ്ണും. ഇനി നിന്‍റെ വിശേഷം പറ സണ്ണി.

ഭാര്യയുടെ പേര് അലീന. രണ്ട് ആൺകുട്ടികളും. സണ്ണി പറഞ്ഞു.

സണ്ണിയോട് നുണ പറയേണ്ടി വന്നതിൽ വളരെ വിഷമം തോന്നി. പക്ഷേ വേറെ നിവൃത്തിയില്ലായിരുന്നു. സണ്ണിയുടെ മുൻപിൽ തോൽക്കാൻ വയ്യ. വിധിക്കു മുൻപിൽ എന്നേ തോൽവി സമ്മതിച്ചതാണ്.

ഇത്തവണ കരച്ചിൽ പൊട്ടിപ്പോയി. സണ്ണിയുടെ മുന്നിൽ കരയില്ല എന്ന് കരുതിയിരുന്നതാണ്. അറിയാതെ മനസ്സിന്‍റെ കടിഞ്ഞാൺ വിട്ടു പോയി. അതൊരു വാവിട്ട നിലവിളിയായി. സണ്ണി വല്ലാതെയായി.

എന്തു പറ്റി താരേ? സണ്ണിയുടെ സ്വരത്തിൽ അലിവ്.

ഒന്നുമില്ല. താര ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

അല്ല എന്തോ ഉണ്ട്. പറ താരേ, നിനക്കെന്തു പറ്റി?

ഞാൻ പിന്നീട് വിളിക്കാം.

ഫോൺ വച്ച ശേഷം മനസ്സ് 20 വർഷം പുറകോട്ട് പോയി. തനിക്ക് അന്ന് വയസ്സ് 18. കോളേജിൽ മറ്റാരും കാണിക്കാത്ത ധൈര്യം കാണിച്ച് ആരെയും കൂസാതെ സണ്ണിയോടൊപ്പം. ആ നല്ല വേനൽക്കാലത്തിന്‍റെ ഓർമ്മ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. സണ്ണിയോട് തനിക്കുള്ള സ്നേഹത്തിന്‍റെ മുന്നിൽ തന്‍റെ പേടിയൊക്കെ ഓടിയൊളിച്ചു. സണ്ണിയോടൊപ്പം ചുറ്റിക്കറങ്ങി. സണ്ണിയുടെ ജീപ്പിൽ, സണ്ണിയുടെ കാറിൽ അന്നൊക്കെ എന്തായിരുന്നു സംസാരിച്ചിരുന്നത്. കൂടുതൽ സമയവും കണ്ണിൽ കണ്ണിൽ നോക്കി പ്രേമിക്കുകയായിരുന്നു. തന്നെ സണ്ണിയിലേക്ക് ആകർഷിച്ചത് എന്ത്? കണ്ണടക്കുമ്പോൾ കവിളത്ത് സണ്ണിയുടെ ചൂടുള്ള നിശ്വാസം ഇപ്പോഴും അനുഭവപ്പെടുന്നതുപോലെ. സണ്ണിക്ക് തന്‍റെ ഉള്ളിൽ എന്നും ഒരു ഹീറോയുടെ പരിവേഷമായിരുന്നു. തന്നെയും ബൈക്കിന്‍റെ പുറകിൽ കയറ്റി സ്പീഡിൽ വണ്ടിയോടിക്കുക സണ്ണിക്ക് ഒരു ഹരമായിരുന്നു.

രണ്ടു വർഷത്തെ പ്രേമത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് തോമസ് കുട്ടി തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അച്ഛന്‍റെ പഴയ കൂട്ടുകാരന്‍റെ മകൻ. അച്ഛൻ വാങ്ങിയ ഒരുപാട് പണത്തിന്‍റെ പകരമായി തന്നെ വിൽക്കുമ്പോൾ അച്ഛന്‍റെ മനസ്സ് വേദനിച്ചു കാണാൻ വഴിയില്ല. ആരെയും സ്നേഹിക്കാൻ അച്ഛന് അറിയില്ലായിരുന്നു. സണ്ണിയെ വേദനയോടെ മറക്കാൻ ശ്രമിച്ചുകൊണ്ട് തോമസുകുട്ടിയുടെ ഭാര്യയാകുമ്പോൾ ആരോടാണ് സത്യത്തിൽ ക്രൂരത കാണിച്ചത്? സണ്ണിയോടോ? അതോ ഒരിക്കലും സ്നേഹിക്കാൻ കഴിയാതെ പോയ തോമസ് കുട്ടിയോടോ? അതോ തന്നോട് തന്നെയോ?

ജീവിതം ഇത്ര ചെറുതാണെന്ന് അറിഞ്ഞിരുന്നു എങ്കിൽ തോമസ് കുട്ടിയെ ഞാൻ ഒരുപാട് സ്നേഹിച്ചേനെ. തോമസ് കുട്ടി തന്നെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ അതു താൻ തിരിച്ചു കൊടുത്തില്ല. ഒന്നരവർഷം നീണ്ടുനിന്ന ദാമ്പത്യം. ഒരു കാർ അപകടത്തിൽ തനിക്ക് നഷ്ടപ്പെട്ടത് തോമസുകുട്ടിയും രണ്ട് കാലുകളും ആയിരുന്നു. 18 വർഷമായി ഈ വീൽചെയറിൽ. മടുത്തു! ഇനിയും മുന്നോട്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല. രണ്ടുദിവസങ്ങൾക്കുശേഷം ഒരിക്കൽ കൂടി സണ്ണിയെ വിളിച്ചു മനസ്സ് അറിയാതെ ഒരു 18 കാരിയുടേതായി.

സണ്ണിച്ചാ… ഒരുപാട് സ്നേഹത്തോടെ അറിയാതെ വിളിച്ചു.

എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് സണ്ണി ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

ഒന്നും വേണ്ടിയിരുന്നില്ല താരേ… മറുപടി കയ്യിൽ ഇല്ലാത്തതുകൊണ്ട് നിശബ്ദതയെ കൂട്ടുപിടിച്ചു.

നിനക്കെന്നെ മറക്കാൻ കഴിയുമോ താരേ… പ്രേമം പുരണ്ട സ്വരം.

ഇല്ല എന്ന് മനസ്സ് പറഞ്ഞെങ്കിലും സ്വരമായത് പുറത്തുവന്നില്ല.

ഒരിക്കൽ എല്ലാം ആയിരുന്നവർ ഇന്ന് ആരുമല്ലാത്തവരാകുന്നതിന്‍റെ നീറ്റൽ. അത് സണ്ണിയും അനുഭവിക്കുന്നുണ്ടാവണം.

താരേ, എന്നാ നിന്നെ ഒന്ന് നേരിൽ കാണുക. അതിനുത്തരം പറഞ്ഞില്ല.

തന്‍റെ ജീവിതത്തിൽ മൊത്തം പരാജയം ആയിട്ട്. അതെല്ലാം വെളിപ്പെടുത്തി സണ്ണിയുടെ മുന്നിൽ സഹതാപവും പരിഹാസവും ഒന്നും ഏറ്റുവാങ്ങാനുള്ള ശക്തി തനിക്കിന്നില്ല.

ഹലോ…

ഞാൻ ഇവിടെയുണ്ട് സണ്ണി.

നീ ഇപ്പോൾ എവിടെ നിന്നാണ് വിളിക്കുന്നത്? സണ്ണിയുടെ ചോദ്യങ്ങൾ തന്നെ വീർപ്പുമുട്ടിക്കുന്നു. അധികം താമസിക്കാതെ സണ്ണി തന്നെ കണ്ടുപിടിക്കും. അതിനവസരം കൊടുക്കരുത്. ഇനിയും താമസിക്കരുത്. സണ്ണിയുടെ വേദന തനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. ഒരിക്കൽ വേദനകൾ മാത്രം കൊടുത്തിട്ട്, ഇനിയും ആ പാവത്തിനെ വേദനിപ്പിക്കാൻ വയ്യ.

സണ്ണി എന്നെ ഒരിക്കലും കാണണ്ട. ആ പഴയ മുറിവ് അത് വീണ്ടും പഴുക്കും. അതിന്‍റെ വേദന അതിന്‍റെ നീറ്റൽ അത് കഴിഞ്ഞ തവണത്തെതിനേക്കാൾ കൂടുതൽ ആയിരിക്കും. നമുക്ക് രണ്ടാൾക്കും ആ വേദന താങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല. ആ നീറ്റൽ നമുക്ക് രണ്ടാൾക്കും മാത്രം സ്വന്തം.

സണ്ണി, നീ എന്നെ ശപിച്ചു. നിന്‍റെ ശാപം അതാവാം എന്നെ വിടാതെ പിന്തുടരുന്നത്. അറിയാതെ തേങ്ങിപ്പോയി.

താരേ നിനക്കെന്തു പറ്റി?

എനിക്കൊന്നും പറ്റിയില്ല സണ്ണി ഞാൻ നിന്നെ എന്നും സ്നേഹിച്ചിരുന്നു. എനിക്കൊരിക്കലും നിന്നെ മറക്കാൻ കഴിയില്ല.

വേദന കടിച്ചമർത്താൻ വളരെ പാടുപെട്ടു.

ഞാൻ പിന്നെ വിളിക്കാം സണ്ണി. ഈ വീൽചെയറിലെ ജീവിതം ഞാൻ മടുത്തു. സണ്ണി എന്നു പറയണമെന്നുണ്ടായിരുന്നു.

ആരോടും ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത സ്വതന്ത്രയായ ഒരു പെണ്ണാണ് താൻ ഇന്ന്. സ്നേഹിക്കാൻ ഒരു കുഞ്ഞിനെ എങ്കിലും തന്നിട്ടാണ് തോമസ് കുട്ടി പോയതെങ്കിൽ ഇന്നീ വീർപ്പുമുട്ടലിൽ ഒരു സാന്ത്വനമായേനെ. ചുവരിൽ തോമസ് കുട്ടിയുടെ ഫോട്ടോയോട് മൗനമായി യാത്ര ചോദിച്ചു. ആക്സിഡന്‍റിനുശേഷം ഡോക്ടർമാർ സ്ഥിരമായി എഴുതിത്തരാറുള്ള വിഷാദ രോഗത്തിന്‍റെ ഗുളികകൾ ഒരിക്കൽ പോലും കഴിച്ചില്ല. ഡോക്ടർ പലതവണ ഉപദേശിച്ചു. ഈ ഗുളികകൾ ലൈഫ് സേവിങ് മരുന്നുകളാണ്. വിഷാദ രോഗത്തിന്‍റെ പിടിയിൽ അമർന്നാൽ പിന്നെ രക്ഷയില്ല. പതിവായി മരുന്നുകൾ കഴിക്കണം. ഒന്നും വക വെച്ചില്ല. ഒരുതരം മരവിപ്പ് ആയിരുന്നോ?

അതോ നിരാശയോ?

കുറേയേറെ ഉറക്ക ഗുളികകൾ വിസ്കിലേക്ക് ഇട്ടു. മെല്ലെ കുടിച്ചിറക്കി. കഴിഞ്ഞ 40 വർഷങ്ങൾ മുൻപിലൂടെ ഒരു സിനിമ പോലെ കടന്നുപോകുന്നു. ചിത്രങ്ങൾ പതുക്കെ അവ്യക്തമാകുന്നു.

കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.

ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് ആരുടെ കൂടെ ജീവിക്കും എന്നോർത്ത് സോഫയിൽ കിടന്നു.

ഫോൺ ബെൽ അടിക്കുന്നു. നമ്പർ കാണാൻ കഴിഞ്ഞില്ല.

ഹലോ…

ഹലോ താരേ….

അപ്പുറത്തുനിന്നും പരിഭ്രമം കലർന്ന സണ്ണിയുടെ സ്വരം.

താരേ അലീന…

സണ്ണിയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.

അലീന അവൾ ഒരു ആക്സിഡന്‍റിൽ….

അയാളുടെ സ്വരം വിദൂരത്ത് നിന്നും ഒഴുകി വരുന്നതുപോലെ എനിക്ക് തോന്നി. അലീനയ്ക്ക് എന്തു സംഭവിച്ചിട്ടുണ്ടാവും?

എന്‍റെ കണ്ണുകളിൽ ഉറക്കം വരുന്നു.

സണ്ണി എന്നോട് ക്ഷമിക്കണം. ബാക്കി പറയാൻ നാവിന് ശക്തിയില്ലായിരുന്നു.

വെളുത്ത പഞ്ഞിക്കെട്ടിന് ഇടയിലൂടെ പറന്ന് നടക്കുന്നത് പോലെ… ആരുടെയോ കരുത്തുള്ള കരങ്ങൾ വന്ന് തന്നെ പുണരുന്നത് പാതി മയക്കത്തിലും താൻ അറിഞ്ഞു. തോമസ് കുട്ടിയുടെയും സണ്ണിയുടെയും കരങ്ങളേക്കാൾ കരുത്ത് ഉണ്ടായിരുന്നു. മരണത്തിന്‍റെ കറുത്ത ബലമുള്ള കരങ്ങൾ ആയിരുന്നുവോ…..

और कहानियां पढ़ने के लिए क्लिक करें...