23 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 3 മാസമേ ആയുള്ളൂ. എന്‍റെ ഭർത്താവ് ഒട്ടും റൊമാന്‍റിക്കല്ല എന്നതാണ് പ്രശ്നം. മധുവിധു കാലത്ത് ഭാര്യാഭർത്താക്കന്മാർ കളിയും ചിരിയുമായി നടക്കുമല്ലോ. പക്ഷേ, എന്‍റെ ഭർത്താവ് ഗൗരവം പിടിച്ച് നടക്കുന്നു. അദ്ദേഹത്തിന് വല്ലാത്ത സങ്കോചമാണ്. സെക്സ് പോലും അദ്ദേഹത്തിന് താൽപര്യമില്ല. സ്നേഹപൂർവം തലോടലോ സ്പർശനങ്ങളോ ഒന്നുമില്ല. അദ്ദേഹം എന്തുകൊണ്ടാണ് ഇങ്ങനെ എന്നോർത്ത് ഞാൻ അത്ഭുതപ്പെടാറുണ്ട്.

എനിക്കൊരു അമ്മയാകാൻ കഴിയുമോ എന്നാണ് ഞാനിപ്പോൾ ആശങ്കപ്പെടുന്നത്. ഭർത്താവിൽ മറ്റ് യാതൊരു ശാരീരികമായ കുറവുകളുമില്ല. ഭർത്താവിനെ ഒരു റൊമാന്‍റിക് ആക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

ഓരോ വ്യക്തിയും ഓരോ തരത്തിലുള്ളവരാണ്. നിങ്ങളുടെ ഭർത്താവ് അൽപം ഗൗരവക്കാരനാണെന്ന് വേണം അനുമാനിക്കാൻ. മനസ്സിലുള്ള വികാരങ്ങളും ആശയങ്ങളും തുറന്ന് പ്രകടിപ്പിക്കാൻ ഇത്തരക്കാർക്ക് അറിയില്ല. ഇതിൽ നിരാശപ്പെടേണ്ടതില്ല. സെക്സിനോട് ഇന്നും സങ്കോചം പുലർത്തുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. സെക്സിനെ കുറിച്ച് തുറന്ന് സംസാരിക്കാനോ അത് എൻജോയ് ചെയ്യാനോ ഇത്തരക്കാർക്ക് വലിയ മടിയായിരിക്കും. ഇതിനെ ഒരു പോരായ്മയായി കണ്ട് ഭർത്താവിനെ കുറ്റപ്പെടുത്തേണ്ടതില്ല. ഇതൊരു ശാരീരികമായ കുറവല്ല.

ഭർത്താവിന്‍റെ മനസ്സിൽ നിങ്ങളോട് അളവറ്റ സ്നേഹമുണ്ടാകും. സ്നേഹവും മറ്റും തുറന്ന് പ്രകടിപ്പിക്കുന്ന ഭർത്താക്കന്മാരെല്ലാം സ്നേഹനിധികളാണെന്ന് കരുതരുത്. അവരിൽ ചിലരുടെയെങ്കിലും ഭാര്യയോടുള്ള സ്നേഹവും അടുപ്പവും വെറും പ്രകടനങ്ങൾ മാത്രമായിരിക്കും. അതിനാൽ ഇതിനെ ഭർത്താവിന്‍റെ ഒരു സ്വഭാവ സവിശേഷതയായി കരുതിയാൽ മതി. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമല്ലേ ആയുള്ളൂ. ഭാവിയിൽ അമ്മയാകാൻ കഴിയുമോ എന്നതിനെ ചൊല്ലി ആശങ്ക വേണ്ട.

35 വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷമായി. ഭർത്താവിന് മുമ്പ് സെക്സിൽ വളരെ താൽപര്യമായിരുന്നു. പക്ഷേ, ഇപ്പോൾ ഇക്കാര്യത്തിൽ ഉദാസീനതയാണ് പുലർത്തുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾക്കിടയിൽ സെക്സ് ഇല്ലെന്ന് തന്നെ പറയാം. ഇതേപറ്റി അന്വേഷിച്ചപ്പോൾ അദ്ദേഹം ഒരു സഹപ്രവർത്തകയുമായി അടുപ്പത്തിലാണെന്ന് അറിയാൻ കഴിഞ്ഞു. ഞാനത് ചോദ്യം ചെയ്തപ്പോൾ അതിലെന്താണ് തെറ്റ് എന്നാണ് ഭർത്താവ് ചോദിക്കുന്നത്. തന്‍റെ സുഹൃത്തുക്കളെല്ലാവരും ഇങ്ങനെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഞാനിക്കാര്യം അറിഞ്ഞതോടെ ഏറെ അസ്വസ്ഥയാണ്. ഒറ്റപ്പെടലും അവഗണനയും അനുഭവിക്കുന്നു. കുട്ടികളെയോർത്ത് എല്ലാം സഹിക്കുകയാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?

വളരെ ഗൗരവമർഹിക്കുന്ന പ്രശ്നമാണ് ഇത്. കേരളത്തിൽ വിവാഹിതരായവർക്ക് ഇടയിൽ അവിഹിത ബന്ധങ്ങൾ വർദ്ധിച്ചു വരുന്നതായാണ് കഴിഞ്ഞ കുറേ വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നിൽ ആധുനിക ജീവിത സാഹചര്യങ്ങളും ദാമ്പത്യജീവിതത്തിലെ അതൃപ്തി തുടങ്ങി പല കാരണങ്ങൾ ചൂണ്ടികാട്ടുന്നുണ്ട്.

ഭർത്താവ് തുറന്ന് സമ്മതിച്ച സ്ഥിതിക്ക് അദ്ദേഹത്തോട് ഇതേപറ്റി തുറന്ന് സംസാരിക്കുകയാണ് വേണ്ടത്. നിങ്ങൾക്ക് ഇക്കാര്യത്തിലുള്ള കടുത്ത എതിർപ്പും വെറുപ്പും പ്രകടിപ്പിക്കുക. ക്ഷണികമായ ഈ സുഖത്തിന് പിന്നാലെ പാഞ്ഞ് സമൂഹത്തിലുള്ള നിലയും വിലയും നഷ്ടപ്പെടുത്തുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് അദ്ദേഹത്തോട് ചോദിക്കാം.

ഒപ്പം വഴിവിട്ട ജീവിതത്തിലൂടെ മാരക രോഗങ്ങൾ ഉണ്ടാകുമെന്നും ഓർമ്മിപ്പിക്കുക. എന്നിട്ടും അദ്ദേഹം കേൾക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഇതേപ്പറ്റി വീട്ടിലുള്ളവരെ ധരിപ്പിക്കുക.

മറ്റൊരു പ്രധാന കാര്യം, ഇക്കാര്യം ഓർത്ത് സഹോദരി നിരാശപ്പെടരുത് എന്നാണ് പറയാനുള്ളത്. വിദ്യാസമ്പന്ന ആണെങ്കിൽ സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമം തുടരുക. നിങ്ങൾക്കും ഒരു ജീവിതമുണ്ട്, അക്കാര്യം മറക്കാതിരിക്കുക.

ഞാനൊരു മധ്യവർഗകുടുംബാംഗം ആണ്. വിവാഹം കഴിഞ്ഞിട്ട് 19 വർഷമായി. കഴിഞ്ഞ 10 വർഷമായി ഭാര്യ അതി സമ്പന്നനായ ഒരു വ്യക്തിയുമായി അടുപ്പത്തിലാണ്. വിശേഷാവസരങ്ങളിൽ അയാൾ എന്‍റെ ഭാര്യക്ക് വിലയേറിയ സമ്മാനങ്ങൾ നൽകാറുണ്ട്. അയാൾ ചിലപ്പോൾ ഹോട്ടലുകളിൽ വിരുന്ന് സത്കാരങ്ങളും സംഘടിപ്പിക്കാറുണ്ട്. അവൾ അത്തരം പാർട്ടികളിൽ പങ്കെടുക്കാറുണ്ട്. എന്നെ അവൾക്ക് വെറുപ്പാണ്.

ദിവസങ്ങളോളം ബിസിനസ് ടൂറെന്ന് പറഞ്ഞ് അവൾ അയാൾക്കൊപ്പം കഴിയാറുണ്ട്. ചോദ്യം ചെയ്യുമ്പോഴൊക്കെ അയൽക്കാർ കേൾക്കേ പൊട്ടിത്തെറിക്കും. ഞാൻ മക്കളെയോർത്ത് ക്ഷമിക്കുകയാണ്. മക്കൾ മുതിർന്നു വരികയാണ്. അവർ ഇതറിഞ്ഞാൽ എന്താകും സ്ഥിതി എന്നോർത്ത് ഭയപ്പെടുന്നു.

ഈ പ്രശ്നത്തിൽ ഒരു പരിധി വരെ താങ്കളും കുറ്റക്കാരനാണെന്ന് വേണം പറയാൻ. കാരണം ഭാര്യ ഇത്രമാത്രം തെറ്റുകളിലേക്ക് എടുത്ത് ചാടിയിട്ടും താങ്കൾ നിശ്ശബ്ദനായി ഇരിക്കുകയാണ്. താങ്കളുട ദൗർബല്യം മുതലെടുത്ത് അവർ ഈ പുതിയ ബന്ധത്തിലൂടെ ജീവിതം മതിമറന്ന് ആസ്വദിക്കുകയും ചെയ്യുന്നു.

അവരോട് ആദ്യമേ തന്നെ കർശനമായ നയം സ്വീകരിക്കേണ്ടതായിരുന്നു. അവരും ഒത്തുള്ള ജീവിതം ആഗ്രഹിക്കുന്നില്ലെങ്കിൽ എത്രയും വേഗം വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.

और कहानियां पढ़ने के लिए क्लिक करें...