സീതാരാമം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മൃണാൽ ഠാക്കൂർ എന്ന നോർത്ത് ഇന്ത്യൻ സുന്ദരി അങ്ങനെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി. ആ ചിത്രം പാൻ- ഇന്ത്യ ഹിറ്റാവുകയും ചെയ്തു. ദുൽഖർ സൽമാനുമായുള്ള അവരുടെ രസതന്ത്രം വളരെയധികം വിലമതിക്കപ്പെട്ടു. മാത്രമല്ല, അവരുടെ ശക്തമായ സ്ക്രീൻ സാന്നിധ്യവും റിയലിസ്റ്റിക് സൗന്ദര്യവും ഏറെ ചർച്ച ചെയ്യപ്പെട്ടു. സീതാരാമം സോഷ്യൽ മീഡിയയിൽ ജനപ്രീതി ഉയർത്തി എന്നതിൽ സംശയമില്ല. ഈ സിനിമയിലെ ലുക്ക് കണ്ട് അന്തരിച്ച മധുബാലയുമായും ചിലർ താരതമ്യപ്പെടുത്തി.
“ആളുകൾ എന്നെ മധുബാലയായി താരതമ്യപ്പെടുത്തി കണ്ടപ്പോൾ ഞാൻ ശരിക്കും സന്തോഷിച്ചു. മധുബാലയുമായി ബന്ധപ്പെട്ട ചിത്രം ഭാവിയിൽ ഉണ്ടാവുമെങ്കിൽ, അത് അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു പാട്ടോ നാടകമോ സിനിമയോ അല്ലെങ്കിൽ ഒരൊറ്റ സീനോ ആണെങ്കിലും, അതിൽ ഒരു ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു” മൃണാൾ പറയുന്നു.
സീതാരാമം എന്ന ചിത്രത്തിനു ശേഷം സോഷ്യൽ മീഡിയ വഴിയും നേരിട്ടും ഒരുപാടു അഭിനന്ദനങ്ങൾ ലഭിച്ചു എന്നാൽ താൻ സോഷ്യൽ മീഡിയയിൽ അത്ര മിടുക്കി അല്ലെന്ന് മൃണാൾ സമ്മതിക്കുന്നു. “വികാരങ്ങളുടെ പ്രകടനമായതിനാൽ നാം വാട്സ്ആപ്പ് ഫോർവേഡുകളും ഇമോജികളും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, കൈ കൊണ്ട് എഴുതിയ കത്തുകളാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ചിലപ്പോഴൊക്കെ ഇതിനായി കുറച്ച് പരിശ്രമിക്കുകയും പ്രതികരണങ്ങൾ എഴുതി സ്നേഹം പങ്കിടുകയോ ചെയ്യേണ്ടതുണ്ട്. അങ്ങനെ ഒരു പ്രണയലേഖനത്തിനായി ഞാൻ സത്യമായും കാത്തിരിക്കുകയാണ്.” മൃണാൾ ചിരിച്ചു കൊണ്ട് പറയുന്നു.
“ദുൽഖർ സൽമാനുമൊത്തുള്ള അഭിനയം വളരെ രസകരമായിരുന്നു. ഒരു റൊമാന്‍റിക് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ദുൽഖറിന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും, ചിത്രം കരാർ ഒപ്പിട്ടതിന് ശേഷം ഏറെ ശ്രദ്ധിച്ചാണ് ചെയ്തത്. അദ്ദേഹം ഒരു അസാധാരണ നടനാണ്. ഒരു മികച്ച മനുഷ്യനാണ്. അദ്ദേഹവുമായി വീണ്ടും സ്ക്രീൻ സ്പേസ് പങ്കിടാൻ എനിക്ക് ആഗ്രഹം ഉണ്ട്. അതുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാക്കാരേ, ദുൽഖറിനും എനിക്കും ഒരു മികച്ച തിരക്കഥയുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ദയവായി ഞങ്ങളെ ഒരുമിച്ച് അവതരിപ്പിക്കൂ, “മൃണാലിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണിത്.
സ്ക്രീനിൽ അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീത. ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി സംവിധായകന്‍റെ കാഴ്ചപ്പാടിനോട് നീതി പുലർത്തുക എന്നതായിരുന്നുവെന്ന് അവർ സമ്മതിക്കുന്നു. തനിക്ക് അത് ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തി തോന്നുന്നു. “കഥാപാത്രങ്ങളായി മാറിക്കഴിഞ്ഞാൽ പിന്നെ ഒരു ശക്തി തോന്നുന്നു. സീത ചെയ്തത് അങ്ങനെയാണ്. അതാണ് സോണിയയും ചെയ്‌തത്. അതാണ് സുപ്രിയ (സൂപ്പർ 30), വിദ്യ (ജേഴ്സി), സൗമ്യ (ധമാക്ക) എന്നോട് ചെയ്‌തത്.”
തനിക്കായി എഴുതിയ കഥാപാത്രങ്ങളുടെ നല്ല ഗുണങ്ങൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ അത് തന്നെ മികച്ച വ്യക്തിയും മികച്ച നടിയുമാക്കുന്നു എന്ന് മൃണാൾ വിശ്വസിക്കുന്നു.
“ഞാൻ ഇന്ന് അത്തരമൊരു വ്യക്‌തിയായിരിക്കുന്നത് മുമ്പ് ചെയ്ത കഥാപാത്രങ്ങൾ കാരണമാണെന്ന് ഞാൻ പറയും. അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. എന്നിൽ നിന്ന് സീതയെ എടുത്തു കളയാൻ ആർക്കുമാവില്ല, സോണിയയെ എന്നിൽ നിന്ന് അകറ്റാൻ ആർക്കും കഴിയില്ല.
ആദ്യ ചിത്രമായ ലവ് സോണിയയിൽ അന്താരാഷ്ട്ര മാംസക്കച്ചവടത്തിലേക്ക് വിറ്റഴിക്കപ്പെടുന്ന ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ് ചെയ്തത്. എന്നാൽ തന്‍റെ അഭിനയത്തിൽ ആളുകളെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഒരു പ്രത്യേകത മൃണാൾ ആഗ്രഹിച്ചു. ചിത്രം ഒരു തുടക്കമാണെന്ന് തെളിയിക്കുകയും മനുഷ്യക്കടത്തിന്‍റ ദൂരവ്യാപകമായ ഇംപാക്റ്റുകളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയും ചെയ്‌തു.
അതിനെക്കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നു. മൃണാൾ പറയുന്നു, “ലവ് സോണിയ ലുക്ക് ടെസ്റ്റിനിടെ, മുടിയോ മേക്കപ്പോ മികച്ച വസ്ത്രങ്ങളോ മനോഹരമായ ലൊക്കേഷനുകളോ ഉണ്ടായിരുന്നില്ല. അടിസ്‌ഥാനപരമായ ചില വസ്ത്രങ്ങൾ ധരിച്ചു, മേക്കപ്പും ഇല്ലാതെയാണ് അഭിനയിച്ചത്. ആ സിനിമ ഇന്ന് റിലീസ് ചെയ്തിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെടുമായിരുന്നുവെന്നും അവർ കരുതുന്നു. ഈ ചിത്രത്തിന് വിവിധ ചലച്ചിത്രമേളകളിൽ വിവിധ അവാർഡുകൾ ലഭിച്ചു. “എന്നാൽ പോലും ചിലപ്പോൾ, എനിക്ക് ശരിക്കും നിരാശ തോന്നുന്ന ദിവസങ്ങളുണ്ട്. ഞാൻ എന്‍റെ സിനിമ യാത്രയെക്കുറിച്ച് ചിന്തിക്കാറുണ്ട്. എവിടെയൊക്കെയാണ് മെച്ചപ്പെടേണ്ടതെന്ന് ഞാൻ കുറിപ്പുകൾ തയ്യാറാക്കാറുണ്ട്. താരം പറയുന്നു.
മൃണാൾ ഠാക്കൂറിന്‍റെ ബോളിവുഡ് യാത്രയിലേക്ക് നോക്കൂ. വ്യത്യസ്തമായ സിനിമകളാണ് ചെയ്തിട്ടുള്ളത്. ഹൃത്വിക് റോഷനൊപ്പം അവർ സ്ക്രീൻ സ്പേസ് പങ്കിട്ട സൂപ്പർ 30 വിദ്യാഭ്യാസ വിചക്ഷണനായ ആനന്ദ് കുമാറിന്‍റെ ജീവചരിത്രമായിരുന്നു. ജോൺ എബ്രഹാമിന്‍റെ പ്രണയിനിയായി അഭിനയിച്ച ബട്‍ല ഹൗസിലും വ്യത്യസ്ത ഗേറ്റപ്പ് ആയിരുന്നു. ഷാഹിദ് കപൂറിന്‍റെ കർക്കശക്കാരിയായ ഭാര്യയായി അഭിനയിച്ച ജേഴ്സി, ബോക്സ് ഓഫീസിൽ ആഗ്രഹിച്ച ഫലം കൊയ്തില്ലെങ്കിലും ഒടിടിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
“ഞങ്ങൾ ഒരു നല്ല സിനിമ ചെയ്‌തു. റീമേക്ക് ആണെങ്കിലും ജേഴ്സിയുടെ ഭാഗമായതിൽ എനിക്ക് സന്തോഷമുണ്ട്. കൊവിഡ് കാരണം ഇത് വൈകിപ്പോയി, യഥാർത്ഥ റിലീസ് തീയതിയിൽ ഇത് റിലീസ് ചെയ്തിരുന്നെങ്കിൽ തീർച്ചയായും മെച്ചപ്പെടുമായിരുന്നു. തീയതിയിലെ മാറ്റം അതിന്‍റെ പ്രകടനത്തെ തീർച്ചയായും ബാധിച്ചു,” അവർ പ്രതികരിക്കുന്നു, ആദിത്യ റോയ് കപൂറിനൊപ്പം റിലീസായ ഗുമ്ര, ഒരു സൗത്ത് റീമേക്ക് കൂടിയാണ് ഇത് തമിഴ് ചിത്രമായ താഡത്തിന്‍റെ (2019) ഒരു അഡാപ്റ്റേഷനാണ്. “സിനിമയിൽ ഞാൻ ഒരു പോലീസ് വേഷമാണ് ചെയ്യുന്നത്. ആദ്യമായാണ് ഞാൻ യൂണിഫോം ധരിക്കുന്നത്, ഡീറ്റെക്റ്റീവ് കഥകൾ എപ്പോഴും എന്നെ ആകർഷിക്കുന്നു. ഒരു സുഹൃത്തിന്‍റെ അച്‌ഛൻ ക്രൈം റിപ്പോർട്ടറായിരുന്നു, അച്‌ഛൻ പറയുന്ന കുറ്റകൃത്യകഥകൾ കൂട്ടുകാരി എന്നോടും പറയുമായിരുന്നു.
ഒരു ഘട്ടത്തിൽ ക്രൈം ജേണലിസത്തിൽ ഞാൻ ആകൃഷ്ടനായിരുന്നു, വേണമെങ്കിൽ ഒരു ക്രൈം റിപ്പോർട്ടർ ആകാമായിരുന്നു. കുട്ടിക്കാലത്ത്, ഷെർലക് ഹോംസ് കഥകളിൽ ഞാൻ ആകൃഷ്ടയായിരുന്നു. കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നത് വലിയ രസകരമായി തോന്നി. മൃണാൾ പുഞ്ചിരിയോടെ പറയുന്നു.
നിരവധി മികച്ച വ്യക്‌തികൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്- സീനിയർമാർ പങ്കിട്ട ഏറ്റവും മികച്ച കരിയർ ഉപദേശം, “ഒരു സമയം ഒരു സിനിമ ചെയ്യുക, നിങ്ങളുടെ ശരീരത്തെ ആരാധിക്കുക, കഥാപാത്രമായി ജീവിക്കുക.” എന്നതാണ് ഒരു ബാനർ കാരണമോ ഒരു വലിയ താരത്തിനൊപ്പമോ സംവിധായകനുമൊത്തോ പ്രവർത്തിക്കാനുള്ള അവസരമോ കാരണം താൻ ഒരിക്കലും സിനിമ ചെയ്യാൻ സമ്മതം പറഞ്ഞിട്ടില്ല. എന്‍റെ ആദ്യത്തെ മാനദണ്ഡം ആ വേഷം എന്നെ ഉത്തേജിപ്പിക്കണം എന്നതാണ്. കഥാപാത്രവുമായി ബന്ധപ്പെടാൻ കഴിയുമെന്ന് തോന്നുമ്പോൾ ഞാൻ യെസ് പറയും. എന്‍റെ ഷൂട്ട് ഇല്ലാത്തപ്പോൾ പോലും ഞാൻ സെറ്റിൽ വരുന്നത് പ്രോജക്റ്റിനെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ വേണ്ടിയാണ്. ”
പിപ്പ, പൂജ മേരി ഞാൻ ഗുംറ എന്നിവ ഓരോന്നും വ്യത്യസ്ത വിഭാഗത്തിൽ പെട്ടവയാണ്. സ്റ്റീരിയോ ടൈപ്പ് ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറയുന്നു. “ഞാൻ എന്‍റെ കരിയറിലെ വളരെ രസകരമായ ഒരു ഘട്ടത്തിലാണ്. ചില അസാധാരണ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഞാൻ കാത്തിരിക്കുകയാണ്” താരം പറയുന്നു.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്‍റെ ഭാഗമായത് സംബന്ധിച്ച് മൃണാൾ പറയുന്നു, “ദക്ഷിണേന്ത്യയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചപ്പോൾ സിനിമയെയും ഒരു അഭിനേതാവ് എന്ന നിലയിലുള്ള ജീവിതത്തെയും കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാട് വിപുലമായി. സിനിമ ആഗോളമാണെന്ന് മനസ്സിലാക്കി, എന്നാൽ ഓരോ സ്‌ഥലത്തിനും ഭാഷയ്ക്കും തനതായ സൂക്ഷ്മതകളുണ്ട്. ലവ് സോണിയ (2018), എന്ന ചിത്രം എനിക്ക് ഒരു അന്താരാഷ്ട്ര ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം നൽകി. അത് വളരെ പ്രധാനപ്പെട്ട ഒരു പഠനവശമായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിൽ, ഞാൻ പ്രശംസനീയമായി കാണുന്നത് ഓരോ കഥാപാത്രത്തിനും അവർ നൽകുന്ന ആഴമാണ്. ഇവിടെ, ചലച്ചിത്ര നിർമ്മാണ രീതി വളരെ മികച്ചതാണ്. ചലച്ചിത്ര നിർമ്മാതാക്കൾക്ക് ഒരു കഥ കേൾക്കാനും പറയാനും ഉള്ള സ്പേസ് ഉണ്ട്. ഷൂട്ടിംഗ് സമയം കൂടുതലാണ്, പക്ഷേ വളരെ ശ്രദ്ധയോടെ ചെയ്യുന്നു. അത് എനിക്കും എന്‍റെ കരിയറിനും വളരെ ഗുണം ചെയ്തു.”
ഏറ്റവും പുതിയ സിനിമകളിൽ ലസ്റ്റ് സ്റ്റോറീസ് 2 ലെ അഭിനയത്തിന് മൃണാൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആർ ബാൽക്കി സംവിധാനം ചെയ്‌ത ഈ സിനിമ, വിജയകരമായ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നതിൽ ലൈംഗികതയുടെ പ്രാധാന്യത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.
കാമത്തെയും ലൈംഗികതയെയും കുറിച്ചുള്ള തന്‍റെ വീക്ഷണങ്ങൾ പങ്കുവച്ചു കൊണ്ട് മൃണാൾ പറഞ്ഞു, “ലൈംഗികതയെ കുറിച്ച് പക്വതയുള്ള സംഭാഷണങ്ങൾ പ്രധാനമാണ്, പ്രത്യേകിച്ച് വളർന്നു വരുന്ന യുവതക്കിടയിൽ… ഒരു യുവാവായിരിക്കുമ്പോൾ, ശരിയായ അറിവും വിവരവും ലഭിക്കണം.”
അവർ കൂട്ടിച്ചേർത്തു, “ഈ വിഷയങ്ങളെക്കുറിച്ച് സത്യസന്ധമായ ചർച്ചകൾ നടത്താൻ കഴിയുന്ന ഒരാളെങ്കിലും കുടുംബത്തിൽ ഉണ്ടെങ്കിൽ, കുട്ടികൾ പുറം ലോകത്തിൽ നിന്ന് തെറ്റായ വിവരങ്ങൾ തേടാനുള്ള സാധ്യത കുറവായിരിക്കും.” ലസ്റ്റ് 2 വിൽ വിവാഹിതയാകാൻ പോകുന്ന ഒരു സ്ത്രീയെയാണ് മൃണാൾ അവതരിപ്പിച്ചത്.