വീട്ടുത്തരവാദിത്തങ്ങൾ, ഔദ്യോഗിക തിരക്കുകൾ… ജീവിതം ആവർത്തന വിരസമായി തോന്നുന്നുണ്ടോ? മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകാൻ നല്ലൊരു ഉല്ലാസയാത്ര തന്നെ പ്ലാൻ ചെയ്തോളൂ…

ടൂർ പ്ലാൻ ചെയ്യുന്നതോടൊപ്പം ഒരു ഫിനാൻഷ്യൽ പ്ലാനിംഗ് കൂടിയുണ്ടാകുന്നത് നന്നായിരിക്കും. ചില സന്ദർഭങ്ങളിൽ പണം വാരിക്കോരി ചെലവഴിച്ച് ബജറ്റ് തകിടം മറിയാനിടയുണ്ട്. ചെറിയൊരു ടെൻഷൻ മതി യാത്രയുടെ ത്രില്ലിംഗ് ഇല്ലാതാക്കാൻ.

ബജറ്റ് പ്ലാൻ ചെയ്തോളൂ

അവധി ആഘോഷമാക്കാൻ പോവുകയല്ലേ… ടൂർ പ്ലാൻ ചെയ്യുന്നതിനോടൊപ്പം ബജറ്റും തയ്യാറാക്കുക. എത്ര ദിവസത്തെ യാത്രയാണ്, എത്ര പണം ചെലവാകും എന്നൊക്കെ ധാരണയുണ്ടാക്കുക. ഇതിനനുസരിച്ച് ഡെസ്റ്റിനേഷനും തീരുമാനിക്കാം. ട്രെയിൻ, വിമാനം കാർ, ബസ് ഇതിൽ ഏത് യാത്രാമാർഗ്ഗം ആണ് സ്വീകരിക്കുന്നത്? പോഷ് ഹോട്ടലിലാണോ തങ്ങുന്നത്? എന്നതിനെക്കുറിച്ചൊക്കെ ഒരു ഏകദേശ ധാരണ വേണം.

സെൽഫ് കസ്റ്റമൈസ്ഡ് ടൂർ ആണ് പ്ലാൻ ചെയ്യുന്നതെങ്കിൽ നേരത്തെ ബുക്കിംഗ് നടത്തിയും പണം ലാഭിക്കാം. പാക്കേജ് ടൂറാണെങ്കിലും നേരത്തേ തന്നെ ബുക്കിംഗ് ചെയ്യുക. യാത്രക്കാരുടെ എണ്ണവും ഡിമാന്‍റും കൂടുന്നതനുസരിച്ച് ടൂർ ഓപ്പറേറ്റർ ട്രാവൽ ചാർജ്ജ് കൂട്ടാൻ സാധ്യതയുണ്ട്.

പാക്കേജ് ടൂർ

സ്വന്തം നാടും നഗരവും കാണാൻ സ്വന്തം റിസ്കിൽ ഒരു ടൂർ പ്രോഗ്രാം ആണ് ഒട്ടുമിക്കവർക്കും താൽപര്യം. എന്നാൽ വിദേശയാത്രയ്ക്ക് ഗ്രൂപ്പ് പാക്കേജ് ടൂർ ആവും പ്രിഫർ ചെയ്യുക.

സ്വന്തം നാട്ടിലാണ് വിനോദയാത്രയെങ്കിൽ ചുറ്റുപാടുകളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പരിചയം കാണുമല്ലോ? സുരക്ഷിതത്തിന്‍റെ പ്രശ്നമുദിക്കുന്നില്ല. അമിതവ്യയം ഒഴിവാക്കാൻ സ്വയം ബജറ്റ് തയ്യാറാക്കി ടൂർ പ്രോഗ്രാം സംഘടിപ്പിച്ചാൽ മതി.

എന്നാൽ അതേസമയം അന്യനാട്ടിലേക്കാണ് ടൂർ പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവിടുത്തെ കറൻസി, ഭാഷ, സംസ്കാരം എല്ലാം ഭിന്നമായിരിക്കുമല്ലോ? അപരിചതമായ സാഹചര്യങ്ങളിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുമേറെയായിരിക്കും. അതിനാൽ ഗ്രൂപ്പ് പാക്കേജ് ടൂർ തെരഞ്ഞെടുക്കുന്നതാകും നല്ലത്.

ബുക്കിംഗ്

യാത്ര പ്ലാൻ ചെയ്താലുടൻ സ്വകാര്യ ടൂർ വേണോ പാക്കേജ് ടൂർ വേണോ എന്ന് ആദ്യം തീരുമാനിക്കുക. അതനുസരിച്ചാവണം ബുക്കിംഗ് നടത്തേണ്ടത്. സ്വകാര്യ യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ട്രെയിൻ/ വിമാന ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്യുക. ഇതിനായി ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി എളുപ്പം ബുക്ക് ചെയ്യാൻ കഴിയും.

നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ വിമാനടിക്കറ്റിലും മറ്റും കാര്യമായ ഇളവ് ലഭിക്കും. മിക്ക എയർലൈൻസിലും 30 ദിവസം മുമ്പോ 45 ദിവസം മുമ്പോ ബുക്കിംഗ് നടത്തുമ്പോൾ ഇളവ് നൽകാറുണ്ട്.

ഇതുകൂടാതെ ലോകോസ്റ്റ് എയർലൈൻസിൽ യാത്ര ചെയ്തും അമിതവ്യയം ഒഴിവാക്കാനാകും.

ഇളവുള്ള സീസണിൽ യാത്ര

ചെറിയ ബജറ്റിലുള്ള ഉല്ലാസയാത്രയാണോ മനസ്സിൽ? എങ്കിൽ പീക് സീസൺ യാത്ര വേണ്ട. കാരണം പീക് സീസണിലുള്ള ട്രാവൽ പാക്കേജും ഹോട്ടൽ പാക്കേജും ചെലവേറിയതായിരിക്കും. എന്നാൽ ഇതേ പാക്കേജുകൾക്ക് ഓഫ്സീസണിൽ 30 മുതൽ 50 ശതമാനം വരെ ഇളവ് അനുവദിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബജറ്റിനിണങ്ങുന്ന പല ലക്ഷ്വറി പാക്കേജുകളും എൻജോയ് ചെയ്യാൻ അവസരം കിട്ടും. പീക് സീസണിൽ ടൂറിസ്റ്റുകളുടെ എണ്ണം കൂടുമെന്നതിനാലാണ്.

പീക് സീസണിലുള്ള വിദേശയാത്ര ബജറ്റ് തുക കൂടും. അതിനാൽ വേനൽ അവധി, ക്രിസ്മസ്, ഓണം വിവാഹ സീസൺ ഒഴികെയുള്ള ഏതെങ്കിലും അവസരത്തിൽ വിദേശപര്യടനം പ്ലാൻ ചെയ്തോളൂ.

ചുറ്റിക്കറങ്ങി പണമടച്ചാൽ മതി

കുട്ടികൾക്ക് ഒരു അവധിക്കാല ടൂർ പ്രോഗ്രാം ഓഫർ നൽകിയിട്ട് പിന്നീട് നിങ്ങൾ ഉദ്ദേശിച്ചതിൽ കൂടുതൽ പണം വേണ്ടിവരുമെന്നതുകൊണ്ട് യാത്ര ക്യാൻസൽ ചെയ്ത് കുടുംബാംഗങ്ങളെ നിരാശപ്പെടുത്താനും നിൽക്കേണ്ട.

ട്രാവൽ ലോൺ ഉണ്ടല്ലോ. ട്രാവൽ രംഗത്ത് ആളുകളുടെ വർദ്ധിച്ചുവരുന്ന താൽപര്യം പരിഗണിച്ച് ഒട്ടുമിക്ക ബാങ്കുകളും ട്രാവൽ ലോൺ അനുവദിക്കുന്നുണ്ട്. യാത്ര കഴിഞ്ഞ് തുക തവണകളായി അടച്ചാൽ മതിയാകും.

സാധാരണയായി ഒരു വർഷം മുതൽ മൂന്നു വർഷം കൊണ്ട് അടച്ചു തീർക്കേണ്ടി വരുകയുള്ളൂ. ലോൺ തുകകൊണ്ട് ഇന്ത്യക്കു പുറമേ വിദേശരാജ്യങ്ങളിലും യാത്ര ചെയ്യാനാകും.

ട്രാവൽ കാർഡ് കരുതിക്കൊള്ളൂ

പോക്കറ്റ് നിറയെ പണവുമായി ദൂരയാത്രയ്ക്ക് പോകുന്നത് അത്ര സേഫ് അല്ല. പക്ഷേ, ഒരു ഉഗ്രൻ ഷോപ്പിഗ് പ്ലാൻ മനസ്സിലുണ്ട് താനും. ആലോചിക്കാനൊന്നുമില്ല. ക്രഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് ഒപ്പം കരുതുകയേ വേണ്ടൂ.

വിദേശയാത്രയ്ക്കിടയിലുള്ള സാമ്പത്തിക വിനിമയം സുഗമമാക്കാൻ ഫോറിൻ കറൻസി ട്രാവൽ കാർഡ് ഉപയോഗപ്പെടുത്താവുന്നതാണ്. എച്ച്ഡിഎഫ്സി, ഐസിഐസിഐ, അക്സിസ് ബാങ്ക് തുടങ്ങിയവയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ ട്രാവൽ കാർഡ് സംവിധാനമുണ്ട്.

ഓവർസീസ് ഇൻഷുറൻസ്

വിദേശയാത്ര പ്ലാൻ ചെയ്യുകയാണോ? എങ്കിൽ ഓവർസീസ് ഇൻഷുറൻസ് എടുക്കാൻ മറക്കണ്ട. ഈ ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്ന റിസ്ക്ഫാക്ടറുകളെ പൂർണ്ണമായി മനസ്സിലാക്കുക. ചെറിയ തുക അടച്ചാൽ വലിയ റിസ്കുകൾ പോലും തരണം ചെയ്യാനാകും.

അപകടം, ചികിത്സാ സംബന്ധമായ ചെലവുകൾ എന്നിവയാണ് പോളിസി പ്രധാനമായും കവർ ചെയ്യുന്നത്. ഇതിൽ വിമാനത്തിൽ കൊണ്ടുപോകുന്ന ലഗേജ് നഷ്ടമാകുക, കിട്ടാൻ ഒന്നോ രണ്ടോ ദിവസത്തെ താമസം നേരിടുക, പാസ്പോർട്ട് നഷ്ടമാകുക, ഹോട്ടലിലോ ഷോറൂമിലോ കൈയബദ്ധം കൊണ്ട് നഷ്ടം വരുക. അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രശ്നങ്ങൾ എന്നിവയും ഉൾപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ പോളിസി എടുത്തിട്ടുണ്ടെങ്കിൽ സാമ്പത്തിക നഷ്ടം ഒഴിവാക്കി ഒരു സുരക്ഷാ കവചം ഒരുക്കാം.

ഓവർസീസ് ഇൻഷുറൻസ് പോളിസിയിൽ ഭീമമായ ഇൻഷുറൻസ് തുക വേണ്ടി വരില്ല. 1 മുതൽ 180 ദിവസം വരെയാണ് പോളിസി കാലാവധി. പോളിസി കാലയളവ്, യാത്രക്കാരന്‍റെ പ്രായം ഇവ കണക്കാക്കിയാണ് പ്രീമിയം തുക നിശ്ചയിക്കുന്നത്.

സാധാരണ ബീമാ കമ്പനികളിലും പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികളിലും ഇത്തരം പോളിസി സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഇതിന് പാസ്പോർട്ട് കോപ്പി നൽകേണ്ടി വരും. ചില കമ്പനികൾ മെഡിക്കൽ റിപ്പോർട്ടും ആവശ്യപ്പെടാറുണ്ട്. പോളിസിയെടുക്കുന്ന കമ്പനിയുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ, വെബ്സൈറ്റ് ഇവ കുറിച്ച് കൂടെ കരുതുക

और कहानियां पढ़ने के लिए क्लिक करें...