അലാറം നിർത്താതെ അടിച്ചു കൊണ്ടിരുന്നു. ഞാൻ കൊതുകു വലയ്ക്കുള്ളിൽ നിന്നും കൈ നീട്ടി അലാറം നിർത്താൻ ശ്രമിച്ചു എങ്കിലും അതെങ്ങനെയോ നിലത്ത് വീണു. അതെടുത്ത് അലാറം കീ അമർത്തിയപ്പോഴേക്കും ഒരു കനത്ത നിശബ്ദത പരന്നു. തൊട്ടടുത്ത് ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ നോക്കിയപ്പോൾ വല്ലാത്ത ദേഷ്യം തോന്നി. ഇനിയും ഒരു മണിക്കൂർ കൂടി അദ്ദേഹത്തിന് സുഖമായി ഉറങ്ങാമല്ലോ. ഞാൻ മുറിക്ക് പുറത്തേക്ക് വന്നു.
നാത്തൂൻ മൃദുലയുടെ മുറിയിൽ വെളിച്ചമുണ്ട്. അവൾ എംബിബിഎസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അവളെ കണ്ടപ്പോൾ എനിക്ക് എന്‍റെ ബാല്യം ഓർമ്മ വന്നു. ഏതോ മഹത് കാര്യം ചെയ്യാനാണ് ഞാൻ ജനിച്ചത് എന്ന തോന്നലായിരുന്നു അപ്പോഴെല്ലാം. ഭാവിയെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ മെനഞ്ഞെടുക്കുവാനുള്ള ശ്രമത്തിൽ കേവലം പഠനത്തിൽ മാത്രമേ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ. പഠിക്കുന്ന കാലത്ത് ഞാനായിരുന്നു എപ്പോഴും മുൻപന്തിയിൽ. 86 ശതമാനം മാർക്ക് നേടിയത് കണ്ട് അച്ഛനമ്മമാർ ഏറെ സന്തോഷിച്ചു. അന്നൊക്കെ ആൺകുട്ടിയായിരുന്നു എങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
അടുത്ത ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ എന്‍റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും ആലോചനകളും വീട്ടിൽ സ്ഥിരമായി അരങ്ങേറി. വിവാഹം പഠനത്തെ ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചതും ഇല്ല. ഇന്നല്ലെങ്കിൽ നാളെ വിവാഹിതയാകേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും. എന്‍റെ സുന്ദര സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്ന ആ രാജകുമാരനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ…
ഞാൻ അടുക്കളയിൽ പോയി ചായക്ക് വെള്ളം വച്ചു. രാവിലെ എഴുന്നേറ്റ ഉടനെ പാത്രം കഴുകാൻ ആർക്കാണ് ഇഷ്ടമാവുക? എന്നാലും കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കാതെ തരമില്ലല്ലോ. ടിവിയിൽ ജോഗിംഗ് ചെയ്യുന്ന പെൺകുട്ടികളെ കണ്ടപ്പോൾ ഈ പ്രാരാപ്തങ്ങൾ ഒക്കെ ഇട്ടെറിഞ്ഞ് എനിക്കും ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ മനസ്സുവെമ്പി.
എനിക്ക് മൃദുലയോട് അതിരു കവിഞ്ഞ സ്നേഹം തോന്നി. ചായ ഉണ്ടാക്കി കൊടുത്താൽ അവൾക്ക് സന്തോഷമാകും. കണ്ണുകളിൽ നന്ദി കലർന്ന സ്നേഹം നിഴലിക്കും. അവളതുവരെ ചെയ്ത കൊള്ളരുതായ്മകൾ അവളുടെ സ്നേഹത്തോടെയുള്ള ഒരൊറ്റ കടാക്ഷം കൊണ്ട് ഞാൻ മറക്കും. ഞാൻ ചായ ഗ്ലാസ് മൃദുലയുടെ മേശപ്പുറത്ത് വെച്ചപ്പോൾ അവൾ ഒന്നു നോക്കിയത് പോലുമില്ല. ഇങ്ങനെ ഒരാൾ വന്നു പോയെന്നു പോലും അറിഞ്ഞ ഭാവം നടിച്ചില്ല. എന്നോട് ഇത്ര അവഗണനയോ… ഇത്രയധികം അംഗങ്ങളുള്ള വീട്ടിൽ ഞാനൊഴികെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും ദേഷ്യത്തിനുമൊക്കെ വിലകൽപ്പിക്കപ്പെട്ടിരിക്കുന്നു.
കേവലം എന്നെ മാത്രം ആരും ശ്രദ്ധിക്കുന്നില്ല. ഞാൻ കാറ്റിന്‍റെ അല പോലെയായിരുന്നു. എന്‍റെ ആവശ്യം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിൽ കൂടി എന്നെ ആരും ശ്രദ്ധിക്കാറില്ല. മൃദുലയെ കുറിച്ച് ആലോചിച്ചു വെറുതെ എന്തിന് മനസ്സ് വേദനിപ്പിക്കണം. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ അവളുടെ വിവാഹവും കഴിയും. അപ്പോൾ മനസ്സ് ഇത്ര അസ്വസ്ഥമാകില്ലല്ലോ.
വാസ്തവത്തിൽ എന്‍റെ മനസ്സിനെ എനിക്ക് തന്നെ പിടികിട്ടിയില്ല. ഡോക്ടർ ആവണം എന്നുള്ള എന്‍റെ ആഗ്രഹം പൂർത്തീകരിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം അവളുടെ എങ്കിലും ആഗ്രഹം സാക്ഷാത്കരിക്കട്ടെ എന്ന് മനസ്സിൽ തോന്നും. പക്ഷേ ഉടനെ തന്നെ സ്വയം വിഡ്ഢിയാകാതിരിക്കൂ എന്ന് മനസ്സുമന്ത്രിക്കും പോലെ…
എന്തോ നല്ല കാലം അടുത്തു വരുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. രാത്രി അമ്മയും സുധീറും എന്തോ പതുക്കെ ചർച്ച ചെയ്യുന്നതായി എനിക്ക് തോന്നി. എനിക്കൊരു സ്ഥാനവും ഇല്ലായിരുന്നു. അഭിപ്രായങ്ങൾ ചോദിക്കുന്നത് പോയിട്ട് യാതൊരു പ്രധാന വിഷയവും എന്നോട് അവതരിപ്പിക്കാറില്ല.
അമ്മയും മകനും പറഞ്ഞില്ലെങ്കിൽ പോലും സംഭാഷണത്തിന്‍റെ ചില ഭാഗങ്ങൾ എനിക്ക് കേൾക്കാൻ സാധിച്ചു. ഒരു ആർമി ഓഫീസറെ കുടുക്കുവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. നല്ല കുടുംബം. സ്ത്രീധനം വേണ്ടെന്നാണ് അവർ പറഞ്ഞതത്രേ. അവരുമായി എങ്ങനെയെങ്കിലും വിവാഹബന്ധം ഉറപ്പിക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു. മൃദുലയെ വിവാഹം കഴിക്കാൻ പോകുന്ന ആ ആർമി ഓഫീസറോട് എനിക്ക് ദയ തോന്നി.
ഈ വാർത്ത കേട്ട് എന്‍റെ മനസ്സിൽ സന്തോഷം അലതല്ലി. ആർമി ഓഫീസർ സൂരജ് മൃദുലയെ കാണാൻ വരുന്നു എന്നാണ് കേട്ടത്. ഇത്ര പെട്ടെന്ന് എന്‍റെ മാർഗ്ഗ തടസ്സം മാറുമെന്ന് ഞാൻ വിചാരിച്ചതല്ല. എങ്ങനെയെങ്കിലും മൃദുലയെ ആ ആർമി ഓഫീസറെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ഞാൻ വിചാരിച്ചു.
മൃദുലയെ ഒരുക്കണമെന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ആ പഴയ സുമയായോ എന്ന് തോന്നിപ്പോയി. ഞാൻ അമ്മയോട് പറഞ്ഞു. അമ്മ വിഷമിക്കാതെ ഇരിക്കൂ, ഞാനൊക്കെ കൈകാര്യം ചെയ്തോളാം.
ഞാൻ ആദ്യം തന്നെ പ്രാതലിനുള്ള ലിസ്റ്റ് തയ്യാറാക്കി. സേമിയാ പായസവും ഉഴുന്നുവടയും വീട്ടിൽ തന്നെ തയ്യാറാക്കി. ബാക്കി സാധനങ്ങൾ പുറത്തുനിന്നും വാങ്ങാമെന്ന് തീരുമാനിച്ചു. പിന്നീട് ഞാൻ മുറികൾ എങ്ങനെ ആകർഷകമാക്കാം എന്ന ചിന്തയിൽ ആയി. ഞാൻ ഓടിച്ചെന്ന് എനിക്ക് വിവാഹത്തിന് ലഭിച്ച മനോഹരമായ വർക്കുള്ള കുഷ്യൻ കവർ കൊണ്ടുവന്നു. വീട് കഴുകി വൃത്തിയാക്കി. വിലപിടിപ്പുള്ള ഫ്ലവർ വേഴ്സും പുതിയ ടേബിൾ ക്ലോത്തും വിരിച്ചു.
ഇതെല്ലാം കണ്ട് അമ്മായിയമ്മ രണ്ട് പ്രാവശ്യം പറഞ്ഞു മതി മോളെ, ഇനി കുറച്ചു വിശ്രമിക്കൂ.
ആദ്യമായി കാണുന്നതുപോലെ സുധീർ എന്നെ തന്നെ തുറിച്ചു നോക്കി കൊണ്ടുനിന്നു. ഒരു കണക്കിന് എല്ലാം ശരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷേ ശരിക്കുള്ള പരീക്ഷണ ഘട്ടം ഇനി വരാൻ പോകുന്നതേയുള്ളൂ.
മൂന്നുദിവസം കടന്നുപോയത് അറിഞ്ഞത് കൂടിയില്ല. മൃദുല ദുഃഖിതയായി കാണപ്പെട്ടു. അവൾ ആകും വിധം തടസ്സങ്ങൾ ഒക്കെ പറഞ്ഞു നോക്കി. അമ്മയോ ഏട്ടനോ അതൊന്നും കേൾക്കാൻ തയ്യാറല്ലായിരുന്നു. അമ്മയുടെയും ഏട്ടന്‍റെയും കണ്ണുകളിൽ പഠനം, ഭാവി, പരീക്ഷ ഒക്കെ വ്യർത്ഥമായിരുന്നു. നല്ല പയ്യനെ അന്വേഷിച്ച് വിവാഹം കഴിപ്പിച്ച് അയക്കണം എന്നും മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.
വിവാഹിതയാകാൻ പോകുന്ന പെൺകുട്ടി വീടും ചുറ്റുപാടും വിട്ടുപോകുന്ന വേളയിൽ വിഷമിക്കുന്നത് സ്വാഭാവികം. എന്നാൽ പെണ്ണുകാണാൻ വരുന്ന ദിവസം അവളുടെ കോലം കണ്ടപ്പോൾ മനസ്സ് അസ്വസ്ഥമായി. അവളുടെ മുഖം ആകെ വാടിയിരുന്നു. മോളുടെ അടുത്ത് ചെന്ന് ഒരുങ്ങുവാൻ പറഞ്ഞപ്പോൾ കടിച്ചു കീറാൻ വരുന്നതുപോലെ എന്നെ രൂക്ഷമായി നോക്കി. “എന്നെ ശല്യപ്പെടുത്താതിരിക്കൂ ചേട്ടത്തി, എനിക്കിനി ഒരുങ്ങുവാൻ ഒന്നും താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.”
പിന്നെ ഞാൻ അധികം ഒന്നും നിർബന്ധിച്ചില്ല. മറ്റുത്തരവാദിത്വങ്ങൾ അമ്മായിമ്മയെ ഏൽപ്പിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി. 10 മണി ആയപ്പോഴേക്കും സൂരജിന്‍റെ വീട്ടുകാരെത്തി. സൂരജിന്‍റെ ഒപ്പം അമ്മയും ഏടത്തിയും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. മൂത്ത ജേഷ്ഠന്‍റെ ഒപ്പമാണ് സൂരജ് ഇരുന്നത്.
സന്തോഷത്തോടെ ഞാൻ പലഹാരങ്ങളും മറ്റും ഡ്രോയിംഗ് റൂമിൽ എത്തിച്ചു. അവിടെ എല്ലാവരും കൂടി ഏറെ സന്തോഷത്തോടെ സംസാരിക്കുകയായിരുന്നു.
ബലിയാടാകാൻ പോകുന്ന മൃഗത്തിന് സമം ആയിരുന്നു മൃദുലയുടെ അവസ്ഥയപ്പോൾ. ഞാനാണ് അവളെ കൂട്ടിക്കൊണ്ടു പോകേണ്ടിയിരുന്നത്. ഈ അവസ്ഥയിൽ അവൾ എന്‍റെ സഹായം ആവശ്യപ്പെടാത്തത് എന്നെ ഏറെ അസ്വസ്ഥയാക്കി. ഞാൻ ആലോചിച്ചു ഈ പെൺകുട്ടി എന്നെ ഒന്നു മനസ്സിലാക്കുന്നത് കൂടി ഇല്ലല്ലോ.
മൃദുല അകത്തേക്ക് വന്നപ്പോൾ അവളെ തന്നെ നോക്കി. സൂരജ് ആകട്ടെ അവളുടെ സൗന്ദര്യത്തിലാകൃഷ്ടാനായി അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഏവരും അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായിരുന്നു. പഠനത്തിന്‍റെ തിരക്കിൽ അണിഞ്ഞൊരുങ്ങാൻ ഒന്നും അവൾക്ക് സമയം ഉണ്ടായിരുന്നില്ല. പഠിച്ച് നല്ലൊരു ജോലി സമ്പാദിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ പാവം ഇപ്പോൾ ഇവളും…
വിവാഹസമ്മതം രണ്ടു കുടുംബാംഗങ്ങളുടെയും കണ്ണുകളിൽ നിഴലിച്ചിരുന്നു. അമ്മയും സുധീറും റിലാക്സ് ആയി കാണപ്പെട്ടു. ഞാനിവിടെ ഉണ്ടായിട്ടും ഇല്ലാത്തതിന് തുല്യമായിരുന്നു. പെട്ടെന്ന് ഞാൻ എഴുന്നേറ്റ് സൂരജിന്‍റെ പക്കൽ പോയിരുന്നു. ഞാൻ മന്ദസ്മിതം തൂകി സൂരജിനോട് പറഞ്ഞു, “താങ്കളോട് ഒരു അഭ്യർത്ഥനയുണ്ട്. നോക്കൂ മൃദുല പഠിക്കാൻ മിടുക്കിയാണ്. എംബിബിഎസ് കംപ്ലീറ്റ് ചെയ്തു ഡോക്ടർ ആവുക എന്ന അവളുടെ ആഗ്രഹം പൂർത്തിയാക്കുവാൻ താങ്കൾ സഹായിക്കുമല്ലോ.”
സൂരജ് അൽപ്പനേരം ചിന്താമഗ്നനനായി ഇരിക്കുന്നത് കണ്ട് എനിക്ക് സംശയം തോന്നി.
ഏടത്തി മൃദുലയുടെ ആഗ്രഹം ഇനി എന്‍റെയും കൂടി ആഗ്രഹമല്ലേ, ഞാൻ മൂന്ന് വർഷത്തേക്ക് ആസ്ട്രേലിയയിലേക്ക് പോവുകയാണ്. അപ്പോഴേക്കും മൃദുലയുടെ പഠനം പൂർത്തിയാവുകയും ചെയ്യും.
നീരജ് നമുക്ക് ഇന്നുതന്നെ സൂരജിന്‍റെയും മൃദുലയുടെയും വിവാഹനിശ്ചയം നടത്തണം. സുമ സൂരജിന്‍റെ ജ്യേഷ്ഠനോടായി പറഞ്ഞു.
ശരിയാണ് നിശ്ചയം കഴിയുന്നതും വേഗം നടത്തണം. പിന്നീട് സൂരജ് ഓസ്ട്രേലിയയിലേക്ക് പോയാലും കുഴപ്പമില്ലല്ലോ. സൂരജിന്‍റെ അമ്മ പറഞ്ഞു. ആചാരപ്രകാരം ആർഭാടമായി തന്നെ വിവാഹനിശ്ചയം നടന്നു.
അതിഥികൾ പോയി. ഞാൻ പതിവ് പോലെ അടുക്കളയിൽ ജോലികൾ ഓരോന്നായി ചെയ്യുവാൻ തുടങ്ങി. ബാക്കി വന്ന പലഹാരങ്ങൾ ഒതുക്കി വയ്ക്കുമ്പോൾ പെട്ടെന്ന് പുറകിൽ ആരോ വന്നു നിൽക്കുന്നതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ മൃദുല നിറകണ്ണുകളുമായി നിൽക്കുന്നതാണ് കണ്ടത്. അവൾ പറഞ്ഞു ഏടത്തി മറ്റാരും ചെയ്യാത്തതാണ് എനിക്ക് വേണ്ടി ചെയ്തത്. ഏടത്തി എന്നെ രക്ഷിച്ചു.
മൃദുലേ ഞാനൊന്നും ചെയ്തില്ല. ഞാനിന്ന് മറ്റൊരു സുമയെ കൊലയ്ക്ക് കൊടുക്കുന്നതിൽ നിന്നും രക്ഷിച്ചു എന്നേയുള്ളൂ. ഭാഗ്യം എന്നു പറയട്ടെ ഇന്നത്തെ സുമ രക്ഷപ്പെട്ടു.
ഇത്രയും പറഞ്ഞ് സുമയും മൃദുലയും പൊട്ടിച്ചിരിച്ചു.