നിങ്ങളെന്നെങ്കിലും ഹൈഹീൽ ചെരിപ്പ് അണിഞ്ഞിട്ടുണ്ടോ? അപ്പോൾ പണികിട്ടി കാണുമല്ലോ? ഹൈഹീൽ ശീലമാക്കിയവർക്ക് ആശുപത്രി പടി കയറേണ്ടി വരുമെന്നത് ഉറപ്പാണ്. കാലുകൾക്ക് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടും ഒട്ടുമിക്ക സ്ത്രീകളും ഇത് ഉപയോഗിക്കുന്നു.

ഫാഷൻ, ഗ്ലാമർ ഭ്രമമുള്ള സ്ത്രീകളിലാണ് ഈ ഹൈഹീൽ പ്രേമം കൂടുതലുള്ളത്. സ്റ്റൈലും എടുപ്പും തോന്നിക്കുമെങ്കിലും ഇവ കാലുകൾക്ക് സ്ട്രെസ്സ് നൽകുന്നു എന്നതാണ് സത്യം. സമ്മർദ്ദം കൂടുതലാകുന്നത് കാലിൽ നീരുകെട്ടുന്നതിന് കാരണമാകുന്നു. കംഫർട്ടബിൾ ഫുട്‍വിയറല്ല ധരിക്കുന്നതെങ്കിൽ അത് ആരോഗ്യത്തെ തകിടം മറിക്കും. എല്ലാം അറിഞ്ഞുകൊണ്ടും ഹൈഹീൽ ധരിക്കുകയാണോ? എങ്കിൽ കാലുകളെ ബാധിക്കുന്ന രോഗങ്ങൾക്ക് അടിമപ്പെടും എന്നതിൽ സംശയം വേണ്ട.

“2 ഇഞ്ചിൽ അധികം ഹീലുള്ള ചെരിപ്പ് ധരിക്കരുതെന്ന് ഡോക്ടർമാരും നിർദ്ദേശിക്കുന്നു. ഹൈഹീൽ, അൺഫിറ്റഡ് ഷൂസ് ധരിച്ച് പലവിധ പരാതികളുമായി ഒട്ടനവധി പേരാണ് ഇവിടെ എത്താറുള്ളത്. ഇത്തരക്കാരോട് ഹൈഹീൽ ഒഴിവാക്കണമെന്നാണ് ഞങ്ങൾ ആദ്യം നിർദ്ദേശിക്കുന്നത്. കടുംപിടുത്തക്കാരോട് ഹീലിന്‍റെ ഉയരം കുറയ്ക്കാൻ പറയാറുണ്ട്. അനാരോഗ്യം സമ്മാനിക്കുന്നവയാണ് ഹൈഹീലുകൾ എന്ന് ഫിസിഷ്യന്മാർക്കും അഭിപ്രായമുണ്ട്. ” അപ്പോളോ ആശുപത്രിയിലെ സീനിയർ ഓർത്തോപെഡിക് സർജറി വിദഗ്ദ്ധൻ പറയുന്നു.

ശരീരഭാരം മുഴുവനും വഹിക്കുന്ന പ്രധാന അവയവങ്ങളാണ് കാലുകൾ. നാം മുന്നോട്ട് നടക്കുമ്പോൾ ശരീര ചലനങ്ങൾക്ക് അനുസരിച്ച് കാലുകളും സക്രിയമാകുന്നു. കാലുകൾ പണിമുടക്കിയാലോ? ശരീരം നിശ്ചലമായ പോലെയാകും. ഇതി ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കാം.

സ്റ്റെലികോ (നീണ്ട കൂർത്ത ഹീൽ) പോലെ മറ്റ് ഹൈഹീൽ ചെരിപ്പുകളും ധരിക്കുന്നത് മൂലം മുട്ടുവേദനയും നടുവേദനയും ഉണ്ടാകാം. ഹൈഹീൽ വീഴ്ചയ്ക്കുളള സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. നടത്തത്തിന്‍റെ ബാലൻസിനെ ബാധിക്കും എന്നുമാത്രമല്ല കാഫ് മസിലുകളിൽ വലിച്ചിലുമുണ്ടാക്കും. ഏകദേശം 20 ശതമാനം പേർ ഹൈഹീൽ ചെരിപ്പ് ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. 42 ശതമാനത്തോളം സ്ത്രീകൾ അൺകംഫർട്ടബിൾ ചെരിപ്പുകൾ ധരിക്കുന്നവരാണ്. ഇതിൽ 73 ശതമാനം ശതമാനത്തോളം സ്ത്രീകൾ അനുയോജ്യമല്ലാത്ത ചെരിപ്പ് അണിഞ്ഞതുകൊണ്ടുള്ള അസ്വസ്ഥതകൾക്കും രോഗങ്ങൾക്കും അടിപ്പെട്ടിട്ടുണ്ട്.

പ്രശ്നങ്ങൾ

കാലസ്: (കാലുകളുടെ ചർമ്മത്തിന് കട്ടി കൂടുക) തഴമ്പ്, ഉപ്പൂറ്റിയിൽ നിർത്താതെയുള്ള വേദന.

ബുനിയൻ: (തള്ളവിരലുകൾ തടിച്ച് വലുതാകുക) തള്ളവിരലുകളിൽ നീരുണ്ടാവുക, വിരലുകൾ വളയുക.

ന്യൂറോമസ്: (കാലുകളുടെ ഞരമ്പുകളിൽ വലിച്ചിലും വേദനയും) നഖങ്ങൾ വളരാതിരിക്കുക

എകിലസ് ടെൻഡൽ: ഉപ്പൂറ്റി എല്ലുമായി ബന്ധപ്പെട്ട രോഗം.

ഹൈഹീൽ ധരിക്കുമ്പോൾ കാൽ വിരലുകളുടെ ഭാഗത്ത് സമ്മർദ്ദം അധികമാകും എന്നതിനാൽ നഖം സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. നഖങ്ങൾക്ക് കട്ടിയും തടിയും കൂടാം.

വിരലുകളെ ബാധിക്കുന്ന ദുർഗന്ധം ഉണ്ടാക്കുന്ന ഫംഗസ് അപകടകാരിയാണ്. ഫംഗസ് ബാധ വിട്ടകലാതിരുന്നാൽ കലശലായ വേദനയുണ്ടാകും. ആദ്യമൊന്നും ആരും ഇതത്ര കാര്യമായെടുക്കാറില്ല. കാലക്രമേണ അസ്വസ്ഥത അധികമാകുകയും നീരുവീക്കം ഉണ്ടാകുകയും ചെയ്യും. പിന്നീടത് കാലിന്‍റെ എല്ലുകളിൽ കടുത്ത വേദനയ്ക്ക് കാരണമാകും.

ആന്തരികക്ഷതം കാരണം വേദന വിട്ടകലാതിരിക്കാം. അസ്വസ്ഥത അധികമാകുന്ന പക്ഷം ഓർത്തോപീഡിക് സർജൻ/ ഫിസിഷ്യനെ സമീപിക്കുക.

 ശീലിച്ചതേ പാലിക്കൂ എന്നുണ്ടോ

ഹൈഹീൽ ഇല്ലാതെ പറ്റില്ല എന്ന മനോഭാവമാണോ നിങ്ങളുടേത്? എങ്കിൽ പലപല സ്റ്റൈലിലുള്ള ചെരിപ്പുകളും ഹീൽ ചെരുപ്പുകളും അണിയുക. കൂർത്ത് നീളമുള്ള പെൻസിൽ ഹീലിനു പകരം പ്ലാറ്റ്ഫോം ഹീൽ, ഫ്ളാറ്റ് ഹീൽ ഇവ തെരഞ്ഞെടുക്കാം.

ദീർഘദൂരം നടന്നു തന്നെ സഞ്ചരിക്കേണ്ടി വരുകയാണെങ്കിൽ ടെന്നീസ് ഷൂസ്, ഫ്ളാറ്റ് ഷൂസ് ഉപയോഗിക്കുക. ഓഫീസ് വെയറായി ഫ്ളാറ്റ് ഹീൽ ധരിക്കുന്നതാണ് ഉചിതം. പാർട്ടിക്കും ഔട്ടിംഗിനും ഹൈഹീൽ ഉപയോഗിക്കാം.

വീട്ടിലെത്തിയാലുടൻ ഹൈഹീൽ അഴിച്ചുവെച്ച് കാലുകൾക്ക് റിലാക്സേഷൻ നൽകുക. ഓഫീസിലോ, ഇരുന്നുള്ള വർക്ക് ചെയ്യുമ്പോഴോ പാദരക്ഷകൾ അഴിച്ചുവെച്ച് കാലുകൾക്ക് വിശ്രമം നൽകുക.

और कहानियां पढ़ने के लिए क्लिक करें...