പതിവു തെറ്റിച്ച് നേരത്തെ വന്ന വേനൽ മഴയിൽ കുതിർന്ന് മൂന്നാർ എന്നത്തേക്കാളും സുന്ദരിയായിരുന്നു. മഴമേഘങ്ങൾ കൈയെത്തും ദൂരത്ത് എന്ന് തോന്നിപ്പിക്കും വിധം മഞ്ഞ് നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. അത്ഭുതം തോന്നുന്നു, 128 കി.മീ. ഇപ്പുറം കൊച്ചിയിലും ഇപ്പോൾ മൺസൂൺ ആരംഭിക്കുകയാണല്ലോ!

നേരം പുലർന്നു വരുന്നതേയുള്ളൂ. സഞ്ചാരികൾ പക്ഷേ, കൂട്ടത്തോടെ എത്തിത്തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മധുവിധു ആഘോഷിക്കുന്നവരാണ്. ഇവരെ കണ്ടാൽ തോന്നും, മൂന്നാറിനെ കേരളത്തിന്‍റെ ആസ്‌ഥാന ഹണിമൂൺ കേന്ദ്രമാക്കിയാലോ എന്ന്. അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ പ്രണയകഥകളുടെ നാടാണ് മൂന്നാറെന്നാണ് ഗൈഡ് പറഞ്ഞത്. അക്കൂട്ടത്തിൽ അറിയപ്പെടുന്ന പ്രണയകഥയിലെ നായിക അന്ത്യവിശ്രമം കൊള്ളുന്ന സ്‌ഥലം കാണണമെന്ന് ഇത്തവണ തീരുമാനിച്ചുറപ്പിച്ചതാണ്.

പ്രണയിച്ച് കൊതി തീരാതെ…

മൂന്നാറിലെ സിഎസ്‌ഐ പള്ളി, 1910ൽ ഇംഗ്ലീഷുകാർ പണികഴിപ്പിച്ചതാണ് ഈ പള്ളി. അതിനും എത്രയോ വർഷങ്ങൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1894ൽ ഇവിടെ ഒരു സെമിത്തേരി ഉണ്ടായി, അതിനു പിറകിൽ ഒരു കഥയുണ്ട്. മൂന്നാർ എന്ന വിസ്‌മയ നാട്ടിൽ ഇംഗ്ലീഷുകാർ തേയില പ്ലാന്‍റേഷൻ തുടങ്ങിയ കാലം. വളരെക്കുറച്ച് ഇംഗ്ലീഷുകാർ മാത്രമേ അന്ന് മൂന്നാറിലുള്ളു. അതിൽ സ്‌ത്രീകളാവട്ടെ വിരലിലെണ്ണാവുന്നവർ മാത്രം.

1894ൽ ഹെൻറി നൈറ്റ് എന്ന യുവ ബ്രിട്ടീഷ് പ്ലാന്‍ററിന്‍റെ നവവധുവായി 24 വയസ്സുകാരി എലനർ നെറ്റ് മൂന്നാറിൽ എത്തുന്നതോടെ കഥ തുടങ്ങുന്നു. ലണ്ടനിൽ നിന്ന് ശ്രീലങ്ക വഴി ദിവസങ്ങളോളം യാത്ര ചെയ്‌താണ് നൈറ്റ് നവദമ്പതികൾ ഇന്ത്യയിൽ എത്തുന്നത്. മൂന്നാറിലെ ആദ്യ ദിവസം പ്ലാന്‍റേഴ്‌സ് അസോസിയേഷന്‍റെ ബംഗ്ലാവിൽ താമസിച്ച അവർ പിറ്റേ ദിവസം മൂന്നാർ മലനിരകളിലേക്ക് ഒരു യാത്ര പോയി. മൂന്നാറിന്‍റെ വശ്യ സൗന്ദര്യത്തിൽ മതി മറന്ന് പോയ എലനർ ഭർത്താവിനോട് പറഞ്ഞു. “ഞാൻ മരിച്ചാൽ, എന്നെ ഇവിടെത്തന്നെ അടക്കം ചെയ്യണം.”

മൂന്നാറിലേയ്‌ക്കുള്ള യാത്രയിൽ തന്നെ എലനറെ മാരകമായ കോളറരോഗം ബാധിച്ചിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ എലനർ രോഗം മൂർച്‌ഛിച്ച് മരണപ്പെട്ടു. ഭാര്യയുടെ അപ്രതീക്ഷിത മരണത്തിൽ തകർന്നു പോയെങ്കിലും എലനറുടെ ആഗ്രഹം പോലെ അതേസ്‌ഥലത്ത് തന്നെ ഹെൻറി മൃതശരീരം അടക്കം ചെയ്‌തു. ഒരു പെൺവചനം പോലെ എലനറുടെ വാക്കുകൾ സത്യമായി തീർന്നു. ഭാര്യയുടെ മൃതശരീരം അടക്കം ചെയ്‌ത സ്‌ഥലം സെമിത്തേരിക്കായി ഹെൻറി വിട്ടു നൽകി. അതിനടുത്തു തന്നെ പള്ളി നിർമ്മിക്കാൻ സ്‌ഥലവും നൽകി.

അങ്ങനെ സെമിത്തേരി ഉണ്ടായ ശേഷം പണിത ലോകത്തെ ഏക പള്ളി എന്ന പേരിൽ മൂന്നാർ സിഎസ്ഐ പള്ളി പ്രസിദ്ധമായി. എലനർക്ക് ശേഷം മൂന്നാറിൽ വച്ച് മരണമടഞ്ഞ കുറച്ച് ഇംഗ്ലീഷുകാരുടെ മൃതദേഹവും ഈ സെമിത്തേരിയിലാണ് അടക്കം ചെയ്‌തിരിക്കുന്നത്. അവരിൽ ചിലരുടെ മൂന്നാം തലമുറക്കാർ ഇപ്പോഴും ഈ ശവകുടീരങ്ങൾ സന്ദർശിക്കാൻ വരാറുണ്ട്. എലനറെ വിസ്‌മയിപ്പിച്ച മൂന്നാർ, ഇന്നും ദമ്പതിമാരുടെ പ്രിയപ്പെട്ട മധുവിധു സങ്കേതമാണ്.

പോരടിക്കാൻ ട്രൗട്ട്

അധികമാർക്കും അറിഞ്ഞുകൂടാത്ത ഒരു രഹസ്യം ഉണ്ട്. മൂന്നാറിലെ കാടിനുള്ളിൽ പ്രത്യേക അനുമതി വാങ്ങിച്ച് മാത്രം കാട്ടിനുള്ളിൽ കൂടി പോകാം. കാടിനുള്ളിൽ ട്രൗട്ട് ഫിഷ് കൾച്ചർ ഫാം ഉണ്ട്. ട്രൗട്ട് എന്ന മത്സ്യം ഇന്ത്യക്കാരനല്ല. ഇംഗ്ലീഷുകാരുടെ പ്രിയ മത്സ്യമാണ്. നല്ല തണുപ്പുള്ള സ്‌ഥലങ്ങളിൽ മാത്രമേ ട്രൗട്ടിന് ജീവിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ മൂന്നാർ കഴിഞ്ഞാൽ കാശ്മീർ, നീലഗിരി, കൊടൈക്കനാൽ ഇവിടെ മാത്രമേ ഇന്ത്യയിൽ ട്രൗട്ടിനെ കാണാൻ പറ്റൂ.

ഭക്ഷണമേശയിലെ കൊതിയൂറും വിഭവം മാത്രമല്ല, നല്ലൊന്നാന്തരം പോരാളി മത്സ്യം കൂടിയാണ് ട്രൗട്ട്. നമ്മുടെ നാട്ടിലെ കോഴിപ്പോര് പോലെ ഇംഗ്ലീഷുകാരുടെ വിനോദമാർഗ്ഗങ്ങളിൽ ഒന്നാണ് പരസ്‌പരം പോരടിക്കുന്ന ട്രൗട്ടിനെ വച്ചുള്ള മത്സരം. മൂന്നാറിലെ തണുപ്പിൽ വിനോദത്തിനും ഭക്ഷണത്തിനുമായി ഇംഗ്ലീഷുകാർ വളർത്തിയ ട്രൗട്ട് ഇന്ന് മൂന്നാറിലെ തടാകത്തിലും അരുവികളിലും സമൃദ്ധമായി വളരുന്നു. മൂന്നാറിൽ സന്ദർശകർക്ക് ചൂണ്ടയിടാൻ അവസരമൊരുക്കുന്ന ഹോട്ടലുകളും ഹോംസ്‌റ്റേകളും ഉണ്ട്. ട്രൗട്ടിനെ പിടിക്കാനും അപ്പോൾ തന്നെ കറിവച്ച് കഴിക്കാനും ചിലർക്കൊക്കെ ഭാഗ്യം കിട്ടുന്നുണ്ട്.

ഇരവികുളം നാഷണൽ പാർക്ക്

ഇരവികുളം നാഷണൽ പാർക്ക് അടച്ചിരിക്കുകയാണോ എന്ന് സംശയം വെച്ചാണ് എത്തിയത്. മൂന്നാറിൽ നിന്ന് 15കി.മീ അകലെ കിലോമീറ്ററുകളോളമുള്ള പ്രദേശമാണ് നാഷണൽ പാർക്കിന്‍റെ പരിധിയിൽ വരുന്നത്. നിലഗീരി ആടുകളുടെ വിഹാരഭൂമിയാണിത്. സഞ്ചാരികൾ അവയെ ശല്യം ചെയ്യുന്നില്ല. അതുകൊണ്ടാവും വലിയ പേടിയൊന്നും അവർക്കില്ല. റോഡിൽ കൂടിപോലും സ്വതന്ത്രമായി നടക്കുന്നു.

ചിലർ റോഡരുകിൽ നിന്ന് പുല്ലു തിന്നുന്നു. മറ്റു ചിലർ തങ്ങളെ ക്യാമറക്കണ്ണിലൂടെ നോക്കുന്നവർക്ക് വേണ്ടി അസ്സലായി പോസ് ചെയ്യുന്നു. ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവമുണ്ട് ചിലർക്ക്.

പ്രകൃതി വരച്ചതുപോലെ…

ചില പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങൾ കാണുന്നതുപോലെയാണ് മാട്ടുപ്പെട്ടി ഡാം. മൂന്നാറിൽ നിന്ന് 13 കി.മീ അകലെയുള്ള ഡാമിൽ സന്ദർശകർക്കായി രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബോട്ട് യാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും അതിനും മുൻപേ സന്ദർശകരുടെ തിരക്ക് തുടങ്ങാം.

നേർത്ത ചാറ്റൽ മഴ പെയ്‌തു തുടങ്ങി. വിശാലമായ മാട്ടുപ്പെട്ടി ഡാമിലൂടെ ചാറ്റൽ മഴയിൽ നനഞ്ഞുള്ള ബോട്ട്‌ യാത്ര ശരിക്കും ഒരു അനുഭവം തന്നെയാണ്. ചില കാര്യങ്ങൾ പറഞ്ഞു കേട്ടാൽ മനസ്സിലാകില്ല. അറിഞ്ഞനുഭവിക്കണം എന്ന് പറയുന്നത് ഈ ബോട്ട് യാത്രയെപ്പറ്റിയാകും..

ചായക്കോപ്പയിലെ രുചിയുടെ രഹസ്യം

ചായയില്ലാത്ത ദിവസം ഒരു ശരാശരി മലയാളിക്ക് ചിന്തിക്കാൻ പറ്റില്ല. മൂന്നാർ കാണാൻ വരുന്നവർക്ക് ടാറ്റയുടെ ടീമ്യൂസിയം കാണാതെ പോകാൻ തോന്നില്ല. കൊളുന്ത് നുള്ളിയ തേയിലച്ചെടികൾ കാണുമ്പോൾ കൊളുന്തിന് എന്ത് സംഭവിച്ചു എന്ന് അറിയണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ?

നമ്മുടെ ചായക്കോപ്പയിലെ രുചി എങ്ങനെ വന്നുവെന്ന് അറിയാമെങ്കിൽ തീർച്ചയായും ടാറ്റാ ടീയുടെ മ്യൂസിയം കാണുക തന്നെ വേണം. കൊളുന്ത് ചായപ്പൊടി ആകുന്ന വിദ്യകൾക്ക് ഒടുവിലാണ് ചായയുടെ രുചി വ്യത്യാസം കണ്ടുപിടിക്കുന്നവരുടെ അടുത്തെത്തിയത്.

ചായപ്പൊടി കയറ്റി അയയ്‌ക്കുമ്പോൾ ഗുണ നിലവാരം നോക്കണം. ചായയുടെ രുചി നോക്കി നിലവാരം പറയുന്നത് വല്ലാത്തൊരത്ഭുതത്തോടെയാണ് നോക്കി കണ്ടത്. നാവിലെ രുചി മുകുളങ്ങളെ ഇവരെങ്ങനെയാകും സംരക്ഷിക്കുന്നത്? എന്തായാലും വലിച്ചു വാരി ഭക്ഷണം കഴിക്കുന്നുണ്ടാവില്ല. തീർച്ച!

പനിനീർ മണക്കുന്നല്ലോ… കാറ്റേ…

യഥാർത്ഥ പനിനീർ സുഗന്ധം എന്താണെന്ന് അറിയണമെങ്കിൽ റോസ് ഗാർഡൻ സന്ദർശിക്കണം. മൂന്നാറിൽ നിന്ന് 2 കി.മീ അകലെ മാട്ടുപ്പെട്ടിയിലേക്കുള്ള വഴി മധ്യേയാണ് റോസ് ഗാർഡൻ.

ഭംഗിയാണോ, സുഗന്ധമാണോ കൂടുതൽ എന്ന് വിവരിക്കാൻ പറ്റാത്ത വിധം വിവിധ തരത്തിൽപ്പെട്ട റോസ്‌ചെടികൾ. വർണ്ണങ്ങളുടെ മായാജാലം പോലെ ഓരോ പൂവും.. ഹോ! ഈ റോസപ്പൂവിന് ഇത്രയും ഭംഗിയുണ്ടോ, എന്ത് കൊണ്ടാണ് മറ്റു സ്‌ഥലങ്ങളിൽ ഈ പൂവ് ദുർബലമായി വിടരുന്നത്? മൂന്നാറിലെ തണുപ്പാണോ പൂവിന്‍റെ സൗന്ദര്യ രഹസ്യം? അതോ പൂക്കൾക്ക് തോന്നുന്നുണ്ടോ മൂന്നാറിന്‍റെ സൗന്ദര്യം ഒട്ടും കുറയാതെ വേണം ഞങ്ങളും വിടർന്നു നിൽക്കാനെന്ന്?

ട്രക്കിംഗ് പോകാൻ സൗകര്യമുണ്ടെന്ന് ഗൈഡ് വന്ന് പറഞ്ഞു. ട്രക്കിംഗിലും സുന്ദരമായ മറ്റൊരു കാര്യമുണ്ട് പക്ഷി നിരീക്ഷണം. പൂക്കൾക്കാണോ പക്ഷികൾക്കാണോ കൂടുതൽ ഭംഗി? പേരറിയാത്ത മഞ്ഞത്തലയൻ പക്ഷിയ്ക്കാരാണ് ഈ വയലറ്റ് ചിറക് കൊടുത്തത്? വാലറ്റം ചുവപ്പാണെന്ന് തോന്നുന്നു. ഞങ്ങൾ നോക്കുന്നത് കണ്ടിട്ടാകാം, നിങ്ങളെന്നെ നോക്കണ്ട എന്ന മട്ടിൽ ഒളിച്ച് കളിക്കുന്നു.

ട്രക്കിംഗിന് പോകാൻ ഏറ്റവും സൗകര്യം ചാലാർ-എക്കോ പോയിന്‍റ് ആണ്. അവിടെ സാഹസിക സഞ്ചാരികളുടെ കൂട്ടം തന്നെയുണ്ടാകും. വിദേശികളും സ്വദേശികളുമായി നല്ല തിരക്കുള്ള സ്‌ഥലമാണ് ചാലാർ. മൂന്നാറിലേക്ക് തന്നെയാണ് ഇത്തവണത്തെ യാത്രയും എന്ന് പറയുമ്പോൾ കേൾക്കുന്ന സ്‌ഥിരം ഡയലോഗുണ്ട്. “അവിടെ എന്ത് കാണാനാ? കുറെ തേയിലത്തോട്ടം…”

എത്രയെത്ര ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതാണ് മൂന്നാറിന്‍റെ സൗന്ദര്യം! എത്രമാത്രം ചിത്രങ്ങൾ ഉണ്ടാകും.. ലക്ഷം.. കോടി.. എന്നിട്ടുമെന്തേ മൂന്നാർ ഇങ്ങനെ ഓരോ ക്യാമറ ക്ലിക്കിലും വ്യത്യസ്‌തമാകുന്നത്?

ചില യാത്രകൾ എത്ര പോയാലും കൊതി തീരാത്തവയാണ്. ചില സ്‌ഥലങ്ങൾ എത്ര കണ്ടാലും മതി വരാത്തവയാണ്. സഞ്ചാരികളെ ഒട്ടും മടുപ്പിക്കാത്ത വീണ്ടും വീണ്ടും വരാൻ കൊതിപ്പിക്കുന്ന എന്തോ ഒരു വശ്യത മൂന്നാറിനുണ്ട്. പച്ചപ്പട്ടു പുതച്ചതുപോലെയാണ് തേയിലച്ചെടികൾ നിറഞ്ഞ മലനിരകൾ. ദൂരക്കാഴ്‌ചയിൽ ചെടികൾക്കിടയിൽ ചെറിയ ചെറിയ മരങ്ങൾ. മിക്കവയിലും ചുവന്ന പൂക്കൾ തിങ്ങി വിടർന്ന് ഇല പോലും കാണാൻ പറ്റാത്ത അവസ്‌ഥ.

മലനിരകൾക്ക് ഇടയിലൂടെ പുഴയൊഴുകുന്നു. കൈയെത്തിപ്പിടിക്കാം എന്ന് തോന്നിപ്പിക്കും വിധം പട്ടുപോലെ തൂവെള്ള മേഘങ്ങൾ ഒഴുകി പോകുന്നു. പഴയ പ്രതാപവും ഗന്ധവും ഉൾപ്പെടുത്താതെ കോളനി ഭരണത്തിന്‍റെ ഓർമ്മപ്പെടു ത്തലുപോലെ ഇംഗ്ലീഷുകാരുടെ കരവിരുതിൽ തീർത്ത ബംഗ്ലാവുകൾ.

ഓരോ ഫ്രെയിമിലും മൂന്നാർ നൽകുന്നത് വ്യത്യസ്‌തമായ ഒരു സ്വർഗ്ഗീയ അനുഭവമാണ്. ഫോട്ടോഗ്രാഫർമാരുടെയും ഫോട്ടോഗ്രാഫിയിലേക്ക് കാൽവെയ്‌ക്കുന്നവരുടെയും പറുദീസയാണ് ചാലാർ-എക്കോ പോയിന്‍റ്. ചിന്നാർ വന്യമൃഗ സങ്കേതം ലക്ഷ്യം വച്ചാൽ ഒറ്റയാൻ മുതൽ കൂട്ടംകൂടി വരുന്ന ആനക്കൂട്ടം വരെ ക്യാമറക്കണ്ണിൽ കുടുങ്ങും. “എല്ലാം കണ്ടു കഴിഞ്ഞില്ലേ? ഇനി മൂന്നാറിൽ വരില്ലല്ലോ” ദിവസത്തിനൊടുവിൽ തിരിച്ചുപോരാൻ വണ്ടിക്കടുത്തെത്തുമ്പോൾ ഗൈഡ് ചോദിച്ചു.

“അണ്ണാ… സത്യം പറ.. കാണാൻ മറന്നത് ഇനിയെന്തോയില്ലേ മൂന്നാറിൽ…”

“ഇനിയും ഒരു പാട് സ്‌ഥലങ്ങൾ ഉണ്ട്. അതൊന്നും ഒരു ദിവസം കൊണ്ട് തീരില്ല. പിന്നെ ഒരു മഹാത്ഭുതം ഉണ്ട്. അത് കാണാൻ നിങ്ങൾ തീർച്ചയായും വരും. ഞങ്ങൾ മൂന്നാർ കാർ പോലും കാത്തു കാത്തിരിക്കുന്ന നീലക്കുറുഞ്ഞി പൂക്കുന്ന കാലം. പന്ത്രണ്ട് വർഷത്തിലൊരിക്കൽ, ഈ പച്ച വിരിച്ച മലനിരകളിൽ ചിലത് നീല വിരിച്ചതാകും…”

വണ്ടിയിൽ കയറും മുമ്പ് എല്ലാവരും ഒന്ന് പിൻ തിരിഞ്ഞ് നോക്കി. പച്ചമലകളും നീലമലകളും ചുവന്ന പൂവിട്ട മരങ്ങളും പറന്നിറങ്ങുന്ന വെള്ള മേഘങ്ങളും… എല്ലാം കൂടി എന്തായിരിക്കും അന്ന് മൂന്നാർ. എന്താണെന്നറിയില്ല, എല്ലാവരുടെയും മുഖത്ത് പെട്ടെന്നൊരു പുഞ്ചിരി.

और कहानियां पढ़ने के लिए क्लिक करें...