മംഗല്യ സ്വപ്നങ്ങളും മധുരാഭിലാഷങ്ങളുമായി ഒരുമിച്ചൊരു ജീവിതം സ്വപ്നം കാണുന്ന ഏതൊരു യുവാവിനും യുവതിയ്ക്കും വരാനിരിക്കുന്ന നാളുകൾ പതഞ്ഞു പൊന്തുന്ന സുന്ദരനിമിഷങ്ങളുടെ ദ്രാക്ഷ ചഷകമായേ തോന്നൂ. (കുറഞ്ഞ പക്ഷം ആദ്യരാത്രി ഇരുട്ടി വെളുക്കുന്നതു വരെയെങ്കിലും!), സാഹിത്യം അവിടെ നില്ക്കട്ടെ നമുക്ക് പച്ചയായ കുറച്ച് യാഥാർത്ഥ്യങ്ങൾ പങ്കിടാം. ഔപചാരികതയുടെ തേച്ചുമിനുക്കലുകളില്ലാത്ത വസ്തുതകളിലേക്ക് സ്വാഗതം.
കെട്ടാൻ കാരണം വേണോ?
യേസ്! പ്രാർത്ഥിക്കാൻ മാത്രമല്ല കല്യാണം കഴിക്കാനും ഓരോ പെണ്ണും ചെറുക്കനും കാരണങ്ങൾ മനസ്സിലുറപ്പിച്ചാൽ ബെസ്റ്റ്! അങ്ങനെയെങ്കീ വിജയകരമായ വിവാഹജീവിതത്തിന്‍റെ അടിത്തറ നിങ്ങളുടെ കാര്യത്തിൽ ഓകെയാണ്.
യുവകോമളാ, ഇവരിൽ ഒരാൾ നിങ്ങളാണോ?
ആലോചിച്ചു നോക്കൂ, താഴെ പറയുന്ന ഏതെങ്കിലുമൊക്കെയാണോ നിങ്ങളെ കതിർമണ്ഡപത്തിലെത്താൻ പ്രേരിപ്പിക്കുന്ന പ്രചോദനങ്ങൾ? അഥവാ താഴെ നമ്പറിട്ട 7 ൽ എവിടെയെങ്കിലും നിങ്ങളുണ്ടോ?
- “ഓ പഠിത്തം കംപ്ലീറ്റ് ഒഴപ്പി! ഗൾഫീ പോയാപ്പോലും കൂലിപ്പണിയേ കിട്ടൂ! എങ്കീ എന്തുകൊണ്ട് ഒരു ബ്രോക്കറെ വളച്ച് എന്തേലുമൊക്കെ നുണ പറഞ്ഞ് എനിയ്ക്കൊരു ഗൾഫ് നേഴ്സിനെ കെട്ടിക്കൂടാ. അഥവാ ഒരു നേഴ്സിനെ കെട്ടി ഗൾഫിലയിച്ചൂ കൂടാ? ആദ്യമിച്ചിരി നമ്മൾ കഷ്ടപ്പെട്ടാലും പിന്നൊടുക്കത്തെ ആദായമല്ലേ!”
- “പെട്ടെന്ന് കാശൊണ്ടാക്കാൻ കൊറേ ബിസ്സിനസ്സു ചെയ്തതാ! ദൈവത്തിന്‍റെ സ്വന്തം നാടല്ലേ, യൂണിയൻ പ്രശ്നോം നോക്കൂകൂലീം വയ്യാവേലികളും! തെണ്ടികുത്തുപാളയെടുത്തൂ! ലോണും ലോണിന്‍റെ പലിശേം ജപ്തി നോട്ടീസും പൊല്ലാപ്പും. എന്തുതരികിട കാട്ടീട്ടായാലും എങ്ങനേലും കാശൊള്ള വീട്ടീന്നൊരു പെണ്ണിനെ കനത്ത സ്ത്രീധനം വാങ്ങിച്ചു കെട്ടണം. ചുമ്മാതെ വേണ്ട, അവൾക്കൊരു ജീവിതം ഫ്രീയായ് കൊടുക്കാമെന്നേയ്.”
- “പ്രായം ബോർഡർ ലൈൻ കടന്നു! ഇനിയേലും കെട്ടിയില്ലേൽ നാട്ടുകാര് വേറെ വല്ല പേരും വിളിക്കും. സംഗതി എനിക്ക് വല്യ താത്പല്യമൊന്നുമില്ലേലും വിവാഹം കാലഘട്ടത്തിന്‍റെ ആവശ്യമല്ലേ ചങ്ങാതീ.”
- “ഒള്ളത് പറയാല്ലോ ഈ സെക്സ്സെന്ന് പറേന്ന സംഭവം നമ്മക്കൊരു വീക്നെസ്സാ! തടിമിടുക്കൊള്ള ഏതു പെണ്ണിനെ കണ്ടാലും അപ്പോ ചെയ്യണമെന്നു തോന്നും. പക്ഷേല് എങ്ങനെ കേറിപ്പിടിക്കും? ഹെന്‍റമ്മോ പീഡനമല്ലേ പീഡനം! അപ്പോപ്പിന്നെ ഒറ്റവഴിയേയുള്ളൂ നിയമാനുസൃതമായ പീഡനം. മനസ്സിലായില്ലേ? കല്യാണം!”
- “നാട്ടുകാർ പറേന്നത് എനിക്ക് ഒരു അഞ്ചുപൈസേടെ കൊറവുണ്ടെന്നാ! വീട്ടുകാര് എന്നെ കൊറേ വർഷങ്ങളായ് കാണിച്ചോണ്ടിരിക്കുന്ന വട്ടിന്‍റെ ഡോക്ടറെടെ കുറിപ്പിടി ഞാനിന്നലെ ഇംഗ്ലീഷ് മലയാളം ഡിക്ഷണറി വച്ച് വായിച്ചു പഠിച്ചു. നമ്മടെ രോഗം സ്കീസോ ഫ്രേനിയ ആണത്രേ! നല്ലൊന്നാന്തരം മനോരോഗം! പക്ഷേ കല്യാണം കഴിപ്പിച്ചാ മാറുമെന്നാ എന്‍റപ്പന്‍റേം അമ്മേടേം വിശ്വാസം.!”
- “ഈ മാര്യേജെന്നു പറേന്നത് ഒരു മഹത്തായ സംഭവമൊന്നുമല്ല. ഒരു വേലക്കാരിയെ കിട്ടാനിപ്പോ എന്താപാട്! ആരോഗ്യമൊള്ളൊരുത്തിയെ കെട്ടിക്കോണ്ടുവന്നാ ഇക്കണ്ട ടെൻഷൻ വല്ലതുമൊണ്ടോ? സകല പണീം ചെയ്യും. പത്തു പൈസയൊട്ട് കൊടുക്കുകേം വേണ്ട! കല്യാണാലോചനേടെ സമയത്ത് ലേശം ജാഡയൊക്കെയിട്ടു നിന്നാ ചോദിക്കണ കാശും കിട്ടും. സ്ത്രീധനേയ്…”
- “ദേയ് ഒള്ളതു പറയാല്ലോ ഭായീ… ഞാൻ മറ്റേ ടൈപ്പാ സ്വവർഗ്ഗൻ! വല്ല കട്ടി മീശയൊള്ള സുന്ദരന്മാരായ ചേട്ടന്മാരെയാ എനിക്കിഷ്ടം! ഈ പെമ്പിള്ളേരെന്നു പറേണ വർഗ്ഗത്തെ എനിയ്ക്ക് കണ്ണെടുത്താ കണ്ടുകൂടാ… പക്ഷേ വീട്ടുകാര് കേക്കണ്ടെ? അവരെന്നെ ഒടനേ കെട്ടിക്കും!”
പ്രിയപ്പെട്ട മലയാളി ചെറുപ്പക്കാരാ മുകളിലത്തെ 7ൽ എവിടെയെങ്കിലും നീയുണ്ടോ? എങ്കീ നിന്‍റെ കാര്യം കട്ടപ്പൊകയാണ്!
ലേഡീസ് ഒൺലി
ആകാംക്ഷഭരിതരായ വിവാഹാർത്ഥിനികളേ നിങ്ങൾക്കൊള്ള വക താഴെ…
- “പറയാൻ ചമ്മലാ പക്ഷേ സത്യാ… പ്രേമം എന്നും എനിക്കൊരു ദൗർബല്യമാ…! ഒരേ സമയം മൂന്നും നാലും പേരേ വരെ വളരെ ശാസ്ത്രീയമായി ലൈനടിക്കാൻ എനിക്കറിയാം. ടു ബി ഫ്രാങ്ക് ചിലതൊക്കെ വീട്ടുകാര് അയലത്തെ ചെല വേലേംകൂലിമില്ലാത്ത ജാഗ്രത സമതിക്കാരെടെ സഹായത്തോടെ പിടിച്ചിട്ടുമൊണ്ട്. ഒള്ളത് പറയാല്ലോ, ഇനീം പ്രേമിച്ച് കൊതിതീർന്നിട്ടില്ല കുട്ടാ! വീട്ടുകാരിപ്പോ എന്നെ ഏതോ ഒരു പ്രേമരഹിതന് കെട്ടിച്ചു കൊടുക്കാനൊള്ള പൊറപ്പാടാ!”
- “കല്യാണം കഴിക്കാനെന്തിനാണപ്പാ ഇപ്പോ പ്രത്യേകിച്ചൊരു കാരണം? പ്ലസ് ടു തോറ്റു ഒന്നല്ല മൂന്നുതവണ! അപ്പോപ്പിനെ കല്യാണമല്ലാതെ പിന്നെന്താ.”
- “ഞങ്ങടെ സമുദായത്തിൽ 17-18 വയസ്സിനപ്പുറം പെമ്പിള്ളേര് പോയാല് മൂത്ത് നരച്ച് നിന്ന് പോകത്തേയുള്ളൂ! സംഗതി പത്താം ക്ലാസ്സിൽ എല്ലാത്തിനും എപ്ലസ് ആയിരുന്നു. പക്ഷ വീട്ടുകാർ പറേന്നത് പെമ്പിള്ളേര് ബിരിയാണിയൊണ്ടാക്കാനും പ്രസവിക്കാനും മാത്രം പഠിച്ചാ മതീന്നാ.”
- “പൊറത്തെറക്കാണ്ട് വീട്ടീ അടച്ചു പൂട്ടീയാ എന്നെ അച്ഛനമമ്മേം വളർത്തിയേ. വെറുപ്പാ എനിക്ക് രണ്ടിനേം. അവര് തമ്മീ അടിയാ 24മണിക്കൂറും. കല്യാണം കഴിച്ചോ കഴിക്കാതെയോ എനിക്കീ വീട്ടിനൊന്ന് പോയിക്കിട്ടിയാ മതി.
- “കടോം ബാങ്കീന്ന് ലോണുമൊക്കെയെടുത്താ വീട്ടുകാരെന്നെ നേഴ്സിംഗിന് പഠിപ്പിച്ചേ. ഇവിടൊക്കെ ജോലി ചെയ്‌തിട്ടെന്തു കിട്ടാനാ? ഏജന്‍റിന് കാശുകൊടുത്ത് ഗൾഫീ പോകാനൊട്ട് നിവൃത്തിയില്ല. അപ്പോപ്പിന്നെ ഗൾഫിലൊള്ളൊരു കോന്തനെ കെട്ടുകല്ലോതെന്തുവഴി? പഠിത്തോം ഗ്ലാമറുമൊന്നും നോക്കീട്ടൊരു കാര്യവുമില്ലെന്നേയ്.”
- “ഷോപ്പിംഗ് എനിക്ക് ഭയങ്കരിഷ്ടാ… മാര്യേജ് കഴിഞ്ഞ ഫ്രണ്ട്സ് പറയാറുണ്ട് അല്പം പാവത്താനായ ഒരാളെ കെട്ടുകാണെങ്കീ ഡെയ്ലി ഷോപ്പിംഗ് മാളിലും മൾട്ടിപ്ലക്സിലുമൊക്കെ കറങ്ങി നടന്ന് എൻജോയ് ചെയ്യാമെന്ന്.”
- “ഞങ്ങള് രണ്ട് പെമ്പിള്ളേരാ ഞാനാ എളേത്, ഇട്ടുമുടാനൊള്ള കാശൊണ്ട് വീട്ടില്. നല്ല സ്വാതന്ത്യ്രത്തിലാ ഞാൻ വളർന്നത്. എന്നെയാരും കൺട്രോൾ ചെയ്യുന്നതെനിക്കിഷ്ടമല്ല. വീട്ടിൽ ദത്തു നില്ക്കാൻ തയ്യാറൊള്ള ഒരു നിഷ്കളങ്കന്‍റെ തോളേൽ തൂങ്ങണം അത്രതന്നെ.”
ചോദിയ്ക്കട്ടെ മേല്പറഞ്ഞ 7ൽ എവിടെയെങ്കിലുമൊക്കെ നിങ്ങളിലെ പെണ്ണ് ഒളിഞ്ഞു കിടപ്പുണ്ടോ?
എങ്കീ കരുതിയിരുന്നോളൂ, നിങ്ങൾ വലതുകാലുവച്ച് കേറുന്നത് അല്പം കോംപ്ലിക്കേറ്റഡായ ദാമ്പത്യത്തിലേക്കായിരിക്കും.
പ്രണയിച്ചുള്ളതോ ആലോചിച്ചുറപ്പിച്ചതോ ബെറ്റർ?
കുത്തിക്കൊല്ലുന്നതാണോ വെടിവച്ചു കൊല്ലുന്നതാണോ തല്ലിക്കൊല്ലുന്നതാണോ കൂടുതൽ സന്തോഷകരം എന്ന് ഇരയോട് ചോദിക്കുന്ന പോലെയുള്ളൂ വൈവാഹിക ക്വസ്റ്റ്യനും!
സുഹൃത്തേ, കല്യാണം അനുരാഗിച്ചോ അല്ലാതെയോ ആകാം. രണ്ടായാലും വിധികർത്താക്കളും അനുഭവിക്കാൻ പോകുന്നവരും നമ്മൾ തന്നെയാണെന്ന കാര്യം മറക്കണ്ട!
പ്രണയത്തിൽ നിറയെ പ്രതീക്ഷകളല്ലേ? അപ്പോ പ്രേമകല്യാണത്തിലും സംഗതി അങ്ങനൊക്കെത്തന്നെയാവാനല്ലേ തരമുള്ളൂ. സ്വപ്നം കണ്ടതു പോലൊന്നുമല്ല കാര്യങ്ങളുടെ കിടപ്പെന്നു തിരിച്ചറിയുമ്പോ നിരാശപ്പെട്ടു പോയാൽ ആരെ കുറ്റപ്പെടുത്താനാണ്.
ആദ്യരാത്രി- അപകടമേഖല മെല്ലെ പോവുക
വഴിയിൽ നമ്മൾ കാണുന്ന സൈൻ ബോർഡാണ് ആദ്യരാത്രിയെ സംബന്ധിച്ച് ഈ വാക്കുകൾ ഏറ്റവും അർത്ഥവത്താണ്. കാരണം ഓവർ സ്പീഡും അമിതാവേശവും അനാവശ്യ ഉത്ക്കണ്ഠയുമൊക്കെ അതിനെ താറുമാറാക്കും.
കേവലം ഒരു രാത്രിയിലേക്കല്ല, ഒരു പുതുജീവിതത്തിലേക്കാണ് കാലെടുത്തു വയ്ക്കുന്നതെന്ന ചിന്തയാണ് പുതുമണവാളന്‍റേം മണവാട്ടീടെയും മനസ്സിൽ ഉണ്ടാവേണ്ടത്.
എന്തൊക്കെ Don’t to Do
പൊങ്ങച്ചം വേണ്ട
ഇല്ലാത്ത കാര്യങ്ങൾ സൃഷ്ടിച്ചെടുത്ത് നവവധുവിന്‍റെ മനസ്സിൽ സൂപ്പർസ്റ്റാറിന്‍റെ പൊള്ളയായ ബ്രഹ്മാണ്ഡ ഇമേജ് ഉണ്ടാക്കാനുള്ള വ്യാമോഹം (അതോ മണ്ടത്തരമോ) നിങ്ങൾക്കുണ്ടോ? ഇപ്പൊഴത്തെ പെണ്ണിന് ബുദ്ധി ലേശം കൂടുതലാണെന്നത് മറക്കാതിരിക്കുക. ഉറപ്പായും നാളെകളിൽ അവൾ നിങ്ങളുടെ കള്ളത്തരമെല്ലാം പൊളിച്ചടുക്കും.
പൊങ്ങച്ചം പലവിധം
ഭൂതകാല വീരകൃത്യപ്പൊങ്ങച്ചം
നേരെചൊവ്വേ ആരോടും എണീറ്റു നിന്നൊരു വാക്കുപോലും പറയാൻ ത്രാണിയില്ലാത്ത നമ്മുടെ കഥാനായകൻ പുതുമോടിയുടെ ലഹരിയിൽ അടിച്ചുവിടുന്ന ബഡായികൾ ആദ്യരാത്രിയുടെ രസം മാത്രമല്ല തന്നോട് നവവധുവിനുള്ള താല്പര്യം പോലും ഇല്ലാതാക്കും.
പ്രണയപ്പൊങ്ങച്ചങ്ങൾ
ചൊടിയും ചുണയുമുള്ള കൂട്ടുകാരൻ ഊർജ്ജിതമായി പ്രേമിക്കുന്നതു കണ്ട് അസൂയ മൂത്ത നമ്മുടെ ടിയാൻ ഊമക്കത്തെഴുതി ആ ലൈൻ പൊട്ടിച്ചതു മാത്രമാണ് ജീവിതത്തിലിന്നേവരെയുള്ള പ്രണയാനുഭവം! പക്ഷേ ഈ നാറുന്ന അധ്യായം മാത്രം നമ്മുടെ വീരൻ മറച്ചു വെയ്ക്കും. പകരം ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത പ്രേമാനുഭവങ്ങൾ ഇടക്ക് ഡ്യൂവറ്റും സിനിമാറ്റിക് തമാശകളുമൊക്കെ ചേർത്ത് ഇക്കൂട്ടർ ആദ്യരാത്രി തന്നെ വിളമ്പും. പക്ഷെ വിഡ്ഢി ചിരിചിരിച്ച് ആസ്വദിക്കുന്നത് നമ്മുടെ ഈ ന്യൂഹസ്ബന്‍റ് മാത്രമാവും. പറയാതെ വയ്യ. നമ്മുടെ പല വേന്ദ്രന്മാരും ഈ നുണക്കഥകൾ അഴിച്ചു വിടുന്നത് എങ്ങനെയും തന്‍റെ പ്രിയതമയുടെ ഉള്ളിൽ നിന്നും പൂർവ്വകാല രഹസ്യങ്ങൾ വല്ലതുമുണ്ടെങ്കിൽ ചോർത്തിയെടുക്കാനാണ്.
മനശാസ്ത്രപരമായ മുന്നറിയിപ്പ്
പ്രിയ നവവധുക്കളേ, പണ്ട് മനസ്സിൽ പ്രേമിക്കാനാഗ്രഹിച്ചതും സഹപാഠിയായ ആൺകുട്ടിയെ ഓർത്ത് ഉറങ്ങാതെ കിടന്നതുമൊന്നും അറിയാതെ പോലും കണവനോട് വിളമ്പരുത്. സ്വന്തം കുരിശ് സ്വയം പണിയുകയാവും നിങ്ങൾ. കേട്ട കഥയുടെ ബാക്കി കൈയ്യീന്നിട്ട് ചെലപ്പോ പൈങ്കിളി മാത്രമല്ല അഡൽറ്റ്സ് ഒൺലി കൂടി ഭർത്താവ് രചിച്ചെന്നിരിക്കും. ദാമ്പത്യം പൊളിഞ്ഞ് നാശകോടാലിയാവാൻ വേറെന്തങ്കിലും വേണോ?
ആക്രാന്തം വേണ്ട, ഗോ സ്ലോ
ഇത് യുവ കേസരികൾക്കുള്ള വാണിംഗാണ്. പറഞ്ഞു കേട്ടറിവും പൊലിപ്പിച്ചെഴുതിയതുമൊക്കെ മനസ്സിൽ വച്ചിട്ട് ആദ്യരാത്രിൽ ആക്രമണം നടത്താൻ തുനിയുന്നവർ എല്ലാക്കാലത്തുമുണ്ട്. പെണ്മനസ്സും ശരീരവും പൂ പോലെയാണ്. ചൈനാ മെയ്ഡ് പ്ലാസ്റ്റിക് പൂവല്ല നല്ലൊന്നാന്തരം ഒറിജിനൽ. പിന്നെ എത്രത്തോളം സൂക്ഷ്മത ഇക്കാര്യത്തീ വേണമെന്നത് ആലോചിച്ചു നോക്കൂ.
ലേഡീസ് ഒൺലി
ആണുങ്ങളെ എങ്ങനെ ഡീൽ ചെയ്യണം?
സൗഹാർദ്ദപരമായ ഒരന്തരീക്ഷം മണിയറയിൽ സൃഷ്ടിച്ചെടുക്കാൻ നിങ്ങളുടെ പുരുഷനൊപ്പം കൂടിയാ മാത്രം മതി, മുൻകൈ എടുക്കണ്ട, മലയാളിയല്ലേ, വേണ്ടാത്തതേ ചിന്തിക്കൂ.
സെക്സ്
യുവതികൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കേരളീയ യുവാക്കളുടെ ശരാശരി സ്വഭാവം വച്ചു നോക്കുമ്പോൾ നവവധു ആദ്യരാത്രിയിൽ അടങ്ങിയിരിക്കുന്നതാണ് ഭാവിയ്ക്ക് നല്ലത്, അല്ലേൽ വരന്‍റെ കുബുദ്ധിയിൽ ഉദിക്കുന്ന മുനവച്ച പല ചോദ്യങ്ങൾക്കും നിങ്ങൾ മറുപടി പറഞ്ഞ് മുടിയും.
പിന്നെ, ആർത്തവ ദിനങ്ങളെക്കുറിച്ചും ഗർഭസാദ്ധ്യതയുള്ള നാളുകളെപ്പറ്റിയുമുള്ള കാര്യങ്ങൾ ഭർത്താവിനോട് പങ്കുവയ്ക്കുക തന്നെ വേണം. അതുവേറെ കാര്യം.
ആദ്യരാത്രിയിലെ (ആദ്യ ദിവസങ്ങളിലെ) ചില സാമാന്യ ലൈംഗിക പ്രശ്നങ്ങൾ.
ശീഘ്രസ്ഖലനം
ആദ്യരാത്രിയിൽ തന്നെ പുരുഷത്വം തെളിയിക്കാൻ പോരാടുന്ന പുതുവരന്‍റെ നെഞ്ചിൽ ഇടിത്തീ കോരിയിടുന്ന അണുബോംബ് പോലെയുള്ള ഒരു പ്രശ്നമാണിത്. ഒരുവശത്ത് അത്യാഗ്രഹം മറുവശത്ത് കുറ്റബോധം നിറഞ്ഞ ഉൾഭയം. ന്യായമായ സമയത്തിനു മുൻപേയുള്ള ശുക്ലസഖ്ലനത്തിന് ഇത്രയൊക്കെ ധാരാളം മതി.
ചികിത്സ: പക്വതയാർജ്ജിക്കുന്ന പ്രായത്തിനു മുമ്പുള്ള ലിംഗാനുബന്ധ സ്പർശന അനുഭവങ്ങളുടെ സ്വാധീനമാണ് ശീഘ്രസ്ഖലനത്തിനു കാരണമായി ആധുനിക ലൈംഗികശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സ്വാധീനങ്ങൾ അത്യാധുനിക മനശാസ്ത്രത്തിലൂടെ ഈ പ്രശ്നം പൂർണ്ണമായും മാറ്റപ്പെടുന്നതാണ്.
ഉദ്ധാരണക്കുറവ്
ആശകൾ മനസ്സിൽ പൂവിട്ടുവിരിയുമ്പോഴും പ്രാവൃത്തികമാക്കാനുള്ള ശേഷി ഇല്ലെങ്കില്ലോ? തകർന്നു വീഴുന്നത് പുരുഷന്‍റെ ആത്മവിശ്വാസത്തിന്‍റെ ഗോപുരം കൂടിയാണ്.
കാരണം, ചികിത്സ: ഭൂരിഭാഗം പുരുഷന്മാരിലെയും ഈ പ്രശ്നത്തിന്‍റെ കാരണം തികച്ചും മാനസികമാണ്. ലൈംഗികതയുമായി അടിസ്‌ഥാനപ്പെട്ടു നില്ക്കുന്ന ഭൂതകാലത്തിലെ സംഭവങ്ങളാണ് പലപ്പോഴും ഇത്തരം ക്രമഭംഗങ്ങളിലേയ്ക്ക് നയിക്കുന്നത്. അവയുടെ സ്വാധീനം മനശാസ്ത്ര ചികിത്സകളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ.
പെട്ടെന്നുള്ള ഉദ്ധാരണ നഷ്ടം
ഉദ്ധാരണമുണ്ട്, പക്ഷേ ശാരീരിക വേഴ്ചയ്ക്ക് ശ്രമിക്കുമ്പോൾ അഥവാ ലിംഗം യോനിയിൽ സ്പർശിക്കുമ്പോൾ പൊടുന്നനെ ബലം നഷ്ടമാകുന്ന പ്രതിഭാസമാണിത്.
കാരണം- ചികിത്സ: വലതു മസ്തിഷ്ക പ്രധാനമായ ഈ ക്രമഭംഗം കുട്ടി പ്രായത്തിൽ അറിഞ്ഞോ അറിയാതെയോ വന്നുഭവിച്ച ലൈംഗിക സ്പർശനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുന്ന ഒന്നാണ്. അരുത് എന്ന് ഉപബോധമനസ്സ് വിലക്കുന്നവരുമായി ശാരീരിക ഇടപെടലുകൾ നടത്തേണ്ടി വന്നവരിൽ ഈ പ്രശ്നം പിൽക്കാലത്ത് പൊന്തിവരാറുണ്ട്. അതേപോലെ തന്നെ മുതിർന്നതിനു ശേഷവും സ്വവർഗ്ഗ രതിശീലം തുടരുന്ന മിക്കവരിലും ഈ അവിചാരിത ഉദ്ധാരണക്കുറവ് ഉണ്ടാവാറുണ്ട്.
ലൈംഗികവും ലൈംഗികേതരവുമായ അനുഭവങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനം ഉപബോധതലത്തിൽ നിന്നും ഡികോഡ് ചെയ്തു മാറ്റുന്ന ആധുനിക മനശാസ്ത്ര സംവിധാനങ്ങൾ ഇക്കാര്യത്തിൽ വളരെയധികം ഫലപ്രദമാണ്.
താല്പര്യക്കുറവ്
മേൽ സൂചിപ്പിച്ചതൊക്കെ പുരുഷന്മാരുടെ മാത്രം പ്രശ്നമാണെങ്കിൽ ലൈംഗികതയിലുള്ള താല്പര്യക്കുറവ് എന്ന പ്രശ്നം യുവതികളെയും വിവാഹത്തിന്‍റെ ആദ്യ നാളുകളിൽ ബാധിക്കാറുണ്ട്.
കാരണം, ചികിത്സ
ഒരു പരിധി വരെ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളാവാം ഈ വിരക്തിക്കു കാരണം. ചില മാനസികരോഗങ്ങളുടെ പരിണിത ഫലമായും ഇതുണ്ടാകാം. വളരെ ചുരുക്കം പേരിൽ ഹോർമോണുകളുടെ വ്യതിയാനഫലമായും സംഭവിക്കാറുണ്ട്. ചികിത്സകളിലൂടെ താത്പര്യക്കുറവെന്ന പ്രശ്നം പൂർണ്ണമായി സുഖപ്പെടുത്താനാവും.
യോനീ സങ്കോചം
ചില യുവതികളിൽ വിവാഹത്തിന്‍റെ ആദ്യനാളുകളിൽ പ്രത്യക്ഷപ്പെടാറുള്ള താല്ക്കാലിക പ്രശ്നമാണിത്.
കാരണം, ചികിത്സ: ഈ പ്രത്യേക ലൈംഗിക ക്രമഭംഗം അധികനാൾ നീണ്ടു നിൽക്കുന്ന ഒന്നല്ല. വേദനാപൂർവ്വമായ ശാരീരിക വേഴ്ചയെക്കുറിച്ച് മുമ്പ് കേൾക്കാനിടയായി അനുഭവങ്ങൾ ഉത്കണ്ഠയും കുറ്റബോധവും ഉപബോധ മനസ്സിൽ നിറയ്ക്കുന്നതാണിന്‍റെ കാരണം.
ഇന്ദ്രിയാനുഭവപരമായ നെഗറ്റീവ് സ്വാധീനം മനശാസ്ത്രപരമായ രീതികളിലൂടെ കുറയ്ക്കുമ്പോൾ യോനീ സങ്കോചം പൂർണ്ണമായി ഭേദപ്പെടുന്നതാണ്.
യോനീവരൾച്ച
ആദ്യരാത്രിയിലും മധുവിധുനാളുകളിലുമൊക്കെ ചുരുക്കം ചില നവവധുക്കളിൽ ഈ പ്രശ്നം കാണാറുണ്ട്.
കാരണം, ചികിത്സ: ഭയവും കുറ്റബോധവും കൂടിക്കലർന്ന സമ്മിശ്രവികാരത്തിൽ ഉടലെടുക്കുന്ന ഒരു പ്രശ്നമായാണ് മിക്ക ലൈംഗിക ശാസ്ത്രജ്ഞരും ഇതിനെ വിലയിരുത്തുന്നത്. ശാരീരിക തലത്തിൽ മാത്രം ഇതിനെ വിലയിരുത്തുന്ന ചികിത്സകൾ. കെ വൈ ജെല്ലി പോലുള്ളവ നിർദ്ദേശിക്കാറുണ്ട്.
ഓർത്തിരിക്കാൻ
ഇരുദിശകളിൽ നിന്നായി ഒഴുകിയെത്തുന്ന രണ്ട് അരുവികൾ ഒരുമിച്ചു ചേർന്നൊഴുകുന്ന സ്വാഭാവിക പ്രതിഭാസമാണ് വിവാഹജീവിതം.
രണ്ടുപേർ ഒന്നിക്കുന്ന നിയമാനുസൃതമായ സൗഹൃദബന്ധമായും ദാമ്പത്യത്തെ വിശേഷിപ്പിക്കാം.
വ്യക്‌തിത്വത്തിന്‍റെ പ്രത്യേകതകൾ കണക്കിലെടുക്കുമ്പോൾ എല്ലാവരും വൈവാഹിക ജീവിതത്തിനുവേണ്ടി പിറന്നവരല്ലെന്ന് ചില മനശാസ്ത്രജ്ഞർ അഭിപ്രായപ്പെടാറുണ്ട്. പക്ഷേ ഏതൊരാൾക്കും ആത്മാർത്ഥ ശ്രമത്തിലൂടെ നിഷ്ക്കളങ്കമായ കൂട്ടായ്മയുടെ മാനസിക ഐക്യത്തിലേക്ക് എത്തിപ്പെടാവുന്നതേയുള്ളൂ. അതിഭാവുകത്വം നിറഞ്ഞ കിനാവുകളേക്കാൾ പ്രായോഗികതയിലൂന്നിയ ചിന്തകളാണ് ദാമ്പത്യത്തെ ഊട്ടിയുറപ്പിക്കുന്നത്.
മനസ്സു തുറന്നുള്ള സംസാര ശൈലിയേക്കാൾ പങ്കാളിയുടെ മനസ്സറിഞ്ഞുള്ള പെരുമാറ്റ രീതിയാണ് പലപ്പോഴും ആഹ്ലാദഭരിതമായ ദാമ്പത്യത്തിന്‍റെ അടിത്തറയെന്നത് ഓരോ നവവരനും വധുവും തിരിച്ചറിഞ്ഞ് ജീവിതം ആരംഭിക്കുമ്പോൾ സ്വപ്നസുരഭിലമായ കുടുംബജീവിതത്തിന്‍റെ വാതായനങ്ങൾ തുറക്കപ്പെടുകയായ്.