മുംബൈ ജയ്ഹിന്ദ് കോളേജിൽ നിന്നും ജേർണലിസം പഠിച്ചിറങ്ങിയ ഗരിമ അറോറ കുറച്ചു കാലം ആ രംഗത്ത് ജോലി ചെയ്തു. എന്നാൽ ഇക്കാലയളവിൽ സ്വന്തം ജോലിയിൽ മനംമടുപ്പ് അനുഭവപ്പെടാൻ തുടങ്ങി. കരിയറിനെയും പാഷനെയുക്കുറിച്ച് അവർ പറയുന്നതിങ്ങനെയാണ്, “പത്രപ്രവർത്തനം ചെയ്‌തു കൊണ്ടിരിക്കുമ്പോഴാണ് എന്‍റെയുള്ളിൽ പാചകകലയോടുള്ള ഇഷ്ടം ഒളിഞ്ഞു കിടക്കുന്ന കാര്യം ഞാൻ തിരിച്ചറിയുന്നത്. സത്യത്തിൽ വളരെ ചെറുപ്പത്തിൽ തുടങ്ങി പപ്പ എന്നെ പാചകകല പരിശീലിപ്പിച്ചിരുന്നു. ശേഷം ഞാൻ പാരീസിലെ കളിനറി സ്ക്കൂളിൽ നിന്നും കോഴ്സ് ചെയ്യാൻ തീരുമാനിച്ചു. അത് വലിയൊരു വഴിത്തിരിവാകുകയായിരുന്നു.” അതിനുശേഷം ഗരിമയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. റെസ്റ്റോറന്‍റ് റെറ്റിംഗ് സംവിധാനമായ മിഷേലിൻ സ്റ്റാർ നേടിയ ഇന്ത്യയിലെ ആദ്യ വനിത ഷെഫും കൂടിയാണ് ഗരിമ. ലോകപ്രശസ്ത പാചകവിദഗ്ദ്ധരായ ഗഗൻ ആനന്ദ്, ഗോർഡൻ റാംസേ, റെനെ റെഡ്സേപി എന്നിവർക്കൊപ്പം ഗരിമ ജോലി ചെയ്തിട്ടുണ്ട്. 2019 ഏഷ്യയിലെ ബെസ്റ്റ് ഫീമെയിൽ ഷെഫ് എന്ന ഖ്യാതിയും ഗരിമ നേടിയിട്ടുണ്ട്.

ഷെഫ് ആകണമെന്ന സ്വപ്നം

പാരീസിൽ നിന്നും കോഴ്സ് ചെയ്ത ശേഷം ഗരിമ റെസ്റ്റോറന്‍റിൽ ജോലി ചെയ്യാൻ തുടങ്ങി. കുക്കിംഗിനൊപ്പം ഹോട്ടൽ വ്യവസായത്തെ സംബന്ധിച്ചുള്ള ചെറിയ കാര്യങ്ങൾ വരെ അവർ മനസിലാക്കി. “എനിക്ക് ഷെഫ് ആകണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. കളിനറി പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ എത്രയും പെട്ടെന്ന് കുക്കിംഗ് ബിസിനസ്സിൽ കരിയർ തുടങ്ങണമെന്ന ചിന്തയുണ്ടായി. അതിനായി ഞാൻ ഏറെ റിസർച്ച് ചെയ്‌തിരുന്നു.”

ഇതെല്ലാം ഗരിമയെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ലെന്നല്ല. കരിയറിന്‍റെ തുടക്കത്തിലും ഷെഫ് ആയതിനുശേഷവും വെല്ലുവിളികൾ വന്നു കൊണ്ടിരുന്നു. “കോവിഡ് സമയത്ത് റെസ്റ്റോറന്‍റ് നടത്തി കൊണ്ട് പോവുക, സ്റ്റാഫിന് കൃത്യ സമയത്ത് പണം കൊടുക്കുക ഡൈനിംഗിൽ വന്ന പുതിയ മാറ്റത്തെ മനസ്സിലാക്കുക എന്നിവ വളരെ പ്രയാസമായിരുന്നു. റെവന്യു ഉയർത്താൻ വേണ്ടി പുതിയ രീതികളെപ്പറ്റി എത്രയും പെട്ടെന്ന് ചിന്തിക്കേണ്ടിയിരുന്നു. കാരണം സ്വന്തം ടീമിന്‍റെ ഉത്തരവാദിത്തം നമ്മുടേതാണല്ലോ. ഇക്കാലയളവിൽ ഞാൻ ഏറെ കാര്യങ്ങൾ പഠിച്ചു. ഉള്ളിൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. വെല്ലുവിളികളെ നേരിടാൻ കഴിയും.”

ലിംഗ സമത്വം

സ്ത്രീയായാലും പുരുഷനായാലും ശരി ഇരുവർക്കും നേരിടേണ്ടി വരുന്നത് പ്രത്യേകമായിട്ടുള്ള വെല്ലുവിളികളാണെന്നായിരുന്നു അതുവരെയുള്ള ചിന്ത.

“സ്ത്രീകളുടെ ജീവിതത്തിൽ അൽപം കൂടുതൽ വെല്ലുവിളികൾ ഉണ്ടാകാം. മാത്രവുമല്ല സമൂഹം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെയും അവർക്ക് നേരിടേണ്ടതായിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങളെ അതിജീവിച്ച് സ്വന്തം കരിയർ കെട്ടിപ്പടുത്തിയവർക്കാകട്ടെ പലതും നഷ്ടപ്പെടുത്തേണ്ടതായും വരും. മാതൃത്വത്തിനും കരിയറിനുമിടയിൽ താളക്രമം പാലിക്കാൻ സ്ത്രീയ്ക്ക് പല കാര്യങ്ങളിലും ഒത്തുതീർപ്പ് ചെയ്യേണ്ടതായിട്ടും ഉണ്ട്. ഭാഗ്യവശാൽ എന്നെ പിന്തുണയ്ക്കാൻ കുറച്ച് നല്ല മനുഷ്യർ എനിക്ക് ചുറ്റും ഉണ്ടായിരുന്നു.”

ഗാവ യുടെ തുടക്കം

ഏതൊരു ഷെഫിന്‍റെയും വലിയൊരു സ്വപ്നമാണ് സ്വന്തമായിട്ട് മികച്ചൊരു റെസ്റ്റോറന്‍റ് ഉണ്ടായിരിക്കുകയെന്നത്. സ്വന്തം രുചിപ്പെരുമയ്ക്ക് പുതുമ പകരുന്ന പേര് നൽകണമെന്ന് ഗരിമയുടെ വലിയൊരു സ്വപ്നമായിരുന്നു. അങ്ങനെയാണ് ഗരിമ റെസ്റ്റോറന്‍റ് തുടങ്ങുന്നത്. 2019 ൽ ലോകത്തെ 50 മികച്ച റെസ്റ്റോറൻറുകളുടെ പട്ടികയിൽ ഗാവ ഇടംപിടിച്ചിട്ടുണ്ട്.

“തായലന്‍റിൽ ഒരു ദിവസം നടക്കാനിറങ്ങിയപ്പോഴാണ് ഗാവയെക്കുറിച്ചുള്ള ചിന്ത എന്‍റെ മനസിലുണ്ടാകുന്നത്. തായ്ലാന്‍റ് വിഭവങ്ങളിൽ ഇന്ത്യൻ രുചികളുടെ സ്വാധീനം ഉള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. റെസ്റ്റോറന്‍റ് തുടങ്ങാനായി ഇൻവെസ്റ്ററിനെ കൂടി കിട്ടിയതോടെ എന്‍റെ സ്വപ്നം യാഥാർത്ഥ്യമാകുകയായിരുന്നു.”

സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കുമ്പോഴും സ്വന്തം ഫിറ്റ്നസ് കാര്യങ്ങളിലും ശ്രദ്ധ നൽകുന്നുണ്ട് ഗരിമ. ആഴ്ചയിൽ 5 ദിവസവും വർക്കൗട്ട് മുടക്കാറില്ല. ആരോഗ്യത്തിന് മുൻഗണന നൽകിയുള്ള ഭക്ഷണത്തിനാണ് അവർ പ്രാധാന്യം നൽകുന്നത്. ആരോഗ്യകരമായ ഭക്ഷണരീതി ശരീരത്തിനും മനസിനും കരുത്ത് പകരും. ഇത് രണ്ടും ഊർജ്ജസ്വലമാകുന്നതോടെ വ്യക്‌തിയുടെ പ്രൊഡക്ടിവിറ്റി വർദ്ധിക്കുമെന്നാണ് ഗരിമ സ്ത്രീകൾക്ക് നൽകുന്ന സന്ദേശം.

और कहानियां पढ़ने के लिए क्लिक करें...