“എന്നെപ്പറ്റി ട്രീസ കുറെയൊക്കെ പറഞ്ഞു കാണുമല്ലോ? ഞാൻ മിയാ ആൻസൻ റൊസാരിയോ, ഇവിടെ നിന്നും ഇരുപത് കിലോമീറ്റർ ദൂരത്ത് ബീച്ച് റോഡിന്‍റെ എൻഡിലാണ് വീട്. ഹസ്ബന്‍റ് മി. ആൻസൺ. സമുദ്രോൽപ്പന്നങ്ങളുടെ എസ്പോർട്ടിംഗ് ബിസിനസ് ചെയ്യുന്നു.”
അവർ ഒന്നു നിർത്തി. അച്ചടി ഭാഷയിൽ സ്ഫുടമായും ആകർഷമായും സംസാരിക്കുന്ന അവരെ കേട്ടിരിക്കാൻ എനിക്ക് താത്പര്യം തോന്നി.
അവർ തുടർന്നു.
“ഈ ഓഫീസിനെക്കുറിച്ചും ഓഫീസ് നല്കുന്ന സേവനങ്ങളെക്കുറിച്ചും ട്രീസ പറഞ്ഞറിഞ്ഞിട്ടുണ്ട്. അതറിഞ്ഞപ്പോഴാണ് എന്നെ ഏറെ കാലമായി നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന് ഇവിടെ നിന്ന് ഒരു പരിഹാരം ലഭ്യമാകുമോ എന്നറിയാനുള്ള ആകാംക്ഷ എന്നിലുണ്ടായത്. സ്കൂൾ കാലത്ത് എന്നല്ല, ഇപ്പോഴും എപ്പോഴും ട്രീസ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ്. അവളെ എനിക്കേറെ വിശ്വാസവുമാണ്.
അവളുടെ ഹസ്ബന്‍റായ നിങ്ങളോടും ആ വിശ്വാസത്തിന്‍റെ ഒരു ഭാഗമുണ്ട്. അതുകൊണ്ടു കൂടിയാണ് നിങ്ങളെ എന്നെ അലട്ടുന്ന പ്രശ്നത്തിന്‍റെ സൊലൂഷനുവേണ്ടി സമീപിക്കുന്നത്. ഞാൻ ഇവിടെ ഈയൊരു ആവശ്യത്തിനായി വന്നത് നാലാമതൊരാൾ അറിയില്ലെന്ന ഉറപ്പും എനിക്കുണ്ട്.”
“തീർച്ചയായും മാഡം. ആ ഒരു ഉറപ്പ് ഞങ്ങൾക്ക് നല്കാനാകും. നിങ്ങളെ അലട്ടുന്ന പ്രശ്നമെന്താണ് എല്ലാം തുറന്നു പറയൂ.” ഞാൻ തിടുക്കം കൂട്ടി.
തന്നെ സാകൂതം ഉറ്റുനോക്കുന്ന ട്രീസയിൽ അല്പനേരം മിയയുടെ കണ്ണുടക്കി നിന്നു. ട്രീസയിൽ നിന്ന് സംസാരം തുടരാനുള്ള സിഗ്നൽ അവർക്ക് കിട്ടിക്കാണണം. അവർ പറഞ്ഞു തുടങ്ങി.
“പതിനാറോളം വർഷം മുൻപത്തെ സംഭവപരമ്പരകളുടെ തുടക്കത്തിൽ നിന്നുവേണം എനിക്ക് ആരംഭിക്കേണ്ടത്. ഞാൻ എല്ലാം പറയാം.”
നെറ്റിയിൽ പൊടുന്നനെ ഉരുണ്ടുകൂടിയ വിയർപ്പുതുള്ളികൾ വെളുത്ത തൂവാലകൊണ്ട് ഒപ്പിയെടുത്ത് അൽപ നേരം ചിന്തിച്ചിരുന്നു
“പുരാതനമായ കുടുംബമാണ് ഞങ്ങളുടേത്. എന്‍റെ അപ്പൻ ഡൊമനിക് റോസാരിയോ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറായിരുന്നു. അമ്മ മാർഗരീറ്റ. നല്ല കാര്യശേഷിയുള്ള ഒരു സ്ത്രീയായിരുന്നു. ഞാനാദമ്പതികളുടെ ഏകമകളും. എന്‍റെ അമ്മ വെളുത്തു തടിച്ച് സുന്ദരിയായ സ്ത്രീയായിരുന്നു. ഒരു വിവാഹച്ചടങ്ങിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ട് അപ്പന്‍റെ വീട്ടുകാർ വിവാഹാലോചന മുമ്പോട്ടു വക്കുകയായിരുന്നു. ഉയർന്ന വിദ്യഭാസ യോഗ്യതകളൊന്നും അമ്മയ്ക്കില്ലായിരുന്നെങ്കിലും കഴിവിന്‍റേയും കാര്യശേഷിയുടേയും ആൾരൂപമായിരുന്നു അവർ.
അല്പം പിടിവാശിയും തന്‍റെ തീരുമാനമേ വീട്ടിൽ നടക്കാവൂ എന്ന ഒരു താൻപോരിമയും ഉണ്ടെങ്കിലും ഭർത്താവിനേയും മകളായ എന്നെയും അതിരറ്റ് സ്നേഹിച്ചിരുന്ന ഒരു മാതൃകാവനിതയായിരുന്നു അവർ. അപ്പന്‍റെ അടുക്കൽ നിന്നും എന്‍റെ ഓർമ്മയിൽ മോശപ്പെട്ട അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. വഴക്കുപറയുകയോ തല്ലുകയോ ഒന്നും ചെയ്തിട്ടില്ല.
ഞാൻ ആവശ്യപ്പെടുന്നത് വാങ്ങി നല്കും. സമ്മാനങ്ങളും കളിപ്പാട്ടങ്ങളും മനോഹരമായ ഉടുപ്പുകളും നിർലോഭം എനിക്കുതരുമായിരുന്നു. എന്‍റെ ഓർമ്മകളിൽ വാത്സല്യത്തോടെ മാത്രമേ അപ്പൻ എന്നോട് ഇടപെട്ടിട്ടുള്ളൂ. ദിവസവും ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ എത്ര വൈകിയാലും ഒരു ചോക്ലേറ്റ് ബോക്സ് എനിക്കായി കരുതിയിട്ടുണ്ടാകും. അദ്ദേഹത്തിൽ നിന്നും മോശമായ ഒരനുഭവവും എനിക്കുണ്ടായിട്ടില്ല.
എങ്കിലും അപ്പന്‍റെ തീഷ്ണമായ നോട്ടത്തിന്‍റെ അർത്ഥതലങ്ങളറിയാൻ എനിക്ക് ചെറുപ്പം മുതൽ കഴിഞ്ഞിരുന്നു. ആ കണ്ണുകൾ തീഷ്ണമാകുന്നതിന്‍റെ അർത്ഥം അപ്പോൾ ഞാൻ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല എന്നാണ്. അതു മനസ്സിലാക്കി ഞാൻ അപ്പോൾത്തന്നെ ചെയ്തുകൊണ്ടിരിക്കുന്ന പരിപാടി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.” മിയയുടെ കണ്ണുകൾ സജലങ്ങളായി.
ഓർമ്മകളുടെ വേലിയേറ്റത്തിൽ വൈകാരികവിക്ഷോഭം അവരുടെ മുഖത്ത് കടൽത്തിരപോലെ ഓളം തല്ലി. അവരെ ശ്രദ്ധിച്ചിരുന്ന ട്രീസ എഴുന്നേറ്റ് അലമാരി തുറന്ന് ഫ്ലാസ്ക്കിൽ നിന്നും ചായ മൂന്ന് ഗ്ലാസ്സുകളിലേക്ക് പകർന്ന് ടേബിളിൽ കൊണ്ടു വച്ചു. തുടർന്ന് ഒരു പ്ലേറ്റിൽ ബ്രൗൺനിറമുള്ള ചോക്ലേറ്റ് കേക്ക്പീസുകളും മസാല ബിസ്ക്കറ്റും നിറച്ച് ഞങ്ങൾക്കരികിലേക്ക് വച്ചു. ഞാൻ ചായ മിയക്കരികിലേക്ക് വച്ച് കുടിക്കുവാൻ ആവശ്യപ്പെട്ടു. അവർ ചായക്കപ്പെടുത്ത് അൽപ്പാൽപ്പം നുണഞ്ഞുകൊണ്ട് പറയാനാരംഭിച്ചു.
എന്‍റെ അമ്മയേയും അപ്പന് വലിയ സ്നേഹമായിരുന്നു. മിക്കവാറും എല്ലാ ഒഴിവു ദിവസങ്ങളിലും ഞങ്ങൾ പുറത്തു പോകുമായിരുന്നു. ഇവിടെ താഴെയുള്ള പോർച്ചുഗീസ് റസ്റ്റോറന്‍റില്ലേ? അവിടേയൊക്കെ ഞങ്ങൾ വന്ന് ഭക്ഷണം കഴിച്ചിരുന്നത് ഇപ്പോൾ കഴിഞ്ഞപോലെ ഓർക്കുന്നു. ഒറ്റമകൾക്കു ലഭിക്കാവുന്ന നിറഞ്ഞ സ്നേഹവാൽസല്യങ്ങൾ മതിയാവോളം അനുഭവിച്ചാണ് ഞാൻ വളർന്നത്.“
അവർ ചായ കുടിച്ചു തീർത്ത് കപ്പ് താഴെ വച്ചു. ഒരു ബിസ്ക്കറ്റ് എടുത്തു കടിച്ചു. അപ്പോൾ അവർ ഏറെ അസ്വസ്ഥയെന്ന് തോന്നി. ഇനി പറയാൻ പോകുന്ന വസ്തുതകളെക്കുറിച്ചുള്ള ചിന്തകളാണ് അവരെ ആ സംഘർഷങ്ങളിലേക്കെത്തിച്ചതെന്ന് എന്‍റെ മനസ്സു പറഞ്ഞു. ഞാൻ അവരെ തുടർന്നു പറയാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
അവർ തെല്ലിട സംശയിച്ച ശേഷം പറഞ്ഞു തുടങ്ങി.
“ഞാൻ പത്താംക്ലാസ്സിൽ പഠിക്കുന്ന കാലയളവിൽ അപ്പനിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. നിസാരകാര്യങ്ങൾക്ക് അമ്മയോട് കയർക്കുക വഴക്കിടുക എന്തിനേറെ ഒരുനാൾ തല്ലുക കൂടി ചെയ്തു. എന്നോടു കയർക്കലൊന്നുമില്ലെങ്കിലും പഴയപോലുള്ള സ്നേഹ പ്രകടനങ്ങളില്ല. അമ്മയ്ക്ക് ആദ്യം അപ്പനിൽ വന്നമാറ്റം ഉൾക്കൊള്ളാനായില്ല. ഇത്രകാലം നീണ്ട സന്തോഷകരമായ ദാമ്പത്യജീവിതത്തിൽ ഒരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല. പിന്നെ അപ്പനിൽ മദ്യപിക്കുന്നതടക്കമുള്ള ദു:സ്വഭാവങ്ങൾ കാണാൻ തുടങ്ങി.
രാത്രി നേരത്തെ പറയാതെ വൈകിവരിക പതിവായി. അപ്പനെ കാര്യമായി എന്തോ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മതന്നെ അപ്പനു വന്ന മാറ്റത്തിന്‍റെ കാരണം കണ്ടുപിടിച്ചു. തീർത്തും വേദനാജനകമായ ഒന്നായിരുന്നു അത്!
ആദ്യമൊന്നും ആ വസ്തുത ഉൾക്കൊള്ളാൻ എനിക്കു കഴിഞ്ഞില്ല പിന്നെപിന്നെ അതു വിശ്വസിക്കേണ്ടി വന്നു. അല്ലലിലാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഞങ്ങളുടെ സന്തുഷ്ടമായ കുടുംബജീവിതത്തിന്‍റെ അസ്ഥിവാരം തോണ്ടുന്ന ഒന്നായിരുന്നു അത്!
പൊടുന്നനെ മിയയുടെ മുഖത്ത് രക്തം ഇരച്ചുകയറി. അരുണിമ ആ മുഖത്ത് പടർന്നു.“ അതെ അവളാണ് എല്ലാം നശിപ്പിച്ചത് ആ നശിച്ച പെണ്ണ് റിസ്വാന.”
ദേഷ്യം സഹിക്കാനാവാതെ മിയ പല്ലിറുമ്മുന്നത് ഞാൻ വ്യക്തമായി കേട്ടു.
ആരാണ് റിസ്വാന? ഞാൻ ചോദിച്ചു.
“എന്‍റെ അപ്പന്‍റെ കാമുകി… അപ്പൻ തന്‍റെ കൺസൾട്ടിംഗ് സമയം ഒരു ഹോസ്പിറ്റലിനായും പിന്നീട് സ്വന്തമായി നടത്തുന്ന ക്ലിനിക്കിനായും ഭാഗിച്ചിരുന്നു. ഉച്ചയ്ക്കുശേഷം ക്ലിനിക്ക് പ്രവർത്തിച്ചിരുന്നു. ആ ക്ലിനിക്കിൽ അപ്പോയ്ന്‍റ് ചെയ്ത നേഴ്സായിരുന്നു റിസ്വാന. നേഴ്സെന്നു പറയാനാകില്ല ഒരു സഹായി. അവളെങ്ങനെ അവിടെ എത്തിപ്പെട്ടതെന്ന് ആലോചിച്ചിട്ട് ഒരുത്തരവും എനിക്ക് കിട്ടിയില്ല. കാരണം അപ്പന് ക്ലിനിക്കിൽ സഹായികളുടെ ആവശ്യമൊന്നും ഇല്ലായിരുന്നു. ഞാനവിടെ പലതവണ പോയിട്ടുണ്ട്. ഒരു നേഴ്സിന്‍റെ സേവനം ആവശ്യമുള്ള പ്രയാസകരമായ കേസുകൾ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യാറാണ് പതിവ്.”
റിസ്വാന… അവൾക്ക് എന്‍റെ അറിവിൽ ഇരുപതു വയസ്സിനു താഴെയേ പ്രായമുണ്ടായിരുന്നുള്ളൂ. എന്‍റെ അപ്പന് നാൽപ്പത്തേഴ് വയസ്സും. എന്താ ഇനി ഞാൻ പറയേണ്ടത്? മറ്റുള്ളവരുടെ കുടുംബം നശിപ്പിക്കാൻ കച്ചകെട്ടി നടക്കുന്ന അവളുടെ വലയിൽ അപ്പൻ പൂർണ്ണമായും പെട്ടുപോയി. അവളുടെ കൈയ്യിലെ വെറുമൊരു പാവ മാത്രമായി മാറി ഡോക്ടർ റൊസാരിയോ.
റിസ്വാനയുടെ പ്രണയം അസ്ഥിക്കു പിടിച്ച എഴുത്തുകളും ഫോട്ടോയും അപ്പന്‍റെ ബാഗിൽ നിന്നും അമ്മ പലപ്പോഴായി കണ്ടെത്തിയിരുന്നു. അതെച്ചൊല്ലിയുള്ള ചോദ്യം ചെയ്യലും പ്രകോപനകരമായ സംസാരങ്ങളും വഴക്കും… ഇതെല്ലാം കൊണ്ട് സത്യത്തിൽ വീട് നരകതുല്യമായി. എനിക്കാണെങ്കിൽ ഇതെല്ലാം കണ്ട് ശ്രദ്ധിച്ചു പഠിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഒരു വല്ലാത്ത അരക്ഷിതാവസ്ഥ വന്നുമൂടിയ പ്രതീതി.
അങ്ങനെയിരിക്കെ അമ്മ ക്ലിനിക്കിൽ ചെന്ന് റിസ്വാനയെ ചീത്തവിളിക്കുകയും കയ്യേറ്റത്തിനു മുതിർന്നതും അപ്പനു വലിയ നാണക്കേടായി. അതിനുശേഷം അപ്പനും അമ്മയും പരസ്പരം കാണുന്നതും മിണ്ടുന്നതും വല്ലപ്പോഴായി. തുടർന്ന് അപ്പൻ മറ്റൊരു ആരോപണവുമായി വന്നു.
ഏതോ ഒരു ആൽഫ്രഡുമായി അമ്മക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തൽ. അതിന്‍റെ തെളിവായി ആൽഫ്രഡ് അമ്മയ്ക്ക് കൊടുത്തതെന്ന് പറഞ്ഞ് കുറെ പ്രേമലേഖനങ്ങൾ അപ്പൻ കാണിച്ചു. അതുപറഞ്ഞ് ഒരു സ്വസ്ഥതയും കൊടുക്കാതെ നിരന്തരം അപ്പൻ ബഹളം വക്കുമ്പോൾ അമ്മ ഒന്നും ഉരിയാടാതെ പ്രതികരിക്കാതെ മൗനത്തിന്‍റെ വാൽമീകമണിഞ്ഞ് കണ്ണു നിറച്ചത് എന്നിൽ സംശയമുണർത്തി.
കാമുകന്‍റെ കാര്യം നിരന്തരം പറഞ്ഞ് അപ്പൻ അമ്മയിൽ നിന്ന് ഡൈവേഴ്സ് ആവശ്യപ്പെടാൻ തുടങ്ങി. അമ്മയാകട്ടെ ആ ആവശ്യം തെല്ലു പോലും വകവച്ചു കൊടുത്തുമില്ല. അപ്പനും അമ്മയും ജീവിതത്തിന്‍റെ ഒരിക്കലും അടുക്കാനാവാത്ത രണ്ടു വിരുദ്ധധ്രുവങ്ങളിലേക്ക് പരസ്പരം അകന്നകന്നു പോകുകയായിരുന്നു.”
“അന്നൊരുനാൾ പരീക്ഷാകാലമായിരുന്നു. രാത്രി ഏറെ വൈകി പഠിച്ച് കിടക്കാനായി പോകുമ്പോൾ വല്ലാത്ത ദാഹം തോന്നി. മുറിയിൽ സൂക്ഷിച്ച കുടിവെള്ളം തീർന്നു പോയിരുന്നു. അടുക്കളയിൽ നിന്ന് വെള്ളമെടുക്കാനായി പോകുമ്പോൾ അപ്പന്‍റെയും അമ്മയുടേയും മുറിയിൽ നിന്നും അടക്കിപ്പിടിച്ച സംസാരം കേട്ടു .
അപ്പൻ അമ്മയുടെ കൈപിടിച്ച് ഗദ്ഗധത്തോടെ, വിതുമ്പിക്കൊണ്ട് പറയുകയാണ്. ചെയ്ത തെറ്റുകൾ ക്ഷമിക്കണമെന്നും ഇനി മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും ആ പെണ്ണിനെ ഇന്നലെ ക്ലിനിക്കിൽ നിന്നും പറഞ്ഞു വിട്ടെന്നും… അമ്മ അതെല്ലാം കേട്ട് കണ്ണീരോടെ വിസ്മയമിഴികളോടെ നിൽക്കുകയാണ്.
ഞാൻ തുടർന്ന് കേൾക്കാൻ നിൽക്കാതെ, മനസ്സു നിറഞ്ഞ സന്തോഷത്തോടെ സമാധാനത്തോടെ കിടപ്പു മുറിയിലേക്ക് പോയി കിടന്നു. ഇത്രയേറെ മനസ്സമാധാനത്തോടെ ഞാൻ അടുത്തകാലത്തെന്നും മതി മറന്ന് ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ലിവിംഗ് റൂമിൽ ചെന്നപ്പോൾ അതീവ സന്തോഷവതിയായി അമ്മയും സന്തുഷ്ടനായി നിറഞ്ഞ പുഞ്ചിരിയോടെ അപ്പനും ഒരുങ്ങി നിൽക്കുന്നു. ഒരു ഔട്ടിങ്ങിനുള്ള പുറപ്പാടാണ്. ഞാൻ അത്തരമൊരു കാഴ്ച കണ്ടിട്ട് ഏറെനാളുകൾ ആയിരുന്നു. എനിക്കൊരുവേള ആ കാഴ്ച കണ്ടു വിശ്വസിക്കാനായില്ല. എനിക്ക് അത്ഭുതവും ഒപ്പം അടക്കാനാവാത്ത സന്തോഷവും തോന്നി.
എന്നെ ഏറെ നാളായി, ഭീതിയിലാഴ്ത്തിയിരുന്ന അവരുടെ പിണക്കവും വഴക്കുമെല്ലാം ഒരു രാത്രി കൊണ്ട് മാറിയിരിക്കുന്നു. പരീക്ഷാക്കാലമായിട്ടും ഞാനും പെട്ടന്ന് തന്നെ ഒരുങ്ങി പോകാനായി തയ്യാറായി. ആ ദിവസം! അത്രയേറെ സന്തോഷകരമായ ഒരു ദിവസമായിരുന്നു അത്. കായലിൽ ബോട്ടു യാത്രയും ഒന്നാന്തരം സ്റ്റാർ റസ്റ്റോറന്‍റിൽ നിന്നും രുചികരമായ ഭക്ഷണം കഴിച്ചും, കായലിൽ നിന്നും മീൻ പിടിച്ചും, എല്ലാരും ചേർന്ന് ഫോട്ടോകളെടുത്തും.. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ഞാൻ ഓർക്കുന്നു.
നിശ്ശബ്ദമായി അവർ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്ന ഞാൻ അവരുടെ വിടർന്ന മിഴികളിൽ കണ്ണുനീർത്തുള്ളികൾ നിറഞ്ഞു തുളുമ്പുന്നത് പ്രയാസത്തോടെ കണ്ടു. ആകംക്ഷ അടക്കാനാവാതെ ഞാൻ അവരോട് തുടർന്നു പറയാൻ അവശ്യപ്പെട്ടു.
“പിന്നെ ഞങ്ങളുടെ കുടുംബത്തിലൊരു പതിവുണ്ട്. മാസാവസാനം അപ്പന്‍റേയും അമ്മയുടേയും സുഹൃത്തുക്കളേയും വേണ്ടപ്പെട്ട മറ്റു ബന്ധുക്കളെയും അപ്പന്‍റെ ജോലിസ്ഥലത്തെ ആളുകളെയും ക്ഷണിച്ചു വിരുന്ന് നല്കാറുണ്ടായിരുന്നു. അമ്മ തന്‍റെ പാചകവൈദഗ്ധ്യം ആളുകൾക്കു മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായിട്ടായിരുന്നു ആ വിരുന്നിനെ കണ്ടിരുന്നത്. ഒന്നുരണ്ടു സഹായിയെക്കൂട്ടി വിരുന്നിനു സാമാന്യം ഭേദപ്പെട്ട വിഭവങ്ങൾ തയ്യാറാക്കുക അമ്മയ്ക്ക് നിസ്സാരകാര്യമായിരുന്നു.
വിരുന്നിനു ശേഷം വീഞ്ഞു കഴിക്കലും ദമ്പതികൾ കൈകോർത്തുള്ള നൃത്തവും പതിവായിരുന്നു. ആ ദിവസം എന്‍റെ ഇന്നുവരെയുള്ള ജീവിതത്തിലെ ഒരിക്കും മറക്കാൻ കഴിയാത്ത നശിച്ച ദിവസമായിരുന്നു. ആ ഞായറാഴ്ച, കൃത്യമായി പറഞ്ഞാൽ മാർച്ച് മാസം 25-ാം തീയതി.
അന്ന് പുലർകാലം മുതലേ പൊടിഞ്ഞ മഴ പെയ്തുകൊണ്ടിരുന്നു. തണുപ്പ് ഞങ്ങളുടെ റോസ് വില്ലയെ വട്ടംചുറ്റി പുണർന്നു കൊണ്ടിരുന്നു. അതൊന്നും തെല്ലു പോലും വകവക്കാതെ അമ്മ രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്നതിലും മറ്റും മേൽനോട്ടം വഹിച്ച് ഊർജ്ജസ്വലയായി ഓടി നടന്നു. നല്ല മഴക്കോളു കണ്ട് പ്രതീക്ഷിച്ച അതിഥികൾ എല്ലാവരും എത്തിച്ചേരില്ലെന്ന് ഞങ്ങൾ കരുതിയെങ്കിലും സായാഹ്നമായപ്പോഴേക്കും അതിഥികളെല്ലാവരും ഞങ്ങളുടെ വസതിയിൽ വന്നുചേർന്നു. ഒരു ഇരുപതോളം പേരുണ്ടായിരുന്നതായാണ് എന്‍റെ ഓർമ്മ.
വന്നവരെല്ലാം അന്യോനം പതിവുപോലെ പരസ്പരം സ്നേഹാന്വേഷണങ്ങൾക്കും കുശലപ്രശ്നങ്ങളും വീട്ടുവിശേഷങ്ങൾക്കും ശേഷം വിരുന്നു തുടങ്ങി. അതൊടൊപ്പം കലാപരമായ കഴിവുള്ളവരുടെ പ്രകടനവും തുടങ്ങി. ഞാനും എനിക്ക് പരിചയമുള്ള ആളുകളെ സ്വീകരിച്ച ശേഷം അവരൊടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.
ഒന്നു രണ്ടു കലാപരിപാടികൾ കണ്ടശേഷം ഞാൻ രണ്ടുനാൾ കഴിഞ്ഞുള്ള പരീക്ഷക്കു എന്തെങ്കിലും വായിക്കാമെന്നു കരുതി കിടപ്പുമുറിയിലേക്കു പോയി. പുസ്തകം നെഞ്ചിനു മുകളിൽ പിടിച്ച് കിടന്നുകൊണ്ട് വായിക്കുന്നതിനിടെ ചെറുതായൊന്നു മയങ്ങിക്കാണണം. താഴെ നിന്ന് ഉച്ചത്തിൽ ബഹളം കേട്ടാണ് ഞെട്ടിയുണർന്നത്.
താഴെ ചെന്നു നോക്കുമ്പോൾ അപ്പൻ ഒരാളോട് കയർക്കുകയാണ്. ഒപ്പം അയാളെ തള്ളുകയും മർദ്ദിക്കാനും ശ്രമിക്കുന്നുണ്ട്. നീയല്ലെടാ ആൽഫ്രഡ് നിന്നെ ഞാൻ ഇപ്പോൾത്തന്നെ തീർക്കും എന്നൊക്കെ മദ്യലഹരിയിലെന്നവണ്ണം അസ്പഷ്ടമായി അപ്പൻ വിളിച്ചു പറയുന്നുണ്ട്. അമ്മയും വിരുന്നിനുവന്ന രണ്ടുമൂന്ന് പേരും ചേർന്ന് അപ്പനെ തടയാൻ ശ്രമിക്കുന്നു. അപ്പൻ കുതറി വീണ്ടും അയാളെ മർദ്ദിച്ചു.
അപ്പൻ മർദ്ദിച്ച ആൾ ആ അടിയുടെ ഊക്കിൽ നിലത്തു വീഴുന്നത് കണ്ടു. അപ്പൻ വീണ്ടും മർദ്ദിക്കാനൊരുമ്പെടുന്നതു കണ്ട് അയാൾ പൊടുന്നനെ തട്ടിക്കുടഞ്ഞെഴുന്നേറ്റ് വീടിന്‍റെ മുൻവാതിൽ തള്ളിത്തുറന്ന് ഓടാനാരംഭിച്ചു. അപ്പൻ പിറകെയും. ഇതെല്ലാംകണ്ട് സ്തംഭിച്ചു നിന്നുപോയ എന്നെ അമ്മ കണ്ടു. അമ്മ ഭയം കലർന്ന മുഖഭാവത്തോടെ എന്നരികിൽ ഓടിവന്ന് കൈപിടിച്ചു വലിച്ചുകൊണ്ട് കിടപ്പുമുറിയിൽ കയറ്റി.
“മോളെ ഇവിടെത്തന്നെ ഇരുന്നാൽ മതി… താഴേക്കു വരണ്ട.” എന്നു പറഞ്ഞ് വാതിൽ കുറ്റിയിട്ട് പോയി. ഭയന്നു വിറച്ചു പോയ ഞാൻ കിടക്കയിൽത്തന്നെ ഇരുന്നു. എന്‍റെ അമ്മയെ… എന്‍റെ അമ്മയെ… ഞാൻ അന്നാണ് അവസാനമായി കാണുന്നത്. അതിനുശേഷം…“
മിയ അവസാനം പറഞ്ഞ വാചകങ്ങൾ ചെറിയ മുഴക്കങ്ങളായാണ് എന്‍റെ കാതിൽ വന്നലച്ചതെന്ന് എനിക്കു തോന്നി. അതിന്‍റെ അനുരണനങ്ങൾ തെല്ലിടനേരം കൂടി എന്‍റെ കർണപുടങ്ങളിൽ മറ്റൊലിപൂണ്ടു. ട്രീസ എഴുന്നേറ്റ് മിയയുടെ കൺതടം നിറഞ്ഞ് താഴേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് അവളെ തന്നോട് ചേർത്ത് ആശ്വസിപ്പിച്ചു.
അത്തരമൊരു തലോടൽ മിയ ആഗ്രഹിച്ചിരുന്നതായി എനിക്ക് തോന്നി. ഉച്ചവെയിലിന്‍റെ തിരിയുന്ന കനത്തു പിടിച്ച ചൂട് ഉൾമുറിക്കകത്തേക്ക് പടർന്നിറങ്ങി. ഫുൾസ്പീഡിൽ കറങ്ങിയിട്ടും ഫാനിന് സ്പീഡ് പോരെന്നു തോന്നി. ഉഷ്ണതരംഗങ്ങൾ മുറിക്കകത്ത് വട്ടം ചുറ്റുകയാണ്. ഉള്ളും മനസും തണുപ്പിക്കുന്ന ഡ്രിങ്ക്സ് എന്തെങ്കിലും?
ബംഗാളിപ്പയ്യനെ ഫോണിൽ വിളിച്ച് മൂന്ന് ലസ്സി കൊണ്ടുവരാൻ പറഞ്ഞു. അതുവാങ്ങേണ്ട ഇടവും പറഞ്ഞു കൊടുത്തു. ട്രീസ അപ്പോഴേക്കും മിയയോട് സമാധാനവാക്കുകൾ പറഞ്ഞാശ്വസിപ്പിച്ചശേഷം തുടർന്നുള്ള സംഭവങ്ങൾ വിവരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
മുറിയിൽ തെല്ലിടനേരം മൗനം തളംകെട്ടി. മൗനം ഭഞ്ജിച്ച് മിയ വീണ്ടും പറഞ്ഞു തുടങ്ങി.
“അന്നു രാത്രി ക്ഷീണവും ഭയവും മൂലം എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ ഏഴു മണിയായിരിക്കുന്നു. വാതിലാകട്ടെ പുറത്തു നിന്നും പൂട്ടിയിട്ടിരിക്കുന്നു. ഒരു ഗ്ലാസ്സ് ബ്രൂകോഫിയുമായി മിക്കവാറും ദിവസങ്ങളിൽ അമ്മയാണ് എന്നെ ഉണർത്താറ്. പൊടുന്നനെ തലേന്നത്തെ സംഭവങ്ങൾ എനിക്കോർമ്മ വന്നു. അന്ന് നോക്കിയയുടെ ചെറിയഫോണാണ് എനിക്കുണ്ടായിരുന്നത്. അമ്മയെ വിളിച്ചു അപ്പനെ വിളിച്ചു രണ്ടുപേരുടെ ഫോണും സ്വിച്ചോഫ്.
പിന്നെയും പലതവണ ശ്രമിക്കുമ്പോഴാണ് വാതിലിൽ മുട്ടു കേട്ടത്. ധൃതിയിൽ വാതിൽ തുറന്ന് നോക്കുമ്പോൾ അപ്പന്‍റെ സിസ്റ്റർ ഏലിയാന്‍റി. എന്‍റെ അപ്പൻ അവരെ രാവിലെ ഫോൺ ചെയ്തെന്നും എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്നും പറഞ്ഞത്ര. അതുപ്രകാരം ധൃതി പിടിച്ചു വന്നതാണവർ. മനസ്സു തീർത്തും തളർന്ന് പരിക്ഷീണയായ എനിക്ക് ചുറ്റുപാടും എന്തെല്ലാമാണ് നടക്കുന്നതെന്ന് മനസ്സിലായില്ല.
ഏലിയാന്‍റി പറഞ്ഞതനുസരിച്ച് ഞാനെന്‍റെ ഉടുപ്പുകളും പുസ്തകങ്ങളുമെടുത്ത് അവരുടെ കൂടെ പുറപ്പെട്ടു. എന്തെങ്കിലും ഒഴിവാക്കാനാവാത്ത കാര്യത്തിന് അമ്മയും അപ്പനും കൂടെ ഒരുമിച്ചു പുറത്തു പോയതാവും . വൈകുന്നേരത്തോടെ തിരിച്ചുവരും. എന്നാണ് ഞാൻ കരുതിയത്. പാർട്ടിക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചൊന്നും ഞാൻ അത്രക്ക് ഇഴകീറി ചിന്തിച്ചുമില്ല.
ഏലിയാന്‍റിയുടെ വീട്ടിൽ രാവേറെ ചെല്ലുവോളം കാത്തിരുന്നെങ്കിലും ആരും തിരിച്ചുവന്നില്ല. ഫോൺ വിളിക്കുമ്പോഴൊക്കെ സ്വിച്ച്ഓഫും. ഒരു ദിവസം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു ഒരു വിവരവും ഇല്ല. ഏലിയാന്‍റിയും പലതവണ ഫോൺ ചെയ്തു നോക്കി. ഒടുവിൽ ഏലിയാന്‍റിക്കും എന്തോ അസ്വഭാവികത തോന്നി. അവർ എന്‍റെ അനുവാദത്തോടെ സഹോദരനേയും ഭാര്യയേയും കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി കൊടുത്തു. പോലീസെത്തി.
എനിക്കറിയാമായിരുന്നത് ഞാൻ പറഞ്ഞു. തുടർന്നവർ വീട്ടിൽ പരിശോധന ആരംഭിച്ചു. ഏറെ നേരത്തെ തിരച്ചലിനു ശേഷം ഞങ്ങൾ വൈനും മറ്റും സൂക്ഷിക്കുന്ന നിലവറയിലെ മൂലയിൽ മണ്ണിളകിയിരിക്കുന്നതായി കണ്ടു. അവിടെ വിശാലമായി കുഴിച്ചു നോക്കിയ പോലീസുകാർ കണ്ടത്…“
മിയ ടേബിളിൽ കൈകൾ പിണച്ച് അതിൽ തല താഴ്ത്തി… “വേണ്ട അതൊന്നും പറയണ്ട. അപ്പോൾത്തന്നെ പോലീസ് നിങ്ങളുടെ അപ്പന്‍റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിക്കാണുമല്ലോ? അതു അപ്പോൾ പറയേണ്ടിയിരുന്നില്ലെന്നു എനിക്ക് തോന്നി.
മിയ പൊടുന്നനെ എഴുന്നേറ്റു. അവളുടെ മുഖം ചുവന്നു.
“അതെ അതുതന്നെയാണ് പ്രശ്നം. എല്ലാവരും അങ്ങനെത്തന്നെയാണ് വിചാരിച്ചിരിക്കുന്നത്. എന്‍റെ അമ്മയെ അപ്പൻ കൊന്നിട്ടില്ല. അമ്മയെ എന്നല്ല ഒരാളെയും അപ്പന് കൊല്ലാൻ കഴിയില്ല. കൊല്ലാൻ പോയിട്ട് ഒരുറുമ്പിനെ വേദനിപ്പിക്കാൻ അപ്പനു കഴിയില്ല. എന്‍റെ അപ്പൻ പാവമാണ്. അതുകൊണ്ടാണ് ആ പിശാചിന്‍റെ പ്രലോഭനത്തിൽ അപ്പൻ പെട്ടുപോയത്. ഒരുവൾ രണ്ടും കൽപ്പിച്ച് ഒരുമ്പെട്ടിറങ്ങിയാൽ എന്തു ചെയ്യാനൊക്കും?
മനുഷ്യസഹജമായതേ അപ്പനും ചെയ്തുള്ളൂ. പിന്നീട് ആ തെറ്റു മനസ്സിലാക്കി അത് മാപ്പു പറഞ്ഞു തിരുത്തി അപ്പൻ ഞങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു വന്നതല്ലേ? ഞാനതിന് ഏക ദൃക്സാക്ഷിയാണ്.”
“സോറി വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ഞാൻ ഉദ്ദേശിച്ചത് പോലീസിൽ മിസ്സിംഗ് ആയ പരാതി കൊടുത്താൽ സ്വാഭാവികമായി അന്വേഷിക്കുമല്ലോ? പോരാത്തതിന് വീട്ടിൽ നിന്നും… ഞാനതു പൂർത്തീകരിച്ചില്ല.
“അതെ… അവരന്വേഷിച്ചു. കണ്ടുപിടിക്കുകയും ചെയ്തു. ഏറെ നാൾ പണിപ്പെട്ടാണ് കണ്ടെത്തിയത്. ഡൽഹിക്കടുത്ത് വിദൂരമായ ഒരു ഗ്രാമത്തിൽ വച്ച്. അപ്പനെ മാത്രമല്ല കൂടെ അവളുമുണ്ടായിരുന്നു. റിസ്വാന!“
എന്‍റെ കാലിന്‍റെ പെരുവിരലിൽനിന്ന് ഒരു തരിപ്പ് മുകളിലോട്ട് അരിച്ചു കയറി. ആ നടുക്കം പുറത്തു കാണിക്കാനാവാതെ ഞാൻ തെല്ലിട കണ്ണുചിമ്മി.
“പോലീസവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. പിന്നെ, കോടതിയായി കേസായി. എന്‍റെ മൊഴിയെടുത്തു. എല്ലാത്തിനുമൊടുവിൽ അപ്പനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആ സാത്താന്‍റെ സന്തതിയെ വെറുതെ വിട്ടു. ലോകത്തോടു മുഴുവൻ വെറുപ്പായിരുന്നു എനിക്ക്. സ്നേഹനിധിയായ എന്‍റെ അപ്പനെ… ഒപ്പം നിലവറയിൽ കണ്ടെത്തിയ ശരീരാവശിഷ്ടാക്കൾ?
ചിലപ്പോൾ അപ്പനോട് കഠിനമായ വെറുപ്പ് തോന്നും. പക്ഷേ അപ്പൻ നിരപരാധിയെന്ന് ഇപ്പോൾ ഞാൻ സംശയത്തിന് ഇടയില്ലാതെ വിശ്വസിക്കുന്നു ആ വിശ്വാസത്തെ പൂർണ്ണമായും ശരിവെക്കുന്ന വ്യക്തമായ തെളിവ് ഇന്ന് എന്‍റെ പക്കലുണ്ട്. നല്ല കഴിവുള്ള, സമൂഹത്തിൽ അന്തസ്സും ആഭിജാത്യവുമുള്ള എന്‍റെ അപ്പനെ കുടുക്കാൻ ആരോ ആരുടേയോ ശരീരാവശിഷ്ടങ്ങൾ നിലവറയിൽ മണ്ണിളക്കി കുഴിച്ചിട്ടു അപ്പനെ എല്ലാ തരത്തിലും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയുടെ, കൊടുംകുടിലതയുടെ ഭാഗമായി ഈ സംഭവങ്ങൾ കാണാൻ കഴിയില്ലേ?
അങ്ങനെ ചിന്തിക്കുമ്പോൾ ഒരു വലിയ ചോദ്യം പിടിതരാതെ നിൽക്കുന്നു. എന്‍റെ അമ്മയെവിടെ? ആ ചോദ്യത്തിന് അപ്പന് ഉത്തരമില്ലാത്തതുകൊണ്ടുതന്നെ ഒരിക്കൽ പോലും ഞാൻ അപ്പനെ കാണാൻ പോയിട്ടില്ല. ഞാൻ നിരപരാധിയാണ് എന്ന ഒറ്റമറുപടിയാണ് അപ്പൻ എല്ലാവരോടും കോടതിയിലും ആവർത്തിച്ചത്.
മനസ്സിന്‍റെ സമനില തന്നെ തെറ്റിക്കുന്ന ഇത്തരം കാര്യങ്ങളെല്ലാം ഒരു ദുസ്വപ്നം പോലെ മറക്കാൻ സ്നേഹനിധിയായ ഏലിയാന്‍റിയുടെ ദയയും വാത്സല്യവും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവരുള്ളതു മൂലമാണ് ഞാൻ ഇന്നും ജീവിതത്തിൽ നിലനിൽക്കുന്നത്.
സ്നേഹനിധിയും എന്നിൽ ഒരുപാട് കരുതലുള്ള ഒരു ഭർത്താവിനെ അവർ എനിക്ക് കണ്ടെത്തിത്തന്നു. അതിന് ഞാൻ സർവ്വേശ്വരനോട് നന്ദി പറയുന്നു. ഈശ്വരൻ മോശം അനുഭവങ്ങൾ ഒരുപാട് തന്നിട്ടുണ്ടെങ്കിലും, ഇന്ന് ഞാൻ തീർത്തും സന്തോഷത്തിലും സമാധാനത്തിലും ആണ് ഇവിടെ ജീവിക്കുന്നത്.
വിവാഹശേഷം ഞാൻ ഏറെക്കാലം വിദേശത്തായിരുന്നു. മൂന്നു വർഷം മുമ്പ് എനിക്ക് അറിയിപ്പു കിട്ടി. അപ്പൻ ജയിലിൽ വച്ച് മരണപ്പെട്ടെന്ന്! ഞാൻ വന്നില്ല. എനിക്കെന്‍റെ അപ്പനെ മരിച്ച അവസ്ഥയിൽ പോലും കാണണമെന്നില്ലായിരുന്നു. ഇന്ന് അതേക്കുറിച്ചു ചിന്തിച്ചു മനസുരുകുകയാണ്. എന്തൊരു മഹാപാപിയാണ് ഞാൻ? എന്‍റെ മനസാക്ഷിയുടെ കോടതിൽ ഞാൻ ഒരു തെറ്റുകാരിയായി പ്രതിസ്ഥാനത്തു നിൽക്കുകയാണ്.
ഏലിയാന്‍റിയായിരുന്നു അപ്പന്‍റെ ശവസംസ്ക്കാരത്തിനൊക്കെ മേൽനോട്ടം വഹിച്ചത്. പിന്നീട് വിദേശവാസം മടുത്തപ്പോൾ ഞങ്ങൾ നാട്ടിൽ വന്ന് സെറ്റിൽ ചെയ്തു. ഇവിടെ ഞാൻ ജനിച്ചു വളർന്ന വീടുണ്ടല്ലോ? ബന്ധുജനങ്ങളുണ്ടല്ലോ? പിന്നെ കാലം മായ്ക്കാത്ത മുറിവുകളുണ്ടോ? ആ നിലവറയും മറ്റും പൊളിച്ചു കളഞ്ഞ് വീടിന്‍റെ മുഖഛായമാറ്റി സമാധാനത്തോടെയും സന്തോഷത്തോടെയും ഞങ്ങൾ ജീവിക്കുന്നു. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ഇതിൽ താങ്കൾക്കെന്താണ് റോളെന്ന്? എനിക്ക് ഒരൊറ്റകാര്യം അറിയണം.
എന്‍റെ അപ്പൻ കുറ്റക്കാരനായിരുന്നോ? ഞാൻ വലിയൊരു തെറ്റ് അദ്ദേഹത്തോട് ചെയ്തുവോ? ഞാനൊന്ന് കാണാൻ ചെന്നിരുന്നെങ്കിൽ അദ്ദേഹം സൂയിസൈഡ് ചെയ്യുമായിരുന്നില്ല. എനിക്കീ ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം കിട്ടണം. എന്നെ നേരിട്ട് ബാധിക്കുന്ന യാതൊരു പ്രശ്നങ്ങളും നിലവിൽ ഇല്ലാത്ത ഇപ്പോഴത്തെ അവസ്ഥയിൽ ഞാനിത് കുത്തിപ്പൊക്കുന്നത് എന്തിനെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നെ മനസിന്‍റെ കോടതിക്കൂട്ടിൽ കുറ്റക്കാരിയായി നിർത്തുന്നതിനു കാരണം ഈ കത്താണ് നോക്കൂ.”
അതും പറഞ്ഞ് അവർ ബാഗു തുറന്ന് ഒരു സുതാര്യമായ ഫയൽ കവറെടുത്തു. അതിനുള്ളിൽ നിറംമങ്ങി മഞ്ഞ നിറമായ ഒരു കവർ പുറത്തെടുത്തു. ആ കത്തിന്‍റെ അരികുകൾ കാലപ്പഴക്കത്താൽ തുരുമ്പിച്ചു പോയിരുന്നു.
“റിനോവേഷന്‍റെ ഭാഗമായി ഞങ്ങളുടെ വീട്ടിലെ തുരുമ്പു പിടിച്ച ഗേറ്റ് നീക്കം ചെയ്തിരുന്നു. അതിൽ ഘടിപ്പിച്ചിരുന്ന പഴയ ലറ്റർ ബോക്സിൽ നിന്നും കിട്ടിയതാണിത്. വായിച്ചു നോക്കൂ. ”
ഞാനാ കവർ തുറന്നു. അതിൽ ടൈപ്പ്റൈറ്റർ ഉപയോഗിച്ച് ടൈപ്പു ചെയ്ത അരപ്പേജ് എഴുത്ത്. ആകത്തു എഴുതിയിരിക്കുന്നത് മാർഗരീറ്റ. . ! എന്‍റെ കൈകളിലിരുന്ന കത്ത് വിറകൊണ്ടു. ഞാൻ കത്ത് തുറന്നു വായിക്കാനാരംഭിച്ചു. ഒരു ക്ഷമ ചോദിക്കലാണ് കത്തിലെ വിഷയം.
മകളും ഹസ്ബന്‍റും ക്ഷമിക്കണം മറ്റൊരു മാർഗ്ഗവുമില്ലാത്തതു കൊണ്ടാണ് ഇതു ചെയ്യുന്നത്. ഞാൻ പോകുന്നു. എന്നെ ജീവനക്കാളേറെ സ്നേഹിക്കുന്ന ആൽഫ്രഡിന്‍റെ കൂടെ ഇനിയുള്ള കാലം ജീവിക്കാനായി പോകുകയാണ്. മറ്റൊരു മാർഗ്ഗവും എന്‍റെ മുന്നിലില്ല. എന്നെ വെറുക്കരുത് എന്നെ പിൻതുടരാൻ ശ്രമിക്കുകയും ചെയ്യരുത്. അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഒരു കാരണവശാലും എന്നെ അന്വേഷിക്കരുത്. അതിന് ആരെങ്കിലും മുതിർന്നാൽ വലിയ വില കൊടുക്കേണ്ടി വരും. നന്നായി പഠിക്കണം എന്ന് ഹതഭാഗ്യയായ മാർഗരറ്റ് റൊസാരിയോ.
ഞാൻ കണ്ണുയർത്തി മിയയെ നോക്കി.
“ഇനി പറയു എന്‍റെ അപ്പൻ. കുറ്റക്കാരനാണോ? അല്ലെങ്കിൽ ഞാൻ നിരപരാധിയായ എന്‍റെ അപ്പനോട് കാണിച്ചത് പൊറുക്കാനാവാത്ത തെറ്റല്ലേ? അപ്പനു വേണ്ടി നല്ലൊരു വക്കീലിനെ ഞാൻ ഏർപ്പാടാക്കിയില്ല. എന്നെ നിരന്തരം മുറിവേൽപ്പിക്കുന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കിട്ടിയേ തീരു. ഇല്ലെങ്കിൽ ഈ ചോദ്യം എന്‍റെ ജീവിതകാലം മുഴുവൻ എന്നെ വേട്ടയാടും.“
മിയയുടെ ആ വാചകത്തിനു മുന്നിൽ ഞാനൊന്ന് പകച്ചു. പെട്ടെന്ന് സംയമനം പാലിച്ച് പറഞ്ഞു.
“നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കാം. നിങ്ങൾ ഇപ്പോൾ വിവരിച്ചത് ഒരുപാട് വർഷം മുൻപത്തെ സംഭവപരമ്പരകളാണ് നിയമത്തിന്‍റെ വഴികളിലൂടെയും ഈ വിഷയം ബഹുദൂരം സഞ്ചരിച്ചിട്ടുണ്ട്. നിയമവ്യവസ്ഥ അതിന്‍റെ ദൃഢവും വ്യക്തവുമായ നടപടിക്രമങ്ങളിലൂടെ തീർപ്പു കൽപ്പിച്ചിട്ടുമുണ്ട്. ആ തീർപ്പിൽ നിങ്ങൾ കടുത്ത സംശയം പ്രകടിപ്പിക്കുന്നു. ഇതൊക്കെ ഉൾക്കൊണ്ടുതന്നെ നൂറുശതമാനം ഉത്തരം നല്കാം എന്നു ഞാൻ പറയില്ല. ശ്രമിക്കാം എന്നേ പറയാനാവൂ. പിന്നെ എനിക്ക് താങ്കളോട് ചോദിക്കാൻ അതായത് ക്ലാരിഫൈ ചെയ്യാനുണ്ട്. ചോദിക്കാമല്ലോ?”
“താങ്കൾ ശ്രമിക്കാം എന്ന് പറഞ്ഞതു തന്നെ എന്‍റെ പൊള്ളുന്ന മനസ്സിന് ആശ്വാസദായകമായി തോന്നുന്നു. ശ്രമിക്കൂ. നിങ്ങൾക്ക് എന്തും എന്നോട് ചോദിക്കാം എനിക്കറിയാവുന്ന ക്ലാരിഫിക്കേഷൻ ഞാൻ നല്കാം.”
“ശരി. നന്ദി. റിസ്വാന ഇപ്പോൾ എവിടെയുണ്ട്?”
മിയയുടെ മുഖം ഇരുണ്ടു. “കോടതി വെറുതെ വിട്ടുവെന്ന് പറഞ്ഞല്ലോ എനിക്കവളോട് കുറച്ചു കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു. ഞാൻ അവളെക്കുറിച്ചുള്ള എന്‍റെ പരിമിതമായ അറിവനുസരിച്ച് അന്വേഷിച്ചെങ്കിലും അവളെവിടെയെന്ന് എനിക്ക് കണ്ടെത്താനായില്ല. അപ്പൻ നടത്തിയിരുന്ന ക്ലിനിക്കിന്‍റെ പരിസരങ്ങളിലെവിടെയോ ആണ് അവളുടെ വീട്. ഞാനൊരാളെവിട്ട് അറിയാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിറ്റുപെറുക്കി എങ്ങോട്ടോ കടന്നു കളഞ്ഞു.
“പിന്നെ വിരുന്നിനിടയിൽ അപ്പൻ മർദ്ദിക്കാൻ ചെന്ന ആളെക്കുറിച്ച്? ആൽഫ്രഡ് എന്നല്ലേ അയാളുടെ പേര്?“
“അതെ ആ പേരിനെച്ചൊല്ലി വീട്ടിൽ നിരന്തരം പ്രശ്നങ്ങളായിരുന്നു. പേര് ഒരുപാട് കേട്ടിട്ടുണ്ട് എന്നല്ലാതെ അന്നാണ് ഞാൻ ആദ്യമായി ആ വ്യക്തിയെ കാണുന്നത്. അപ്പനാ കുഴപ്പക്കാരനെ തല്ലിയോടിച്ച ശേഷം പിന്നീട് ഇന്നുവരെ അയാളെ കണ്ടിട്ടില്ല. പക്ഷെ ധൂമകേതു പോലെ വന്ന അയാളുടെ നശിച്ച മുഖം ഞാൻ മറക്കില്ല.”
അപ്പന് വീട്ടിൽ വച്ച് കൺസൾട്ടിംഗ് ഉണ്ടായിരുന്നോ? “പതിവായി ഇല്ല. ചില അപൂർവ്വ അവസരങ്ങളിൽ രോഗിയോട് വീട്ടിൽ വരാൻ ആവശ്യപ്പെടാറുണ്ട്. വീട്ടിലും അത്യാവശ്യം ചികിത്സാ സൗകര്യങ്ങളുണ്ട്.”
നിങ്ങളും കുടുംബവും റോസ് വില്ലയിൽ താമസിക്കാൻ വരുമ്പോൾ വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടപെട്ടിരുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നോ?
“വിലപിടിപ്പുള്ളതു എന്നുപറയാൻ അമ്മയുടെ ഒർണമെന്‍റ്സ് ആണ്. അതെല്ലാം ലോക്കറിൽ ആണ്. അത്യവശ്യം ഉപയോഗത്തിനുള്ളതേ വീട്ടിൽ സൂക്ഷിക്കാറുള്ളു. അത് സുരക്ഷിതമായി അലമാരിയിൽ ഉണ്ടായിരുന്നു.”
“അമ്മയുടെ വസ്ത്രങ്ങളും മറ്റും?
“ഒന്നും തന്നെ നഷ്ടപെട്ടിട്ടില്ലായിരുന്നു. പണവും നഷ്ടപെട്ടിട്ടില്ലായിരുന്നു.“
“കുടുംബം വിദേശത്തുള്ളപ്പോൾ ഇതെല്ലാം ആരാണ് നോക്കിയിരുന്നത്?”
“ഏലിയാന്‍റി ഇടക്ക് അവർ പണിക്കാരെ കൂട്ടി വീടും തൊടിയും വൃത്തിയാക്കും. വാടകയ്ക്ക് കൊടുത്തുകൂടെ എന്ന് അവർ കൂടെ കൂടെ ചോദിക്കുമായിരുന്നു. റോസ് വില്ല വാടകയ്ക്ക് കൊടുക്കുന്നതിനോട് എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. വീടിന്‍റെതൊഴിച്ചുള്ള എല്ലാ കീകളും ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.”
തുടർന്നവർ ഒരു ഫയൽ പുറത്തെടുത്തു. അതു എനിക്കു നേരെ നീക്കി വച്ചിട്ടു പറഞ്ഞു.
“ഇതു മുഴുവൻ ഈ സംഭവവുമായി ബന്ധപ്പെട്ട് അക്കാലത്തെ പേപ്പറിൽ വന്ന തുടർകഥകളാണ്. ഈ മാധ്യമക്കഥകൾ വായിച്ച് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ജനങ്ങളെ അമ്പരിപ്പിക്കാനുള്ള നിറംപിടിപ്പിച്ച വിഭവങ്ങൾ ഇവയിൽ ഉടനീളം കാണാം. ഇതിലൊന്നും സത്യമില്ലെന്ന് എനിക്കറിയാം. റിസ്വാന പ്രഗ്നന്‍റ് ആയിരുന്നെന്നാണ് അവരുടെ ഒരു കണ്ടുപിടുത്തം. ഇതുവായിച്ച് നിങ്ങൾക്ക് കാര്യമായ ഗുണമൊന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല. എങ്കിലും കേസിന്‍റെ നാൾവഴികളെക്കുറിച്ചൊക്കെ ഒരു ഗ്രാഹ്യം ലഭിക്കും.
“ശരി. ആ കത്തു നിങ്ങൾ കൈവശം വയ്ക്കൂ. സമയം ഏറെ വൈകി. എനിക്കു പോകാനുള്ള സമയമായി വീട്ടിലൊരു അത്യാവശ്യമുണ്ട്. ഇതാണെന്‍റെ നമ്പർ.”
അവർ ഒരു കടലാസിൽ ഫോൺ നമ്പറെഴുതി എനിക്കു നേരെനീട്ടി. എഴുന്നേൽക്കാനാഞ്ഞു. ഞാനതു വാങ്ങി. അപ്പോൾത്തന്നെ എന്‍റെ ഫോണിൽ സേവു ചെയ്തു.
“എനിക്കു നിങ്ങളുടെ വീടൊന്നു കാണേണ്ടതുണ്ട്.“ ഞാൻ ആവശ്യപ്പെട്ടു.
“നോക്കു മിസ്റ്റർ സാം നിങ്ങൾക്ക് എല്ലായ്പോഴും വീട്ടിലേക്ക് സ്വാഗതം. അതിനൊന്നും യാതൊരു എതിർപ്പുമില്ല പക്ഷേ അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്‍റെ പഴയ ഓർമ്മകളുടെ അവശിഷ്ടത്തെ പേറുന്ന ഒരു ശേഷിപ്പും അവിടില്ല. ഒരു കോടിയോളം മുടക്കിയാണ് ഞാനാഭവനം റിനോവെറ്റ് ചെയ്തെടുത്തത്. ഓർമകളെ ഉണർത്തുന്നവയുടെ ഒരു തരിപോലും അവശേഷിപ്പിക്കാതെ, വേദനകളെ കുഴിച്ചു മൂടിക്കൊണ്ടുള്ള ഒരു ടോട്ടൽ റിനോവേഷൻ.”
അവർ എന്‍റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി ഫോൺനമ്പർ എഴുതിയതിനു താഴെ കുറിച്ചു.
മിയ ആൻസൻ റൊസാരിയോ വൈഫ് ഓഫ് ആൻസൻ റൊസാരിയോ, 13/1413 . റോസ് വില്ല, 2nd ക്രോസ്സ്, ബീച്ച് മെയിൻ റോഡ്.
തുടർന്ന് ട്രീസയോടും എന്നോടും യാത്ര പറഞ്ഞ് പെട്ടെന്ന് ചുറ്റുഗോവണിയിറങ്ങി റോഡിലേക്കിറങ്ങി. പൂമരച്ചോട്ടിൽ പാർക്കു ചെയ്തിരുന്ന കാറു ലക്ഷ്യമാക്കി അവർ നടന്നു പോകുന്നത് ഞങ്ങൾ നോക്കിനിന്നു.