അറബിക്കടലിലെവിടേയോ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്‍റെ ഫലമായി രണ്ടു ദിവസമായി കനത്തുപിടിച്ച മഴ. പണ്ട് താമസിച്ചിരുന്നിടമെല്ലാം വെള്ളം കയറിയെന്ന് അവിടുത്തെ പരിചയക്കാരായ അയൽക്കാർ വിളിച്ചു പറഞ്ഞു. വീട്ടിൽ വെള്ളം കയറിയാലുള്ള ഒരവസ്ഥ. കുഞ്ഞുനാളിൽ ഒന്നിലേറെ തവണ ആ അവസ്ഥ അനുഭവിച്ചതാണ്. ഇന്ന് ചിന്തിക്കാൻപോലും വയ്യ. അങ്ങിനെ കനത്തുപിടിച്ച മഴ മൂലം പുറത്തിറങ്ങാൻ കഴിയാതെയായി. അതുകൊണ്ടു തന്നെ ഏജൻസിയുമായി ബസപ്പെട്ട കാര്യങ്ങളിൽ ഒരു തുടക്കം കുറിക്കാൻ തീരുമാനിച്ചു. പുതു സംരംഭം ട്രീസയുടെ അനുവാദത്തോടെ ട്രീസയുടെ പേരിൽത്തന്നെ തുടങ്ങാനാണ് ഞാൻ നിശ്ചയിച്ചത്.
അങ്ങനെ ഞാൻ അടുത്ത സുഹൃത്തുക്കളുമായി വിവരങ്ങൾ പങ്കുവയ്ക്കാൻ ആരംഭിച്ചു ഒരു ദിവസം മുഴുവൻ കിണഞ്ഞു ശ്രമിച്ചിട്ടും ഒരു പുസ്തകത്തിന്‍റെ ഓർഡർ പോലും എടുക്കാനാവാതെ എനിക്ക് നിരാശനാകേണ്ടിവന്നു. ആവശ്യം വരുന്ന പക്ഷം അറിയിക്കാം എന്ന പൊതു മറുപടിയാണ് എല്ലായിടത്തു നിന്നും ലഭിച്ചത് ഞാൻ അവതരിപ്പിക്കുന്ന ദാർശനീക പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ സുഹൃത്തുക്കൾ പുസ്തകങ്ങളുടെ ഓർഡർ ആവശ്യപ്പെട്ടുകൊണ്ടുള്ള എന്‍റെ കാവ്യാത്മകമായ പോസ്റ്റുകളെ തീർത്തും അവഗണിച്ചു കളഞ്ഞു.
ഏതായാലും നിരാശ ഉളവാക്കുന്ന അത്തരം പ്രതികരണങ്ങളിൽ കാലുഷ്യമൊന്നും തോന്നിയില്ല. തുടക്കമല്ലേ. ഒരു ഒറ്റമുറിയിൽ ഒരു കംപ്യൂട്ടറു മാത്രമായി ആരംഭിച്ച, പുസ്തകം വിതരണം മാത്രമായി തുടങ്ങിയ ആമസോണിന്‍റെ ചരിത്രം എവിടെയോ വായിച്ചത് മനസ്സിൽ വന്നു. ശ്രമിക്കുക, തിരിച്ചടികളിൽ തളരാതിരിക്കുക കർമ്മം ചെയ്തുകെണ്ടേ ഇരിക്കുക ഫലം ഇച്ഛിക്കരുത്. കാലം കർമ്മഫലം നല്കും.
ഒരു ചെടി നടുമ്പോഴേ ഫലം തരില്ലല്ലോ! യഥാവിധി പരിപാലിച്ച് സമയം എടുത്തു മാത്രമേ കായഫലം നല്കുകയുള്ളൂ. അതുകൊണ്ട് പരമാവധി ശ്രമിക്കുക… ശ്രമിച്ചു കൊണ്ടേ ഇരിക്കുക. അതേ ചെയ്യാനുള്ളൂ.
അറബിക്കടലിലെ ന്യൂനമർദ്ദം ഒഴിഞ്ഞുപോയ തെളിഞ്ഞ ഞായറാഴ്ച. അങ്ങകലെ ആകാശത്തിന്‍റെ അതിരുകൾ വെടിച്ചിരുന്നു. ഇന്നാണ് മിയയുമൊത്തുള്ള കൂടിക്കാഴ്ച്ചയ്ക്ക് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഓഫീസിലാണത് പറഞ്ഞു വച്ചിരിക്കുന്നത്. പക്ഷെ ഓഫീസുമുറി അലങ്കോലപ്പെട്ടാണു കിടക്കുന്നത്. ഇന്ന് എന്തായാലും നേരത്തെ ഓഫീസിലെത്തി എല്ലാമൊന്ന് അടുക്കിഒതുക്കി വയ്ക്കേണ്ടതുണ്ട്.
വിവരം പറഞ്ഞ് പോകാമെന്ന് കരുതി അമ്മയെ തിരക്കിയപ്പോൾ കാണുന്നില്ല, അമ്മ ഈയിടെ എപ്പോഴും തിരക്കിലാണ്. ബാൽക്കണിയിൽ ചെന്നു നോക്കിയപ്പോൾ സ്ഫടിക കുപ്പികളിൽ വെള്ളം നിറച്ച് മണിപ്ലാന്‍റുകൾ നട്ട് വേണ്ട പരിപാലനം ചെയ്യുകയായിരുന്നു അമ്മ. ആ വിദ്യയും, ഫ്ലാറ്റിനുള്ളിലെ വിവിധ ഇടങ്ങളിൽ വാസ്തുശാസ്ത്രപ്രകാരം വയ്ക്കേണ്ട ക്രമവും ട്രീസ അമ്മക്ക് പറഞ്ഞു കൊടുത്തിരുന്നു. അമ്മക്ക് ആ പ്രവൃത്തി വളരെ സന്തോഷം നല്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. അമ്മയോട് വിവരം പറഞ്ഞ് ട്രീസയെയും കൂട്ടി ഞാൻ പുറത്തിറങ്ങി.
പൂമരങ്ങൾ തണലുതീർത്ത വൃത്തിയും വെടുപ്പുമുള്ള വഴിയോരത്തിലൂടെ നടക്കുമ്പോൾ കടൽകാറ്റ് തിരതല്ലാൻ തുടങ്ങിയിരുന്നു. ഞായറാഴ്ചയുടെ മയങ്ങിയ അലസതയിൽ ആറാടി നിൽക്കുന്ന തെരുവ്. വലിയ ജനത്തിരക്ക് ദൃശ്യമല്ല. പോർച്ചുഗീസ് വിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്‍റാണ് ഞങ്ങളുടെ ലക്ഷ്യം. ഏറെ നാളായിരിക്കുന്നു അവിടെ പോയിട്ട്. ഞായറാഴ്ചകളിൽ സ്പെഷ്യൽ വിഭവങ്ങൾ എന്തെങ്കിലും കാണണം.
വീട്ടു രുചിയിൽ നിന്നു മാറി മറ്റൊരു വൈവിധ്യമാർന്ന രുചി ആസ്വദിക്കാൻ ട്രീസയും കുറച്ചുകാലമായി തയ്യാറായിരുന്നു. പുറത്തുനിന്നുള്ള വിഭവങ്ങളോട് അമ്മയ്ക്ക് വലിയ താത്പര്യമില്ല എന്നറിയാമെങ്കിലും നല്ല ഐറ്റമാണെങ്കിൽ കുറച്ചു പാർസൽ വീട്ടിലേക്കു വാങ്ങണം എന്നു നിശ്ചയിച്ചു.
റസ്റ്റോറന്‍റിലെത്തി മെനു പരിശോധിച്ചപ്പോൾ ബ്രേക്ഫാസ്റ്റിനായി കാര്യമായ വിഭവങ്ങളില്ല. വലിയ ഗ്രാഹ്യമില്ലെങ്കിലും മെനുവിൽ ആദ്യംകണ്ട പോർച്ചുഗീസ് സാൻഡ്‍വിച്ചും കടുംകാപ്പിയും ട്രീസ ഓർഡർ ചെയ്തു.
ഭാഗ്യവശാൽ നാവിൽ രുചിയുടെ അലയൊലികൾ ഉണർത്തുന്ന വിഭവമായിരുന്നു അത്. അതിനു മുകളിൽ കടുംകാപ്പി കൂടെ കഴിച്ചതോടെ ഉന്മേഷമായി. ധാരാളം പച്ചക്കറിയും ഇലയും ചേർത്ത് വേവിച്ച ആ വിഭവം വൈകുന്നേരമാകുമ്പോഴേക്കും ഭക്ഷ്യയോഗ്യമല്ലാതാകുമെന്ന് തോന്നിയതോടെ പാർസൽ വാങ്ങാനുള്ള പദ്ധതി ഒഴിവാക്കി.
ഓഫീസിനു താഴെ നിലയിലുള്ള ബംഗാളിപ്പയ്യൻ അധികാരിയെ സഹായത്തിനു വിളിച്ച് ഓഫീസ് വൃത്തിയാക്കാൻ ആരംഭിച്ചു. അധികാരി മിടുക്കനാണ്. നല്ല കാര്യക്ഷമത ഉള്ളവനാണ് പെട്ടെന്നുതന്നെ അവൻ തൂത്തും അടുക്കി വച്ചും ഓഫീസ് വൃത്തിയാക്കിത്തന്നു. ചായയും മസാലബിസ്ക്കറ്റും വാങ്ങി വരുവാൻ ഫ്ലാസ്ക്കും പണവും നല്കി ബംഗാളിപ്പയ്യനെ പറഞ്ഞു വിട്ടു. സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.
മിയ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നല്ല മികവ് കാണിച്ചിരുന്ന കുട്ടിയായിരുന്നെന്ന് ട്രീസ ഓർത്തെടുത്തു. അക്കാലയളവിൽ ട്രീസയുടെ ഏറ്റവുമടുത്ത മൂന്നു കൂട്ടുകാരികളിൽ ഒരാളായിരുന്നു മിയ റൊസാരിയോ. പത്താം ക്ലാസ്സിനുശേഷം അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പത്താം ക്ലാസ്സിനു ശേഷം ഇപ്പോഴാണ് കാണുന്നതെന്നും ട്രീസ തെല്ലു വിഷമത്തോടെ പറഞ്ഞു. അവർ വരട്ടെ. സമയമുണ്ട് എല്ലാ വിവരങ്ങളും വിശദമായിത്തന്നെ ചോദിച്ചറിയണം.
ബംഗാളിപ്പയ്യൻ അധികാരി കൊണ്ടുവന്ന ചായയും സ്നാക്സുകളും അലമാരിക്കകത്തുവച്ച് അവനെ പറഞ്ഞു വിടുമ്പോൾ ട്രീസയുടെ ഫോൺ ശബ്ദിച്ചു. മിയയുടെ കാർ ഡ്രൈവറായിരുന്നു അത്.
ഓഫീസിലേക്കുള്ള വഴിയറിയാതെ നാലു ഭാഗത്തേക്കുള്ള വഴിത്താരകൾ കൂടിച്ചേരുന്ന ജംഗ്ഷനിൽ നിന്നാണ് അയാൾ വിളിക്കുന്നതെന്ന് മനസ്സിലായി. ഞങ്ങൾ ബാല്കണിയിലേക്കിറങ്ങി നോക്കിയപ്പോൾ തെല്ലകലെയുള്ള കവലയിൽ ഒരു വിദൂരദൃശ്യമായി അയാളും മിയയും നില്ക്കുന്നതു കണ്ടു. ആ സമയം ട്രീസ കൈ രണ്ടും വീശിക്കാണിച്ചത് അവർ കണ്ടുവെന്നു തോന്നി. അവർ ഓഫീസു ലക്ഷ്യമാക്കി വരുന്നതു കണ്ട ഞങ്ങൾ അകത്തേക്കു തിരിച്ചു. ഞാൻ ടേബിളിനു പുറകിലെ കസേരയിലും ട്രീസ ടേബിളിനഭിമുഖമായി സോഫയിലും ഇരുന്നു.
തെല്ലിട കഴിഞ്ഞ് മരത്തിന്‍റെ ചുറ്റുഗോവണി ഇടർച്ചയോടെ ശബ്ദിച്ചു. മിയയും ഡ്രൈവറും എത്തിക്കഴിഞ്ഞു. ആദ്യം പാതിയടഞ്ഞ വാതിൽ തുറന്നു വന്നത് മിയയായിരുന്നു. കുലീനതയും ആഭിജാത്യവും നിറഞ്ഞു തുളുമ്പുന്ന ഒരു യുവതി. ഏറെക്കാലം വിദേശത്തായിരുന്നു ജീവിച്ചിരുന്നതെന്ന് അവരുടെ ശരീരഭാഷയും വസ്ത്രധാരണ ശൈലിയും വ്യക്തമാക്കി. അവർ വന്നപാടെ ട്രീസക്കരികിലിരുന്ന് തെല്ലുനേരം സൗഹൃദം പങ്കു വച്ചു. തുടർന്ന് ഡ്രൈവറോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു.
മിയയും ട്രീസയും അല്പനേരം സംസാരിച്ച് അന്തരീക്ഷം കംഫർട്ട് ആയിക്കോട്ടെ എന്നുകരുതി ഞാൻ പോർച്ചുഗീസ് റസ്റ്റോറന്‍റിനു സമീപം പാർക്കു ചെയ്തിരിക്കുന്ന കാറിനരികിലേക്ക് ഡ്രൈവർ നടന്നു പോകുന്നതും അയാൾ കാറിൽ നിന്നും ചെറിയ ഒരു ബാഗെടുത്ത് റസ്റ്റോറന്‍റിനരികെ ചായയും സമോസയും കിട്ടുന്ന ചെറുകടയിലേക്ക് കയറിപ്പോകുന്നതും കണ്ടു. ആ കടയിൽ ഞാൻ വല്ലപ്പോഴും പോകാറുള്ളതാണ്. ആകെ രണ്ടു കസേരകൾ ഇടാനുള്ള സ്ഥലമേ അതിനകത്തുള്ളൂ. നീട്ടിയടിച്ച രുചികരമായ അവിടുത്തെ ചായക്ക് ആറു രൂപയും ചീനിപ്പടക്കത്തിന്‍റെ വലുപ്പമുള്ള സമോസക്ക് അഞ്ചു രൂപയും. ചൂടുചായയോടൊപ്പം അതീവരുചികരമാണത്.
അല്പനേരം കഴിഞ്ഞ് ട്രീസ വന്നുവിളിച്ചപ്പോൾ ഞാൻ ഓഫീസിലേക്ക് കയറി. എന്നെക്കണ്ട് അവർ എഴുന്നേറ്റു. മുഖത്ത് പ്രസന്നത വരുത്താൻ ശ്രമിക്കുകയായിരുന്ന മിയയിൽ നിന്നും ഞൊടിയിടയിൽ അപരിചിതത്വത്തിന്‍റെ മേലാപ്പ് അഴിഞ്ഞു പോയത് ഞാൻ കണ്ടു. അവർ എനിക്കഭിമുഖമായി വന്നിരുന്നു. അപ്പോഴാണ് ആ മുഖം സൂക്ഷ്മമായി ഞാൻ ശ്രദ്ധിക്കുന്നത്.
പുഞ്ചിരിതൂകുന്ന ആ പ്രസന്നഭാവത്തിനു പുറകിൽ വിഷാദത്തിന്‍റെ ഇരുളിമയുടെ ഓളം വെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനും അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുറുകിക്കെട്ടിയ അന്തരീക്ഷത്തിന് തെല്ലു ലാഘവത്വം വരുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. തെല്ലിട കഴിഞ്ഞ് അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി.