വീടെത്തിയപ്പോൾ സമയം ഏറെ വൈകിയിരുന്നു. മടക്കയാത്ര എന്തുകൊണ്ടോ ഏറെ പ്രയാസമായി തോന്നിയില്ല. അമ്മ രണ്ടു ദിവസമായി വീട്ടിലില്ല. ബന്ധുവീട്ടിൽ സന്ദർശനത്തിലാണ്. പെട്ടെന്നൊരു യാത്രക്കൊരുങ്ങിയതും അതുകൊണ്ടു തന്നെ. എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ പ്രഭ പൊഴിച്ചു നിൽക്കുന്ന വാനം. കനത്ത ഇരുളിനെ പൊതിഞ്ഞ് മൂടി പകലെന്നു തോന്നിപ്പിക്കുന്ന നറുനിലാവ്.

കട്ടിലപ്പടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന വീടിന്‍റെ താക്കോൽ എടുക്കാനാഞ്ഞപ്പോഴാണ് പുറകിൽ നിന്നും എന്തോ ചീറി വരുന്ന ഒച്ച കേട്ടത്. ഞൊടിയിടയിൽ ഒഴിഞ്ഞുമാറി. ഒരു മരപ്പലക വാതിലിൽ വലിയ ശബ്ദത്തോടെ ആഞ്ഞു പതിച്ചു. രാത്രിയുടെ പൂർണ്ണ നിശ്ശബ്ദതയിൽ ആ ശബ്ദം മാറ്റൊലി കൊണ്ടു. അടുത്ത നിമിഷം മാരകമായ പ്രഹരശേഷിയിൽ തലക്കു നേരെ പാഞ്ഞെടുത്ത ഇരുമ്പുദണ്ഡ്, കണ്ണഞ്ചിക്കുന്ന വേഗതയിൽ നിലത്തേക്ക് ആഞ്ഞുവീണതിനാൽ അതിൽ നിന്നും രക്ഷപ്പെട്ടു.

രാത്രിയെ ഭേദിച്ച ആ ശബ്ദത്തിന്‍റെ മാറ്റൊലി കേട്ട് തൊട്ടയൽപക്കത്ത് വെട്ടം തെളിയുന്നതു കണ്ടു. വാഴത്തോട്ടത്തിൽ നിന്ന് ഒരു നിഴൽ രൂപം അകന്നകന്നു ഗേറ്റു കടന്ന് ശമിക്കുന്നത് ഞാൻ കണ്ടു.

പിറ്റേന്ന് ഓഫീസിലിരിക്കുമ്പോൾ ദത്തൻ സാറിന്‍റെ വിഷയം പെട്ടെന്ന് അവസാനിപ്പിക്കേണ്ടതിനെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ. മിക്കവാറും ദത്തൻ സാറിനെ അലട്ടിക്കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം ഞാൻ കണ്ടുപിടിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ഇക്കാര്യത്തിൽ എനിക്ക് നല്കാനില്ല. ഇതുവരെ ഈ വിഷയത്തിൽ പോലീസിന് ലഭ്യമായ ശാസ്ത്രീയ വിശകലനങ്ങൾ എനിക്കു ലഭ്യമായില്ല. എങ്കിലും എന്‍റെ നിഗമനങ്ങളെ സാധൂകരിക്കുന്ന നിരവധി സാഹചര്യ തെളിവുകളുണ്ട്.

എന്‍റെ നിഗമനങ്ങളെ ഒരാൾക്കും ഖണ്ഡിക്കാനും കഴിയില്ല. എന്‍റെ നിഗമനങ്ങളിൽ സംശയമുണ്ടാകുന്ന പക്ഷം തീർത്തും വ്യക്തതയോടെ സാധൂകരണം നല്കാനും ഞാൻ തയ്യാറാണ്. ഈ അന്വേഷണം ഉടനെ അവസാനിപ്പിക്കേണ്ടത് നിലനിൽപ്പിന്‍റെ പ്രശ്നമായിട്ടു തന്നെ വന്നിരിക്കുകയാണ്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ തലനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലെ എന്‍റെ യാത്ര ഈ വിഷയത്തിന്‍റെ പ്രതിസ്ഥാനത്തുള്ള ആരുടേയോ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇതിനു പിന്നിലുള്ളത് എന്ന തികഞ്ഞ ബോധ്യപ്പെടലാണ് ആശങ്കയുളവാക്കുന്നത്. ഉടനെത്തന്നെ ദത്തൻസാറുമൊത്ത് കൂടിക്കാഴ്ചക്ക് അവസരമൊരുക്കി ഈ വിഷയം അവസാനിപ്പിക്കണം.

ഇന്നലത്തെ സംഭവത്തിൽ കൈ കുത്തി വീണതിനാൽ കുഴക്ക് നീരുണ്ട്. കൈയിലെ തൊലിയും ഏറെ പോയിട്ടുണ്ട്. തോമാച്ചനെ വിളിച്ച് വിവരം പറഞ്ഞപ്പോൾ ഉടനെത്തന്നെ ദത്തൻ സാറിനോട് കൂടിക്കാഴ്ചക്ക് സമയം ചോദിക്കാമെന്ന് പറഞ്ഞു. തെല്ലിട കഴിഞ്ഞ് ദത്തൻ സാറിന്‍റെ ഫോൺ. ഉച്ചക്കു ശേഷം കാണാമെന്ന്. മുൻപുകണ്ട അതേ ഹോട്ടലിൽ, അതേ മുറിയിൽ.

ഉച്ചനേരം, നാരായണേട്ടൻ നല്കിയ ചൂടുകുത്തരിക്കഞ്ഞി അല്പം തൈരൊഴിച്ച് പപ്പടവും ചെറുപയറും ചേർത്ത് കഴിക്കുമ്പോൾ മനസ്സുനിറയെ ദത്തൻ സാറായിരുന്നു. തന്‍റെ കണ്ടെത്തൽ അയാളുടെ തുടർ ജീവിതത്തെ എന്തുമാത്രം സ്വാധീനം ചെലുത്തും എന്നതായിരുന്നു എന്‍റെ മനസിലുള്ള പ്രധാന ആശങ്ക. തന്നെ സംബന്ധിച്ചിടത്തോളം ആ ആശങ്ക തീർത്തും അടിസ്ഥാനമില്ലാത്തതാണ്.

തന്നോടാവശ്യപ്പെട്ട വിവരം കൈമാറുക അതിന്‍റെ പ്രതിഫലം വാങ്ങുക. പിന്നീടതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം പോലും തനിക്കില്ല. ഇത്തരം വിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ച വരും വരായ്കകൾ ഞാൻ തന്നെയാണ് നേരിടേണ്ടി വരണ്ടതും. ഇന്നലെ സംഭവിച്ചതും അതു തന്നെ. ജീവൻ തന്നെ അപകടത്തിലായ സന്ദർഭമായിരുന്നിട്ടും മനസ്സിലെ ധാരണകൾ ഊട്ടിയുറപ്പിക്കാൻ ആ സംഭവം നിമിത്തമായി. ഏതായാലുംഇനിയുള്ള ധാരണാപത്രങ്ങളിൽ മെഡിക്കൽ ചിലവുകൾ കൂടി ഉൾപ്പെടുത്തേണ്ടി വരും എന്നാണ് കരുതുന്നത്.

“എന്തായി ആലോചിച്ചിരിക്കണെ? നല്ല പെടക്കണ പൊടിമീൻ വറത്തതുണ്ട്. ഒരു പ്ലേറ്റ് എടുക്കട്ടെ?” പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊണ്ട് നാരായണേട്ടൻ.

“ഇതൊക്കെ ചോദിക്കാനുണ്ടോ നാരായണേട്ടാ?” സവാള മുറിച്ച് ഭംഗി ചാർത്തിയ ഒരു പ്ലേറ്റ് പൊടിമീൻ വറുത്തത് നാരായണേട്ടൻ കൊണ്ടു വച്ചു.

“എന്തായീ ആലോചന? കഞ്ഞി ഇത്തിരീംകൂടി.“

“വേണ്ട ഇതുമതി ഓരോ ജോലിക്കാര്യങ്ങള്.”

കഞ്ഞിയുടേയും കലർപ്പില്ലാത്ത വെളിച്ചെണ്ണയിൽ വറുത്ത പൊടിമീനിന്‍റേയും ലയം. രുചിയുടെ മുകുളങ്ങളെ ഉണർത്തിയ സ്വാദിന്‍റെ മേളപ്പെരുക്കം.

നാരായണേട്ടന്‍റെ കടയിൽ നിന്നും ഇറങ്ങുമ്പോൾ വിയർത്തു കുളിച്ചിരുന്നു. ദത്തൻ സാറിന്‍റെ സന്ദേശം വന്നുകിടപ്പുണ്ട്. ഉടനെ വന്നു കാണണമെന്ന്. കാണണം. ഈയൊരു കൂടിക്കാഴ്ചയിലൂടെ വിഷയം അവസാനിപ്പിക്കണം.

ചൂടായിട്ടായിരിക്കണം റോഡിൽ ഏറെ ആൾത്തിരക്കില്ല. ഉച്ചതിരിഞ്ഞ പൊള്ളുന്ന വെയിൽ. സൂചി കുത്തുന്ന പോലെ സൂര്യരശ്മികൾ ദേഹത്ത് ആളുന്നു. ദത്തൻ സാറിനെ കണ്ട് തിരികെ വരുമ്പോൾ ലോനേട്ടന്‍റെ ബൈക്ക് കൊടുത്ത് കേക്കു വണ്ടി തിരികെ വാങ്ങണം എന്ന് മുൻകൂട്ടി നിശ്ചയിച്ചു. ബൈക്കിൽ കയറി.

വഴിത്താരയിലൂടെ സഞ്ചരിക്കുമ്പോൾ സൂര്യന് നേരത്തെ അനുഭവിച്ച തീഷ്ണതയില്ല. വെയിലിന് ചുകന്ന നിറം. വാകമരം പൂത്തു നിൽക്കുന്നിടത്ത് ബൈക്കുവച്ച് ആരാധ്യയിലേക്ക് നടന്നു. ഗേറ്റിൽ വർക്കിച്ചേട്ടനില്ല. നല്ല പ്രായം തോന്നിക്കുന്ന ഒരാൾ ഇയാളായിരിക്കുമോ ജോസപ്പേട്ടൻ? അയാളുടെ അഭിവാദ്യം സ്വീകരിച്ച് റിസപ്ഷനിൽ പറഞ്ഞ് ദത്തൻ സാറിന്‍റെ മുറിയിലെത്തി.

വെളുത്ത ജുബയും മുണ്ടും ധരിച്ച് പ്രസന്ന വദനനായി പുഞ്ചിരിച്ചു കൊണ്ട് ദത്തൻ സാർ സ്വീകരിച്ചു. മേശമേൽ ഒരു കെട്ട് പേപ്പറുണ്ട്. ചിലവയിൽ എഴുതിയിട്ടുമുണ്ട്. സിനിമയിലെ ഏതെങ്കിലും സീനാകണം. എന്നോട് ഇരിക്കാനാവശ്യപ്പെട്ട് റിസപ്ഷനിലേക്ക് വിളിച്ച് തണുത്ത ബിയർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അയാളുടെ മുഖത്ത് ആകാംക്ഷയുടെ നിറഭേദങ്ങൾ വ്യക്തമായിരുന്നു.

കൈക്കു പറ്റിയതെന്തെന്ന് ദത്തൻ സാർ ആരാഞ്ഞപ്പോൾ കാൽ വഴുതി ഒന്നു വീണെന്നു പറഞ്ഞ് ഞാൻ ചിരിച്ചൊഴിഞ്ഞു. വാതായനങ്ങൾ തുറന്നിട്ട് ദത്തൻ സാർ വന്നു. അപ്പോഴേക്കും റൂം ബോയ് കൊണ്ടു വച്ച പതഞ്ഞു നുരയുന്ന ബിയർ, ഗ്ലാസ്സിലേക്ക് പകർന്നിരുന്നു. ഒരു ഗ്ലാസ്സ് കയ്യിലെടുത്ത് സോഫയിൽ ചാഞ്ഞിരുന്ന് ദത്തൻ സാർ എന്‍റെ മുഖത്തേക്കു ഉറ്റു നോക്കി. തീഷ്ണതയാർന്ന കണ്ണുകൾ.

എവിടെ നിന്നാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നറിയാതെ ഞാൻ തെല്ലിട മൗനം പാലിച്ചു. അല്പസമയം കഴിഞ്ഞ് ഞാൻ പറയാനാരംഭിച്ചു.

“സാർ, ആദ്യമേ തന്നെ ഞാൻ പറഞ്ഞു കൊള്ളട്ടെ. ആദ്യ കൂടിക്കാഴ്ചയിൽ താങ്കൾ വ്യക്തമാക്കിയ പോലെ ശാസ്ത്രീയമായ ഒരു രേഖയും എന്‍റെ നിഗമനത്തിനു അടിസ്ഥാനമായി തരാനില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടെന്നു ഞാൻ കരുതുന്ന വ്യക്തികളെ പറ്റി അന്വേഷിച്ചും പഠിച്ചും അവരുൾപ്പെട്ട സംഭവങ്ങളെ പരസ്പരം കൂട്ടിയിണക്കിയും സാഹചര്യത്തെളിവുകൾ അപഗ്രഥിച്ചും എല്ലാറ്റിനും ഉപരിയായി മനുഷ്യമനസ്സിന്‍റെ സ്വഭാവവും അതിന്‍റെ ഊഹിച്ചെടുക്കാവുന്ന സഞ്ചാരവും ഉൾക്കൊണ്ടുമാണ് ഞാൻ ഉത്തരത്തിലെത്തിയത്.

ഏതു വഴിയിലൂടെ സഞ്ചരിച്ചാലും ആ ഒരു ഉത്തരത്തിലേക്ക് എത്തുന്നത്. അതു കൊണ്ടു തന്നെ ആ ഉത്തരം നൂറുശതമാനം സത്യം എന്നു തന്നെ കരുതുന്നു. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ താങ്കൾക്കു ചിലപ്പോൾ അരോചകമാകാം. അതിൽ താങ്കൾക്ക് തീർത്തും അപ്രിയങ്ങളായ സത്യങ്ങളുണ്ടാകാം. ആ സത്യങ്ങളെ അറിഞ്ഞു കൊണ്ട് നിഷേധിക്കരുത് എന്നു മാത്രം അഭ്യർത്ഥിക്കുന്നു. ഒപ്പം എതിരഭിപ്രായം ഉള്ളത് പറയുകയും ആവാം.

ദത്തൻ സാർ അതു കേട്ട് തലയാട്ടി. ഞാൻ തുടർന്നു.

“നിങ്ങൾക്ക് വിവരങ്ങൾ കൈമാറുക എന്നതിൽ കവിഞ്ഞ് ഒരിഞ്ചുപോലും ഞാനീ വിഷയത്തിൽ മുന്നോട്ടു പോകില്ല. ഈയൊരു കൂടിക്കാഴ്ചയോടെ എനിക്കിത് അടഞ്ഞ അധ്യായം മാത്രം.”

ദത്തൻ സാർ ഒരു സിപ്പ് ബിയർ കഴിച്ചു കൊണ്ട് ഉത്കണ്ഠയോടെ പറഞ്ഞു. “നിങ്ങൾ പറയൂ. നിങ്ങൾ പറഞ്ഞത് അംഗീകരിക്കുന്നു.”

പതുപതുത്ത വെളുത്ത വെൽറ്റ് മേലാപ്പിട്ട കസേരയിൽ ഒന്നമർന്നിരുന്ന് ഞാൻ പറയാനാരംഭിച്ചു.

“താങ്കൾ ആദ്യമായി സന എന്ന പെൺകുട്ടിയെ കാണുന്നത് ഇക്കഴിഞ്ഞ സിനിമയുമായി ബന്ധപ്പെട്ടല്ല. ഏതാണ്ട് ഒന്നര വർഷത്തോളം പഴക്കമുള്ള പരിചയം ആ കുട്ടിയുമായി നിങ്ങൾക്കുണ്ട്. പ്രധാനപ്പെട്ട ഒരു കഥാപാത്രം നിങ്ങൾ നല്കുന്നത് കഴിഞ്ഞ ചിത്രത്തിലാണെന്നു മാത്രം. കഷ്ടതകൾ മാത്രം അറിഞ്ഞു വളർന്ന ആ പെൺകുട്ടിയോടുള്ള സഹതാപവും ഒപ്പം കഴിവുറ്റ ഒരു കലാകാരിയോടുള്ള ആരാധനയും ഒത്തുചേർന്നപ്പോൾ നിങ്ങൾ തമ്മിലുള്ള ബന്ധത്തിന് നിങ്ങൾ പോലും അറിയാതെ പുതിയ നാനാർത്ഥങ്ങൾ കൈവരുകയായിരുന്നു.

ഒരു വേള നിങ്ങളിരുവരും ഒരുമിച്ചുള്ള ഒരു കുടുംബ ജീവിതത്തെക്കുറിച്ചു പോലും നിങ്ങളിരുവരും ചിന്തിച്ചിരുന്നു. ഇപ്പോഴും വിട്ടു പോകാൻ കൂട്ടാക്കാത്ത ആ അടുപ്പത്തിന്‍റെ ശക്തിയാലാണ് നിങ്ങൾ അവരുടെ അമ്മയെ ചികിത്സിക്കുന്നത് സംരക്ഷിക്കുന്നത്. അതിനായി ഫാദർ ഡൊമനിക്കു വഴി സഹായങ്ങൾ താങ്കൾ നല്കുന്നുണ്ട്.”

ദത്തൻ സാറിന്‍റെ തീഷ്ണതയാർന്ന നോട്ടത്തെ ഗൗനിക്കാതെ ഞാൻ തുടർന്നു.

“നിങ്ങളിരുവരുടേയും അതിരുകടന്ന ബന്ധം സെറ്റിൽ പരസ്യമായ രഹസ്യമായി. സിനിമയോടുള്ള അദമ്യമായ താത്പര്യം നിമിത്തം താങ്കളുടെ സെറ്റുകളിൽ സ്ഥിരമായി വരാറുള്ള താങ്കളുടെ ഭാര്യയുടെ ചെവിയിലുമെത്തി. ആദ്യം അവർ ആ വിഷയത്തെ നിസാരവൽക്കരിച്ച് ഗൗനിച്ചില്ല. എങ്കിലും സെറ്റിൽ നടന്നിരുന്ന പല സംഭവങ്ങളും അവരിൽ സംശയമുണർത്തി. അത് ആളിക്കത്തിക്കാൻ എരിതീയിൽ എണ്ണ പോലെ ജോഫിനുമുണ്ടായിരുന്നു.

ഒടുവിൽ ആ പെൺകുട്ടി മൂലം താങ്കൾ കൈവിട്ടു പോകും എന്നവർ മനസ്സിലാക്കി. താങ്കളെ അത്യധികം സ്നേഹിച്ചിരുന്ന അവർ പരമാവധി തവണ താങ്കളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. ജോഫിൻ വഴി ആ പെൺകുട്ടിയോട് ഉപദേശമായി. പിന്നെയത് ഭീഷണിയിലേക്ക് വഴിമാറി.

ഒടുവിൽ ദുർബലമായ ഒരുനിമിഷത്തിൽ അവർ ചിലത് തീരുമാനിച്ചു. അതിനവർ കണ്ടെത്തിയത്, അവരോടു അപ്പോഴും അടുപ്പം കാണിക്കാൻ ശ്രമിച്ചിരുന്ന സിനിമാഭിനയം ജീവിത ലക്ഷ്യമായി കണ്ട ജോഫിനെയായിരുന്നു. താങ്കളുടെ ഭാര്യയുടെ ആവശ്യം കേട്ട് പതറിപ്പോയ ജോഫിൻ ഒഴിഞ്ഞു മാറാൻ കഴിവതും ശ്രമിച്ചു. അപ്പോൾ പണവും കാറുമടക്കമുള്ള മറ്റു പ്രലോഭനങ്ങളായി. അതിലും ജോഫൻ വഴങ്ങിയില്ല. അങ്ങനെ അവർ ജോഫിന്‍റെ മനസ്സിലെ ദുർബലമായ കണ്ണിയിൽ കൈവച്ചു.

തുടർന്നവരുടെ ഓഫർ അച്ഛൻ ഐസക്ക് നിർമ്മിക്കാനൊരുങ്ങുന്ന പുതിയ സിനിമയിലെ ഉപനായക വേഷമായിരുന്നു. ഒപ്പം ഒന്നാന്തരം പ്രതിഫലവും. സിനിമാഭിനയമോഹം തലക്കുപിടിച്ച, അതു ജീവിതാഭിലാഷമായിക്കണ്ട ജോഫിനു ആ ഓഫർ തള്ളിക്കളയാൻ കഴിഞ്ഞില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വരുംവരായ്കകൾ എന്തു തന്നെയായാലും സമൂഹത്തിന്‍റെ നാനാതുറകളിൽ ഏറെ സ്വാധീനശക്തിയുള്ള തന്‍റെ അച്ഛനെക്കൊണ്ട് എന്ത് പ്രശ്നവും മുളയിലേ നുള്ളികളഞ്ഞു ഇല്ലാതാക്കാമെന്നും വാക്കു നല്കി.

ലക്ഷ്യസാക്ഷാത്കാരത്തിനായി അവർ പല പദ്ധതികളും ചിന്തിച്ചു. അങ്ങനെയാണ് പെൺകുട്ടി താമസിക്കുന്ന ഹോട്ടൽ മുറിയിൽ കയറിപ്പറ്റി ഏതെങ്കിലും മാർഗ്ഗമുപയോഗിച്ച് കൃത്യം നിർവഹിക്കാൻ തീരുമാനമായത്. അതിന് ഒരു പ്രധാന തടസ്സമായി സനയുടെ അമ്മ ത്രേസ്യേമ്മയെ അവർ കണ്ടു. സനയിൽ നിന്നും അമ്മയെ അകറ്റാനായി ജോഫിൻ കണ്ടു പിടിച്ച മാർഗ്ഗമായിരുന്നു ലോട്ടറി തോമാ. അതിനായി പറ്റിയ ഒരാളെ ഏർപ്പാടാക്കി. രണ്ടു തവണ പദ്ധതി പാളി പോയി. വികലാംഗനായ തോമായെ വണ്ടിയിടിപ്പിച്ചു അപായപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. അങ്ങനെ ഒരുനാൾ എല്ലാ കാര്യങ്ങളും ഒത്തുവന്നു. താങ്കൾ ആത്മഹത്യ ചിത്രീകരിച്ച ആ ദിവസം.

തോമായുടെ അപകട വിവരമറിഞ്ഞ് ത്രേസ്യോമ്മ നാട്ടിലേക്കു പോയി. അന്ന് രാത്രി ഏറെ വൈകിയാണല്ലോ സനയുൾപ്പെടുന്ന രംഗങ്ങൾ ഷൂട്ട് ചെയ്തത്. അതിനു ശേഷം ഏറെ പരിക്ഷീണയായ സനയെ ഹോട്ടൽ മുറിയിൽ കൊണ്ടുചെന്നാക്കാൻ ഏൽപ്പിച്ചത് ജോഫിനെ ആയിരുന്നു. ആത്മഹത്യാ ചിത്രീകരണം കഴിഞ്ഞ് തീർത്തും ക്ഷീണിതയായ അവൾ ഏതാണ്ട് കുഴഞ്ഞു വീണു പോകുന്ന അവസ്ഥയിലായിരുന്നു. അത് നല്ലൊരവസരമായി അയാൾക്കണ്ടു.

അൽപനേരം മുൻപ് ദൃശ്യവത്കരിച്ച ആത്മഹത്യ രംഗത്തിന്‍റെ ഓർമ്മ അവനെ പ്രചോദിപ്പിച്ചു. പ്രമുഖ നടൻമാരേയും നടിമാരേയും മറ്റു സാങ്കേതിക പ്രവർത്തകരേയും സിനിമയുമായി ബന്ധപ്പെട്ട മറ്റു പ്രമുഖരെയും താമസസ്ഥലത്ത് കൊണ്ടുചെന്നാക്കാൻ എല്ലായ്‌പോഴും നിയോഗിക്കപ്പെടാറുണ്ടായിരുന്ന ജോഫിന്‍റെ അസമയത്തുള്ള വരവ് ഹോട്ടലിലെ ജോലിക്കാർക്കൊന്നും യാതൊരു സംശയത്തിനും ഇട നൽകിയില്ല.

അവൻ സനയേയും കൂട്ടി റൂമിലെത്തി. നല്ലപോലെ ഉറക്കം വരുന്നെന്നു പറഞ്ഞ് വാതിൽ പൂട്ടി അവൾ കിടക്കാനാഞ്ഞു. അപ്പോഴാണ് താങ്കൾ ഫോൺ ചെയ്തത്. ഒന്നു പതറി പുറത്തേക്കു പോയ ജോഫിൻ കൈകളിൽ ഗ്ലൗസ് ഇട്ടു തിരിച്ചു വന്ന് വാതിലിൽ മുട്ടി. വാതിൽ തുറന്ന സനയോട് എന്തോ മറന്നു വച്ചെന്ന് കള്ളം പറഞ്ഞ് തെല്ലിട നേരം അവിടെ ഇരുന്നു. എന്തോ അരുതായ്മ ഗ്രഹിച്ച സന അവനോട് പുറത്തു പോകാൻ ആവശ്യപ്പെട്ടു. അത് സമ്മതിച്ച് എഴുന്നേറ്റ അവൻ പോയത് വാതിൽ കുറ്റിയിടാനായിരുന്നു.

ജിമ്മിൽ പോയി ബലിഷ്ഠമാക്കിയ കൈകൾ കൊണ്ട് തീർത്തും പരിക്ഷീണയായ അവളെ അവൻ ഗ്ലൗസണിഞ്ഞ കൈകളാൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.”

“ഛെ! എന്തസംബന്ധമാണ് നിങ്ങൾ ഈ പറയുന്നത്? വർഷങ്ങളായി എന്‍റെ നിഴലുപോലെയുള്ള ജോഫിനോ? കണ്ണിൽ ചോരയില്ലാത്ത കൊലപാതകം നടത്തുകയോ? ഞാനിത് വിശ്വസിക്കില്ല. വെറും രണ്ടു ദിവസത്തെ പരിചയം ഉള്ള നിങ്ങളുടെ തിരനാടകം വിശ്വസിക്കണോ? അതോ വർഷങ്ങളായെന്നോടൊപ്പമുള്ള ജോഫിനെ വിശ്വസിക്കണോ?”

അപ്രതീക്ഷിത വിവരങ്ങളോട് പൊരുത്തപെടാനാകാതെ വലിഞ്ഞുമുറുകിയ ദത്തൻ സാറിന്‍റെ മുഖത്തു നിന്നും വാക്കുകൾ പൊട്ടിയടർന്നു വീണു. അത് ഞാൻ പ്രതീക്ഷിച്ചിരുന്നതായിരുന്നു. ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്ത സംശയത്തിനു ഉത്തരമായി ഞാൻ പറഞ്ഞു.

“താങ്കൾ മുഴുവൻ കേൾക്കൂ, എന്നിട്ട് താങ്കളുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നല്കാം. ആ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബലിഷ്ഠകായനായ അവന് തെല്ലു പോലും ആയാസപ്പെടേണ്ടി വന്നില്ല, ഷാളിൽ കുരുക്കി ഫാനിൽ കെട്ടിത്തൂക്കാൻ. തുടർന്നാണ് അവൻ അതിബുദ്ധി കാണിച്ചത്. സനയുടെ ഫോൺ ലോക്ക് അവൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അതുയോഗിച്ച് ഫോൺ തുറന്ന് ഒരാത്മഹത്യാ കുറിപ്പ് തയ്യാറാക്കി.

അത് അയക്കാനൊരുങ്ങുമ്പോഴാണ് സന തന്‍റെ അമ്മയുടെ പേര് ഫോണിൽ സേവു ചെയ്തത് സംബന്ധിച്ച് അവൻ ആശയക്കുഴപ്പത്തിലായത്‌. അങ്ങനെ അവൻ രണ്ടു പേർക്കും സന്ദേശമയച്ചു ആശയക്കുഴപ്പം തീർത്തു. അമ്മക്കും, കാറ്ററിംഗ് സൂപ്പർ വൈസർ അമലിനും.

തുടർന്ന് ഇരുചെവിയറിയാതെ വാതിൽ തഴുതിട്ട് ജനാല വഴി വരാന്തയിലേക്കും അങ്ങനെ പുറത്തേക്കും പോവുകയാണുണ്ടായത്. ജനാല തുറന്ന് സൂഗമമായി പുറത്തു പോകുന്നതിനു വേണ്ട ചില അറ്റകുറ്റപ്പണികൾ ഏതാനും ആഴ്ചകൾക്കു മുൻപ് ആ റൂമിൽ നടത്തിയതായി വിശ്വസനീയരായ ആളുകളിൽ നിന്ന് എനിക്ക് അറിവു ലഭിച്ചിട്ടുണ്ട്. തുടർന്ന് ജോഫിൻ ഈ സംഭവങ്ങൾ താങ്കളുടെ ഭാര്യയെ അറിയിച്ചു.

വല്ലാത്തൊരു മാനസികാവസ്ഥയിൽ ജോഫിനെ ഈ വിഷയം ഏൽപ്പിച്ചെങ്കിലും ഈയൊരു കൊലപാതകത്തിന്‍റെ വരുംവരായ്കകൾ എങ്ങനെ നേരിടുമെന്നതോർത്തു അവർ വല്ലാത്ത ഭീതിയിലായി. ആ ആധിയുടെ പരകോടിയിൽ അവർ ഗത്യന്തരമില്ലാതെ അച്ഛനോട് വിവരം പറയുന്നു.

ക്ഷോഭിച്ചെങ്കിലും സ്വന്തം മകളെ അതിരറ്റ് സ്നേഹിച്ചിരുന്ന അയാൾ മകളെ അന്വേഷകരിൽ നിന്നും രക്ഷപ്പെടുത്താൻ തന്‍റെ ബന്ധു ബലവും സ്വാധീനശക്തിയും പരമാവധി ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയും മകളെ സമാധാനപ്പെടുത്തുകയും ചെയ്തു. ഹോട്ടലിലെ ഗേറ്റിലെ രജിസ്റ്ററിൽ വന്ന തിരുത്തടക്കം ഒട്ടേറെ പാതകങ്ങളുടെ ഘോഷയാത്രയാണ് മകളെ രക്ഷിച്ചെടുക്കാനായുള്ള ആ അച്ഛന്‍റെ ആ തീരുമാനത്തിന്‍റെ ആകെത്തുക.

സാമാന്യജനങ്ങൾക്ക് ഇന്നത്തെ നടപ്പു വ്യവസ്ഥയോടുള്ള വിശ്വാസത്തെയാണ് അയാളും കൂട്ടരും ചേർന്ന് ചോദ്യചിഹ്നമാക്കിയത്. പ്രത്യേകിച്ച് ചോദിക്കാനും പറയാനും ആരുമില്ലാത്ത, സാമ്പത്തിക ശേഷി ഇല്ലാത്ത നിസ്സഹായരായ മനുഷ്യരുടെ വിശ്വാസത്തെ. നീതിന്യായ വ്യവസ്ഥയെത്തന്നെ നോക്കുകുത്തിയാക്കി. ഞാൻ സനയുടെ ഗ്രാമത്തിൽ പോയത് ജോഫിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് അന്വേഷണത്തിന്‍റെ ഭാഗമായാണോ എന്നായിരുന്നു സംശയം. ആ സംശയം അയാൾ തീർത്തത് ദാ ഇങ്ങനെയാണ്.”

കൈക്കുഴ ഞാൻ ഒന്നുയർത്തിക്കാണിച്ചു.

പിന്നെ താങ്കളുടെ ചോദ്യം. ഒന്നു രണ്ടു സിനിമയിൽ മുഖം കാണിച്ച ഒരാൾക്ക് ഉപനായക വേഷം. ഞാനതെക്കുറിച്ച് അന്വേഷിച്ചു. ഉപനായകനൊന്നുമല്ല. രണ്ടു നായകൻമാരിൽ ഒരാൾ. മുപ്പതു ലക്ഷം പ്രതിഫലം. പത്തു ലക്ഷത്തോളം മുൻകൂർ തുകയും അയാൾ വാങ്ങിക്കഴിഞ്ഞു. താരപുത്രനോ നിർമ്മാതാവിന്‍റെ മകനോ അസാമാന്യമായ കഴിവോ അല്ലെങ്കിൽ അറിയപ്പെടുന്ന ആളോ ഒന്നുമല്ല ജോഫിൻ ഒരോട്ടാക്കാരന്‍റെ മകനാണെന്ന് നിങ്ങൾക്കും അറിയാമല്ലോ?

മലയാള സിനിമയിൽ വ്യക്തമായ ഒരടിസ്ഥാനമില്ലാത്ത ആർക്കെങ്കിലും ഇത്തരമൊരവസരം ലഭിക്കുമോ? പടം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ആ നവാഗതസംവിധായകൻ തന്നെയാണ് പടത്തിന്‍റെ കഥയും തിരക്കഥയും എഴുതിയത്. തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള ശരീരഭാഷയുള്ള വ്യക്തിയല്ലാഞ്ഞിട്ടും ജോഫിനെ നായകനാക്കിയാലെ പടത്തിന് പണം മുടക്കൂ എന്ന് താങ്കളുടെ ഭാര്യയുടെ അച്ഛനിൽ നിന്നും അയാൾക്കുമേൽ സമ്മർദ്ദമുണ്ടായി.

ഒരു നവാഗതന് സമ്മതിക്കുകയല്ലാതെ മറ്റെന്ത് മാർഗം. ഈ വിവരങ്ങൾ വിശ്വസനീയ കേന്ദ്രത്തിൽ നിന്നും ലഭിച്ചവയാണ്. ആ നവാഗത സംവിധായകനുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്തിട്ടുമുണ്ട്. താങ്കൾക്കതു പരിശോധിക്കാവുന്നതാണ് അയാൾ ചൂടായി അല്പം മോശമായി സംസാരിക്കുന്നുണ്ട്. അത് കാര്യമാകരുത്.

പണം മുടക്കുന്ന നിർമാതാവിന്‍റെ ഭാഗത്തുനിന്നും തീർത്തും ഉൾക്കൊള്ളാനാവാത്ത ഇടപെടലുകൾ സംവിധായകരെ എന്തുമാത്രം മാനസികമായി പ്രകോപിപ്പിക്കും എന്ന് താങ്കൾക്കും അനുഭവമുണ്ടാകുമല്ലോ. മാത്രമല്ല ഈ സംഭാഷണത്തിനിടെ ഒരു ഭാഗത്തു തോമസുമാണ്. തോമസിന് പ്രയാസമുണ്ടാകുന്ന വിധത്തിൽ താങ്കൾ നിലപാടെടുക്കരുത് എന്നൊരു അപേക്ഷയുമുണ്ട്.

പിന്നെ ആ രാത്രി ആരാധനക്കുള്ളിൽ കടന്ന് അരുംകൊല ചെയ്ത് മണിക്കൂറുകൾക്കു ശേഷമാണ് ജോഫിൻ തിരിച്ച് ഗേറ്റ് കടന്ന്പോയത്. ഗേറ്റിലെ വെഹിക്കിൾ രജിസ്റ്ററിൽ അതു തിരുത്തി അഞ്ചു മിനിറ്റാക്കിയിരിക്കുന്നു.

തൊണ്ട വരളുന്നതായി തോന്നിയപ്പോൾ ഒരു ബിയർ ഗ്ലാസ് കാലിയാക്കിയശേഷം ഞാൻ തുടർന്ന് പറഞ്ഞു

അന്ന്, എന്നെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ ജോഫിനെ ഏർപ്പാടാക്കിയ ദിവസം, അവന്‍റെ നമ്പർ തുണ്ടു കടലാസിലെഴുതി എനിക്കു നേരെ നീട്ടിയപ്പോൾ ഞാൻ വ്യക്തമായി കണ്ടതാണ്, അവന്‍റെ കൈത്തണ്ടയിൽ അർദ്ധവൃത്താകൃതിയിൽ ദന്ത ദംശനത്തിന്‍റെ ഉണങ്ങി പൊറ്റയടർന്ന നേരിയ ചുമപ്പ് നിറമുള്ള പാട്. ഒരു പാവം പെൺകുട്ടിയുടെ വ്യർത്ഥമായ, അവസാന ചെറുത്തുനിൽപ്പിന്‍റെ ബാക്കി പത്രം.

സിനിമയിൽ എത്തിപ്പെടാൻ എന്തിനും തയ്യാറായ ജോഫിന്‍റെ മനസ്സ് ഞാൻ നേരിട്ട് അറിഞ്ഞതാണ്. മാർഗ്ഗമേതായാലും ലക്ഷ്യം നേടിയാൽ മതി എന്ന യുവതലമുറയുടെ മാരകമായ സിദ്ധാന്തത്തിന്‍റെ ഉദാഹരണമാണ് ജോഫിൻ. ഇന്ന് സമൂഹത്തിൽ നടമാടുന്ന അരങ്ങുതകർത്തു ആഘോഷിക്കപ്പെടുന്ന മൂലച്യുതിയുടെയും കാരണവും ഇതല്ലേ. ലക്ഷ്യം കൈവരിക്കുന്നത് നല്ല മാർഗ്ഗത്തിലൂടെയാവണം.

പിന്നെ സനയുടെ ഫോൺ ലോക്ക് ജോഫിൻ എങ്ങിനെ മനസ്സിലാക്കി എന്നൊരു സംശയം ഉണ്ടാകാം. നമ്മൾ തീരെ ശ്രദ്ധിക്കാത്ത കാര്യമാണത്. സൂക്ഷ്മമായി ഒരാളെ നിരീക്ഷിക്കുന്ന ആർക്കും അതു കണ്ടുപിടിക്കാം. കൈ വിരലിന്‍റെ ചലനങ്ങൾ നിരീക്ഷിക്കുന്ന ഒരാൾക്ക് അതു കണ്ടുപിടിക്കാൻ വലിയ പ്രയാസമില്ല. ഞാൻ താങ്കളുടെ ഫോൺ ലോക്ക് D എന്നാണെന്ന് കഴിഞ്ഞ കൂടിക്കാഴ്ചയിൽ തന്നെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.”

തെല്ലിടനേരം സംസാരം ഒന്നു നിർത്തി ഒന്നു പാളി നോക്കിയപ്പോൾ തീയാളുന്ന കണ്ണുകളുമായി വിദൂരതയിലേക്ക് നോക്കുന്ന ദത്തൻ സാറിനെയാണ് കണ്ടത്. പണിപ്പെട്ട് ശാന്തത വരുത്തി അയാൾ പറഞ്ഞു.

“നിങ്ങൾ പറഞ്ഞത് കുറെയൊക്കെ എനിക്ക് മനസ്സിലാകുന്നു. എനിക്കു സംഭവിച്ച തെറ്റുകൾ ഞാൻ മനസ്സിലാക്കുന്നു. അത് പൊറുക്കാനാവാത്ത തെറ്റുകൾ ആണെന്ന് തിരിച്ചറിയുന്നു. ഞാൻ ന്യായീകരിക്കുക അല്ല. ഞാനും ഒരു മനുഷ്യനാടോ സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന ഒരു മനസ്സ് എനിക്കുമുണ്ട്. ഒരു മാനേജരുടെ കീഴാള സ്നേഹമല്ല ഞാൻ ഭാര്യയിൽ നിന്നും പ്രതീക്ഷിച്ചത്. ഞാനും ഭാര്യയും ഈ ബന്ധത്തെച്ചൊല്ലി വഴക്കടിച്ചിട്ടുണ്ട്‌. ഒരു വേള വിവാഹമോചനം തന്നെ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും വിട്ടുവീഴ്ച എന്ന് പറയുന്നത് എന്‍റെ ഭാഗത്തുനിന്നും മാത്രമേ ഉണ്ടായിട്ടുള്ളൂ ഞങ്ങളുടെ വഴക്കിനും പിണക്കത്തിനും ഏതാനും മണിക്കൂറിന്‍റെ ആയുസ്സേ ഉണ്ടായിട്ടുള്ളൂ. ഭാര്യയുടെ സ്ഥാനം ഭാര്യക്കും ആർട്ടിസ്റ്റിന്‍റെ സ്ഥാനം ആർട്ടിസ്റ്റിനും ഞാൻ കൊടുത്തിട്ടുണ്ട്. അത് മനസിലാക്കുവാൻ അവൾക്കു കഴിയാതെ പോയി.

കുടുംബ ജീവിതത്തിൽ അത്യാവശ്യം വഴക്കും സൗന്ദര്യപ്പിണക്കങ്ങളും സ്വാഭാവികമാണ്. ഞാനും അതൊക്കെ ഉൾക്കൊണ്ടിട്ടേ ഉള്ളൂ. ഇത്ര ബാലിശമായി ഇതിനെയൊക്കെ എന്താ പറയേണ്ടത് ഇത്ര എക്സ്ട്രീമായി അവൾ ചിന്തിച്ചു കൂട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല. ഇതൊക്കെ ചെയ്തിട്ട് എന്ത് സമാധാനമാണ് അവൾക്കു ജീവിതത്തിൽ ലഭിക്കാൻ പോകുന്നത് ? കഷ്ടം.

ദത്തൻ സർ അസഹിഷ്ണുതയോടെ കൈകൾ കൂട്ടിത്തിരുമ്മി.

“ഇത്ര മൃഗീയമായ കുടിലത ആ മനസ്സിൽ നിന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഈ കുടിലതക്ക് കൂട്ടുനിന്നവരെ ഞാൻ വെറുതെ വിടില്ല. അല്ലെങ്കിൽ അതെന്‍റെ മനസ്സാക്ഷിയോടു ചെയ്യുന്ന നീതികേടാവും.”

“ശരി, നിങ്ങൾ പൊയ്ക്കോളൂ. നന്ദി.”

ഞാൻ ഒന്നും പറഞ്ഞില്ല. വീർപ്പുമുട്ടുന്ന ആ അന്തരീക്ഷത്തിൽ നിന്നും ഒന്നു വേഗം പുറത്തു കടക്കാൻ മനസാ ഞാൻ കൊതിച്ചിരുന്നു. അതു കൊണ്ടു തന്നെ എനിക്കാ വാക്കുകൾ ആശ്വാസമായിത്തോന്നി. ദത്തൻ സാറിനോട് യാത്ര പറഞ്ഞ് റൂം വിട്ടു ഞാൻ പുറത്തിറങ്ങി. ഗേറ്റിൽ പുഞ്ചിരിച്ചു കൊണ്ട് വർക്കിച്ചേട്ടനുണ്ട്. കൈ കൊടുത്ത് സ്നേഹാന്വേഷണം നടത്തി പോരുമ്പോൾ ചെവിയിൽ പാർട്ടി നടത്താൻ പോകുന്ന സ്ഥലവും തീയതിയും പറഞ്ഞു. വെളുക്കെ ചിരിച്ചു കൊണ്ട് വർക്കി ചേട്ടൻ കൈ വീശി യാത്രയാക്കി.

ബൈക്ക് ലോനേട്ടന്‍റെ കടയിൽ ഏൽപ്പിച്ച് പണിതീർത്തു ഒന്നാംതരമാക്കി കിട്ടിയകേക്കു വണ്ടിയുമായി ഓഫീസിലേക്ക് തിരിക്കുമ്പോൾ ഒരു കോൾ. ശബ്ദത്തിന്‍റെ ഉടമയെ തിരിച്ചറിഞ്ഞപ്പോൾ മനസ്സു തുടിച്ചു.

അവൾ പറയുകയാണ്

“അമ്മയുമായി ഞാൻ വഴക്കിട്ടു. കാരണമറിയേണ്ടെ? ഞാനറിയാതെ എന്‍റെ കല്യാണം നിശ്ചയിച്ചു. ആരാണ് വരൻ എന്നറിയാമോ? പെർഫ്യൂം കമ്പനിയിലെ കടൽ കിഴവൻ കണക്കപിള്ള. കാര്യം അറിഞ്ഞപ്പോൾ ഞാൻ വീടുവിട്ടു. ഗബ്രിയോട് വിവരം പറഞ്ഞ് നേരെ ഇങ്ങു പോന്നു. ദൈവത്തിന്‍റെ നാട് എന്‍റെയും നാടാണല്ലോ? ഞാൻ ഇപ്പോൾ എയർപോർട്ടിനു പുറത്തു നില്പുണ്ട്. വേഗം എന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നോളൂ കേട്ടോ.

ആ മധുരമായ ശബ്‌ദം ആസ്വദിച്ച ശേഷം വിസ്മയത്തോടെ കേക്കുവണ്ടി എയർപോർട്ടിലേക്കുള്ള വഴിയിലേക്ക് ധൃതിയിൽ തിരിക്കുമ്പോൾ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരുപാട് കടമ്പകൾ വഴിമാറി പോകുന്നതിന്‍റെ അതിയായ സന്തോഷത്തിന്‍റെ പൂക്കൾ മനസ്സിൽ പൂത്തു വിടരുകയായിരുന്നു.

ബന്ധുവീട്ടിൽ പോയ അമ്മയെ വിളിച്ച് വിവരം പറഞ്ഞു. അമ്മയുടെ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴിമാറുന്നത് ശബ്ദമാറ്റം കൊണ്ട് മനസ്സിലാക്കി ആഹ്ളാദത്തോടെ ഞാൻ വണ്ടിയോടിച്ചു. ഒരു പാട് ചുകന്ന പൂക്കൾ മേലാപ്പു തീർത്ത പൂമരത്തിൽ നിന്നും വഴിത്താരക്കിരുവശത്തും അപ്പോഴും പൂക്കൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

और कहानियां पढ़ने के लिए क्लिक करें...