കട്ടിയായുള്ള ഫൗണ്ടേഷനും നല്ല ചുവപ്പൻ ലിപ്സ്റ്റിക്കും ഇട്ടുള്ള മേക്കപ്പ് ഇഷ്ടപെടാത്തവരുമുണ്ട്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് നോ മേക്കപ്പ് ലുക്ക്. കാര്യം സിംപിൾ ആൻഡ് എലഗന്‍റ്! മേക്കപ്പ് ഇല്ലാത്ത ഒരു മേക്കപ്പ് ലുക്കോ… ഈ ലുക്ക് എങ്ങനെ സൃഷ്ടിക്കാം എന്നതിനെക്കുറിച്ചുള്ള ചില ബ്യൂട്ടി ടിപ്പുകൾ അറിയാം. വെറും 5 മിനിറ്റിനുള്ളിൽ നോ മേക്കപ്പ് ലുക്ക് എങ്ങനെ സൃഷ്ടിക്കാം എന്നറിയാം.
ചർമ്മത്തെ ഒരുക്കാം
നോ മേക്കപ്പ് ലുക്കിന് കൃത്യമായ ചർമ്മസംരക്ഷണ ദിനചര്യ ഉണ്ടായിരിക്കണം. ക്ലൻസിംഗും ടോണിംഗും മോയ്സ്ചറൈസിംഗും പൂർത്തിയാക്കിയ ശേഷം സുഷിരങ്ങൾ മറയ്ക്കുന്നതിനും ചർമ്മം മിനുസമാർന്നതാക്കുന്നതിനും ലൈറ്റ് പ്രൈമർ ഉപയോഗിക്കാം. ചർമ്മ സ്വഭാവം അനുസരിച്ച് മിസ്റ്റിയായിട്ടുള്ളതിനും മാറ്റ് ഫിനിഷിനും ഇടയിലുള്ളതായ പ്രൈമർ തെരഞ്ഞെടുത്ത് ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കാം.
ചർമ്മം ഒരേ പോലെയാക്കാം
വളരെ ലളിതമായ നോ മേക്കപ്പ് ലുക്ക് സൃഷ്ടിക്കാൻ ഫൗണ്ടേഷൻ ഒഴിവാക്കേണ്ടതുണ്ട്. എന്നാൽ ഫെയ്സ് മേക്കപ്പിൽ നേരിയ ലെയർ ടച്ച് ചെയ്യാൻ ഇഷ്ടപ്പെടുന്നവർ നേരിയ കവറേജ് പകരുന്ന നോ- മേക്കപ്പ് ഫൗണ്ടേഷൻ ടച്ച് ചെയ്യാം. ചർമ്മത്തിന്‍റെ സ്വാഭാവികത നിലനിർത്തി കൊണ്ടു വേണം ഫൗണ്ടേഷൻ ഇടാൻ.
കൺസീലിംഗ്
തന്ത്രപരമായി മുഖത്തെ പാടുകൾ മറയ്ക്കാനും മുഖത്തിന് തിളക്കം നൽകാനും കൺസീലർ ഉപയോഗിക്കുകയെന്നതാണ് കുറ്റമറ്റ നോ മേക്കപ്പിനുള്ള തന്ത്രം. അതിന് ഏറ്റവുമാദ്യം യോജിച്ച ഷേഡിലുള്ള കൺസീലർ ടച്ച് ചെയ്യുകയെന്നതാണ്. ചെറുതും പരന്നതുമായ ബ്രഷ് ഉപയോഗിച്ച് കറുത്ത പാടുകളിലും കുത്തുകളിലും കൺസീലർ അപ്ലൈ ചെയ്യാം. അതിനുശേഷം കണ്ണുകൾക്ക് താഴെ കൺസീലർ ചെറിയ അളവിൽ പുരട്ടി വിരലുകൾ കൊണ്ട് യോജിപ്പിക്കുക. ഇനി സെറ്റ് ചെയ്യാൻ ടി- സോണിലും കണ്ണുകൾക്ക് താഴെയും കുറച്ച് സെറ്റിംഗ് പൗഡർ ടച്ച് ചെയ്യാം.
കവിളിണകൾ ബ്ലഷ് ചെയ്യാം
കവിളിണകൾക്ക് ചെറിയ അളവിൽ ബ്ലഷ് അപ്ലൈ ചെയ്യാം. നോ മേക്കപ്പ് ലുക്കിന് അരുണിമ ഭംഗി പകരാൻ ലൈറ്റ് ബ്ലഷ് നല്ലതാണ്. ഒപ്പം മൂക്കിന് കുറുകെ വാം ടോണിലുള്ള ബ്ലഷിന്‍റെ ലൈറ്റ് ലെയർ അപ്ലൈ ചെയ്യാം.
മുഖം പ്രകാശിപ്പിക്കുക
നൈസർഗ്ഗികമായ ലുക്കിന് സ്പാർക്കി ഹൈലൈറ്റുകൾ മേക്കപ്പിൽ ഉപയോഗിക്കാം. കയ്യിൽ കരുതേണ്ട ഒന്നാണ് ലിക്വിഡ് ഹൈലൈറ്റർ. മുഖത്തിന്‍റെ ഉയർന്ന പോയിന്‍റുകളിൽ ഹൈലൈറ്റർ ടച്ച് ചെയ്യുന്നത് മുഖത്തിന് തിളക്കം നൽകാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ്. ചർമ്മത്തിന് ഉള്ളിൽ നിന്ന് സ്വാഭാവിക തിളക്കം നൽകാനും മിസ്റ്റി ലുക്ക് പ്രദാനം ചെയ്യാനും ഹൈലൈറ്റർ പ്രൈമറുമായി മിക്സ് ചെയ്യാം.
കണ്ണുകൾക്ക് ഈസി ലുക്ക്
ലളിതമായ ന്യൂട് മേക്കപ്പ് ആണ് നോ- മേക്കപ്പ് കണ്ണുകൾക്ക് ഇണങ്ങുക. കൺപോളകളിൽ പിങ്ക് അല്ലെങ്കിൽ ക്രീം ഐഷാഡോ ഷേഡ് ഉപയോഗിച്ച് വിരലുകൾ കൊണ്ട് പുരട്ടുക. അടുത്തതായി വാട്ടർ ലൈനിൽ ബ്രൗൺ ഐലൈനർ അപ്ലൈ ചെയ്യാം. ഫാൾസി ലുക്ക് ലഭിക്കാത്ത വിധത്തിൽ കൺപീലികൾ കേളിംഗ് മാസ്കാര ഉപയോഗിച്ച് സുന്ദരമാക്കാം. പുരികങ്ങൾ ഫിൽ ചെയ്യാനും അവയെ പൂർണ്ണമായി പ്രകടമാക്കാനും ഐബ്രോ പെൻസിൽ ഉപയോഗിച്ച് ഷേപ്പ് ചെയ്യാം.
ചുണ്ടുകൾക്ക് നിറം പകരാം
നോ മേക്കപ്പ് ലുക്കിന്‍റെ അവസാന ഘട്ടത്തിൽ ചുണ്ടുകൾക്ക് നിറം പകരാം. ചുണ്ടുകളുടെ സ്വാഭാവിക നിറത്തോട് പരമാവധി യോജിക്കുന്ന ഷേഡിൽ ഉള്ള ക്രീം ലിപ്സ്റ്റിക് ചുണ്ടിൽ അപ്ലൈ ചെയ്‌ത് ലിപ് മേക്കപ്പിന് സോഫ്റ്റ് ലുക്ക് നൽകുകയാണ് വേണ്ടത്. ചുണ്ടുകൾക്ക് തിളക്കം നൽകാനും ജലാംശം നൽകാനും ലിപ് ബാം ഉപയോഗിച്ച് ടോപ്പ് ഓഫ് ചെയ്യുക.
മിസ്റ്റി
മേക്കപ്പിനായി നിരവധി പ്രോഡക്ടുകൾ ഉപയോഗിക്കുന്നില്ലെങ്കിലും സെറ്റിംഗ് സ്പ്രേ ഉപയോഗിക്കുന്നത് മേക്കപ്പ് അധികനേരം നീണ്ട് നിൽക്കാൻ സഹായിക്കും. സദാസമയവും പ്രസരിപ്പും ഊർജ്ജവും നിറയ്ക്കാൻ സെറ്റിംഗ് സ്പ്രേ ഉപകരിക്കും.
ശ്രദ്ധിക്കേണ്ട ചില നോ മേക്കപ്പ് ട്രിക്കുകൾ
- മേക്കപ്പ് ചെയ്യുമ്പോൾ പരമാവധി വിരലുകൾ ഉപയോഗിച്ച് വേണം സൗന്ദര്യ വർദ്ധകങ്ങൾ ചർമ്മത്തിൽ പുരട്ടാൻ. മൃദുവായതും മങ്ങിയതുമായ പ്രഭാവം നൽകാൻ ഇത് ഉപകരിക്കും. ഫൗണ്ടേഷൻ പ്രയോഗിക്കുമ്പോൾ കവറേജ് പരമാവധി നിലനിർത്താൻ മേക്കപ്പ് സ്പോഞ്ച് ഉപയോഗിക്കുക.
- കണ്ണുകളിലും ചുണ്ടുകളിലും കടും നിറങ്ങളൊന്നും ഉപയോഗിക്കരുത്.
- കൺപോളകളിൽ മേക്കപ്പിന്‍റെ നേരിയ സ്പർശനം മാത്രം മതി. നോ മേക്കപ്പ് ലുക്കിന് തിളങ്ങുന്ന ഐഷാഡോകൾ അപ്ലൈ ചെയ്തുള്ള ബോൾഡ് ഐ ലുക്ക് ആവശ്യമില്ല.
- ലിപ്സ്റ്റിക്കുകൾ അപ്ലൈ ചെയ്യാൻ താൽപര്യമില്ലെങ്കിൽ ടിന്‍റഡ് ഷേഡിലുള്ള ലിപ്ബാം ഉപയോഗിച്ച് ചുണ്ടുകൾക്ക് ഗ്ലോസി ലുക്ക് നൽകാം.