തണുപ്പുകാലം പൊതുവെ എല്ലാവരും ആസ്വദിക്കുന്ന ഒന്നാണ്. എന്നാൽ ഈ സീസൺ ചർമ്മത്തിന് അത്ര സുഖകരമല്ല. ചർമ്മം വരണ്ടുപോകുന്നതാണ് ഈ സമയത്തുണ്ടാകുന്ന വലിയൊരു പ്രശ്നം. ഇത് സാധാരണമാണ്. ചിലപ്പോൾ, ഈ സമയത്ത് ചർമ്മത്തിൽ കറുത്ത പാടുകളോ അല്ലെങ്കിൽ ചർമ്മം മുഴുവൻ ഇരുണ്ട് പോകുന്നതോ കാണാറുണ്ട്.
തണുപ്പുകാലത്ത് നമ്മുടെ ചർമ്മം എന്തുകൊണ്ടാണ് ഇരുണ്ടുപോകുന്നത്. അതിന് പിന്നിലുള്ള കാരണങ്ങളെയും പരിഹാര മാർഗ്ഗങ്ങളെയും കുറിച്ചറിയാം:
ചർമ്മ പരിപാലനം ഇങ്ങനെ
ചൂട് കാലത്ത് പൊതുവെ മിക്കവരും സൺസ്ക്രീൻ അമിതമായി ഉപയോഗിച്ച് കാണാറുണ്ട്. എന്നാൽ തണുപ്പ് കാലത്ത് സൺസ്ക്രീൻ തീർത്തും ഉപയോഗിക്കാറുമില്ല. ഇക്കാരണം കൊണ്ട് ചർമ്മം കറുത്തു പോകാറുമുണ്ട്. അതുകൊണ്ട് തണുപ്പുകാലത്തും സൺസ്ക്രീൻ പുരട്ടുന്നത് ശീലമാക്കുക.
ആവശ്യമായ അളവിൽ വെള്ളം
ഈ സമയത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് ചർമ്മത്തെ ദോഷകരമായി ബാധിക്കാം. ശരീരത്തിൽ ജലാംശം കുറയുന്നതിലൂടെ ഡീഹൈഡ്രേഷൻ ഉണ്ടാവാം. വെള്ളം കുടിക്കുന്നത് ചർമ്മത്തെ ഹൈഡ്രേറ്റാക്കും.
മോയിസ്ച്ച്റൈസർ
തണുപ്പ് കാലത്ത് ചർമ്മം മോയിസ്ച്ച്റൈസ് ചെയ്യുന്നത് ഗുണം ചെയ്യും. തണുത്ത കാറ്റേൽക്കുന്നതു മൂലം ചർമ്മം വരണ്ടു പൊട്ടാറുണ്ട്. പിന്നീട് ഇത് ചർമ്മത്തിൽ കറുത്ത പാടുകൾ സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ മികച്ച ക്വാളിറ്റിയിലുള്ള മോയിസ്ച്ച്റൈസിംഗ് ലോഷൻ അല്ലെങ്കിൽ ക്രീം പുരട്ടുക. ഇത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്‌ത് ആരോഗ്യമുള്ളതാക്കും.
സ്കിൻ കെയർ റൂട്ടീൻ
ക്ലൻസിംഗ് മിൽക്കു കൊണ്ട് ചർമ്മം നിത്യവും വൃത്തിയാക്കാൻ മറക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്. രണ്ടാമത്, ആഴ്ചയിൽ ഒരു തവണ ഫേസ്പായ്ക്ക് അല്ലെങ്കിൽ ഏതെങ്കിലും ഹൈഡ്രേറ്റിംഗ് ലോഷൻ നിർബന്ധമായും പുരട്ടണം. ചർമ്മം വരണ്ടതാണെങ്കിൽ ഹൈഡ്രേറ്റിംഗ് ക്രീം അല്ലെങ്കിൽ കോൾഡ് ക്രീം ഉപയോഗിക്കണം.
വരണ്ട കാലാവസ്‌ഥയിൽ ശരിയായ പരിചരണവും സംരക്ഷണവും നൽകുക വഴി ചർമ്മത്തിന്‍റെ സ്വാഭാവിക സൗന്ദര്യം നിലനിർത്താനാവും.
- തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കാം, ഇത് ശരീരത്തിലെ സ്വാഭാവിക എണ്ണമയത്തെ അത് നഷ്‌ടപ്പെടുത്തും. കുളി കഴിഞ്ഞതിനുശേഷം ചർമ്മം ശക്‌തമായി ഉരച്ച് തുടയ്‌ക്കരുത്. മറിച്ച് വളരെ മൃദുവായ ടവ്വല്‍ ഉപയോഗിച്ച് പതിയെ തുടയ്‌ക്കുക.
- കുളി കഴിഞ്ഞയുടൻ ചർമ്മത്തിൽ മോയിസ്‌ച്ചുറൈസർ ഉപയോഗിക്കുക. മികച്ച പരിചരണത്തിന് ജൊജോബാ ഓയിലോ ഷിയാ ബട്ടറോ കൊക്കോ ഓയിലോ അടങ്ങിയ മോയിസ്‌ച്ചുറൈസർ ഉപയോഗിക്കാം.
- തണുത്ത വരണ്ട കാലാവസ്‌ഥയിൽ 30 മുതൽ 50 വരെയുള്ള എസ്‌പിഎഫ് സൺസ്‌ക്രീൻ ക്രീം ഓരോ 3, 4 മണിക്കൂർ ഇടവിട്ട് ഉപയോഗിക്കുക. 80% സൂര്യകിരണങ്ങൾ നേർത്ത മേഘങ്ങളിലൂടെയും മഞ്ഞിലൂടെയും കടന്നു വന്ന് ചർമ്മത്തിൽ പ്രവേശിക്കുന്നതിനാലാണിത്.
- തണുപ്പുകാലത്ത് ചർമ്മം വളരെയധികം വരണ്ടതാവുകയും വിണ്ടുകീറുകയും ചെയ്യാം. കൈകളുടെ സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതിന് പാത്രം കഴുകുന്ന സമയത്ത് ഗ്ലൗസ് അണിയാം. രാവിലെയും വൈകുന്നേരവും വിറ്റാമിൻ ഇയും ഡിയും അടങ്ങിയ എണ്ണ ഉപയോഗിക്കുക. രാത്രിയിൽ വിറ്റാമിൻ എയും ഡിയും ചേർന്ന തിക്ക് ക്രീം പുരട്ടാം. രാത്രി ഉറങ്ങുന്ന സമയത്ത് ഈ ക്രീം ചർമ്മത്തിനൊരു സുരക്ഷാ കവചം തീർക്കും.
- തണുപ്പുകാലത്ത് ഉപ്പൂറ്റി വിണ്ടുകീറാറുണ്ട്. രാത്രിയിൽ കിടക്കാൻ നേരത്ത് കാലുകളിൽ ഫൂട്ട്‌ക്രീമോ പെട്രോളിയം ജെല്ലിയോ പുരട്ടി കിടക്കുക. അമിതമായ തണുപ്പുണ്ടെങ്കിൽ സോക്‌സണിയാം.
- നഖം പൊളിയുന്നത് തടയാൻ ഹെഡ് ആന്‍റ് നെയിൽ ക്രീം ഫലവത്താണ്.
- അവാക്കോഡോ ഉപയോഗിച്ച് വരണ്ട ചർമ്മത്തിന് മികച്ചൊരു ഫേസ് മാസ്‌ക് തയ്യാറാക്കാനാവും. ഇതിൽ ആന്‍റി ഓക്‌സിഡന്‍റിന്‍റെ രൂപത്തിൽ 14 മിനറലുകളും വിറ്റാമിൻ എയും ഡിയും ഉണ്ട്. അവാക്കോഡോ നല്ലവണ്ണം ഉടച്ച് പൾപ്പാക്കി അതിൽ അൽപം ബദാംഓയിലും ചേർത്ത് രാത്രി കിടക്കാൻ നേരത്ത് ചർമ്മത്തിൽ പുരട്ടുക.