നമ്മുടെ നാടിന്‍റെ ഭാവിയ്ക്ക് തന്നെ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് മയക്കുമരുന്നിന്‍റെ ദുരുപയോഗം. ഇതേറ്റവും ബാധിക്കുന്നത് ചെറുപ്പക്കാരെയാണ് എന്നുള്ളതാണ് ഏറ്റവും ഗുരുതരമായ വസ്തുത. പ്രത്യേകിച്ചും സ്ക്കൂൾ- കോളേജ് വിദ്യാർത്ഥികളെ. മാരകലഹരിയോടുള്ള ആസക്തി ചെറുപ്പക്കാരിൽ ഏറിവരുന്നുവെന്നത് ഏറെ അസ്വസ്ഥതയുളവാക്കുന്നു. പല രൂപത്തിലും ഭാവത്തിലും ലഹരി വസ്തുക്കൾ അറിഞ്ഞും അറിയാതെയും കുട്ടികളിൽ എത്തിച്ചേരുന്നുണ്ടെന്നുള്ള വാർത്തകൾ ഇത് എത്രത്തോളം നമ്മുടെ സമൂഹത്തിൽ വ്യാപിച്ചിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒപ്പം കുട്ടികളുടെയും യുവാക്കളുടെയും ജീവിതത്തെ തന്നെ ഈ മഹാവിപത്ത് ഇരുട്ടിലാഴ്ത്തുന്നു.

ലഹരി ഉപയോഗത്തിന് എതിരായി ശക്തമായ ചെറുത്തുനിൽപ്പുകളും ബോധവൽക്കരണ പരിപാടികളും നടക്കുന്നുണ്ടെങ്കിലും ലഹരിമരുന്നിന് അടിമപ്പെടുന്നവരുടെ എണ്ണവും വ്യാപ്തിയും വർദ്ധിച്ചു വരുന്നത് ഭീതിയുളവാക്കുന്നതാണ്. ലഹരി മരുന്നിന്‍റെ ദുരുപയോഗവും അനധികൃത കടത്തും സമൂഹത്തിൽ ഗുരുതരമാകുന്ന വിധം വ്യാപിച്ചുക്കൊണ്ടിരിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്.

ഈ അപകടത്തിലേക്ക് എത്തപ്പെടുന്ന കുട്ടികളെയും യുവാക്കളെയും രക്ഷിച്ചെടുക്കുകയെന്നത് സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും കൂട്ടുത്തരവാദിത്തമാണ്. മയക്കുമരുന്നിന്‍റെ ചതിക്കുഴികളിൽ നമ്മുടെ കുഞ്ഞുങ്ങൾ അകപ്പെടാതിരിക്കാൻ അവർ സഞ്ചരിക്കുന്നയിടങ്ങളിൽ ജാഗ്രതാ കണ്ണുകൾ തുറന്നിരിക്കേണ്ടതുണ്ട്. മയക്കുമരുന്നിന് അടിമപ്പെടുന്നവരെ മുക്തരാക്കാൻ സ്ക്കൂൾ, പ്രദേശിക ഭരണ സംവിധാനങ്ങൾ, പോലീസ്, കുടുംബം എന്നിവയുൾപ്പെട്ട സംവിധാനങ്ങൾ നൽകുന്ന പിന്തുണ വളരെ പ്രാധാന്യമർഹിക്കുന്നു.

ലഹരിയ്ക്ക് അടിമപ്പെടുന്നവരെ എങ്ങനെ മുക്തരാക്കാം, മെച്ചപ്പെട്ട ആരോഗ്യമുള്ള സമൂഹത്തെ എങ്ങനെ സൃഷ്ടിച്ചെടുക്കാം…

നിങ്ങളുടെ കുട്ടി ലഹരി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടോ? ലഹരിയ്ക്ക് അടിമപ്പെട്ടിട്ടുണ്ടോ… ഇതിൽ നിന്നുള്ള മോചനം എങ്ങനെ… എന്തുകൊണ്ടാണ് കുട്ടികൾ ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നത്?

ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ തലച്ചോറിൽ ഡോപമിൻ (dopamine) എന്ന രാസവസ്തുവിന്‍റെ അളവിൽ വർദ്ധനവ് ഉണ്ടാകുന്നു. ഡോപമിൻ കൂടുമ്പോഴാണ് നമുക്ക് ആസ്വാദ്യ അനുഭവങ്ങൾ ഉണ്ടാകുന്നത്. വ്യായാമം ചെയ്യുമ്പോഴും സിനിമ കാണുമ്പോഴും കേൾക്കുമ്പോഴും ഒക്കെ ഇതു കൂടും. പക്ഷേ ഒരു പരിധിയിൽ കൂടുതൽ അത്തരം സന്ദർഭങ്ങളിൽ ഡോപമിൻ വർദ്ധിക്കാറില്ല. എന്നാൽ ലഹരിവസ്തുക്കൾ പ്രത്യേകിച്ച് കഞ്ചാവ്, മയക്കുമരുന്നുകൾ ഇവയൊക്കെ ഉപയോഗിക്കുമ്പോൾ പൊടുന്നനെ ഡോപമിൻ വർദ്ധിക്കുകയും അത് വളരെ ശക്തമായ ആഹ്ളാദാനുഭൂതികൾ നൽകുകയും ചെയ്യും.

പക്ഷെ ഇതേ ഡോപമിൻ തന്നെ ഒരു പരിധിയിൽ കൂടുതലായി വർദ്ധിക്കുന്നത് ചിത്തഭ്രമ ലക്ഷണങ്ങൾക്ക് കാരണമാകും. ചെവിയിൽ അശരീരി ശബ്ദങ്ങൾ മുഴങ്ങുന്നതു പോലെയുള്ള മിഥ്യാനുഭവങ്ങളും ആരൊക്കെയോ തന്നെ കൊല്ലാൻ വരുന്ന മട്ടിലുള്ള മിഥ്യാവിശ്വാസങ്ങളും ഇവരിലുണ്ടാകും. തുടർച്ചയായിട്ടുള്ള മയക്കുമരുന്നുകളുടെ ഉപയോഗം തലച്ചോറിന്‍റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ച് ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, ആത്മനിയന്ത്രണമില്ലായ്മ, ഉറക്കമില്ലായ്മ, കടുത്ത വിഷാദരോഗം, ആത്മഹത്യാപ്രവണത, അക്രമവാസന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒടുവിൽ മയക്കുമരുന്നുകൾ തലച്ചോറിന്‍റെ പ്രവർത്തനങ്ങളെ തകർത്ത് മാനസികാരോഗ്യം നശിപ്പിക്കുമെന്നതാണ് യാഥാർത്ഥ്യം.

ഒരു വ്യക്തി മയക്കുമരുന്നിന് അടിമപ്പെട്ടുവെന്ന് എങ്ങനെ തിരിച്ചറിയാം? ആ വ്യക്‌തിയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമായിരിക്കാം?

ഒരു വ്യക്തി മയക്കുമരുന്നിന് അടിമപ്പെട്ടുവെന്ന് തിരിച്ചറിയാൻ 6 ലക്ഷണങ്ങൾ ഉണ്ട്. ഇവയിൽ മൂന്ന് ലക്ഷണങ്ങൾ കഴിഞ്ഞ ഒരു വർഷമായി വ്യക്‌തി പ്രദർശിപ്പിക്കുന്നുവെങ്കിൽ ആ വ്യക്‌തി മയക്കുമരുന്നിന് അടിമപ്പെട്ടുവെന്ന് പറയാം. ഒന്ന്, രാവിലെ തൊട്ട് മയക്കുമരുന്ന് ഉപയോഗിക്കണമെന്ന തീവ്രമായ ആഗ്രഹവും അത് സംഘടിപ്പിക്കാനുള്ള അദമ്യമായ ത്വരയും ഉണ്ടാവുക. രണ്ട്, ഉപയോഗിക്കുന്ന മയക്കുമരുന്നിന്‍റെ അളവും ഉപയോഗിക്കുന്ന സമയവും നിയന്ത്രിക്കാൻ കഴിയാത്ത അവസ്‌ഥ. മൂന്ന്, നിശ്ചിത ആഹ്ളാദാനുഭൂതി ലഭിക്കാൻ ഘട്ടം ഘട്ടമായി കൂടുതൽ അളവ് മയക്കുമരുന്ന് ഉപയോഗിക്കേണ്ട സ്‌ഥിതി ഉണ്ടാവുക. നാല്, പൊടുന്നനെ മയക്കുമരുന്ന് നിർത്തുമ്പോഴോ കിട്ടാതെ വരുമ്പോഴോ ചില പിൻവാങ്ങൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. അമിത ഉൽക്കണ്ഠ, ഉറക്കക്കുറവ്, വിറയൽ എന്നിവ തൊട്ട് തലവേദന, ശരീര വേദന, അപസ്മാരം വരെയുള്ള പിൻവാങ്ങൽ ലക്ഷണങ്ങൾ വരെ ചില മയക്കുമരുന്നുകൾ ഉണ്ടാക്കിയേക്കാം. അഞ്ച്, മറ്റൊരു കാര്യത്തിലും ആഹ്ളാദം തോന്നാത്ത അവസ്ഥയുണ്ടാവുക, ആഹ്ലാദം പകരുന്ന ഏക കാര്യം ഈ മയക്കുമരുന്നിന്‍റെ ദുരുപയോഗം മാത്രമായിരിക്കും. ആറ്, ഈ ഉപയോഗം ആരോഗ്യകരമല്ല അപകടമാണെന്ന് ഉപയോഗിക്കുന്ന ആളിന് അറിയാമെങ്കിലും അതിന്‍റെ ഉപയോഗം ഒഴിവാക്കാൻ കഴിയാത്ത അവസ്‌ഥ വരിക. മേൽപ്പറഞ്ഞ 6ൽ 3 ലക്ഷണങ്ങളും ഉണ്ടെങ്കിൽ ആ വ്യക്തി മയക്കുമരുന്നിന് അടിമയാണെന്ന് കരുതാം. ഒരു മനോരോഗ വിദഗ്ധനെ കാണിച്ച് കൃത്യമായ ചികിത്സയിലൂടെ ആ വ്യക്തിയെ ഈ വിപത്തിൽ നിന്നും മോചിപ്പിച്ചെടുക്കാം.

മയക്കുമരുന്നിന് അടിമയായിട്ടുള്ള കുട്ടികൾക്കുള്ള ചികിത്സാ രീതി

മയക്കുമരുന്നിന് അടിമയായ ഒരു കുട്ടി അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് പെരുമാറ്റ വ്യത്യാസങ്ങൾ കാട്ടുന്ന കുട്ടിയെ ഒരു മനോരോഗ വിദഗ്ദ്ധനെ കാണിച്ച് ചികിത്സയ്ക്ക് വിധേയമാക്കണം. ആദ്യഘട്ടത്തിൽ പിൻവാങ്ങൽ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗിച്ചതുമൂലമുള്ള മാനസിക- ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ചികിത്സയാണ് നൽകുക. ഏതാണ്ട് രണ്ടാഴ്ച കൊണ്ട് ഈ ചികിത്സ പൂർത്തിയാകാറുണ്ട്. തുടർന്ന് വീണ്ടും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് കുട്ടി പോകാതിരിക്കാനുള്ള പുനഃപതന പ്രതിരോധ (relapse prevention treatment ) ചികിത്സ നൽകുന്നു. ഒമ്പത് മാസം മുതൽ പന്ത്രണ്ട് മാസം വരെ നീണ്ടുനിൽക്കുന്നതാണ് ഈ ചികിത്സ.

മരുന്നുകളും കൗൺസിലിങ്ങുകളും ഒപ്പം മാതാപിതാക്കൾക്കുള്ള പരിശീലനവുമൊക്കെ ഈ ചികിത്സയുടെ ഭാഗമാണ്.

കുട്ടികൾ ലഹരി മരുന്നുകളിലേക്ക് ആകർഷിക്കപ്പെടാതിരിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ

  1. ചെറിയ പ്രായം തൊട്ട് കുട്ടികളുമായി ആരോഗ്യകരമായ ആശയവിനിമയം പുലർത്താനുള്ള സമയം മാതാപിതാക്കൾ കണ്ടെത്തുക എന്നുള്ളതാണ്.
  2. കുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ചോദിച്ചറിയുകയും അവർക്ക് മാതാപിതാക്കളോട് അരമണിക്കൂറെങ്കിലും സംസാരിക്കാനുള്ള ക്വാളിറ്റി ടൈം ഉറപ്പു വരുത്തുകയും ചെയ്യുകയെന്നുള്ളത് പ്രധാനമാണ്. മികച്ച ആശയവിനിമയം കുട്ടികളുമായുള്ള ബന്ധം അടിയുറച്ചതാക്കാൻ സഹായിക്കുകയേയുള്ളൂ. കുട്ടികളിൽ അത് പോസിറ്റീവായ മനോഭാവം വളർത്തും.
  3. കുട്ടികളുടെ അധ്യാപകരുമായി നിരന്തരം ബന്ധം പുലർത്തുക.
  4. കുട്ടികളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അറിയുക. ആ സുഹൃത്തുക്കളുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധവും ആശയവിനിമയവും ഉണ്ടാക്കിയെടുക്കുക.
  5. മയക്കുമരുന്നുകൾ തലച്ചോറിനെ തകർത്ത് മാനസികാരോഗ്യം എങ്ങനെ നശിപ്പിക്കുമെന്ന് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ബോധ്യപ്പെടുത്തുക.
  6. സന്തോഷം ലഭിക്കാനുള്ള ആരോഗ്യകരമായ മാർഗ്ഗങ്ങളായ കലാ- കായിക പ്രവർത്തനങ്ങളിൽ ഇടപഴകാൻ കുട്ടികളെ പ്രേരിപ്പിക്കാം.
  7. കലഹങ്ങളും സ്വരച്ചേർച്ചയില്ലായ്മയും നിറഞ്ഞ ഗാർഹികാന്തരീക്ഷം ഒഴിവാക്കി വീട്ടിൽ സമാധാനപരമായ അന്തരീക്ഷം ഒരുക്കുക. വീട് എന്നുള്ളത് അവർക്കേറ്റവും പ്രിയപ്പെട്ട ഇടമാക്കുക.

ഒരിക്കൽ ലഹരിയിൽ നിന്നും മുക്തരായവർ സുഹൃത്തുക്കളുടെയോ മറ്റോ നിർബന്ധത്തിന് വഴങ്ങി വീണ്ടും ലഹരി ഉപയോഗത്തിലേക്ക് പോകുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇത്തരം അവസ്‌ഥയെ പ്രതിരോധിക്കാൻ സമൂഹവും കുടുംബവും മറ്റ് സംവിധാനങ്ങളും ജാഗ്രതയോടെ നിലകൊള്ളണം.

ഡോ. അരുൺ ബി നായർ,
പ്രൊഫസർ സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളേജ്, തിരുവനന്തപുരം

और कहानियां पढ़ने के लिए क्लिक करें...