ലോകത്തെ ഏറ്റവും മനോഹരമായ വികാരമേതെന്ന് ചോദിച്ചാൽ… ഒരുപക്ഷേ നിസംശയം പറയാം അത് പ്രണയമാണെന്ന്. എന്നാൽ ഇന്ന് പ്രണയമെന്നതിനെ ഏറെ ആശങ്കയോടുകൂടി കാണേണ്ട ഒന്നായി മാറിയിരിക്കുന്നു. കൗമാര പ്രണയങ്ങളിൽ മിക്കതും കൊലക്കത്തിയിലോ ആസിഡ് ഏറിലോ മറ്റോ ചെന്നു കലാശിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രണയ കൊലപാതകങ്ങൾ ഏറി വരുന്നുവെന്നത് ആശങ്കപ്പെടുത്തുന്ന ഒന്നായിരിക്കുന്നു. എന്താണ് പ്രണയത്തിന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം? പ്രണയം രക്തം ചീന്തുന്ന ഒന്നായി മാറിയിരിക്കുന്നതെന്തുകൊണ്ടാണ്?

“തേപ്പ്” ആണോ പല പ്രണയ ബന്ധങ്ങളിലും ചോരപടർത്തുന്നത്? അതിന്‍റെ പേരിലുണ്ടാകുന്ന കൂട്ടുകാരുടെ കളിയാക്കലുകളും അപമാനവും സമയ നഷ്ടവുമൊക്കെ തേപ്പിനിരയായവരെ അക്രമികളാക്കുകയാണോ? അവൻ / അവൾ അക്രമികളാകുന്നതിനെ, തേച്ചത് കൊണ്ടല്ലേ എന്ന് നിസാരവൽക്കരിക്കുന്നത് ഇത്തരം അക്രമങ്ങളെ പരോക്ഷമായിട്ടെങ്കിലും പ്രോത്സാഹിക്കപ്പെടുന്നുവെന്നത് യാഥാർത്ഥ്യമാണ്. തന്‍റേതായ ഒന്നിനെ ഏത് സാഹചര്യത്തിലും നഷ്ടപ്പെടരുതെന്ന ഉറച്ച തീരുമാനമാണ് പ്രണയത്തെ അപകടം പിടിച്ചതാക്കുന്നത്. വിട്ടുകൊടുക്കൽ എന്നൊന്നില്ല. എന്‍റേത്… എനിക്കു മാത്രം… മറ്റൊരാൾക്കുമതിൽ അവകാശമില്ല. അങ്ങനെ ഏതെങ്കിലും സാഹചര്യത്തിൽ ഇണ പ്രണയത്തിൽ നിന്നും പിന്തിരിഞ്ഞാൽ കൊലക്കത്തികൊണ്ടായിരിക്കും അതിനുള്ള ശിക്ഷ വിധിക്കുക. തന്‍റേതായിരുന്നതിനെ ഒരു കാരണവശാലും (മറ്റെയാൾ അകന്നു പോകാൻ ആഗ്രഹിച്ചാലും) വിട്ടു കൊടുക്കാൻ മനസ്സു കാട്ടാത്തവരായി മാറിയിരിക്കുന്നുവെന്ന് വേണം പറയാൻ. സെൽഫ് ലെസ്സ് ലവ് ന് ഉപരിയായി അവന്‍റെ / അവളുടെ അഹംഭാവമാണ് അവിടെ പ്രകടമാകുന്നത്. മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്നൊന്നും ചിന്തിക്കാതെ ഉടനടി വിവാഹമെന്ന കുറ്റിയിൽ തളച്ചിടാനാണ് ഇത്തരക്കാർക്ക് താൽപര്യം.

എല്ലാ പ്രണയങ്ങളും വിവാഹത്തിൽ കലാശിക്കണമെന്നില്ലല്ലോ. അവയിൽ മിക്കതും പല കാരണങ്ങൾ കൊണ്ടും (ജാതി, മതം, സാമ്പത്തിക സ്‌ഥിതി, സ്റ്റാറ്റസ്, കാഴ്ചപ്പാടിലുണ്ടാകുന്ന അന്തരം, വിദ്യാഭ്യാസം, മാനസികാവസ്‌ഥയിലുണ്ടാകുന്ന മാറ്റം) വിവാഹത്തിൽ കലാശിക്കണമെന്നില്ല. എന്നിരുന്നാലും പ്രണയ ഭംഗങ്ങൾ പ്രണയത്തേക്കാൾ മാധുര്യമേറിയ വികാരമാണെന്നും വേർപാട് വേദന സൃഷ്ടിക്കുമെങ്കിലും മധുരിക്കുന്ന ഒന്നാണെന്നും കൂടി പ്രണയികളായ ചെറുപ്പക്കാർ ഇനിയും അറിയേണ്ടതുണ്ട്. സന്തോഷവും വേദനയും കലർന്നതാണ് പ്രണയം. അതെല്ലാം തന്നെ ഒരേ പോലെ സ്വീകരിക്കാൻ മനസ്സിനെ പാകപ്പെടുത്താതിരിക്കുമ്പോഴാണ് ഇത്തരം അപകടങ്ങളിൽ എത്തുക.

കൗമാരം എടുത്തു ചാട്ടത്തിന്‍റേത്

തീവ്രമായി പ്രതികരിക്കുന്നവരായി മാറുകയാണോ കൗമാരം? നിസാര കാര്യത്തിനുപോലും അമിതമായി ക്ഷോഭിക്കുന്നവരാണ് പലരും. വീണ്ടുവിചാരമില്ലാതെ എന്തിലേക്കും എടുത്തു ചാടും. പണ്ടും ഇത്തരം കൗമാരക്കാർ ഉണ്ടായിരുന്നുവെങ്കിലും വീണ്ടുവിചാരത്തിന്‍റെയോ വിവേക ബുദ്ധിയുടെയോ പ്രേരണയാൽ അക്രമവാസനകളിലേക്ക് നീങ്ങിയിരുന്നില്ല. കുറേക്കൂടി ഓപ്പണായി എന്തിനെപ്പറ്റിയും സംസാരിക്കുന്നവരാണ് ഇന്നത്തെ കൗമാരക്കാർ. അവന് /അവൾക്ക് സെൽഫ് ലെസ്നെസ്സായി ചിന്തിക്കാനുള്ള ശേഷിയോ ക്ഷമതയോ തീരെയില്ല. പകരം സ്വാർത്ഥതയാണ് അവിടെ കുടിക്കൊള്ളുന്നത്. എന്തും പടവെട്ടി നേടണം. ഇത് ചിലരിലെങ്കിലും തീവ്രമായി തന്നെയുണ്ട്. എങ്ങനെ പ്രേമിക്കണം, പ്രേമം എത്രത്തോളമാവാം, ബ്രേക്കപ്പ് എങ്ങനെയാണ് വേണ്ടത്, തേപ്പ് കിട്ടിയാൽ എന്ത് ചെയ്യണം എന്നീ കാര്യങ്ങൾ പാഠ്യ വിഷയമാക്കേണ്ടി വരുമെന്നതാണ് ഇപ്പോഴുള്ള സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പ്രണയവും ചർച്ചാ വിഷയമാക്കേണ്ടതുണ്ട്

പ്രണയമെന്നതിനെ പാരമ്പര്യ സമൂഹം അത്രത്തോളമൊന്നും അംഗീകരിച്ചിട്ടില്ലായെങ്കിലും പ്രണയിച്ചു പോയവരെ മനസില്ലാ മനസ്സോടെയാണെങ്കിലും അംഗീകരിക്കുന്നുണ്ട്. ഇത്തരം അംഗീകാരങ്ങൾക്ക് പിന്നിൽ പല മാനദണ്ഡങ്ങളും ഉണ്ട്. അതിലേറ്റവും മുന്നിൽ നിൽക്കുന്ന വസ്തുത ജാതിയും മതവും തന്നെയായിരിക്കും. പിന്നെയാണ് വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തപ്പെടുക. എന്നിരുന്നാലും മനുഷ്യൻ എന്തുകൊണ്ട് ക്രൂരനാകുന്നുവെന്നത് വലിയൊരു ചോദ്യമാണ്. അതിന്‍റെ പിന്നിൽ കാരണങ്ങൾ ഏറെയുണ്ടാകാം. സാമ്പത്തികം, സ്റ്റാറ്റസ് എന്നിങ്ങനെ പലതും. ശരിയായ സ്വഭാവ രൂപീകരണമില്ലായ്മയും എന്തിനോടും തീവ്രമായി പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവ രീതിയും വലിയൊരു കാരണമാണ്.

വിവേകപൂർവ്വം യാഥാർത്ഥ്യ ബോധത്തോടു കൂടി കാര്യങ്ങളെ സമീപിക്കുകയെന്നത് പ്രധാനമാണ്. അതിരുകളെക്കുറിച്ച്, സുഹൃത്തിനെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കുകയാണ് വേണ്ടത്. പ്രണയികളായ തങ്ങൾക്ക് ഒരേ തീരുമാനമാണെന്നതിലുപരിയായി ഇരുവർക്കും അവരവരുടേതായ സ്വാതന്ത്യ്രവും അവകാശവും ഉണ്ട് എന്ന് പരസ്പരം അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വേണം. പ്രണയമെന്നതിൽ സാമാന്യബുദ്ധിയും തിരിച്ചറിവും വിവേകവും പുലർത്തണമെന്നതാണ് പ്രധാനം. മറ്റൊരാളുടെ ജീവനെടുക്കുന്നതിലേക്ക് പ്രണയം കലാശിക്കരുത്. ലോകമുള്ളിടത്തോളം കാലം പ്രണയമുണ്ടാകാം. ചതിക്കപ്പെടാം, രണ്ടുപേരുടെയും സമ്മതത്തോടെ ബ്രേക്കപ്പുകൾ ഉണ്ടാകാം. ചതിക്കപ്പെടുന്നതിന്‍റെ പേരിലോ ഒഴിവാക്കലിന്‍റെ പേരിലോ അപരന്‍റെ ജീവനെടുക്കുന്നതിലേക്ക് പ്രണയം കലാശിക്കരുത്.

പ്രണയം പകയായി മാറുന്നതിന് പിന്നിലെ മനഃശാസ്ത്രം

ഹോർമോൺ പ്രവർത്തനങ്ങൾ മൂലമാണ് തലച്ചോറിൽ ഓരോ വിചാരങ്ങളും ചിന്തകളും രൂപം കൊള്ളുന്നത്. തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്റേഴ്സിന്‍റെ പ്രവർത്തന ഫലമാണിത്. കുറേയധികം ഹോർമോണുകളുടെ പ്രവർത്തന ഫലമായാണ് കോപം, ദേഷ്യം, പ്രണയം, വിഷാദം എന്നിങ്ങനെയുള്ള വികാരങ്ങൾ ഉണ്ടാകുക. ഓക്സിടോസിൻ പ്രണയവികാരം ഉണർത്തുന്ന ഹോർമോണാണ്. പ്രണയം എന്ന വികാരം ചിലപ്പോൾ കമിതാവിനോട് തോന്നുന്ന ഒന്നാവാം. അല്ലെങ്കിൽ കുട്ടികൾക്ക് രക്ഷിതാവിനോടോ രക്ഷിതാക്കൾക്ക് കുട്ടികളോടോ തോന്നാം. എന്നാൽ പ്രണയം എന്നതിനപ്പുറമായി കമിതാവിനോട് തോന്നുന്ന ഇഷ്ടത്തിന്‍റെ അടിസ്‌ഥാന തത്ത്വം ലൈംഗിക താൽപര്യം എന്നൊന്നു കൂടിയുണ്ട്. അത് പ്രകൃതി നിയമമാണ്. എന്നാൽ സെക്സിനോട് താൽപര്യമില്ലാത്ത അപൂർവ്വം ചിലർ മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്.

സന്തോഷം പ്രദാനം ചെയ്യാനും കിട്ടാനും പ്രേരണ പകരുന്ന ഹോർമോണുകളായ എൻഡോർഫിൻ, ഓക്സിടോസിൻ, ഡോപമിൻ ഇങ്ങനെ കുറേയധികം ഹോർമോണുകൾ ശരീരത്തിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ ഇവയുടെയെല്ലാം സ്വാധീനം ഓരോരുത്തരിലും വ്യത്യസ്ത തോതിലായിരിക്കുമെന്ന് മാത്രം. സെക്സിനോടുള്ള താൽപര്യവും ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ചുരുക്കം ചിലരെ ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ളവർക്ക് സെക്സിനോട് അമിത താൽപര്യം ഉണ്ടാകും. ഇതിന്‍റെ ആധിക്യം അമിതമായാലാണ് ആ വ്യക്‌തി പ്രത്യേക വ്യക്തിയോട് ആസക്തി പ്രകടിപ്പിക്കുക. ഈയൊരു ആസ്കതി ചിലപ്പോൾ ഒരു സെക്സ് കഴിയുന്നതോടെ കെട്ടടങ്ങുകയും ചെയ്യും. അല്ലെങ്കിൽ കുറച്ചുനാൾ മാത്രം നീണ്ടുനിൽക്കും. ഈയൊരു ഘട്ടത്തിലാണ് പ്രണയത്തിൽ നിന്നും പിൻവാങ്ങുന്ന ഇണയെ ക്രൂരമായി ആക്രമിക്കാനോ കൊലപ്പെടുത്താനോ കമിതാവ് ശ്രമിക്കുക. ഹോർമോണിന്‍റെ പ്രവർത്തനങ്ങളാണ് ഇതിനെയെല്ലാം സ്വാധീനിക്കുക.

മറ്റൊന്ന്, സിനിമ, സാഹിത്യം പോലുള്ളവ മനുഷ്യ മനസ്സിൽ കുത്തിവയ്ക്കുന്ന ചില അബദ്ധധാരണകളുണ്ട്. പ്രണയം എന്നത് ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ്, ഉദാത്തമാണ്. അത് നഷ്ടപ്പെടാൻ പാടില്ലാത്തതാണ്, ഇണയെ നഷ്ടമായാൽ മറ്റൊരു വിവാഹം കഴിച്ചു കൂടാ, അത് ജീവിതകാലം മുഴുവനും തുടരേണ്ട ഒന്നാണ് എന്നിങ്ങനെ അബദ്ധ ജടിലമായ ധാരണകൾ. എന്നാൽ, ഇണകളെ നമുക്ക് യഥേഷ്ടം കിട്ടുമെങ്കിലും പരസ്പരധാരണയോടു കൂടിയുള്ള ബന്ധമാണത് അല്ലെങ്കിൽ പരസ്പരം കൊടുക്കൽ വാങ്ങലുകളാണ് അതുമല്ലെങ്കിൽ അതിന് നമ്മൾ സ്നേഹിക്കുന്ന വ്യക്തിയുടെ കൂടി സമ്മതമാവശ്യമുണ്ട്, അവർ നമ്മളിൽ ആകൃഷ്ടരാവണം എന്നിങ്ങനെയുള്ള തിരിച്ചറിവുകളാണ് വേണ്ടത്. അത്തരം തിരിച്ചറിവ് നൽകുന്ന വിദ്യാഭ്യാസം അല്ലെങ്കിൽ സാമൂഹ്യപരമായി ലഭിക്കുന്ന അവബോധം ഇവിടെ കുറഞ്ഞു വരുന്നു. അതുമാത്രമല്ല ഇല്ലായെന്ന് തന്നെ പറയാം. അവിടെയാണ് സ്ക്കൂൾ തലം തൊട്ട് നൽകേണ്ട സെക്സ് എജ്യുക്കേഷന്‍റെ പ്രസക്തി. അത്തരത്തിലുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുത്താൽ മാത്രമേ പ്രണയാഭ്യർത്ഥന നിരസിക്കപ്പെടുന്ന സാഹചര്യത്തിൽ അത് ഉപേക്ഷിച്ച് അടുത്തയാളിനെ കണ്ടെത്തുകയോ അല്ലെങ്കിൽ ആ സാഹചര്യത്തെ ഉൾക്കൊണ്ട് മുന്നോട്ടു പോകുകയോ ചെയ്യുക. ഒരു പ്രത്യേക വ്യക്തിയോട് അമിതമായ താൽപര്യം തോന്നുക സ്വഭാവികമാണ്. എന്നാൽ ആ ബന്ധത്തോട് പക്വമായ സമീപനം ഉണ്ടായിരിക്കുക പ്രധാനമാണ്. അത്തരത്തിൽ സെക്സ് എജ്യുക്കേഷൻ ചെറുപ്പം മുതൽ ലഭിക്കുകയാണെങ്കിൽ വേർപാടിനെ പക്വതയോടെ സമീപിക്കുകയും അതിൽ നിന്ന് പിന്തിരിയുകയും ചെയ്യും.

എന്തുകൊണ്ട് ഇങ്ങനെ?

കുട്ടികൾക്ക് പരസ്പരം അടുത്തിടപഴകാനും പ്രണയിക്കാനുമുള്ള സ്വാതന്ത്യ്രവും അവസരങ്ങളും വർദ്ധിച്ചിരിക്കുന്നുയെന്നതാണ് പ്രധാന കാരണം. കൂടാതെ സോഷ്യൽ മീഡിയയുടെ സ്വാധീനവും വലിയ തോതിലുണ്ട്. 25 വർഷങ്ങൾക്ക് മുമ്പ് ആൺകുട്ടികളും പെൺകുട്ടികളും പുറത്ത് ഇറങ്ങിയാൽ പരസ്പരം നോക്കരുത്, സംസാരിക്കരുത് എന്നൊക്കെയായിരുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലമല്ല ഇന്നുള്ളത്. ആരുമായും ഇടപഴകാനും എന്തിനേറെ അപരിചിതരോട് പോലും സൗഹൃദം സ്‌ഥാപിക്കാനുള്ള ഇടങ്ങളും സാഹചര്യങ്ങളും അവരുടെ വിരൽതുമ്പിൽ ലഭ്യമായിരിക്കുന്നു. പണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ഇന്നത്തെപ്പോലെ അന്നതൊന്നും മാധ്യമശ്രദ്ധ നേടിയിരുന്നില്ല. ഇപ്പോൾ ലോകത്ത് എന്ത് നടന്നാലും അത് വൻതോതിൽ മാധ്യമ ശ്രദ്ധ നേടും. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നതായി തോന്നുന്നതിനുള്ള കാരണം ഇതാകാം. എന്നാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അടുത്തിടപഴകാൻ കൂടുതൽ അവസരങ്ങളുണ്ടായി എന്നുള്ളത് വാസ്തവം തന്നെയാണ്.

കുടുംബാന്തരീക്ഷത്തിൽ സമൂലമായ മാറ്റം ആവശ്യം

കുട്ടികൾക്ക് സ്ക്കൂൾ തലം മുതൽ ലൈംഗിക വിദ്യാഭ്യാസം നൽകുകയെന്നത് പ്രധാനം തന്നെയാണ്. നിർഭാഗ്യമെന്നു പറയട്ടെ സർക്കാർ തലത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലായെന്നാണ് അറിവ്. കുട്ടികളെ വളർത്തേണ്ടത് എങ്ങനെയെന്നു പോലും പല മാതാപിതാക്കൾക്കും അറിയില്ല. അതിന് ഒരു അവബോധം കൊടുക്കുന്നില്ല എന്നത് ഒരു പോരായ്മയാണ്. വ്യക്‌തിയുടെ സാമൂഹികാവബോധത്തെയോ സ്വഭാവ രൂപീകരണത്തെയോ അവൻ /അവൾ വളരുന്ന സാഹചര്യം സ്വാധീനം ചെലത്തുന്നുണ്ട്.

അവരിൽ മികച്ച വ്യക്തിത്വം പരുവപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. പ്രത്യേകിച്ചും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടവർ രക്ഷിതാക്കളാണ്. കുഞ്ഞുങ്ങളെ മൂല്യബോധത്തോടെ വളർത്താനുള്ള അന്തരീക്ഷം വീട്ടിൽ ഉണ്ടാകണം. ലൈംഗികതയെപ്പറ്റി സംസാരിക്കാനുള്ള സാഹചര്യവും സ്വാതന്ത്യ്രവും വീടിനകത്തളങ്ങളിൽ ഉണ്ടായിരിക്കണം.

“ഞാൻ എങ്ങനെ ഉണ്ടായി” എന്ന ചോദ്യത്തിന് മീൻകാരൻ കൊണ്ടു വന്നതാണ്, ആകാശത്തു നിന്നും ദൈവം തന്നതാണ്, കടയിൽ നിന്നും വാങ്ങി കൊണ്ടുവന്നതാണ് എന്നിങ്ങനെയുള്ള മറുപടിയല്ല കൊടുക്കേണ്ടത്. ഇണ ചേരുന്നത് എന്തിനാണെന്ന് വളരെ ലളിതമായി പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. അതിനുള്ള ഉദാഹരണങ്ങൾ ചുറ്റുവട്ടത്തു നിന്ന് കണ്ടെത്തി കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം. കോഴി, ചിത്രശലഭം, പട്ടി എന്നിങ്ങനെയുള്ള ജീവികൾ ഇണ ചേരുന്നത് കാട്ടികൊടുത്ത് വളരെ ലളിതമായി കുട്ടികൾക്ക് പറഞ്ഞ് മനസിലാക്കാം.

ഗർഭിണിയായ സ്ത്രീയെ കാണുമ്പോൾ അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നുണ്ടെന്നും കുഞ്ഞിന്‍റെ വളർച്ചാ വികാസങ്ങളെപ്പറ്റിയും പറഞ്ഞു കൊടുത്തും കുട്ടികളെ ബോധ്യപ്പെടുത്താം. അങ്ങനെയാണ് നീയും ഉണ്ടായതെന്ന് പറഞ്ഞു കൊടുക്കുന്നതോടെ അവന് കാര്യങ്ങൾ മനസിലാകും. ഇതൊക്കെ അന്യഥാബോധം ഇല്ലാതെ വളരാൻ കുട്ടിയെ സഹായിക്കും.

മറ്റൊരു അനിവാര്യമായ കാര്യം, കുടുംബത്തിൽ ഉണ്ടാകേണ്ട കൂട്ടായ്മകളാണ്. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും തുറന്ന് സംസാരിക്കുകയുമൊക്കെ ചെയ്യുന്നത് കുടുംബാന്തരീക്ഷം ഹൃദ്യമാക്കും. ഇത്തരം സാഹചര്യങ്ങൾ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. പങ്കുവയ്ക്കൽ കുറഞ്ഞു. കുടുബാംഗങ്ങൾ ഒരുമിച്ചുള്ള അവസരങ്ങളിൽ സമൂഹത്തിൽ നടക്കുന്ന അനീതികളെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഗുണകരമാണ്. കുട്ടികൾ ശ്രദ്ധിക്കുന്നില്ലായെന്ന് തോന്നുമെങ്കിലും അവരതൊക്കെ കേട്ടാണ് വളരുക. പതിയെ അവരുടെ ശ്രദ്ധ അതിലേക്ക് ആകർഷിക്കപ്പെടും.

ഭാര്യാ -ഭർത്താക്കന്മാർ അതിലെ ശരിയും തെറ്റുമൊക്കെ ചൂണ്ടിക്കാട്ടി ചർച്ച ചെയ്യുന്നത് കുട്ടികളിൽ മൂല്യബോധം വളർത്തിയെടുക്കും. നേരെ മറിച്ച് കലുഷിതമായ കുടുംബാന്തരീക്ഷത്തിൽ ഉള്ള കുട്ടികൾ ആരോഗ്യകരമായി വളരണമെന്നില്ല. അത്തരം സാഹചര്യത്തിൽ വളരുന്ന കുട്ടിയുടെ മനസ്സിൽ ഉത്കണ്ഠകൾ മാത്രമായിരിക്കും. അവർ വിഷാദത്തിന് അടിമപ്പെടാം. ഭാവിയിൽ അവർ മാനസിക രോഗികളായി മാറി സമൂഹത്തോട് പ്രതികാരബുദ്ധിയോട് പ്രവർത്തിക്കാം. അപ്പോൾ കുടുംബാന്തരീക്ഷം ഹൃദ്യമാക്കുകയെന്നതാണ് ഏറ്റവും വലിയ പരിഹാരവും നന്മയും. വീട്ടിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ പോലും അത് രക്ഷിതാക്കളിൽ ഒതുങ്ങി നിൽക്കുകയാണ് വേണ്ടത്. കുട്ടികളുടെ സാന്നിധ്യത്തിൽ അക്രമം കാട്ടുക, ദേഹോപദ്രവം ഏൽപ്പിക്കുക ഇവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്.

और कहानियां पढ़ने के लिए क्लिक करें...