വീടെത്തിക്കഴിഞ്ഞിരിക്കുന്നു. കേക്കു വണ്ടി പാർക്കു ചെയ്ത് ഇടവഴിയിലൂടെ വീട്ടിലേക്ക് കയറുമ്പോൾ രാത്രി വിടരുന്ന പൂക്കളുടെ വശീകരണ ഗന്ധം അലയടിച്ചു. നടത്തം നിർത്തി ഒന്നു പുറകിലേക്ക് തിരിഞ്ഞു നോക്കി. രണ്ടു കഴുകൻ കണ്ണുകൾ തന്നെ പിൻതുടരുന്നതുപോലെ ഒരു തോന്നൽ. തിരിച്ച് നടന്ന് മെയിൻ റോഡിലെത്തി പരിസരമാകെ ഒന്നരിച്ചു പെറുക്കിയെങ്കിലും എല്ലാം ചിന്തകളുടെ ആധിക്യം കൊണ്ട് ചൂടുപിടിച്ച മനസിന്‍റെ വിഭ്രമമെന്നു കരുതി വീട്ടിലേക്ക് തിരിച്ചുനടന്നു.
ഓഫീസിലെത്തി ലാപ്ടോപ്പ് ഓൺ ചെയ്ത് ആൽബത്തിൽ നിന്നും സ്കാൻ ചെയ്തെടുത്ത ചിത്രങ്ങൾ പരിശോധിക്കുകയായിരുന്നു. ആ ചിത്രങ്ങൾ കാണുമ്പോൾ ഒരു മുൾമുന മനസ്സിലേറ്റിയ പോലെ. ദുരൂഹമായ അതിലെ അടയാളങ്ങൾ. അതിനു പിന്നിൽ അഗ്നിപർവതം പോലെ എരിയുന്ന ഒരു മനസ്സില്ലേ? ആ ചിത്രങ്ങളിൽ ജോൺ, മാഗി മാഡം, മകൾ ഇവരാണ് ഉള്ളത്. പ്രകൃതി രമണീയമായ ഏതോ ഇടത്ത് വച്ചാണ് ഫോട്ടോകൾ എടുത്തിട്ടുള്ളത്. ആഹ്ളാദഭരിതമായ ഒരു ഉല്ലാസയാത്രക്കിടയിലെ ചില മനോഹര ദൃശ്യങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നാം എന്നാൽ മനസ്സു കൊളുത്തിപ്പിടിച്ചത് ആ ഫോട്ടോകളിൽ ചില പ്രത്യേക ഭാഗത്ത് കണ്ട അടയാളങ്ങളിലാണ്.
ഫോൺ ശബ്ദിച്ചു. തോമാച്ചനാണ്. താഴെ നിൽപ്പുണ്ട്. കയറി വരാൻ പറഞ്ഞു. വിയർത്തു കുളിച്ചാണ് തോമാച്ചൻ കയറി വന്നത്. വന്ന പാടെ ഒരു ചൂടു ചായ ഗ്ലാസ്സിലാക്കി കൊടുത്തു. ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണല്ലോ! ചായ അല്പാൽപ്പമായി കഴിക്കുന്നതിനിടയിൽ എനിക്ക് ചെയ്തു തരേണ്ട കാര്യങ്ങളെപ്പറ്റി വിശദീകരിച്ചു കൊടുത്തു.
ലാബിൽ പരിശോധനക്കായി ഏല്പിക്കുക. അതിന്‍റെ വിശദമായ ഫലം അധികം സമയമെടുക്കാതെ ലഭ്യമാക്കുക. അതല്ലാതെ ഇതാരുടേതാണ്? എന്താണ്? തുടങ്ങി ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും എന്നോടു ചോദിക്കുകയുമരുത്. ഒന്നും തന്നെ ആരോടും വെളിപ്പെടുത്തുകയുമരുത്.
തോമാച്ചൻ എല്ലാം തല കുലുക്കി സമ്മതിച്ചു. ഭദ്രമായി കവറിൽ സീൽ ചെയ്തു വച്ച വസ്തുക്കൾ തോമ്മാച്ചനെ ഏൽപ്പിച്ചു.
ഏതായാലും തോമാച്ചൻ വിളിപ്പുറത്തുണ്ട്. തോമാച്ചനെയും കൂട്ടി ഡച്ച് കഫേയിലേക്ക് ഇറങ്ങി. ഇന്നത്തെ സ്പെഷൽ ബിഫാന. എന്തെങ്കിലുമാകട്ടെ രണ്ടു പ്ലേറ്റും കാപ്പിയും പറഞ്ഞു. ഒരു കാലത്ത് വലിയ ആഗ്രഹമായിരുന്നു ലോകം മുഴുവൻ ചുറ്റിക്കറങ്ങി വിവിധ പ്രദേശങ്ങളിലെ ആഹാരം രുചിക്കണമെന്ന്. ആഗ്രഹം ആഗ്രഹമായിത്തന്നെ അവശേഷിക്കുന്നു. പിന്നെ ചെറിയ തോതിലുള്ള ആഗ്രഹ പൂർത്തീകരണം സംഭവിക്കുന്നത് ഇവിടെ വച്ചാണ്. പിന്നെ നാവിൽ രുചിയുടെ മേളപ്പെരുക്കം തീർക്കുന്ന ചെറിയ തട്ടുകടകളിലും പലതരം ഡച്ച് പോർച്ചുഗീസ് പിന്നെ കൊളോണിയൽ വിഭവങ്ങൾ വല്ലപ്പോഴും ഇവിടെ ലഭ്യമാകാറുണ്ട് . സവിശേഷമായ രുചിയും അവക്കുണ്ട്.
പത്തു മിനിട്ടിനുള്ളിൽ ഐറ്റം എത്തി. ഒപ്പം ചുകന്ന സോസും. തോമാച്ചൻ ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. ചന്ദ്രന്‍റെ കേസ് തോമ്മാച്ചനെ ഏൽപ്പിച്ചാലെന്തെന്ന് ചിന്തിച്ചു. ഒടുവിൽ പിന്നീട് ഏൽപ്പിക്കാമെന്ന് നിശ്ചയിച്ചു. ഉടനെയേൽപ്പിച്ചാൽ ഈ കേസ് പിന്നോക്കം പോകും.
സോസിൽ മുങ്ങി നിവർന്ന ബിഫാന തോമാച്ചന് വല്ലാതെയങ്ങു ഇഷ്ടപ്പെട്ടു. വിവാഹത്തിന്‍റേതായ അവസരങ്ങളിൽ ഉണ്ടാക്കുന്ന ഒരു തരം നാടൻ പലഹാരത്തിന്‍റെ രുചിയാണ് ബിഫാനക്കുള്ളതെന്നു ഒരു പ്ലേറ്റ് കൂടെ ഓർഡർ ചെയ്ത ശേഷം തോമാച്ചൻ ഓർത്തെടുത്തു പറഞ്ഞു. അങ്ങിനെ അയാളെ സന്തുഷ്ടനാക്കി യാത്രയാക്കി ഓഫീസിലെത്തി.
ഗബ്രിയോട് ചില സംശയ നിവാരണം നടത്താനുണ്ട്. ഇന്നലെ രാത്രിയാണ് ആ വഴിക്കൊരു ചിന്ത മനസ്സിൽ കുടിയേറിയത്. ഇമെയിൽ ആയി ചോദിക്കുന്നതാണ് നല്ലത്. മറുപടി ഇൻബോക്സിൽ വന്ന് സ്ഥിരമായി കിടക്കുമല്ലോ. ഒരു പേപ്പറെടുത്ത് സംശയങ്ങളും തനിക്കറിയേണ്ട വിവരങ്ങളും നമ്പറിട്ട് എഴുതി. അതു ടൈപ്പ് ചെയ്ത് ഇമെയിൽ അയക്കാനൊരുങ്ങുമ്പൊഴാണ് തോമാച്ചന്‍റെ ഫോൺ വന്നത്. ഫോണെടുത്തപ്പോൾ വല്ലാതെ പരിഭ്രമിച്ച സ്വരം. അവൻ പറയുന്നതു കേട്ടപ്പോൾ തളർന്നിരുന്നു പോയി.
ഞാനേൽപ്പിച്ച കവർ അവനിൽ നിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു! എന്നോട് ഇവിടെത്തന്നെ ഉണ്ടോ എന്ന് പരിശോധിക്കാൻ! കഷ്ടം ആ കവർ നഷ്ടപ്പെട്ടു പോയെങ്കിൽ ഇവിടെവച്ച് കേസ് മടക്കാം. മാഗി മാഡത്തോട് വിളിച്ചു പറഞ്ഞു ഈ കുടുക്കിൽ നിന്നും ഒഴിയാം. ഇത്ര ഉത്തരവാദിത്വം ഇല്ലാത്തവനെയാണല്ലോ ഇതൊക്കെ ഏൽപ്പിച്ചതെന്നോർത്ത് വല്ലാത്ത ആത്മനിന്ദ തോന്നി.
ഇനി ആരെങ്കിലും അത് അപഹരിച്ചു കാണുമോ? എങ്കിൽ ഇത്ര ജാഗ്രതയോടെ എന്നെ നിരീക്ഷിക്കുന്നവൻ ആരാണ്? അങ്ങനെ നിരീക്ഷിക്കുന്നെങ്കിൽ ഞാൻ അറിയാതെ പോകില്ല. അതല്ല കാര്യം. തോമാച്ചനെ ഏൽപ്പിച്ച കവർ അവൻ ഇവിടെ എവിടെങ്കിലും മറന്നു വച്ചു കാണണം. എല്ലായിടത്തും അരിച്ചു പെറുക്കി നോക്കി. നഷ്ടപ്പെട്ടു എന്നു കരുതിയ നൂറ്റാണ്ടു പഴക്കമുള്ള ലോഹത്തിന്‍റെ ഒരു ബൈനാക്കുലർ കിട്ടി എന്ന തൊഴിച്ചാൽ യാതൊരു സൂചനയും ലഭിച്ചില്ല.
ആധിയോടെ തോമാച്ചനെ ഒന്നുകൂടെ വിളിച്ചു. നീരസത്തോടെ കവർ ഇവിടെ ഇല്ലെന്ന് പറഞ്ഞു. അവൻ പോകുന്ന പോക്കിൽ ഒരു കടയിൽ കയറി ഉപ്പു സോഡ കുടിച്ചെന്നും ഇപ്പോൾ അവിടെയാണെന്നും അറിയിച്ചു. വഴിയിലുടനീളം നോക്കി തിരിച്ചു വരാൻ പറഞ്ഞ് ഫോൺ വച്ചു. കഷ്ടമായിപ്പോയി.
ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ തോമാച്ചൻ വിയർത്തു കുളിച്ച് മുഖം കുനിച്ച് കയറി വന്നു സോഫയിൽ ഇരുന്നു. ഒരക്ഷരം മിണ്ടുന്നില്ല. രക്ഷയില്ല. കവർ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. തോമാച്ചനോട് ഒന്നും പറയാനില്ല. നിരാശ മാത്രം.
അങ്ങനെ തളർന്നിരുന്ന് ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ചുറ്റുഗോവണിയിൽ ശബ്‍ദം കേട്ടു. ആരോ വരുന്നുണ്ട്. വാതിൽ തുറന്ന് വന്നത് ഡച്ച് കഫേയിലെ മണിപ്പൂരി സപ്ലയർ. യാതൊരു വികാരവും മുഖത്ത് പ്രതിഫലിക്കാത്ത, ദൃശ്യമാകാത്ത മണിപ്പൂരി പയ്യൻ. അവന്‍റെ കയ്യിൽ അതാ ആ കവർ!
ഒന്നു പരുങ്ങി ക്ഷമ ചോദിച്ച ശേഷം ആ കവർ വാങ്ങി തോളിൽ കിടന്ന ബാഗിലിട്ട് തോമാച്ചൻ പോകാനൊരുങ്ങി. ഒന്നും സംഭവിക്കാത്ത മട്ടിൽ മണിപ്പൂരി തിരിഞ്ഞു നടന്നു. ഞാൻ തെല്ലിട കഴിഞ്ഞു വിശ്വാസം വരാതെ വരാന്തയിലേക്കിറങ്ങി. കവർ മാറോടു ചേർത്തുപിടിച്ചു ചുറ്റു ഗോവണിയിറങ്ങി റോഡു മുറിച്ചു കടന്ന് തോമാച്ചൻ നടന്നകലുന്നത് ആശ്വാസത്തോടെ നോക്കി നിന്നു.
സായുധ സേനയിൽ ലാസ്റ്റ് ലഗ് പോസ്റ്റിംഗ് മിക്കവാറും ഹോം ടൗണിൽ ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മേജർ ജോണിന് ട്രിവാൻഡ്രമാണ് ലഭിച്ചത്. അദ്ദേഹം റിട്ടയർ ആയതും അവിടെ നിന്നാണ്. അദ്ദേഹത്തെക്കുറിച്ച് വ്യക്തിപരമായി വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിയാനുണ്ട്. ആദ്യമായി അദ്ദേഹത്തിന്‍റെ കുടുംബ ഫോട്ടോ കണ്ടപ്പോൾ തന്നെ തോന്നിയ കാര്യമാണ്.
ഈ വിവരം മാഗി മാഡത്തിന്‍റെ ബന്ധുക്കളടക്കം അടുപ്പമുള്ളവരോട് നേരിട്ടു ചോദിക്കാൻ ബുദ്ധിമുട്ടുണ്ട്. എനിക്കു തോന്നിയ സംശയത്തിൽ കഴമ്പില്ല എങ്കിൽ അത് വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിക്കും. മാത്രമല്ല ഞാനിക്കാര്യത്തിൽ സംശയം ഉന്നയിച്ചത് ആരെങ്കിലും പറഞ്ഞ് മാഗി മാഡം അറിയുകയാണെങ്കിൽ അതു വിഷമകരമാണ്.
അതു കൊണ്ട് ജോൺ പണ്ട് ജോലി ചെയ്തിരുന്ന ഏതെങ്കിലും ഇടത്തെ ജോണിനെ വ്യക്തിപരമായി അറിയാവുന്ന ആരെയെങ്കിലും കണ്ടെത്തണം. അതിന് ഒരു എളുപ്പ വഴിയേ എന്‍റെ മുന്നിലുള്ളൂ. ഫേസ്ബുക്കിൽ വ്യാപകമായി ഒന്നു പരിശോധിക്കുക. ഭാഗ്യമുണ്ടെങ്കിൽ നമുക്കറിയാവുന്ന ആരെങ്കിലും കാണും.
ഡോക്ടർ സാമുവലിൽ നിന്നാണ് ജോണിലേക്കുള്ള ലിങ്ക് കിട്ടിയത്. ജോൺഫേസ് ബുക്കിൽ കാര്യമായി സജീവമല്ല. മൂന്നു നാല് ഫോട്ടോസ് ഉണ്ട്. വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും. സുഹൃത്തുക്കളിൽ ഡോക്ടർ സാമുവേൽ ഒഴിച്ച് ആരും തന്നെ പരിചിതരല്ല. ആൽബത്തിൽ കണ്ട ബന്ധുക്കളിൽ ആരും തന്നെയില്ല.
ഏറെ നേരത്തെ ശ്രമത്തിനു ശേഷം നിരാശയോടെ ലാപ്ടോപ്പ് ഓഫ് ചെയ്യുമ്പോൾ ഗബ്രിയുടെ ഇമെയിൽ നോട്ടിഫിക്കേഷൻ വന്നതായി കണ്ടു. ഇപ്പോൾ ആ മെയിലിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങൾ എനിക്ക് ആവശ്യമില്ല. തോമാച്ചന്‍റെ കൈയ്യിൽ കൊടുത്തു വിട്ട വസ്തുക്കളുടെ പരിശോധന ഫലം അറിഞ്ഞിട്ടേ മെയിലിലെ വിവരങ്ങൾ അറിഞ്ഞതുകൊണ്ട് പ്രയോജനമുള്ളൂ.
പെട്ടന്നാണൊരു പേര് മനസ്സിൽ വന്നെത്തിയത്. പാൽക്കാരൻ സണ്ണി. അവൻ ഭയപ്പാടിലായിരിക്കും. ഭയം പിടിപെട്ടവനിൽ നിന്ന് വിവരങ്ങളറിയുക എളുപ്പമുണ്ട്. തോമ്മാച്ചനെയും കൂട്ടി പയ്യനെ ഒന്നു വിരട്ടിയാൽ ചിലപ്പോൾ വിവരം കിട്ടിയെന്നിരിക്കും. ആ പരിസരത്ത് ഒന്നന്വോഷിച്ചാൽ അവനെപ്പറ്റി അറിയാൻ കഴിയും. അല്ലെങ്കിൽ തോമാച്ചനെ ഒന്നു വിട്ടാലും മതി.
എലവുത്തിങ്കൽ തറവാട്ടിലെ നിക്കണ പെണ്ണിന്‍റെ കയ്യിൽ പിടിച്ച കേസ് ഒന്നു സൂചിപ്പിച്ചാൽ മതി. അവനറിയാവുന്നതെല്ലാം പുറത്തുവരും. അതൊന്ന് തന്ത്രപൂർവ്വം കൈകാര്യം ചെയ്യണം എന്ന് മാത്രം .
തോമാച്ചനെ വിളിച്ച് വിവരം പറഞ്ഞു. ഒരൊറ്റ കാര്യമേ തനിക്ക് സണ്ണിയിൽ നിന്നും അറിയേണ്ടതുള്ളൂ. അതു തോമാച്ചനോട് വിശദീകരിച്ചു. ഒപ്പം മറ്റു ചില കാര്യങ്ങളും പത്തു മിനിറ്റോളം സംസാരിച്ചു.
ജോണിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മനസിലാക്കിയ ചില കാര്യങ്ങളിൽ വ്യക്തത വരുത്തി. ഇനി തുടർന്നുള്ള പുരോഗതി തോമാച്ചൻ തരുന്ന വിവരങ്ങളെ മുൻനിർത്തിയിരിക്കും. ഏതായാലും പൂർണ്ണമായ വിവരങ്ങൾ ലഭിക്കാൻ ഒരു രണ്ടു ദിവസമെങ്കിലും എടുക്കും. അതു വരെ കാത്തിരുന്നേ പറ്റൂ.