ആയുരാജ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡി കസേരയിൽ ബിന്ദുവിനെ ആരും പിടിച്ചിരുത്തിയതല്ല. കനൽ വഴിയിലൂടെ നടന്നലഞ്ഞു എംഡി കസേരയിൽ മുൻവാതിലൂടെ തന്നെ സ്വയം കയറിയിരുന്നതാണ്.

കൂലി പണിക്കാരനായ പൂജപ്പുര സ്വദേശി സദാശിവൻ നായരുടെയും സുകേശിനിയമ്മയുടെയും ഇളയ മകളായ ബിന്ദു ദാരിദ്യ്രത്തിന്‍റെ നെല്ലിപ്പടി വരെ കണ്ടും സഹിച്ചുമാണ് വളർന്നത്. സ്വയം ജോലി ചെയ്തു ഡിഗ്രിയും സമ്പാദിച്ചു.

പഠനശേഷം വിവാഹം, ഭർത്താവ് പ്രഭുല്ല കുമാർ. വാച്ച് റിപ്പയറർ ആയ ഭർത്താവിന്‍റെ തുച്ഛ വരുമാനം കൊണ്ട് കുടുംബം പോറ്റാൻ കഴിയാതെ വന്നപ്പോൾ ആ ഭാരം കൂടി ബിന്ദു ഏറ്റെടുത്തു. പച്ചിലകൾ ചേർത്തു എണ്ണ തയ്യാറാക്കി വീടുകൾ തോറും കയറിയിറങ്ങി നിത്യ ചെലവിനുള്ള വക കണ്ടെത്തി. ഇന്ന് ബിന്ദു വെറും ഒരു എണ്ണ വില്പനക്കാരിയല്ല. സ്വന്തം രക്തം കൊണ്ട് പടുത്തുയർത്തിയ കമ്പനിയുടെ ഡയറക്ടർ കൂടിയാണ്. പ്രതിമാസം രണ്ടുലക്ഷം രൂപ വരുമാനമുള്ള സ്ഥാപനത്തിന്‍റെ അധിപ. ഒരു കോടി രൂപയുടെ വാർഷിക വരുമാനമാണ് ആയുരാജ് ഇൻഡസ്ട്രീസിന്‍റെ അടുത്ത ലക്ഷ്യം.

2012ലും 2014ലും മികച്ച സംരംഭയ്ക്കുള്ള സംസ്ഥാന പുരസ്കാരവും 2016ൽ ദേശീയ പുരസ്കാരത്തിനും അവർ അർഹയായി. ശ്രീമതി ബിന്ദുവിനോടൊപ്പം ചെലവഴിച്ച ഏതാനും മണിക്കൂറുകളെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നു. ദാരിദ്യ്രത്തിൽ നിന്നും സ്വന്തം സ്വപ്നങ്ങൾ എത്തിപ്പിടിക്കുവാൻ നടത്തിയ പോരാട്ട കഥ.

എണ്ണ വില്പനക്കാരിയിൽ നിന്നും എംഡി കസേരയിലേയ്ക്ക് ഓടുകയായിരുന്നോ? അതോ നടക്കുകയായിരുന്നോ?

എന്‍റെ ജീവിതം തന്നെ ഓട്ട പ്രദക്ഷിണമായിരുന്നു. ജീവിതത്തെ കരയ്ക്കടുപ്പിക്കാൻ. കവി പറഞ്ഞതു പോലെ ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയിലൂടെ ആർത്തനാദം പോലെ ഞാൻ ഓടുകയായിരുന്നു.

ബിസിനസ്സിലേയ്ക്ക് ഇറങ്ങാനുണ്ടായ സാഹചര്യം?

ജീവിത സാഹചര്യമായിരുന്നു. നഗര പ്രദേശത്താണ് ഞാൻ ജനിച്ചു വളർന്നത്. അച്‌ഛന് കൂലിപ്പണിയായിരുന്നു. ഞങ്ങൾ നാലുമക്കളാണ്. നാലാമത്തെ മകളാണ് ഞാൻ. ഭൂരിപക്ഷം വീടുകളിലും ഇളയകുട്ടിയ്ക്ക് സ്നേഹം കൂടുതൽ കിട്ടുന്ന സാഹചര്യമാണ്. പക്ഷെ, എന്നെ സംബന്ധിച്ച് അറിവായ സമയം മുതൽ ദാരിദ്യ്രം, ദുഃഖം, കഷ്ടപ്പാട്… ഇവയെല്ലാമായിരുന്നു. വിശന്നു തളർന്നുറങ്ങിയ ബാല്യം. ഇതിൽ നിന്നൊരു മോചനം നേടാനായി പതിനഞ്ചാം വയസ്സിൽ കുഞ്ഞുകുട്ടികൾക്ക് ട്യൂഷൻ എടുത്തു തുടങ്ങി. ആദ്യമായി ഇരുപതു രൂപ ഫീസായി കിട്ടി. വളരെ സന്തോഷം തോന്നി. മുടങ്ങുമായിരുന്ന പഠനം തുടർന്നു കൊണ്ടു പോകുവാൻ ട്യൂഷൻ വളരെയേറെ സഹായിച്ചു. പഠിച്ചും പഠിപ്പിച്ചും ബിഎ ഡിഗ്രി കരസ്ഥമാക്കി.

ഗ്രാമത്തിലേയ്ക്കാണ് വിവാഹം കഴിഞ്ഞു വന്നത്. ഭർത്താവിന്‍റെ കുടുംബം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതായിരുന്നു. വാച്ച് റിപ്പയറിംഗായിരുന്നു ജോലി. മക്കളെ സ്കൂളിൽ ചേർത്തപ്പോൾ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. സാമ്പത്തിക പ്രശ്നം വന്നപ്പോൾ കുടുംബത്തിലും പ്രശ്നങ്ങളുണ്ടായി. ഈ പ്രതിസന്ധികളിൽ നിന്നും എങ്ങനെ കരകയറും എന്ന ചിന്ത…

എനിക്കു കിട്ടിയ ഉത്തരമായിരുന്നു എന്തെങ്കിലും ബിസിനസ്സ് ചെയ്യുക എന്നത്. (അന്ന് ബിസിനസ്സ് എന്ന വാക്കിന്‍റെ അർത്ഥം പോലും എനിക്ക് അറിയാൻ പാടില്ലായിരുന്നു) ഇതായിരുന്നു ബിസിനസ്സിലേക്ക് ഇറങ്ങാനുണ്ടായ സഹാചര്യം.

ആദ്യമായി എണ്ണ വിൽപ്പനയ്ക്ക് ഇറങ്ങിയപ്പോഴുണ്ടായ അനുഭവം?

പച്ചിലകൾ ചേർത്ത് തയ്യാറാക്കിയ എണ്ണയുമായാണ് വീടുവീടാന്തരം വില്പനയ്ക്ക് ഇറങ്ങിയത്. തിക്താനുഭവങ്ങളായിരുന്നു. ഇതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ഒരുപാടാളുകൾ ശ്രമിച്ചു. എന്നിലുണ്ടായിരുന്ന ആത്മവിശ്വാസവും അതിലുപരി ജീവിതം മാറ്റി മറിക്കണമെന്നുള്ള ആത്മാർപ്പണവും എന്നെ മുന്നോട്ടു നയിച്ചു.

ചേരുവകൾ ചേർത്ത് സ്വന്തം അടുക്കളയിൽ നിർമ്മിതിയായിരുന്നുവോ?

ബിസിനസ്സ് ആശയം ഉദിച്ചത് വാടകകെട്ടിടത്തിലായിരുന്നു. ഇരുപത് വർഷം ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചു. വാടക വീട്ടിലെ അടുക്കളയിലായിരുന്നു ആദ്യമായി എണ്ണ നിർമ്മിച്ചത്.

എണ്ണയിൽ നിന്നും ഔഷധക്കഞ്ഞിയിലേക്കുള്ള ചുവടുമാറ്റം എങ്ങിനെയായിരുന്നു?

കുടുംബശ്രീ വഴിയായിരുന്നു എണ്ണ വിൽപ്പന തുടർന്നത്. 2008ൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ദേശീയ അന്നം ഫെസ്റ്റ് നടക്കുന്ന സമയം, കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അന്നത്തെ എ.ഡി.എം.സി (അസിസ്റ്റൻറ് ഡിസ്ട്രിക്റ്റ് മിഷൻ കോ- ഓർഡിനേറ്റർ) എന്നോടു ചോദിച്ചു. ബിന്ദുവിന് 18 പച്ചമരുന്നുകൾ ചേർത്ത് എണ്ണ ചെയ്യാമെങ്കിൽ ഒരു ഔഷധക്കഞ്ഞി നിർമ്മിച്ചു കൂടേ?

അതിനെക്കുറിച്ച് ഗ്രാഹ്യമില്ലാഞ്ഞിട്ടു കൂടി ഞാൻ ചെയ്യാമെന്നു പറഞ്ഞു. അതിനുശേഷം ഒരുപാട് വൈദ്യരോടും അങ്ങാടി മരുന്നു വിൽക്കുന്നവരോടും എല്ലാവരോടും ചോദിച്ചു. അവർ പറഞ്ഞു തന്ന മരുന്നുകൾ ചേർത്ത് ഞാൻ തന്നെ അന്നം ഫെസ്റ്റിൽ ഔഷധകഞ്ഞി നിർമ്മിച്ചു. ഭയങ്കര കയ്പായിരുന്നു. അന്ന് ഒരുപാട് സങ്കടപ്പെട്ടു. പക്ഷേ ഞാൻ വീട്ടിൽ കരുതിയിരുന്ന ജീരകം, തുളസിയില, ഉലുവ, ഞവര അരി ഇവയെല്ലാം ചേർത്ത് കഞ്ഞി നിർമ്മിച്ചു. നല്ല സ്വാദായിരുന്നു. (ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് സ്വന്തം ആശയത്തിൽ നിന്നും ഒരു ഉൽപന്നം നിർമ്മിച്ചാൽ അത് വിജയത്തിലെത്തും) എന്‍റെ ജീവിതത്തിലാദ്യമായി 20,000 രൂപ കിട്ടിയ ഫെസ്റ്റായിരുന്നു അന്നം ഫെസ്റ്റ്.

എണ്ണയും ഔഷധക്കഞ്ഞിയും തന്ന ആത്മ ധൈര്യമായിരുന്നോ ആയുരാജ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ തുടക്കം?

തീർച്ചയായും, ധൈര്യവും ആത്മ വിശ്വാസവും കഠിനപ്രയത്നവും ഒന്നിച്ച് പ്രവർത്തിച്ചപ്പോൾ ലഭിച്ചതാണ് കമ്പനി.

ഫ്ളവേഴ്സ് ചാനലിൽ സംരംഭക എന്ന റിയിലിറ്റി ഷോ 2021ൽ നടത്തുകയുണ്ടായി. ഞാനും അപേക്ഷിച്ചു. ഓഡീഷൻ പാസ്സായി ടാസ്ക്കുകളും വിജയിച്ചു. സ്പീച്ചിംഗ് റൗണ്ടിൽ ഇൻവെസ്റ്റേഴ്സ് ധാരാളം ചോദ്യങ്ങൾ ചോദിച്ചു. എന്‍റെ മനസ്സ് പൂർണ്ണമായും തുറക്കപ്പെട്ട വേദി. നിങ്ങളുടെ ഉത്പന്നങ്ങളിൽ നിന്നും ജനങ്ങൾക്ക് ഏതു രീതിയിലാണ് പ്രയോജനമുണ്ടാകുന്നത്? ഇതായിരുന്നു അവസാന ചോദ്യം. ഇതിന് ഞാൻ നൽകിയ ഉത്തരം.

ഇന്ന് നമ്മുടെ സമൂഹത്തിൽ മാത്രമല്ല ലോകത്ത് എവിടെ നിന്ന് നോക്കിയാലും പത്തു കുടുംബങ്ങളിൽ ഒരാൾക്ക് മാരക രോഗങ്ങൾ കാണുന്നു. ഇതിൽ ഭൂരിഭാഗവും കഴിക്കുന്ന ആഹാരങ്ങളിൽ നിന്നാണ്. എന്നെ സംബന്ധിച്ച് ഞാൻ നിർമ്മിക്കുന്ന ഓർഗാനിക്കായിട്ടുള്ള ബ്രഹ്മി ഉൽപന്നങ്ങൾ (പ്രത്യേകിച്ച് ബ്രഹ്മി മിക്സ്, ഇതിൽ ബ്രഹ്മി, വയമ്പ്, ഇരട്ടിമധുരം, വെളുത്ത ശംഖുപുഷ്പത്തിന്‍റെ വേര്, ഞവര… തുടങ്ങിയവ ചേർത്തു നിർമ്മച്ചത്. ബുദ്ധി, ഓർമ്മ, സ്വരശുദ്ധി, ആരോഗ്യം ഇവയ്ക്കെല്ലാം അത്യുത്തമം) ഒരു ശതമാനം ജനങ്ങളിലെങ്കിലും എത്തിക്കപ്പെട്ടാൽ എനിക്ക് അത്രയും ചാരിതാർത്ഥ്യമുണ്ടാകും എന്ന മറുപടി ഇൻവെസ്റ്റേഴ്സിന് നന്നായി ബോധിച്ചു. ഇക്കാരണം കൊണ്ട് എനിക്ക് ഇൻവെസ്റ്റ്മെന്‍റും ഉറപ്പായി. അങ്ങിനെയാണ് രജിസ്റ്റേഡ് കമ്പനിയിലെത്തിയത്.

വീട്ടിലെ അടുക്കളയിൽ നിന്നും കമ്പനിയുടെ അടുപ്പിലേക്ക് മാറുമ്പോഴുണ്ടായ സാമ്പത്തിക ബാധ്യത?

മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ ബാധ്യതയാണ് ഇപ്പോഴുള്ളത്. (തീർക്കാൻ സാധിക്കും എന്ന ആത്മധൈര്യവും, വിശ്വാസവുമുണ്ട്) 20 വർഷത്തെ വാടകക്കെട്ടിടത്തിലെ ജീവിതത്തിൽ നിന്നും സ്വന്തമായി വീടു വാങ്ങിയതിന്‍റെ ബാധ്യത, മക്കളുടെ വിദ്യാഭ്യാസത്തിനായ തുക, ആഭരണങ്ങൾ പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് ബിസിനസ്സ് മുന്നോട്ടു കൊണ്ടു പോയത്. ഇതിനിടയിൽ കൊറോണ വരുത്തിയ നഷ്ടം.

എന്തെല്ലാം ഉൽപന്നങ്ങളാണ് പുറത്തിറങ്ങുന്നത്?

എനിക്ക് ഇപ്പോൾ 21 ഉത്പന്നങ്ങളാണുള്ളത്. ഇതിൽ 10 എണ്ണമാണ് കമ്പനിയുടെ പേരിൽ പുറത്തിറക്കുന്നത്. ബ്രഹ്മി മിക്സ്, ബ്രഹ്മി ജാം, ബ്രഹ്മി ഓയിൽ, ബ്രഹ്മി സിറപ്പ്, നീലയമരി ഓയിൽ, നെല്ലിയ്ക്കാ ജാം, ഫെയ്സ് പായ്ക്ക്, താളിപ്പൊടി, അലോവേര മസാജ് ഓയിൽ, രാമച്ചപില്ലോ ഇവയൊക്കെയാണ്.

ഉൽപന്നങ്ങൾ ഇന്ത്യയിൽ മാത്രമാണോ വിപണനം നടത്തുന്നത്?

തുടക്കമേ ആയിട്ടുള്ളൂ. തീർച്ചയായും വരും നാളുകളിൽ ഇന്ത്യയ്ക്ക് പുറത്തും എത്തിക്കണമെന്നാണ് ആഗ്രഹം.

പച്ചമരുന്നുകൾ സ്വയം വളർത്തിയെടുക്കുകയാണോ?

അതെ, യാതൊരു മായവുമില്ലാത്ത ഉൽപന്നങ്ങളാണ് ഞങ്ങൾ നിർമ്മിക്കുന്നത്. ധാരാളം സ്ത്രീകളുടെ വീടുകളിലും പറമ്പുകളിലും ബ്രഹ്മി നട്ടുവളർത്താൻ പറഞ്ഞു. അവരിൽ നിന്നും ഞാൻ വാങ്ങും. അവർക്ക് നല്ല വരുമാനവും നമുക്ക് നല്ല റോ മെറ്റീരിയലും കിട്ടും. മറ്റു പച്ച മരുന്നുകളും ഇതുപോലെ നട്ടു വളർത്തിയെടുക്കും.

മകളെ ആയുർവേദ കോളേജിൽ ചേർത്തത് കമ്പനിക്ക് മുതൽ കൂട്ടാകുമല്ലോ?

തീർച്ചയായും. മകൾ കുഞ്ഞുനാളിലേ കണ്ടു വളർന്നതാണ് എന്‍റെ കഷ്ടപ്പാട്. അപ്പോൾ മകനും, മകളും പറയുമായിരുന്നു അമ്മാ… ഞങ്ങൾ വളർന്നു വന്നോട്ടേ… ഈ ബുദ്ധിമുട്ടുകളെല്ലാം മാറും. മക്കൾ എനിക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. ഒരുപാട് ബാധ്യതയിലാണെങ്കിലും മകളുടെ പഠനം കമ്പനിക്ക് വല്യ മുതൽ കൂട്ടാകും.

എംഡി കസേരയിലിരിക്കുമ്പോൾ എന്തു തോന്നുന്നു?

വെറും വട്ടപ്പൂജ്യമായിരുന്ന ഞാനാണോ ഇത്? എന്ന് തോന്നിപ്പോകുന്നു.

അഭിമാനം തോന്നിയ നിമിഷം?

എനിക്ക് മൂന്നു കാര്യങ്ങളിൽ ഒരു പോലെ അഭിമാനം തോന്നിയിട്ടുണ്ട്. ദേശീയ അവാർഡ് വാങ്ങിയ നിമിഷം ആ അവാർഡ് അച്‌ഛന്‍റെ കയ്യിൽ കൊടുക്കാനായത്.

മകൾ ആദ്യമായി ബിഎഎംഎസ്സ് ക്ലാസ്സിലേക്ക് കയറിയ നിമിഷം. ആയുരാജ് ഇൻഡസ്ട്രീസ് കമ്പനിയുടെ എംഡിയായി ആദ്യമായി ഒപ്പുവച്ച നിമിഷം.

സംസ്ഥാന പുരസ്ക്കാരങ്ങളും ദേശീയ പുരസ്ക്കാരവും നേടി കഴിഞ്ഞു. അടുത്ത ലക്ഷ്യം?

ജീവിതം കരുപ്പിടിപ്പിക്കുവാൻ വേണ്ടിയുള്ള യാത്രയിൽ, ഈശ്വരൻ സമ്മാനിച്ച നിധിയായിട്ടാണ് ഈ പുരസ്ക്കാരങ്ങൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാലും, കയ്പേറിയ ബ്രഹ്മിയിൽ നിന്ന് സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ കൂടുതൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്നു എന്നതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിക്കണം. ഇതു കൂടാതെ എനിക്കൊരു ലക്ഷ്യമുണ്ട്. കമ്പനി വളരുമ്പോൾ എന്‍റെ ബാധ്യതകളെല്ലാം തീർക്കണം. മക്കളുടെ ഭാവി സുരക്ഷിതമാക്കണം. അതിനുശേഷം സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ എന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കണം. (ഇതൊക്കെ ഈശ്വരൻ എനിക്ക് ആയുസ്സ് നൽകുകയാണെങ്കിൽ) വെറുതെ ജനിച്ച്, ഒന്നും ചെയ്യാതെ മരിക്കുന്നതിനേക്കാൾ, എന്‍റെ ജീവിതം വൃഥാവില്ലായില്ല എന്നൊരു സന്തോഷം.

और कहानियां पढ़ने के लिए क्लिक करें...