ആയുരാജ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡി കസേരയിൽ ബിന്ദുവിനെ ആരും പിടിച്ചിരുത്തിയതല്ല. കനൽ വഴിയിലൂടെ നടന്നലഞ്ഞു എംഡി കസേരയിൽ മുൻവാതിലൂടെ തന്നെ സ്വയം കയറിയിരുന്നതാണ്.
കൂലി പണിക്കാരനായ പൂജപ്പുര സ്വദേശി സദാശിവൻ നായരുടെയും സുകേശിനിയമ്മയുടെയും ഇളയ മകളായ ബിന്ദു ദാരിദ്യ്രത്തിന്‍റെ നെല്ലിപ്പടി വരെ കണ്ടും സഹിച്ചുമാണ് വളർന്നത്. സ്വയം ജോലി ചെയ്തു ഡിഗ്രിയും സമ്പാദിച്ചു.
പഠനശേഷം വിവാഹം, ഭർത്താവ് പ്രഭുല്ല കുമാർ. വാച്ച് റിപ്പയറർ ആയ ഭർത്താവിന്‍റെ തുച്ഛ വരുമാനം കൊണ്ട് കുടുംബം പോറ്റാൻ കഴിയാതെ വന്നപ്പോൾ ആ ഭാരം കൂടി ബിന്ദു ഏറ്റെടുത്തു. പച്ചിലകൾ ചേർത്തു എണ്ണ തയ്യാറാക്കി വീടുകൾ തോറും കയറിയിറങ്ങി നിത്യ ചെലവിനുള്ള വക കണ്ടെത്തി. ഇന്ന് ബിന്ദു വെറും ഒരു എണ്ണ വില്പനക്കാരിയല്ല. സ്വന്തം രക്തം കൊണ്ട് പടുത്തുയർത്തിയ കമ്പനിയുടെ ഡയറക്ടർ കൂടിയാണ്. പ്രതിമാസം രണ്ടുലക്ഷം രൂപ വരുമാനമുള്ള സ്ഥാപനത്തിന്‍റെ അധിപ. ഒരു കോടി രൂപയുടെ വാർഷിക വരുമാനമാണ് ആയുരാജ് ഇൻഡസ്ട്രീസിന്‍റെ അടുത്ത ലക്ഷ്യം.
2012ലും 2014ലും മികച്ച സംരംഭയ്ക്കുള്ള സംസ്ഥാന പുരസ്കാരവും 2016ൽ ദേശീയ പുരസ്കാരത്തിനും അവർ അർഹയായി. ശ്രീമതി ബിന്ദുവിനോടൊപ്പം ചെലവഴിച്ച ഏതാനും മണിക്കൂറുകളെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നു. ദാരിദ്യ്രത്തിൽ നിന്നും സ്വന്തം സ്വപ്നങ്ങൾ എത്തിപ്പിടിക്കുവാൻ നടത്തിയ പോരാട്ട കഥ.
എണ്ണ വില്പനക്കാരിയിൽ നിന്നും എംഡി കസേരയിലേയ്ക്ക് ഓടുകയായിരുന്നോ? അതോ നടക്കുകയായിരുന്നോ?
എന്‍റെ ജീവിതം തന്നെ ഓട്ട പ്രദക്ഷിണമായിരുന്നു. ജീവിതത്തെ കരയ്ക്കടുപ്പിക്കാൻ. കവി പറഞ്ഞതു പോലെ ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയിലൂടെ ആർത്തനാദം പോലെ ഞാൻ ഓടുകയായിരുന്നു.
ബിസിനസ്സിലേയ്ക്ക് ഇറങ്ങാനുണ്ടായ സാഹചര്യം?
ജീവിത സാഹചര്യമായിരുന്നു. നഗര പ്രദേശത്താണ് ഞാൻ ജനിച്ചു വളർന്നത്. അച്‌ഛന് കൂലിപ്പണിയായിരുന്നു. ഞങ്ങൾ നാലുമക്കളാണ്. നാലാമത്തെ മകളാണ് ഞാൻ. ഭൂരിപക്ഷം വീടുകളിലും ഇളയകുട്ടിയ്ക്ക് സ്നേഹം കൂടുതൽ കിട്ടുന്ന സാഹചര്യമാണ്. പക്ഷെ, എന്നെ സംബന്ധിച്ച് അറിവായ സമയം മുതൽ ദാരിദ്യ്രം, ദുഃഖം, കഷ്ടപ്പാട്... ഇവയെല്ലാമായിരുന്നു. വിശന്നു തളർന്നുറങ്ങിയ ബാല്യം. ഇതിൽ നിന്നൊരു മോചനം നേടാനായി പതിനഞ്ചാം വയസ്സിൽ കുഞ്ഞുകുട്ടികൾക്ക് ട്യൂഷൻ എടുത്തു തുടങ്ങി. ആദ്യമായി ഇരുപതു രൂപ ഫീസായി കിട്ടി. വളരെ സന്തോഷം തോന്നി. മുടങ്ങുമായിരുന്ന പഠനം തുടർന്നു കൊണ്ടു പോകുവാൻ ട്യൂഷൻ വളരെയേറെ സഹായിച്ചു. പഠിച്ചും പഠിപ്പിച്ചും ബിഎ ഡിഗ്രി കരസ്ഥമാക്കി.
ഗ്രാമത്തിലേയ്ക്കാണ് വിവാഹം കഴിഞ്ഞു വന്നത്. ഭർത്താവിന്‍റെ കുടുംബം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതായിരുന്നു. വാച്ച് റിപ്പയറിംഗായിരുന്നു ജോലി. മക്കളെ സ്കൂളിൽ ചേർത്തപ്പോൾ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. സാമ്പത്തിക പ്രശ്നം വന്നപ്പോൾ കുടുംബത്തിലും പ്രശ്നങ്ങളുണ്ടായി. ഈ പ്രതിസന്ധികളിൽ നിന്നും എങ്ങനെ കരകയറും എന്ന ചിന്ത...
എനിക്കു കിട്ടിയ ഉത്തരമായിരുന്നു എന്തെങ്കിലും ബിസിനസ്സ് ചെയ്യുക എന്നത്. (അന്ന് ബിസിനസ്സ് എന്ന വാക്കിന്‍റെ അർത്ഥം പോലും എനിക്ക് അറിയാൻ പാടില്ലായിരുന്നു) ഇതായിരുന്നു ബിസിനസ്സിലേക്ക് ഇറങ്ങാനുണ്ടായ സഹാചര്യം.