“ചേട്ടൻ സൂപ്പറാ…” എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് അപർണ്ണ ബാലമുരളി. അഭിനയ പാരമ്പര്യമോ യാതൊരുവിധ മുൻ പരിചയമോ ഒന്നുമില്ലാതെ സ്വാഭാവിക അഭിനയത്തിൽ മികവ് പുലർത്തിയ മിടുക്കി. ചുരുക്കം ചിത്രങ്ങൾ കൊണ്ട് സിനിമയിൽ തന്‍റേതായ ഇടം ഉറപ്പിച്ച അഭിനേത്രി. “സൂറരൈ പോട്രൂ” എന്ന തമിഴ് ചിത്രത്തിലെ ബൊമ്മിയെ ഇന്ത്യൻ സിനിമാസ്വാദകർ ഏറ്റെടുത്തതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഇത്തവണത്തെ (2020 വർഷത്തെ) ദേശീയ ചലച്ചിത്ര പുരസ്‌കാരം. നൃത്തവും സംഗീതവും കലയായി കൂടെകൂട്ടിയ ഈ തൃശൂരുകാരിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു.
Q: അപർണ്ണക്ക് ഇരട്ടി മധുരമാണല്ലോ ഈ ഓണം. ഓണം പ്ലാനിംഗ് എന്തൊക്കെയാണ്?
A: അങ്ങിനെ പ്രത്യേകിച്ച് ഒന്നും ഇപ്പോൾ പ്ലാൻ ചെയ്തിട്ടില്ല. കാരണം ഒരുപാട് ചിത്രങ്ങളുടെ ഷൂട്ട് നടക്കുന്നുണ്ട്. അതുകൊണ്ട് ഓണത്തിന് വീട്ടിലുണ്ടാകുമോ എന്ന് തന്നെ സംശയമാണ്. എങ്കിലും ഈ ഓണം എനിക്ക് പ്രിയപ്പെട്ടതാണ്.
Q: ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു നല്ല ഓണം ഏതാണ്?
A: എന്‍റെ കുട്ടിക്കാലത്ത് ഞങ്ങൾ ഖത്തറിലായിരുന്നു. അവിടെ നല്ല രസമാണ് ഓണാഘോഷങ്ങൾ. മലയാളികൾ എല്ലാരും ചേർന്ന് പൂക്കളം ഒരുക്കും, പാട്ടും നൃത്തവും അലങ്കാരങ്ങളും ആഘോഷങ്ങളും നല്ലൊരു ഒത്തൊരുമയായിരുന്നു. അത് ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്. ഇവിടെ നാട്ടിലാണെങ്കിൽ അങ്ങിനെ ഭയങ്കര ആഘോഷങ്ങൾ ഒന്നും വീട്ടിൽ ഉണ്ടാകാറില്ല. അമ്മമ്മയുടെ വീട്ടിൽ ഒത്തുകൂടും. സാധാരണ എല്ലാരേയും പോലെ സദ്യ ഉണ്ടാക്കും, പായസം വയ്ക്കും. അത്രയൊക്കെ ഉള്ളൂ.
Q: പാചകം ഇഷ്ടമാണോ? ഓണസദ്യ വിഭവങ്ങൾ പാചകം ചെയ്യാൻ പറഞ്ഞാൽ ഒരു കൈ നോക്കുമോ?
A: പാചകം ഇഷ്ടമാണ്. പക്ഷേ ഞാൻ പാചക വിദഗ്ധയൊന്നുമല്ല. അത്യാവശ്യത്തിന് മാത്രം ഉണ്ടാക്കും. ഓണസദ്യയിൽ പായസം ഉണ്ടാക്കിയിട്ടുണ്ട്. മുമ്പൊരിക്കൽ ഓണവും എന്‍റെ പിറന്നാളും ഒരുമിച്ച് വന്നിരുന്നു. അന്നാണ് ഞാൻ പായസം പരീക്ഷിച്ചത്. നല്ലതായിരുന്നു.
Q: കൊറോണക്കാലത്തെ അനുഭവം എങ്ങിനെയായിരുന്നു?
A: ആദ്യത്തെ കുറച്ചു ദിവസം വളരെ സന്തോഷമായിരുന്നു. വീട്ടുകാരുടെ കൂടെ കുറേ സമയം ചെലവഴിക്കാനായി. ഇഷ്ടം പോലെ കിടന്നുറങ്ങാം. പിന്നെ ആ സമയത്താണ് ഞാൻ യോഗ തുടങ്ങിയത്. ഇടയ്ക്ക് ഓൺലൈനായി സംഗീതം അഭ്യസിക്കുന്നുണ്ടായിരുന്നു. കാർത്തിക വൈദ്യനാഥൻ ആണ് ഗുരു. പിന്നെ വല്ലപ്പോഴുമൊക്കെ അടുക്കളയിൽ പാചക പരീക്ഷണം നടത്തും. ലോക്ക്ഡൗൺ ദിനങ്ങൾ കുറേ ആയപ്പോൾ വല്ലാതെ ബോറടിച്ചു. എങ്ങിനെയെങ്കിലും ഒന്ന് പുറത്തിറങ്ങിയാൽ മതി എന്നായി.
Q: നൃത്തം, സംഗീതം, അഭിനയം മാത്രമല്ല ഒരു ആർക്കിടെക്ട് ബിരുദധാരി കൂടിയാണ് അപർണ്ണ. ആർക്കിടെക്ട് മേഖല ഇഷ്ടമാണോ?
A: തീർച്ചയായും ഇഷ്ടമാണ്. ഞാൻ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത കോഴ്സ് ആണ് ബി.ആർക്. പക്ഷേ, എനിക്കത് പ്രൊഫഷനായി കൊണ്ട് നടക്കാൻ ഇപ്പോൾ കഴിയില്ല. ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് ഒരു അവസരം കിട്ടുമ്പോൾ ആർക്കിടെക്ട് എന്ന ജോലി എനിക്ക് ഇഷ്ടമാണ്. വരയ്ക്കാനും ഡിസൈൻ ചെയ്യാനുമെല്ലാം പണ്ടേ താല്പര്യമാണ്.
Q: “സൂരരൈ പോട്രൂ” ലെ ബൊമ്മിക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ എന്തെല്ലാമാണ്?
A: ഒരുപാട് മുന്നൊരുക്കങ്ങൾ വേണ്ടി വന്ന കഥാപാത്രമാണ് ബൊമ്മി. സംവിധായിക സുധ മാഡം എന്നെ വളരെയധികം സഹായിച്ചു. മധുരൈ ശൈലി തമിഴ് ഭാഷയാണ് ചിത്രത്തിലുപയോഗിച്ചിരിക്കുന്നത്. അത് പഠിക്കാൻ കുറച്ച് പാടുപെട്ടു. തമിഴ് അറിയാമെങ്കിൽ പോലും മധുരൈ തമിഴ് കടുകട്ടിയാണ്. പിന്നെ സുധ മാഡം അതിനുവേണ്ടി കുറേ ട്രെയിനിംഗ് തന്നു. മധുരൈ സ്ത്രീകളുടെ വേഷം, പെരുമാറ്റം, തന്‍റേടം എല്ലാം നിരീക്ഷിച്ച് ബൊമ്മിയാകാൻ തയ്യാറെടുത്തു. അതിനുള്ള ഫുൾ ക്രെഡിറ്റും സുധ മാഡത്തിനാണ്. പിന്നെ സൂര്യ സർ, എനിക്ക് ഭയങ്കര excitement ആയിരുന്നു ഇത്രയും വലിയൊരു താരത്തോടൊപ്പം അഭിനയിക്കുമ്പോൾ. പക്ഷേ, സൂര്യ സാർ നമ്മളെ ശരിക്കും നന്നായി സപ്പോർട്ട് ചെയ്യും. സെറ്റിലുള്ള എല്ലാവരും നല്ല സഹകരണമായിരുന്നു.
Q: മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയപ്പോൾ ഒരുപാട് പേരുടെ അഭിനന്ദനപ്രവാഹം ആയിരിക്കും അപർണ്ണക്ക് ലഭിച്ചിരിക്കുക. എങ്കിലും വിലമതിക്കാനാകാത്തതായി തോന്നിയത് ആര് വിളിച്ചപ്പോഴാണ്?
A: എല്ലാവരുടെ കോളും എനിക്ക് സ്പെഷ്യൽ ആയിരുന്നു. അറിയുന്നതും അറിയാത്തതുമായ ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചു. അതെല്ലാം അപ്രതീക്ഷിതവുമായിരുന്നു. പ്രത്യേകിച്ച് അങ്ങിനെ ആരെയും പേരെടുത്തു പറയാൻ കഴിയില്ല. ഇങ്ങനെ ഒരു അംഗീകാരം എന്നെ തേടി വരാനുള്ള കാരണം സുധ മാഡമാണ്. അതിൽ അവർക്ക് സന്തോഷവുമുണ്ട്.
Q: നാഷണൽ അവാർഡ് കിട്ടിയതോടെ ഉത്തരവാദിത്തം കൂടി എന്ന് തോന്നുന്നുണ്ടോ? ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കണം എന്ന് കരുതുന്നുണ്ടോ?
A: അത് സ്വാഭാവികമാണല്ലോ. പക്ഷെ, അന്നും ഇന്നും എന്നെ സംബന്ധിച്ച് ചെയ്യുന്ന കഥാപാത്രം വലിയൊരു ഉത്തരവാദിത്തമാണ്. അത് എത്രത്തോളം മികച്ചതാക്കാം എന്ന് മാത്രമാണ് ഞാൻ നോക്കുന്നത്. ഓരോ കഥാപാത്രം ചെയ്യുമ്പോഴും പുതിയ പാഠങ്ങളാണ്. പിന്നെ, ചിത്രങ്ങൾ തെരഞ്ഞെടുക്കുക എന്ന് പറയുമ്പോൾ അതിൽ എന്‍റെ കഥാപാത്രത്തിന് ചെയ്യാൻ പറ്റിയ എന്തെങ്കിലും ഉണ്ടാകണം. അതാണല്ലോ നമ്മൾ നോക്കേണ്ടത്? അല്ലാതെ വെറുതെ കുറേ ചിത്രങ്ങൾ ചെയ്യുന്നതിൽ അർത്ഥമില്ലല്ലോ.
Q: അപർണ്ണയുടെ പുതിയ സിനിമകൾ എന്തെല്ലാമാണ്?
A: നവാഗതനായ ചാർലി ഡേവിസ് സംവിധാനം ചെയ്യുന്ന ‘സുന്ദരി ഗാർഡൻസ്’ ഉണ്ണി മുകുന്ദൻ നായകവേഷം ചെയ്യുന്ന അരുൺ ബോസിന്‍റെ സംവിധാനത്തിൽ വരുന്ന ചിത്രം ‘മിണ്ടിയും പറഞ്ഞും’ സുധീഷ് രാമചന്ദ്രന്‍റെ പടം ‘ഇനി ഉത്തരം’… ഇതൊക്കെയാണ് റിലീസ് ആകാനുള്ള സിനിമകൾ. പിന്നെ ഇപ്പോൾ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങൾ ഫംഗസ്, കാപ്പ, പദ്മിനി… എന്നിവയാണ്.