ബോളിവുഡിൽ കരുത്തയായ നായികയായി തിളങ്ങിയ പ്രിയങ്ക ചൊപ്ര ദേശാന്തരങ്ങൾ കടന്ന തന്‍റെ അഭിനയ മികവിലൂടെ നമ്മെ അദ്ഭുതപ്പെടുത്തുകയാണ്. സ്വന്തം ജീവിതം കൊണ്ടും അഭിനയപാടവം കൊണ്ടും അന്താരാഷ്ട്ര തലത്തിൽ എത്തി നിൽക്കുന്ന പ്രിയങ്ക ചൊപ്രയുടെ സിനിമ ലോകത്തെ വളർച്ച അമ്പരപ്പിക്കുന്നതാണ്.

ഇന്ത്യയിൽ ഏറ്റവും വലിയ സിനിമ താരങ്ങളിൽ ഒരാളായി മാറിയ ശേഷം ഹോളിവുഡിൽ തന്‍റേതായ ഇടം സൃഷ്ടിച്ച പ്രിയങ്കയെ പോലെ മറ്റൊരു താരവും ഇല്ല. അഭിനയരംഗത്ത് മാത്രമല്ല നിർമ്മാണ രംഗത്തും ബിസിനസ് സംരഭങ്ങളിലും താരം സജീവമാണ്. കൂടാതെ എഴുത്തിലും പരീക്ഷണം നടത്തി, കഴിഞ്ഞ വർഷം പ്രിയങ്ക തന്‍റെ ഓർമ്മക്കുറിപ്പ് അൺഫിനിഷ്ഡ് (ന്യൂയോർക്ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലർ) പ്രസിദ്ധീകരിച്ചു.

അനോമലയ് എന്ന കേശസംരക്ഷണ സ്‌ഥാപനം തുടങ്ങി. കോവിഡ് സമയത്ത് ഇന്ത്യയെ സഹായിക്കാനായി ദശലക്ഷകണക്കിന് ഡോളറാണ് സമാഹരിച്ചത്. ന്യൂയോർക്കിൽ ഒരു ഇന്ത്യൻ റസ്റ്റോറന്‍റ് തുറന്നു. മാട്രിക്സ് സീരിസിൽ അഭിനയിച്ചു… അങ്ങനെ പ്രിയങ്ക കരിയറിലും വ്യക്‌തി ജീവിതത്തിലും പുതിയ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുകയാണ്. ആമസോണിന്‍റെ റെസ്പ് സീരിസ് സിറ്റാഡിലും പ്രിയങ്ക പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹോളിവുഡിന്‍റെ ചുവരുകൾക്കുള്ളിൽ നിന്ന് വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് തനിക്കായി ഒരിടം തീർത്ത ഈ ഇന്ത്യൻ നടി ഒരു വിസ്മയം തന്നെയാണ്.

കുടുംബം, നേട്ടങ്ങൾ

39 വയസുള്ള പ്രിയങ്ക ഇതിനകം നിരവധി ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. ഇന്ത്യയിൽ ജനിച്ച അവരുടെ മാതാപിതാക്കൾ ആർമി ഡോക്ടർമാരായിരുന്നു. കൗമാരപ്രായമെത്തിയതോടെ അമ്മായിയോടൊപ്പം താമസിക്കാൻ പ്രിയങ്ക യുഎസിലേക്ക് പോയി. മൂന്ന് വർഷത്തിനുശേഷം മടങ്ങിയെത്തിയ പ്രിയങ്ക ബറേലിയിലെ ആർമി പബ്ലിക് ഹൈസ്ക്കൂളിൽ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അവരുടെ ജീവിതത്തിൽ നേട്ടങ്ങളുടെ പെരുമഴയായിരുന്നു. 2000 ൽ മിസ് വേൾഡ് പട്ടം. സിനിമയിൽ കരിയർ ആരംഭിച്ച് 10 വർഷത്തിനുള്ളിൽ അവർ ബോളിവുഡിലെ ഹിറ്റ് സിനിമകളിലെ മിന്നും താരമായി മാറി. ഒരേ സമയം ഒന്നിലധികം ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു.

വഴിത്തിരിവ്

പ്രിയങ്കയുടെ മാനേജരായ അൻജുല ആചാര്യയുടെ പ്രേരണയാൽ അവർ യുഎസിൽ മ്യൂസിക് കരിയറിന് തുടക്കമിട്ടു. ഒടുവിൽ അവർ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു. അമേരിക്കയിലെ സംഗീത ഗ്രൂപ്പുകളുമായി സഹകരിച്ച് സിഎഎയിൽ (ക്രിയേറ്റീവ് ആർട്ടിസ്റ്റ്സ് ഏജൻസി) ഒപ്പുവച്ച ആദ്യ ബോളിവുഡ് താരമാണ് പ്രിയങ്ക. പ്രിയങ്കയുടെ ജീവിതത്തിൽ അത് വലിയൊരു വഴിത്തിരിവായി മാറി. തുടർന്ന് ഹോളിവുഡിലേക്ക്. 2015 ൽ എബിസി സീരിസായ ക്വാണ്ടിക്കോയിൽ പ്രധാന വേഷത്തിലെത്തി. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവ് അമേരിക്കയിൽ ഒരു നെറ്റ്‍വർക്ക് ഷോയിൽ നായികയാവുന്നത്. ഇതിലെ അഭിനയത്തിന് പിപ്പീൾസ് ചോയസ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരവും കൂടിയാണ് പ്രിയങ്ക. 2018 ൽ ക്വാണ്ടിക്കോ മൂന്ന് സീസണുകൾ പുറത്തിറങ്ങി കഴിഞ്ഞതോടെ ഇതിനകം അവർ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു.

കൗമാരപ്രായത്തിൽ ഈസിന്‍റ് ഇറ്റ് റൊമാന്‍റിക്കിലെ യോഗ പരിശീലക, ഫാമിലി ഡ്രാമയായ ദി സ്കൈ ഈസ് പിങ്കിവൽ നിശ്ചയ ദൗർഢ്യമുള്ള പ്രിയങ്കയുടെ അമ്മ കഥാപാത്രമൊക്കെ ശ്രദ്ധേയങ്ങളായി. തുടർന്ന് നിർമ്മാണത്തിൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയ പ്രിയങ്ക പ്രധാനമായും ദക്ഷിണേഷ്യൻ കഥകളും സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള കഥകളും പറയുന്നതിലാണ് ശ്രദ്ധയൂന്നിയിരുന്നത്.

തന്നേക്കാൾ 10 വയസ് ഇളപ്പമുള്ള നിക്ക് ജോനാസിനെ വിവാഹം കഴിച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അവരുടെ പ്രായ വ്യത്യാസത്തെ ചൊല്ലിയായിരുന്നു വിവാദം. എന്തായാലും തനിക്കെതിരെ ഉയർന്ന വിവാദങ്ങളെ തെല്ലും കൂസാതെ തന്‍റെ കരിയറിൽ പുതിയ അദ്ധ്യായങ്ങൾ കുറിക്കുകയായിരുന്നു പ്രിയങ്ക. ശക്തമായ പിന്തുണയുമായി ഭർത്താവ് ജോനാസും പ്രിയങ്കയ്ക്ക് ഒപ്പം ചേർന്നു.

ബോളിവുഡ്

ഒരു തമിഴ് സിനിമയിലൂടെയാണ് പ്രിയങ്ക അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ദി ഹീറോ ആണ് പ്രിയങ്കയുടെ ആദ്യ ബോളിവുഡ് ചിത്രം. ബോക്സ് ഓഫീസ് ഹിറ്റായ അന്ദാസ് എന്ന ചിത്രത്തിലെ അഭിനയത്തിന് തുടക്കകാരിക്കുള്ള ഫിലിം ഫെയർ അവാർഡ് പ്രിയങ്കയ്ക്ക് ലഭിച്ചു. എതരാസ് വഖ്ത്, ബ്ലഫ്മാസ്റ്റർ, ക്രിഷ്, ഡോൺ എന്നിവ പ്രിയങ്കയിലെ മികച്ച അഭിനേത്രിയെ പുറത്തെടുത്ത ചിത്രങ്ങളാണ്.

സലാം- ഇ- ഇഷ്ഖ്, ദ്രോണ, ഫാഷൻ, കമീനെ, 7 ഖൂൻ മാഫ്, ബർഫി, ഡോൺ -2, അഗ്നിപഥ്, ബാജിറാവു മസ്താനി അങ്ങനെ പ്രിയങ്ക ചെയ്ത സിനിമകളുടെ ഒരു നീണ്ടനിര തന്നെയുണ്ട്.

ഫാഷൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനം അവർക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. ഒപ്പം ഫിലിം ഫെയർ അവാർഡും. 7 ഖൂൻ മാഫ് എന്ന ചിത്രത്തിലെ സീരിയൽ കില്ലറായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയ്ക്ക് ഫിലിം ഫെയർ അവാർഡ് ലഭിക്കുകയുണ്ടായി. 2014 ൽ പുറത്തിറങ്ങിയ ബോക്സർ മേരികോമിന്‍റെ ജീവചരിത്രത്തെ ആസ്പദമാക്കി ഇറങ്ങിയ മേരി കോം എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയ പ്രിയങ്ക മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി.

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായ ബാജിറാവു മസ്താനിയിലെ കാശിബായി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ബോളിവുഡ് ചിത്രങ്ങൾക്ക് പുറമെ ബേ വാച്ച്, എ കിഡ് ലൈക്ക് ജേക്ക്, ഈസിന്‍റ് ഇറ്റ് റൊമാൻറിക്, ദി വൈറ്റ് ടൈഗർ എന്നിങ്ങനെ ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളിലും ശ്രദ്ധേയങ്ങളായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് പ്രിയങ്ക ചൊപ്ര.

और कहानियां पढ़ने के लिए क्लिक करें...