രാവിലെ 7.30 ന് ഓഫീസിൽ എത്തണം. തിങ്കളാഴ്ചയാണ്. ഗൗതമൻ ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ 6 മണി. അടുക്കളയിൽ ആ സമയം ഉമ ഉണ്ടാകാറുണ്ട്. പക്ഷേ ഇന്ന് കണ്ണു തുറക്കുമ്പോൾ അവൾ മൂടിപ്പുതച്ച് കിടപ്പാണ്. നെറ്റിയിൽ കൈ വച്ചു നോക്കിയപ്പോൾ പനിയുള്ളതായി തോന്നി. ഉമയെ ഉണർത്താതെ ഗൗതമൻ അടുക്കളയിലെത്തി. ചായയുണ്ടാക്കി കുടിച്ചു. ഉമയ്ക്കുള്ളത് ഫ്ളാസ്കിലാക്കി റൂമിലെടുത്തു വച്ചശേഷം അയാൾ ഓഫീസിലേക്ക് പോയി.
12 കിലോമീറ്റർ അകലെയാണ് ഗൗതമന്‍റെ ഓഫീസ്. തിങ്കളാഴ്ചകളിൽ കടുത്ത തിരക്കാണ്. വൈകിട്ട് ഏഴ് മണിയായത് ഗൗതമൻ അറിഞ്ഞത് സെക്രട്ടറി പോകാൻ അനുവാദം ചോദിച്ചപ്പോഴാണ്.
ഈ നേരമൊന്നും ഉമയെ വിളിക്കാൻ പറ്റിയില്ലല്ലോ എന്ന ഖേദത്തോടെയാണ് ഗൗതമൻ ഡ്രൈവ് ചെയ്തത്. വീട്ടിലെത്തുമ്പോൾ ഉമ അടുക്കളയിൽ ജോലിയിൽ മുഴുകിയിരിക്കുന്നു.
“പനിയുണ്ടെങ്കിൽ കിടന്നാൽ പോരായിരുന്നോ? എന്തിനാ ഭക്ഷണമുണ്ടാക്കിയത്…” ഗൗതമൻ അവളുടെ തലയിൽ അനുകമ്പയോടെ തഴുകി.
“രാവിലെ അൽപം ക്ഷീണം തോന്നി. പക്ഷേ, ഇപ്പോൾ കുഴപ്പമൊന്നുമില്ല.”
രാത്രി ഉമേഷ് വിളിച്ചു. ഞായറാഴ്ച അവൻ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചു പോയ ശേഷം വിളിക്കുന്നതിപ്പോഴാണ്. വെള്ളിയാഴ്ച വരുമ്പോൾ ഉർവ്വശിയേയും കൊണ്ടുവരുമെന്ന് അവൻ സൂചിപ്പിച്ചു. ഒരാഴ്ച കടന്നു പോയത് എത്ര വേഗമാണ്. വെള്ളിയാഴ്ച വൈകിട്ട് ഗൗതമൻ വീട്ടിലെത്തുമ്പോൾ ഫാമിലി റൂമിൽ ഉമേഷിനും ഉമയ്ക്കുമൊപ്പം ഒരു പെൺകുട്ടി… അൽപം അമ്പരന്നുവെങ്കിലും അയാൾക്ക് അവളെ മനസ്സിലായി. ഉർവ്വശി… മകന്‍റെ കൂട്ടുകാരി…
“നമസ്തേ പപ്പാ..” ഉമേഷ് പറഞ്ഞു. “ പപ്പാ ഇതാണ് ഉർവ്വശി.”
ഉർവ്വശി മുന്നോട്ട് വന്ന് ഗൗതമന്‍റെ കാലിൽ തൊട്ടു വണങ്ങാൻ ശ്രമിച്ചു. അയാൾ അവളെ വിലക്കി.
“വേണ്ട മോളേ, നീ ഇവിടെ വാ.” അയാൾ ഉർവ്വശിയെ അടുത്തി പിടിച്ചിരുത്തി.
“ഉമാ, നമ്മുടെ അതിഥിക്ക് ഭക്ഷണമൊന്നും കൊടുത്തില്ലേ?”
“ഞാൻ പലവട്ടം പറഞ്ഞു. പക്ഷേ കേൾക്കണ്ടേ… പപ്പ വന്നിട്ടു മതി എന്ന് വാശി.”
“ശരി… അതു നന്നായി. നമുക്ക് ഒരുമിച്ച് കഴിക്കാം. ഉമേഷ് ഫ്രിഡ്ജിൽ നിന്ന് കുറച്ച് സ്വീറ്റ്സ് എടുത്തി കൊണ്ടുവാ. ആദ്യം മധുരം തന്നെയാവട്ടെ.?”
ഉമ ചായയെടുക്കാൻ അടുക്കളയിലേക്കു നടന്നപ്പോൾ ഉർവ്വശിയും പിന്നാലെ ചെന്നു. പക്ഷേ ഗൗതമൻ ്വളെ മടക്കി വിളിച്ചു.
“മോളേ, നീ ഇവിടെ വരൂ. എനിക്കൽപം സംസാരിക്കാനുണ്ട്.”
മകൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി. അവളെക്കുറിച്ച് കൂടുതലറിയാൻ നേരിട്ടു സംസാരിക്കുന്നതാണ് നല്ലത്. അയാൾ അവളുടെ വീട്ടുകാരെക്കുറിച്ച് ചോദിച്ചു.
“എനിക്ക് അനിയനുണ്ട് പപ്പാ, ഹൈസ്കൂളിൽ പഠിക്കുന്നു. മമ്മിക്ക് ഒരു ഷോപ്പുണ്ട്. ആദ്യം ഞങ്ങൾ കുടുംബസമേതം സാൻഫ്രാൻസിസ്കോയിലായിരുന്നു. പപ്പ മരിച്ച ശേഷമാണ് വീടു വിറ്റ് സൈൻ ഹോജയിൽ ഒരു ചെറിയ ഫ്ളാറ്റ് വാങ്ങിയത്.”
ഗൗതമനും ഉർവ്വശിയും പല കാര്യങ്ങളും സംസാരിച്ചിരുന്ന് രാത്രി 9 മണിയായി. അപ്പോഴേക്കും ഉമേഷും ഉമയും ചേർന്ന് ഡിന്നർ റെഡിയാക്കിയിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി ഉമേഷ് മുകളിലേക്കു പോയി.
“ഉമാ, നീയും ഉർവ്വശിയും കൂടി ഗസ്റ്റ് റൂമിൽ കിടക്ക്.” ഗൗതമൻ ഇങ്ങനെ പറഞ്ഞിട്ട് ബെഡ്റൂമിലേക്ക് നടന്നു.
ഉർവ്വശിയെ ഗസ്റ്റ് റൂമിലാക്കിയ ശേഷം ഉമ പുതപ്പും കമ്പിളിയുമെടുക്കാനായി ഗൗതമന്‍റെ മുറിയിലേക്ക് ചെന്നു.
“ലുക്ക്, ഉർവ്വശി നല്ല കുട്ടിയാണ്. എനിക്ക് അവളെ ഇഷ്ടമായി. വാട്ട് എബൗട്ട് യു?”
ഉമയുടെ ചോദ്യം കേട്ട് ഗൗതമൻ പൊട്ടിച്ചിരിച്ചു.
“ഇത്രയും വലിയ കാര്യം പറയുമ്പോൾ നിങ്ങൾക്ക് തമാശ…”
“അതേ, ഉർവ്വശിക്ക് ഒരു ബുദ്ധിമുട്ടും തോന്നാതെ നോക്കേണ്ടത് നിന്‍റെ ഡ്യൂട്ടിയാ, മകളോടെന്ന പോലെ തുറന്ന് സംസാരിച്ച് അവളെ അടുത്തറിയാൻ ശ്രമിക്ക്.”
ഗൗതമൻ ഇങ്ങനെ പറഞ്ഞപ്പോൾ മുഖം കടുപ്പിച്ച് ഒരു നോട്ടം നോക്കി ഉമ പുറത്തേക്ക് കടന്ന് വാതിലടച്ചു.
രാവിലെ ഗൗതമൻ 8 മണിക്ക് ഉറക്കമുണർന്ന് ഫാമിലി റൂമിലേക്ക് ചെല്ലുമ്പോൾ ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. രാവിലെ നല്ല തണുപ്പാണ്. ഇവിടെ നേർത്ത മഞ്ഞ് നൂലുപോലെ പെയ്തിറങ്ങുന്ന കാഴ്ച അതീവഹൃദ്യമാണ്. ജനാല തുറന്നപ്പോൾ തണുപ്പ് അരിച്ചു കയറി. ആത്മീയതയുടെ പ്രതീകമായി കരുതുന്ന സൈപ്രസ് മരങ്ങൾ മഞ്ഞിൽ പുതച്ച് ഇലകൾ കുമ്പിട്ട് വിനയത്തോടെ നിൽക്കുന്നു.
തണുപ്പ് കൂടിവന്നപ്പോൾ അയാൾ ജനൽ അടച്ചു. പാതി ഗ്ലാസ് വിൻഡോ ആയതിനാൽ പുറത്തെ കാഴ്ച അൽപം മങ്ങലോടെ കാണാം. ചൂടുകാപ്പി കുടിക്കണമെന്നു തോന്നിയപ്പോൾ ഗൗതമൻ അടുക്കളയിൽ പോയി സ്റ്റൗ കത്തിച്ച് കടുപ്പത്തിലൊരു കാപ്പി തയ്യാറാക്കി. അയാൾ പത്രം വായന പകുതിയാക്കിയപ്പോഴാണ് ഉമേഷിന്‍റെ വരവ്. പിന്നാലെ ഉമയും ഉർവ്വശിയും.
അരമണിക്കൂറിനകം പ്രഭാതഭക്ഷണം തയ്യാറാക്കി ഉമ വിളിച്ചു. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഓഫീസിൽ നിന്ന് സെക്രട്ടറിയുടെ വിളി. ഗൗതമൻ ഓപ്പിട്ടയയ്ക്കേണ്ട പേപ്പറുകളുണ്ട്. ഇന്നു തന്നെ അയയ്ക്കുകും വേണം.
“സ്റ്റെഫീ, താൻ ആ പേപ്പറുകൾ ഇങ്ങോട്ടു കൊണ്ടുവാ. എനിക്കിന്ന് ഓഫീസിലെത്താൻ പറ്റില്ല.”
ശനിയാഴ്ച അവധിയാണെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കുറച്ചുപേർ എത്തുക പതിവാണ്. പതിനഞ്ചു മിനിറ്റിനകം സ്റ്റെഫി പേപ്പറുകളുമായി എത്തി. ഉമ അവൾക്ക് ചായയും ഇടിയപ്പവും കൊടുത്തു. ബ്രസീലുകാരി പെൺകുട്ടിയാണ് സ്റ്റെഫി. അവൾക്ക് ഇന്ത്യൻ ഫുഡ് വലിയ ഇഷ്ടമാണ്. ബോസിന്‍റെ വീട്ടിൽ നിന്ന് ഭക്ഷണം കിട്ടിയപ്പോൾ അവൾ വളരെ സന്തുഷ്ടയായ പോലെ തോന്നി. ഒപ്പിട്ട പേപ്പറുകളുമായി അവൾ മടങ്ങിപ്പോയപ്പോൾ ഗൗതമൻ ഉമയോട് തിരക്കി.
“ഇന്നെന്താ പരിപാടി?”
“പ്രത്യേകിച്ചൊന്നുമില്ല. ഉർവ്വശിയുണ്ടല്ലോ. നമുക്ക് പുറത്തു പോകാം.”
“ശരി, എന്നാൽ റെഡിയായിക്കോ.”
ഉർവ്വശിയാണ് ആദ്യം തയ്യാറായി വന്നത്. അവൾ ഫാമിലി റൂമിൽ വന്നിരുന്നപ്പോൾ ഗൗതമൻ ചോദിച്ചു.
“മോളേ… ഇങ്ങോട്ടു പോരുന്ന കാര്യം മമ്മിയോടു പറഞ്ഞില്ലേ…”
“ഞാൻ ഇങ്ങോട്ടു പോരുമെന്ന് മമ്മിക്കറിയാം.”
“എങ്കിലും ഇവിടെ വന്ന ശേഷം ആ വിവരം മമ്മിയോട് വിളിച്ചു പറയേണ്ടേ. ചെല്ലൂ, ആ മുറിയിൽ ഫോണുണ്ട്.”
ഉർവ്വശി ഫോൺ ചെയ്യാൻ പോയി. അപ്പോഴേക്കും ഉമയും ഉമേഷും ഔട്ടിംഗിന് തയ്യാറായി വന്നു. വാഷിംഗ്ടണിൽ ഷോപ്പിംഗിന് പറ്റിയ പുതിയ രണ്ടു മാളുകൾ തുറന്നിട്ടുണ്ട്. അവിടെ പോകാൻ കഴിഞ്ഞില്ലെന്ന് ഉമയുടെ പരിഭവം കഴിഞ്ഞയാഴ്ച കേട്ടതേയുള്ളൂ. ഷോപ്പിംഗും കറക്കവുമൊക്കെ കഴിഞ്ഞ് വിശന്നു വലഞ്ഞപ്പോൾ ഒരു നോർത്ത് ഇന്ത്യൻ റസ്റ്റോറന്‍റിൽ കയറി. ഗൗതമനും ഭാര്യയും വാഷിംഗ്ടണിൽ സെറ്റിൽ ചെയ്തിട്ട് 30 വർഷമായി. ഇരുവരും വെജിറ്റേറിയനാണ്. ഉമേഷും അതു പിന്തുടർന്നു. ഉർവ്വശിയുടെ കാര്യത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ അവളും വെജിറ്റേറിയൻ തന്നെയാണെന്ന് മനസ്സിലായപ്പോൾ ഉമയ്ക്കു വലിയ സന്തോഷം.
രാത്രി വീട്ടിലെത്തിയപ്പോൾ ഗൗതമൻ ഉർവ്വശിയോട് ചോദിച്ചു, “മമ്മിയോട് ഉമേഷിനെക്കുറിച്ച് നീ സംസാരിച്ചിട്ടുണ്ടോ മോളേ…”
“ഉവ്വ് പപ്പാ…
“ഉർവ്വശിയുടെ മമ്മി, പപ്പയെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്.” ഉമേഷ് ഇടയിൽ കയറി.
“ഉമേഷ്, ഞാൻ നിന്നോടല്ല ചോദിച്ചത്.”
അവൻ അതുകേട്ട് ചമ്മലോടെ മുറിയിലേക്കു പോയി.
“ഉർവ്വശി തന്നെ പറയട്ടെ കാര്യങ്ങൾ. എനിക്ക് അതാണ് കേൾക്കേണ്ടത്.”
“ഉമേഷ് പറഞ്ഞത് ശരിയാ പപ്പാ. അതെങ്ങനെ അവതരിപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.”
“ഓകെ, എന്നാൽ നീ മമ്മിയോട് പറഞ്ഞേക്കൂ, രണ്ടാഴ്ച കഴിഞ്ഞ് താങ്ക്സ് ഗിവിംഗ് ഹോളിഡേയിൽ ഞാൻ എത്തുമെന്ന്.”
(അമേരിക്കയിൽ എല്ലാ വർഷവും നവംബർ 4ന് ആഘോഷിക്കുന്ന ചടങ്ങാണ് താങ്ക്സ് ഗിവിംഗ്. ഈ സമയത്ത് നാല് ദിവസത്തെ ഔദ്യോഗിക അവധിയുണ്ട്.)
ഞായറാഴ്ചത്തെ വാഷിംഗ്ടൺ പോസ്റ്റിന് വലിയ കനമാണ്. ധാരാളം പേജുകൾ. വായിക്കാൻ ഇഷ്ടംപോലെ. കുറഞ്ഞത് രണ്ടു ദിവസം വേണം മുഴുവനും വായിച്ചു തീർക്കാൻ. അതുകൊണ്ട് വീട്ടിലിരുന്നാലും ഞായറാഴ്ച ബോറടി തോന്നുകയില്ല. ഇടയ്ക്കിടെ ചൂടു കാപ്പി കുടിച്ചുകൊണ്ടുള്ള വായനയ്ക്കിടയിൽ അയാൾ ഫാമിലി റൂമിലേക്കും നോക്കുന്നുണ്ടായിരുന്നു. 9.30 ആയി. ഇതുവരെ ആരും എഴുന്നേറ്റിട്ടില്ല. ഇന്നലെ കനത്ത മഞ്ഞുണ്ടായിരുന്നു. തണുപ്പ് കൂടുതലായാൽ ഇന്നാട്ടിൽ ഭൂരിഭാഗവും രാവിലെ എഴുന്നേൽക്കില്ല. 9 മണിയായാലേ വെയിൽ ശക്തമാവൂ. വൈകി എഴുന്നേറ്റതിനാൽ ഉമയും ഉർവ്വശിയും ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ അടുക്കളയിലേക്ക് പോയി.
പ്രഭാതഭക്ഷണം റെഡിയായപ്പോൾ പത്തു മണി കഴിഞ്ഞു. ഗൗതമൻ അൽപം ലേസി മൂഡിലിരിക്കുമ്പോഴാണ് ഓഫീസിൽ നിന്ന് പ്രോജക്ട് മാനേജരുടെ ഫോൺ വന്നത്. അടിയന്തിര കാര്യമായതിനാൽ അയാൾക്ക് അവിടേക്കു പോകാതെ നിവൃത്തിയില്ലായിരുന്നു. ഓഫീസിലേക്കു പോകാൻ നേരം ഗൗതമൻ ഉർവ്വശിയേയും ഉമേഷിനേയും വിളിച്ചു.
“ഞാൻ വരാൻ ലേറ്റായേക്കും. നിങ്ങൾ സമയമാകുമ്പോ മടങ്ങിക്കോളൂ.”
ഗൗതമൻ തിരിച്ചെത്തിയപ്പോഴേക്കും അവർ യൂണിവേഴ്സിറ്റിയിലേക്കു മടങ്ങിയിരുന്നു.
“കുട്ടികൾ പോയോ?”
“അവർ മൂന്നുമണിക്ക് തന്നെ ഇറങ്ങി. പപ്പ ഇത്രയും വൈകുമെന്ന് പ്രതീക്ഷിച്ചില്ല.”
“ഒരു പ്രോജക്ടിന്‍റെ പ്രൊപ്പോസൽ സംബന്ധിച്ച് കുറേ തിരക്കുണ്ടായിരുന്നു. കഴിഞ്ഞ പത്തു ദിവസമായി ഇതിനു പിന്നാലേയാണ്.”
“കുട്ടികൾ പോയതു കൊണ്ട് ഒരു രസവും തോന്നുന്നില്ല.”
“നീ പറഞ്ഞത് ശരിയാ ഉമേ.”
“എനിക്ക് ഉർവ്വശിയെ ഇഷ്ടമായി.” ഉമ ആലോചനയോടെ പറഞ്ഞു
“നീ നേരത്തേ പറഞ്ഞതാണല്ലോ…”
“നിങ്ങൾക്ക് ഉർവ്വശിയുടെ അമ്മയെ വിളിച്ചു സംസാരിക്കാമായിരുന്നില്ലേ…”
“തിരക്കു കൂട്ടാതെ ഉമാ…. എല്ലാത്തിനും ഒരു സമയമുണ്ട്. നീ പോയി അൽപം തക്കാളി സൂപ്പ് ചൂടോടെ കൊണ്ടുവാ. മറ്റൊന്നും വേണ്ട, ഇന്ന്.”
ഇരുവരും ചൂടുള്ള സൂപ്പ് കുടിച്ച് ടി.വി കണ്ടുകൊണ്ടിരുന്നു. പത്ത് മണിയായപ്പോൾ ടെലിഫോൺ ബെല്ലടിച്ചപ്പോൾ ഉമ പോയി എടുത്തു. അഞ്ചു മിനിട്ടോളം അവർ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.
“ആരായിരുന്നു ഫോണിൽ?”
“തരുൺ മലിക്കിന്‍റെ വൈഫ് നീതിയാണ്. അടുത്ത ശനിയാഴ്ച അവരുടെ വീട്ടിൽ പാർട്ടിയുണ്ട്. അതിനു വിളിച്ചതാ…”
പിറ്റേന്ന് ഗൗതമന് ഓഫീസിൽ മൂന്ന് മീറ്റിംഗുകളുണ്ടായിരുന്നു. ഇതിനിടയിൽ ഉമേഷിന്‍റെ ഫോൺ സന്ദേശം വന്നു. തിരിച്ചു വിളിച്ചപ്പോൾ അടുത്തയാഴ്ച കാലിഫോർണിയയ്ക്കു എയർലൈൻസ് സീറ്റ് റിസർവ്വു ചെയ്തോ എന്നറിയാനാണ്. സത്യം പറഞ്ഞാൽ ഗൗതമൻ അക്കാര്യം മറന്നിരിക്കുകയായിരുന്നു.
“ഹൊ… ഞാനതു മറന്നു. നീ വിഷമിക്കേണ്ട. അടുത്താഴ്ച ഞാനവിടെ ഉണ്ടാകും.”
അയാൾ ഓകെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഗൗതമൻ ഉടനെ സെക്രട്ടറിയെ വിളിച്ച് അടുത്ത ബുധനാഴ്ചയിലേക്ക് കാലിഫോർണിയയ്ക്ക് മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞു. വെള്ളിയാഴ്ച ഉമേഷ് വിളിച്ചപ്പോൾ യാത്ര കൺഫേം ചെയ്തു.
“നമ്മൾ ബുധനാഴ്ച പോകും. പിറ്റേന്ന് ഉർവ്വശിയുടെ മമ്മിയെ കാണും. ഞായറാഴ്ച മടങ്ങും.” ഗൗതമൻ പറഞ്ഞു.
“പപ്പ, എവിടെ തങ്ങും?”
“എന്‍റെ ഒരു സുഹൃത്തുണ്ട്. അവിടെ താമസിക്കാം.”
“ഉർവ്വശി പറയുന്നു, അവളുടെ വീട്ടിൽ താമസിച്ചാൽ മതിയെന്ന്.”
“വേണ്ട. അതു ശരിയാവില്ല. നമുക്ക് എന്‍റെ ഫ്രണ്ടിന്‍റെ കൂടെ തങ്ങാം. ഞാനവനോട് വിളിച്ചു പറഞ്ഞു.”
“ശരി പപ്പാ, ഉർവ്വശി ചൊവ്വാഴ്ച വീട്ടിൽ പോകും.”
“എങ്കിൽ, താങ്ക്സ് ഗിവിംഗ് ഡിന്നർ അവൾക്കൊപ്പമായിരിക്കുമെന്ന് അറിയിച്ചേക്കൂ.”
ബുധനാഴ്ച ഗൗതമനും ഉമയും ഉമേഷും വാഷിംഗ്ടണിൽ നിന്ന് സൈൻഹോജയിലേക്കു പറന്നു. ഗൗതമന്‍റെ സുഹൃത്ത് രവി എയർപോർട്ടിൽ കാത്തു നിൽപുണ്ടായിരുന്നു.
(തുടരും)