നാടു മുഴുവൻ മെഡിക്കൽ ഷോപ്പുകളും ആശുപത്രികളുമുള്ളപ്പോൾ വെറുതെ ലഗ്ഗേജ് കൂട്ടാനായി ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതണോ?
യാത്രക്കൊരുങ്ങും മുമ്പ് പലരും അങ്ങനെ ചിന്തിക്കാറുണ്ട്. അപകടങ്ങളും രോഗങ്ങളും ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ലേ. ഇത്തരം സാഹചര്യങ്ങൾ തരണം ചെയ്യുന്നതിന് വീട്ടിലായാലും യാത്രയിലായാലും ഫസ്റ്റ് എയ്ഡ് ബോക്സ് കൂടെ കരുതുന്നത് നല്ലതാണ്.
ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കുമ്പോൾ
- ആവശ്യമുള്ള വസ്തുക്കളും മരുന്നുകളും സൂക്ഷിക്കാൻ പാകത്തിനു വലിപ്പമുള്ളതാവണം ഫസ്റ്റ് എയ്ഡ് കിറ്റ്.
- യാത്രാ സൗകര്യം കണക്കിലെടുത്ത് കിറ്റ് ചെറുതോ വലുതോ ആവാം.
- പോകേണ്ട സ്ഥലം, യാത്രാ സൗകര്യം എന്നിവ കണക്കിലെടുത്താവണം കിറ്റ് തയ്യാറാക്കേണ്ടത്.
- ഫസ്റ്റ് എയ്ഡ് കിറ്റ് ഫോൾഡ് ചെയ്യാവുന്ന തരത്തിലുള്ളതാവണം. ലഗേജ് കൂടുതലാവാതിരിക്കാനാണിത്.
- എളുപ്പം ഹാന്‍റിൽ ചെയ്യാവുന്ന തരത്തിലാവണം ഫസ്റ്റ് എയ്ഡ് കിറ്റ്. ആവശ്യം വരുമ്പോൾ പെട്ടെന്ന് എടുത്ത് ഉപയോഗിക്കാവുന്ന തരത്തിൽ ഹാന്‍റ് ബാഗ് പോലെയാവുന്നതു നല്ലതായിരിക്കും.
- വീട്ടിൽ തന്നെ ഫസ്റ്റ് എയ്ഡ് കിറ്റ് സ്വയം ഒരുക്കുന്നതിനു പകരം മാർക്കറ്റിൽ നിന്നും റെഡി മെയ്ഡായി വാങ്ങി വയ്ക്കുവാനാണ് പലർക്കും താൽപര്യം.
- ഫസ്റ്റ് എയ്ഡ് കിറ്റിൽ ഇന്‍റർനാഷണൽ ഫസ്റ്റ് എയ്ഡ് സിംബലോ (പച്ച ബാക്ക്ഗ്രൗണ്ടിൽ വെളുത്ത ക്രോസ് ചിഹ്നം), റെഡ് ക്രോസ് സിംബലോ (വെളുത്ത ബാക്ക്ഗ്രൗണ്ടിൽ ചുവന്ന ക്രോസ് അടയാളം) പതിക്കണം. പെട്ടെന്ന് തിരിച്ചറിയാനാവുന്ന വിധം ഫസ്റ്റ് എയ്ഡ് ബോക്സ് എന്ന് രേഖപ്പെടുത്തുകയും വേണം.
കിറ്റിൽ കരുതേണ്ട വസ്തുക്കൾ
- പല വലുപ്പത്തിലുള്ള 6- 7 മീ നീളമുള്ള കോട്ടൺ തുണി, ബാന്‍റേജ് 10- 12 എണ്ണം, പഞ്ഞി, ക്രേപ്പ് ബാന്‍റേജ് 3 എണ്ണം, ഗോജ് ബാന്‍റേജ്.
- ആന്‍റി സെപ്റ്റിക് ജെൽ (ഡെറ്റോൾ/ സാവലോൺ) ഓയിന്‍റ്മെനന്‍റ് (ബർണോൾ), കലാമൈൻ ലോഷൻ.
- ചെറിയ കത്രിക, ഒരു കുപ്പി വെള്ളം, തെർമോമീറ്റർ, സാനിട്ടറി ടവ്വൽ, വൃത്തിയുള്ള തുണി.
- സേഫ്റ്റി പിൻ, ചവണ, മെഷറിംഗ് കപ്പ് (അളക്കുന്നതിന്), സ്പൂൺ.
- എനാലജെസിക് ടാബ്ലെറ്റ്സ്/ ക്യാപ്സ്യൂൾസ് ഉദാ. പാരസെറ്റാമോൾ, ആസ്പിരിൻ എന്നിവ. പനി തലവേദന പോലുള്ള പ്രശ്നങ്ങൾക്ക് എളുപ്പം ശമനം നൽകും.
- സൊല്യൂഷൻ ജെൽ, ഫാസ്റ്റ് റിലീഫ്, വോളിനി, അയോഡെക്സ്.
- എല്ലാത്തരത്തിലുമുള്ള ആന്‍റിബയോട്ടിക്സ് (നോക്ക്- 2) ആന്‍റിസെപ്റ്റിക് ക്രീം, പോട്രോളിയം ജെല്ലി (വാസലിൻ).
- മെബ്രോമിൻ സൊല്യൂഷ്യൻ, മുറിവിൽ പുരുട്ടുവാനുള്ള ലേപനം, ആന്‍റി ബാക്ടീരിയൽ- ആന്‍റി ഫംഗൽ ക്രീം, ജെൽ/ സ്പ്രേ.
- സൺസ്ക്രീൻ ലോഷൻ/ ക്രീം, കഫ് സിറപ്പ്, ആന്‍റി ആങ്സൈറ്റി മെഡിസിൻ, റബർ ഗ്ലൗസ്.
- ഐ ഡ്രോപ്പർ ഐ വാഷ് കപ്പ്, കണ്ണിൽ എരിച്ചിൽ പുകച്ചിൽ ഉണ്ടാവുന്ന പക്ഷം ഒഴിക്കുവാനുളള ഡ്രോപ്പ് (റോസ് വാട്ടർ).
- ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ പായ്ക്കറ്റ് 2-3 എണ്ണം, ആന്‍റി ഡയേറിയ മെഡിസിൻ.
- ആന്‍റി സെപ്റ്റിക് സൊല്യൂഷൻ (ബീറ്റാഡീൻ), ആന്‍റി സെപ്റ്റിക് ടാബ്ലെറ്റ്, ക്രീം അലർജി ഒഴിവാക്കുന്നതിന്.
- ഡോക്ടറുടെ പേഴ്സണൽ നമ്പർ കിറ്റിൽ കരുതണം.
അത്യാവശ്യ സാഹചര്യങ്ങളിൽ എടുത്ത് ഉപയോഗിക്കാവുന്ന മരുന്നുകളും മറ്റ് ആവശ്യ വസ്തുക്കളും ഒരു കംപ്ലീറ്റ് ഫസ്റ്റ് എയ്ഡ് ബോക്സിൽ ഉണ്ടായിരിക്കും. ഇതു കൂടാതെ അവരവരുടെ ഇഷ്ടാനുസരണം ഫസ്റ്റ് എയ്ഡ് കിറ്റിൽ ഉൾപ്പെടുത്താം.
സാഹചര്യങ്ങളും ആവശ്യവും പരിഗണിച്ച് പലതരത്തിലുള്ള മെഡിസിൻ കിറ്റ്സ് വിപണിയിൽ ലഭ്യമാണ്. ഉദാ. ഇൻഡസ്ട്രിയൽ മെഡിക്കൽ കിറ്റ്, സ്പോർട്ടിംഗ് മെഡിക്കൽ കിറ്റ്, ഫാമിലി ഫസ്റ്റ് എയ്ഡ് കിറ്റ്, അഡ്വെഞ്ചറസ് സ്പോർട്സ് കിറ്റ്, സ്പെഷ്യൽ ഹെൽത്ത് മെഡിക്കൽ കിറ്റ്.
ഇൻഡസ്ട്രിയൽ മെഡിക്കൽ കിറ്റ്
ഇൻഡസ്ട്രിയൽ ടൂറിന് പോകുന്നവരെയും സ്ഥാപനങ്ങളേയും ഉദ്ദേശിച്ചാണ് ഈ മെഡിക്കൽ കിറ്റ് തയ്യാറാക്കുന്നത്. ഖനികളിലും ഫാക്ടറികളിലും ഗോഡൗണിലും മറ്റു സ്ഥലങ്ങളിലും അപകടമാവുന്ന പക്ഷം ഈ കിറ്റ് ഏറെ സഹായകരമായിരിക്കും.
കിറ്റിൽ ഗുണനിലവാരമുള്ള മരുന്നുകൾക്കു പുറമെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട അത്യാവശ്യ മരുന്നുകളും കരുതണം. ഉദാ. ഖനിയിൽ നിന്നുള്ള പുക മൂലമുള്ള അലർജി ഒഴിവാക്കുന്നതിനുള്ള മെഡിസിൻസ്, തുകൽ നിർമ്മാണശാലയിലെ അലർജി…
സ്പെഷ്യൽ ഹെൽത്ത് മെഡിക്കൽ കിറ്റ്
ആരോഗ്യനില (ഹെൽത്ത് സാറ്റാറ്റസ്) മെഡിക്കൽ പ്രിസ്ക്രിപ്ഷനെക്കുറിച്ചുള്ള വിവരങ്ങളും ഒരു ഫാർമസിയെ ഏൽപിച്ച് ഓർഡർ നൽകിയാണ് ഈ കിറ്റ് തയ്യാറാക്കുന്നത്. ഇതിൽ ഗുണനിലവാരമുള്ള ഐറ്റംസ് ആയിരിക്കുമെന്നു മാത്രമല്ല ഓരോരുത്തർക്കും വേണ്ട മരുന്നുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക കിറ്റും ഉണ്ടായിരിക്കും. ഉദാ. ഹൈ ബ്ലഡ് പ്രഷർ ഉള്ള ഒരാൾക്കുള്ള മരുന്ന്, പ്രമേഹരോഗമുള്ളയാളുടെ ഷുഗർ ലെവൽ ചെക്ക് ചെയ്യുന്നതിനുള്ള മെഷീൻ, മരുന്നുകളും മറ്റും…
സ്പോർട്ടിംഗ് മെഡിക്കൽ കിറ്റ്
സ്പോർട്സ് ടൂറിനു പോകുന്ന ആളുകളുടെ ആവശ്യം കണക്കിലെടുത്താണ് ഈ കിറ്റ് തയ്യാറാക്കുന്നത്. ഉദാ. ഫ്രാക്ചർ ഉണ്ടാകുമ്പോൾ എല്ലുകൾക്ക് സ്പ്പോർട്ട് നൽകുന്നതിനു ട്യൂബിഗ്രിപ്പ് ബാന്‍റേജ്, സ്റ്റിക്ക്, ഗ്ലൂക്കോസ് പായ്ക്കറ്റ്, എനർജി ഡ്രിങ്ക്സ് കൂടെ കരുതുന്നതും നന്നായിരിക്കും.
അഡ്വെഞ്ചറസ് സ്പോർട്ടിംഗ് കിറ്റ്
ഭൂരിഭാഗം പേരും അവധിക്കാലത്ത് സാഹസിക യാത്ര നടത്താൻ ഇഷ്ടപ്പെടുന്നവരാണ്. സ്ര്തീകളും ഇന്ന് അഡ്വെഞ്ചറസ് ട്രിപ്പ് ഇഷ്ടപ്പെടുന്നവരാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒരു മെഡിക്കൽ കിറ്റ് കൂടാതെ ഒരു ഡോക്ടറും ഒപ്പമുള്ളത് നല്ലതാണ്.
ഫാമിലി ബോസ്ഡ് കിറ്റ്
കുടുംബാംഗങ്ങളെയും കുട്ടികളെയും ഉദ്ദേശിച്ചുള്ളതാണ് ഫാമിലി ബേസ്ഡ് കിറ്റ്. ഇതിൽ അധികവും ഗുണനിലവാരമുള്ള മെഡിക്കൽ കിറ്റ് ഐറ്റംസ് ആയിരിക്കും. ഇതു കൂടാതെ രോഗങ്ങൾക്ക് അനുസൃതമായി മരുന്നുകളും കരുതാം.
ഈ കിറ്റിൽ ആവശ്യാനുസരണം വസ്തുക്കൾ വയ്ക്കുകയോ മാറ്റുകയോ ചെയ്യാം. യാത്ര തിരിക്കുന്നതിനു മുമ്പായി ഫസ്റ്റ് എയ്ഡ് കിറ്റ് െടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
ഫസ്റ്റ് എയ്ഡ് കിറ്റ് വാങ്ങാൻ ഒരുങ്ങുകയാണോ?
- കിറ്റിലുള്ള വസ്തുക്കളെല്ലാം നല്ലതാണോയെന്നു പരിശോധിക്കുക.
- വസ്തുക്കളുടെ ഗുണനിലവാരവും ഉറപ്പു വരുത്തണം.
- ഏതെങ്കിലും തരത്തിൽ സംശയം തോന്നുന്ന പക്ഷം അത് ഉടനെ മാറ്റി വാങ്ങുക.
- മരുന്നിന്‍റെ പേര്, കമ്പനി, ഡോസ് എന്നീ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം വേണം ഉപയോഗിക്കാൻ.
- മരുന്നുകൾ ഓറിജിനലാണോ, ഔട്ട് ഡേറ്റഡാണോ എന്നും പരിശോധിക്കുക.
- നിസ്സാരമെന്നു തോന്നുന്ന വലിയ വലിയ കാര്യങ്ങൾ നിങ്ങളുടെ ജീവിതഗതി തന്നെ മാറ്റിയെന്നു വരും. ഫസ്റ്റ് എയ്ഡ് കിറ്റ് കരുതാം യാത്ര ശുഭകരമാക്കാം.