ചർമ്മത്തിലെ മൃതകോശങ്ങളെ പൂർണ്ണമായും നീക്കം ചെയ്യാനും ചർമ്മത്തിന് പുത്തൻ കാന്തിയും തിളക്കവും പകരാനും സഹായിക്കുന്ന ഒരു സൗന്ദര്യ പരിചരണ പ്രക്രിയയാണ് ബോഡി പോളിഷിംഗ് അഥവാ എക്സ്ഫോളിയേഷൻ. പല കാരണങ്ങളാൽ മൃതകോശങ്ങൾ അടിഞ്ഞു കൂടി ചർമ്മം വൃത്തിഹീനമായി തീരാറുണ്ടല്ലോ. ചർമ്മത്തിലെ ഈ ബാഹ്യ മൃതചർമ്മ പാളിയെ ബോഡി പോളിഷിംഗ് വഴി നീക്കം ചെയ്യുന്നതോടെ സ്കിന്നിന്‍റെ ടെക്സ്ചർ മെച്ചപ്പെടുന്നു. അതോടെ വളരെ വേഗം പുതിയ കോശങ്ങൾ രൂപം കൊള്ളുന്നു. അതോടൊപ്പം രക്തയോട്ടം മെച്ചപ്പെടുകയും ചെയ്യുന്നു.
മൊത്തത്തിൽ ഈ പ്രക്രിയ ശരീരത്തിന് ആരോഗ്യവും ഊർജ്ജവും പകരുന്നവയാണ്. വെയിലുകൊണ്ട് കരുവാളിച്ച ചർമ്മത്തെ വരെ ബോഡിപോളിഷിംഗിലൂടെ തിളക്കവും സൗന്ദര്യവുമുള്ളതാക്കി മാറ്റാം. വരണ്ട ചർമ്മം, രോമ സുഷിരം അടഞ്ഞു പോവുക, കൈകാൽ മുട്ടിലെ കറുപ്പും പരുപരുപ്പും, ഉപ്പൂറ്റിയിലെ തഴമ്പ് എന്നിവയ്ക്കെല്ലാം ബോഡി പോളിഷിംഗ് ഫലപ്രദമാണ്.
ഇന്ത്യയിൽ നൂറ്റാണ്ടുകളായി ബോഡി പായ്ക്കിടുന്ന രീതിയുണ്ടായിരുന്നു. ധാന്യങ്ങളുടെ ഉമി, കടലമാവ്, തൈര് അല്ലെങ്കിൽ വെണ്ണ, മഞ്ഞൾ എന്നിവ യോജിപ്പിച്ചാണ് പണ്ടുകാലങ്ങളിൽ ശരീരത്ത് പുരട്ടി ചർമ്മം ശുചിയാക്കിയിരുന്നത്.
അന്തരീക്ഷ മലിനീകരണവും തെറ്റായ ജീവിതശൈലിയും മൂലം ചർമ്മത്തിലുണ്ടാവുന്ന ദോഷങ്ങളേയും കേടുപാടുകളേയും ഇല്ലാതാക്കാൻ ഫലവത്താണിത്. അത് ചർമ്മത്തെ ശുചിയാക്കുന്നതോടൊപ്പം തളർച്ചയും അകറ്റുന്നു. ഒപ്പം പിരിമുറുക്കവും മാറി കിട്ടുന്നു.
ചില ആയുർവേദ മരുന്നുകളും അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളും ഉപയോഗിച്ച് വീട്ടിൽ തന്നെ നമുക്ക് ബോഡി പോളിഷിംഗ് ചെയ്യാം. ഇത്തരം ഉല്പന്നങ്ങളിൽ പ്രധാനമായും വജ്രത്തിന്‍റെ പൊടിയാണ് ഉപയോഗിക്കുന്നത്.
ബോഡിപോളിഷിംഗിന് ആവശ്യമായ വസ്തുക്കൾ
അടുക്കളയിലുള്ള വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ ചെലവു കുറച്ച് ഉഗ്രനൊരു സ്ക്രബ്ബ് തയ്യാറാക്കാം. ഇതിൽ ഏതെങ്കിലും എസ്സൻഷ്യൽ ഓയിലിന്‍റെ ഏതാനും തുള്ളികളും ചേർക്കണം. സ്ക്രബ്ബിനായി ബദാം അരച്ചതും ഓട്സും ഓറഞ്ചിന്‍റേയോ നാരങ്ങയുടേയോ തൊലി ഉണക്കി പൊടിച്ചതും എപ്സം സോൾട്ട് അല്ലെങ്കിൽ വെണ്ണ എന്നിവ ചേർത്ത് ബോഡി പോളിഷ് തയ്യാറാക്കാം. അതിനായി ഓറഞ്ച്, നാരങ്ങ എന്നിവയുടെ തൊലി വെയിലത്ത് ഉണക്കിയെടുത്ത് പൊടിച്ച് കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാം. ഇപ്രകാരം ബദാം പൊടിച്ചതും കുപ്പിയിൽ സൂക്ഷിക്കാം. ഇതിൽ തൈരോ പാലോ വെണ്ണയോ ചേർത്തു വേണം ശരീരത്തിൽ തേച്ചു പിടിപ്പിക്കാൻ.
വീട്ടിൽ ഉപയോഗിക്കുന്ന ഏത് എണ്ണയും സ്ക്രബ്ബിലോ മാസ്കിലോ ചേർക്കാം.
മറ്റ് എണ്ണകൾ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ആപ്രിക്കോട്ട് കെർണൽ ഓയിൽ, ജോജോബാ ഓയിൽ, അവോകാഡോ ഓയിൽ എന്നിവ ഉപയോഗിക്കാം. അതോടൊപ്പം റോസ്, ലാവൻഡർ, നെറോലി, ജിറേനിയം തുടങ്ങിയ എസ്സൻഷ്യൽ ഓയിലിന്‍റെ ഏതാനും തുള്ളികളും ചേർക്കാം.
എള്ള്, ഉണങ്ങിയ പുദിന ഇലകൾ, തേൻ എന്നിവ പൊതുവെ ബോഡി പോളിഷിംഗിന് ഉപയോഗിക്കാറില്ല. എന്നാൽ ഇവ ചർമ്മകാന്തിക്ക് വളരെ നല്ലതാണ്. എള്ള് തരിതരിയായി പൊടിച്ചതും പുദിനയിലപ്പൊടിയും തേനും ചേർത്ത് ശരീരത്തിൽ പുരട്ടാം. ശരീരത്തിലെ കറുത്ത പാടുകൾ മാറ്റാനും ചർമ്മത്തിന്‍റെ നിറം ഒരു പോലെയാകാനും ഇത് മികച്ചൊരു ബോഡി പോളിഷിംഗാണ്.
മസ്സാജ് ഓയിൽ
100 ഗ്രാം ശുദ്ധമായ ഒലീവ് ഓയിൽ ക്ലോവ് ഓയിലും ലാവൻഡർ ഓയിലും റോസ് ഓയിലും 5 തുള്ളി വീതം ചേർത്ത് ശരീരമാസകലം മസ്സാജ് ചെയ്യാം. ഒലീവ് ഓയിൽ പ്രധാനപ്പെട്ട ഒരു മസ്സാജ് ഓയിലാണ്. ഇത് ചർമ്മത്തിന് പോഷണം നല്കുമെന്ന് മാത്രമല്ല, ചർമ്മം മൃദുലവുമാകും.
എങ്ങനെ ചെയ്യാം?
ആദ്യം ചർമ്മം എക്സ്ഫോളിയേഷൻ ചെയ്യുകയാണ് വേണ്ടത്. സ്ക്രബ്ബിനുള്ള മുഴുവൻ വസ്തുക്കളും ചേർത്ത് ശരീരത്തും മുഖത്തും തേച്ചു പിടിപ്പിക്കാം. 15- 20 മിനിറ്റിനു ശേഷം വിരലുകളുപയോഗിച്ച് വട്ടത്തിൽ ചലിപ്പിച്ച് സ്ക്രബ്ബ് ചെയ്യാം. കൈകാൽ മുട്ടുകളിലും ഉപ്പൂറ്റിയിലും പ്രത്യേകം സ്ക്രബ്ബ് ചെയ്ത് വെള്ളമുപയോഗിച്ച് കഴുകി കളയണം. അതിനുശേഷം സുഗന്ധയെണ്ണ കൊണ്ട് ശരീരം മസാജ് ചെയ്യാം. ചുമലുകൾ, കൈമുട്ടുകൾ, കൈത്തണ്ട, ജോയിന്‍റുകൾ എന്നിവിടങ്ങളിൽ നേരിയ രീതിയിൽ സർകുലർ സ്ട്രോക്സ് നല്കി വേണം മസ്സാജ് ചെയ്യാൻ. പൊക്കിളിൽ നിന്നും തുടങ്ങി പുറത്തേയ്ക്ക് എന്ന വണ്ണം മസാജ് ചെയ്യാം. ഉദരത്തിന്‍റെ മുകൾഭാഗത്ത് വലത്തു നിന്നും ഇടത്തോട്ട് എന്ന ക്രമത്തിൽ കൈകൾ വട്ടത്തിൽ ചലിപ്പിച്ച് മസ്സാജ് ചെയ്യാം. മുതുകിൽ നട്ടെല്ലിന് താഴെ നിന്നും മസ്സാജ് ചെയ്തു തുടങ്ങി മുകളിലും വശങ്ങളിലും സ്ട്രോക്സ് കൊടുത്ത് മസ്സാജ് ചെയ്യുന്നതാണ് ഉചിതം.
മസ്സാജിനു ശേഷം ചർമ്മം ബ്രഷിംഗ് ചെയ്യാം. ചർമ്മത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിനാണ് ബ്രഷിംഗ്. ഏതെങ്കിലും പരുപരുത്ത തുണികൊണ്ട് ശരീരം മുഴുവനും ബ്രഷിംഗ് ചെയ്യാം. കാൽപത്തി തുടങ്ങി മുകളിലേക്കെന്ന വണ്ണം ബ്രഷിംഗ് ചെയ്യാം. ഇപ്രകാരം ചുമലുകളും മുതുകും ബ്രഷ് ചെയ്യാം. നെഞ്ചിലും വയറ്റിലും വളരെ ലൈറ്റായി മാത്രമേ ബ്രഷ് ചെയ്യാവൂ.
തുണിക്കു പകരം ലൂഫും ഉപയോഗിക്കാം. മിക്ക മെഡിക്കൽ ലേഡീസ് ഷോപ്പുകളിൽ ഇത് ലഭ്യമാണ്. തേച്ചു കുളിക്കാൻ നാം ചകിരി ഉപയോഗിക്കാറുണ്ട്. വളരെ റഫായ ചകിരിനാരുകൾ നമ്മുടെ ചർമ്മത്തിന് ദോഷമുണ്ടാക്കും. അതുകൊണ്ട് മൃദുലമായ ചകിരിനാരുകൾ തേച്ചു കുളിക്കാൻ ഉപയോഗിക്കാം.