പിറ്റേന്ന് ശനിയാഴ്ച. കോളേജില്ലാത്ത ദിവസമായതുകൊണ്ട് രാവിലെ അല്പം വൈകിയാണ് സുമംഗല ഉറക്കമുണര്‍ന്നത്. അതുകൊണ്ട് മുറ്റമടിക്കുന്ന ജോലിയും വൈകി.

വെയിലിന് ചൂടുപിടിച്ചുതുടങ്ങിയിരുന്നു. വേഗം ജോലിതീര്‍ത്ത് വീടിനകത്തെത്താനുള്ള ബദ്ധപ്പാടിലായിരുന്നു അവള്‍. മുഖത്തെ വിയര്‍പ്പൊപ്പാന്‍ നിവര്‍ന്നപ്പോള്‍ ചൂളിപ്പോയി. സരസമ്മയുടെ മകന്‍ ഇങ്ങോട്ട് നോക്കിനില്‍ക്കുന്നു. അയാളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി ഇടംപിടിച്ചിരിക്കുന്നു. അതിലെ വികാരം പരിഹാസമാണോ? ആണെന്നുതന്നെ തോന്നി അവള്‍ക്ക്. ആണെങ്കില്‍ തന്നെ തനിക്കൊന്നുമില്ലെന്ന് സ്വയം സമാധാനിക്കുകയും ചെയ്തു.

മുറ്റമടിക്കല്‍ അവസാനിപ്പിച്ച് അകത്തേക്ക് മടങ്ങിയാലോ എന്നാലോചിക്കാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ വീടിനകത്തേക്ക് കയറിപ്പോകുന്നതുകണ്ടു.

പിറ്റേന്ന് ഞാറാഴ്ചയായിരുന്നെങ്കിലും സരസമ്മയുടെ മകനുമായുള്ള മുഖാമുഖം ഒഴിവാക്കാനായി അവള്‍ നേരത്തെ എഴുന്നേറ്റ് മുറ്റമടിക്കുന്ന ജോലി കഴിച്ചു..

തിങ്കളാഴ്ച ക്ലാസ്സുകഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുമംഗല. അപ്പോഴതാ വഴിയോരത്തേക്കെത്തുന്ന കുണ്ടനിടവഴിയിലൂടെ നടന്നുവരുന്നു അയാള്‍! സരസമ്മയുടെ മകന്‍ നന്ദകുമാര്‍. അവളെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനാലാകാം അയാളുടെ കണ്ണുകള്‍ ഒന്നിടറി.

അയാളെ ഒഴിവാക്കാനുള്ള ശ്രമത്തില്‍ അവളുടെ കാലുകള്‍ക്ക് വേഗത വര്‍ദ്ധിച്ചു. തൊട്ടുപിറകെ കാലടിശബ്ദംകേട്ട് കഴുത്ത് ചെരിച്ചു നോക്കുമ്പോള്‍ അയാള്‍!

“നില്‍ക്കൂ,”അയാളുടെ സ്വരം അവളെ പരിഭ്രാന്തയാക്കി. എന്താണയാളുടെ ഉദ്ദേശം? വഴക്കിനുള്ള പുറപ്പാടാണോ? ഏതാനും വഴിപോക്കര്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നുണ്ട്.

അപമാനഭീതിയോടെ അവള്‍ കഴിയുന്നതും വേഗത്തില്‍ മുന്നോട്ട് നടന്നു. വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ പിറകില്‍നിന്ന് വീണ്ടും അയാള്‍ “സോറി”

അവളത് കേട്ടതായി നടിച്ചില്ല. കിതപ്പോടെ ഉമ്മറപ്പടി കയറുമ്പോള്‍ വീണ്ടും മിന്നലാട്ടം പോലെ കണ്ടു. സ്വന്തംവീട്ടുമുറ്റത്ത് ഇങ്ങോട്ട് നോട്ടമൂന്നി ചുണ്ടത്ത് ഒരു പുഞ്ചിരിയുടെ നുറുങ്ങുമായി നില്‍ക്കുകയാണയാള്‍.

പരിഭ്രമംകൊണ്ട് പുകയുന്ന മനസ്സൊന്നു തണുപ്പിക്കാന്‍ മണ്‍കൂജയില്‍നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിക്കുന്നതിനിടക്ക് അയാളുടെ “സോറി” ഒരു ചോദ്യചിഹ്നമായി ഓര്‍മ്മയിലെത്തി. അതെന്തിന്‍റെ കുമ്പസാരമായിരുന്നു? നാറുന്ന കുപ്പ ഇങ്ങോട്ടെറിഞ്ഞതിന്‍റെയോ അതോ കല്യാണം മുടക്കിയതിന്‍റെയോ. രണ്ടായാലും സരസമ്മയുടെ മകന്‍റെ സോറിക്ക് രണ്ടക്ഷരത്തിന്‍റെ വില പോലും നല്‍കേണ്ടതില്ലെന്ന് തോന്നി അവള്‍ക്ക്

ഈയിടെയായി രാവിലെ ഉണരാറുള്ള സരസമ്മയുടെ വീട്ടിലെ ടിവി അന്ന് നിശ്ശബ്ദം. മൊത്തത്തില്‍ ആ വീടിനെ ഒരു മൂകത ബാധിച്ചതുപോലെ.

മകന്‍ ലീവുകഴിഞ്ഞ് മടങ്ങിയോ? സുമംഗല പ്രത്യാശിച്ചു. അതിനായി പ്രാര്‍ത്ഥിക്കുകപോലും ചെയ്തു അവള്‍.

എങ്കില്‍ അയാള്‍ അടുത്ത ലീവില്‍ വരുന്നതുവരെ “എന്‍റെ നന്ദന്‍ ഒന്ന് വന്നേക്കട്ടെ, എന്നിട്ടുവേണം എല്ലാത്തിനേം സ്റ്റേഷനില്‍ കേറ്റാന്‍.” എന്ന ഭീഷണിമാത്രം സഹിച്ചാല്‍ മതിയല്ലോ. സമാധാനത്തോടെ വഴിനടക്കുകയും ചെയ്യാം. അത്രയും ആശ്വാസം.

പക്ഷെ അവളുടെ ആശ്വാസത്തിന് വെറും ഒരാഴ്ചത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു. ഒരുദിവസം ക്ലാസ്സുകഴിഞ്ഞ് വൈകുന്നേരം വീടിനടുത്തുള്ള സ്റ്റോപ്പില്‍ ബസ്സിറങ്ങുമ്പോള്‍ മറ്റുയാത്രക്കാരോടൊപ്പം ബസ്സില്‍നിന്നിറങ്ങുന്ന സരസമ്മയുടെ മകന്‍!. അയാള്‍ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അവള്‍ കഴിയുന്നത്ര വേഗത്തില്‍ മുന്നോട്ട് നടന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ പിറകില്‍നിന്ന് അയാളുടെ കുശലാന്വേഷണം .”പതിവായി ഈ ബസ്സിലാണോ സുമംഗല കോളേജില്‍നിന്ന് മടങ്ങുന്നത്?”

“അതെ.” നടത്തത്തിന്‍റെ വേഗത ഒട്ടും കുറക്കാതെതന്നെ അവള്‍ പറഞ്ഞു. “ഞാന്‍ രണ്ടുദിവസത്തെ യാത്ര കഴിഞ്ഞു വര്വാണ്. പാലക്കാട്ടു മുതള്‍ക്കുള്ള സ്റ്റേഷനുകളിലെ പരിചയക്കാരെ കാണാന്‍ പോയതായിരുന്നു. ലീവിലിങ്ങനെ വരുമ്പോഴേ അതിനുള്ള അവസരം കിട്ടൂ.”

സുമംഗലയില്‍നിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും അയാള്‍ തുടര്‍ന്ന് പറഞ്ഞു. “റിട്ടയര്‍ ചെയ്യാറാകുമ്പോഴേക്കും ഞങ്ങള്‍ റെയില്‍വേ ജീവനക്കാര്‍ക്ക് ഒട്ടുമിക്ക സ്റ്റേഷനിലും പരിചയക്കാരുണ്ടാകും. മൂന്നുവര്‍ഷം കൂടുമ്പോഴുള്ള ട്രാന്‍സഫര്‍. അതാ കാരണം.” ആ സ്ഥിതിവിശേഷത്തില്‍ സ്വയം സന്തോഷിക്കുന്നതുപോലെ അയാള്‍ ചിരിച്ചു.

എന്തിനാണ് അയാള്‍ ഇതെല്ലാം തന്നോട് പറയുന്നത് എന്നാലോചിച്ചുകൊണ്ട് അവള്‍ മുന്നോട്ടു നടക്കുന്നതിനിടെ വീണ്ടും അയാള്‍ ”എനിക്ക് ജോലി ചെന്നൈയിലാ. അവിടത്തെ ടിക്കറ്റ് കൗണ്ടറില്‍. സുമംഗല ചെന്നൈയിലൊക്കെ വന്നിട്ടുണ്ടോ?”

അവളപ്പോഴും മൗനം തുടര്‍ന്നപ്പോള്‍ അയാള്‍ അല്പം പരിഭവംകലര്‍ന്ന സ്വരത്തില്‍ ചോദിച്ചു. ”തനിക്കെന്താ മറുപടി പറയാന്‍ ഒരു മടിപോലെ.”

സുമംഗല അതുവരെ ഈര്‍ഷ്യയും വെറുപ്പും മനസ്സിലടക്കുകയായിരുന്നു. പെട്ടെന്നവള്‍ പൊട്ടിത്തെറിച്ചു “നിങ്ങളുടെ അമ്മ എന്‍റെ സ്വഭാവത്തെക്കുറിച്ച് ഇപ്പോള്‍തന്നെ നല്ലൊരു സർട്ടിഫിക്കറ്റ് ചാർത്തി തന്നിട്ടുണ്ടല്ലോ. അതുതന്നെ ധാരാളം. അതുകൊണ്ട് എന്നെ ശല്യംചെയ്യാതെ ഒന്ന് പോയിത്തന്നാല്‍ വലിയ ഉപകാരം.”

“സോറി” അടിമുടി ഉലഞ്ഞതുപോലെ അയാളുടെ ദൈന്യസ്വരം. അടുത്തനിമിഷം അയാള്‍ നടന്നകലുകയും ചെയ്തു.

വിഷണ്ണനായി തലയും താഴ്ത്തി വേലായുധന്‍റെ വീട്ടില്‍നിന്നും മടങ്ങിയ ഗോപാലനായിരുന്നില്ല ഏതാണ്ട് രണ്ടാഴ്ച്ചകഴിഞ്ഞ് ഒരു സന്ധ്യക്ക്‌ കൗസല്യയുടെ മുന്നിലെത്തിയത്. പെങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ കഴിഞ്ഞതിന്‍റെ സംതൃപ്തി ആത്മവിശ്വാസം കലര്‍ന്നൊരു ചിരിയായി അയാളുടെ മുഖത്ത് തിളങ്ങി നില്‍പ്പുണ്ടായിരുന്നു.

“എവിടെ വേലായുധന്‍ ചേട്ടന്‍”  വന്നു കയറിയപാടെ അയാള്‍ ചോദിച്ചു.

“ചേട്ടന്‍ കുളിക്കാന്‍ പോയേക്കുവാ.മൊഖത്തിന്നൊരു തെളിച്ചമുണ്ടല്ലോ ഗോപാലന്‍ചേട്ടാ എന്നതാ കാര്യം.”

“അത് പിന്നെ ഇല്ലാതിരിക്കുവോ. നിന്‍റെ സുമമോള്‍ക്ക് അത്രേം നല്ല ഒരാലോചനയും കൊണ്ടല്ലേ ഈ ഗോപാലന്‍ചേട്ടന്‍ വന്നിരിക്കുന്നെ.”

“ആണോ? എവിടുന്നാ ഗോപാലന്‍ ചേട്ടാ, ഏതാ പയ്യന്‍.” കൗസല്യ ആകാംക്ഷയോടെ തിരക്കി.

“ഞങ്ങടെ പഞ്ചായത്തിതന്നെയാ പയ്യന്‍റെ വീട്. ഇത്രേം പെട്ടെന്ന് ഇങ്ങനൊരു കാര്യം ഒത്തു വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല കേട്ടോ. എല്ലാം ദൈവത്തിന്‍റെ കളി. അല്ലാതിപ്പോ ഞാനെന്തുപറയാനാ.”

അപ്പോഴേക്കും വേലായുധനും കുളികഴിഞ്ഞെത്തി. ”എന്തോക്കൊയുണ്ട് ഗോപാലാ വിശേഷങ്ങള്.”

“നല്ല വിശേഷം. അതുപറയാനാ ഞാനിപ്പോ ഇങ്ങോട്ട് വന്നത്” ഗോപാലന്‍റെ മുഖമപ്പോള്‍ അഭിമാനം കൊണ്ട് വെട്ടിത്തിളങ്ങി.

“എന്താ അത്?”

“സുമമോള്‍ക്ക് കൂടുതല്‍ നല്ലോരാലോചനേം കൊണ്ടുവരുമെന്ന് വാക്ക് പറഞ്ഞേച്ചല്ലേ ഞാനന്ന് പോയത്. അങ്ങനെ ഒരെണ്ണം ഭാഗ്യത്തിന് ഒത്തുവന്നിട്ടുണ്ട്.”

“ഉവ്വോ. എവിടുന്നാ.”

“ഞങ്ങടെ പഞ്ചായത്തില്‍ തന്നെയുള്ള പയ്യനാ. പഞ്ചായത്ത് സഹകരണബാങ്കിലാ പയ്യന് ജോലി. പേര് സുധാകരന്‍. അച്ഛനമ്മമാര്‍ക്ക് ഒരേ ഒരു മകന്‍. അച്ഛന്‍ കുറേക്കാലം ഗള്‍ഫിലായിരുന്നതുകൊണ്ട് ഇരുനിലവീടും കാറും ഒക്കെയായി നല്ല സാമ്പത്തികസ്ഥിതിയാ അവര്‍ക്ക്. അവരുടെ വീട്ടില്‍ചെന്ന് ചുറ്റുപാടൊക്കെ നേരില്‍ കണ്ട് പയ്യന്‍റെ ഫോട്ടോയും കൊണ്ടാ ഞാന്‍ വന്നിരിക്കുന്നേ. ആ ശിവപ്രസാദിനേക്കാള്‍ മുഖശ്രീയുള്ള പയ്യന്‍.”

സുധാകരന്‍റെ ഫോട്ടോ കണ്ടപ്പോള്‍ വേലായുധനും കൗസല്യയും ഗോപാലന്‍റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിച്ചു.

“ജാതകപൊരുത്തം നോക്കണ്ടേ?” വേലായുധന്‍ ചോദിച്ചു.

“‘ഓ! അവര്‍ക്ക് അതിലൊന്നും വിശ്വാസമില്ലാന്ന്. സുധാകരന്‍റെ അച്ഛനും അമ്മേം പ്രേമിച്ചുവിവാഹം ചെയ്തവരാ. പൊരുത്തമൊന്നും നോക്കിയില്ലെങ്കിലും അവരിത്രേംകാലം പ്രശ്നമില്ലാതെ ജീവിച്ചില്ലേ എന്നാ അവരുടെ ചോദ്യം.”

“ശരിയാ. സത്യം പറഞ്ഞാ എനിക്കും ഈ ജാതകപൊരുത്തത്തിലൊന്നും ഒരു വിശ്വാസോമില്ല. അതൊക്കെ പോട്ടെ, ഇത്രേം സാമ്പത്തികോള്ള പയ്യനെ താനെവിടുന്ന് തപ്പിയെടുത്തെന്നാ എന്‍റെ അതിശ്യേം.”

“എന്‍റെ ഒരു സ്നേഹിതന്‍ കൊണ്ടുവന്ന ആലോചനയാ. സുമമോളുടെ ആലോചന വന്നപ്പോള്‍ തേടിയവള്ളി കാലില്‍ ചുറ്റിയപോലാണ് അവര്‍ക്ക് തോന്നീതെന്ന്. ഏതോ കല്യാണം കൂടാന്‍ പോയപ്പോ അവിടെവെച്ച് അവര് സുമമോളെ കണ്ടിരിക്കണത്രേ. ചെക്കനും പെണ്ണും തമ്മില്‍ കണ്ട് ഇഷ്ടപ്പെട്ടാല്‍ മറ്റൊന്നും പ്രശ്നമില്ലെന്നാ അവര് പറഞ്ഞത്. സ്ത്രീധനക്കാര്യത്തിലൊന്നും അവര്‍ക്ക് നോട്ടമില്ല. മകന്‍റെ ഭാര്യയായി വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ നല്ല സ്വഭാവക്കാരിയായൊരു മരുമോളുവരണമെന്നേ അവര്‍ക്കുള്ളൂ. വീട്ടുപണികള്‍ക്കെല്ലാം ജോലിക്കാരുണ്ട്. എല്ലാത്തിനും ഒരു മേല്‍നോട്ടം വേണം അത്രമാത്രം.”

“അപ്പോ നമുക്ക് പെണ്ണുകാണല്‍ വേഗമങ്ങ് നടത്തിയേക്കാം അല്ലേ”

“അതെ. സുമമോളുടെ പരീക്ഷ കഴിഞ്ഞാല്‍ കല്യാണം. പെങ്ങളും അളിയനും ധൈര്യമായിരുന്നോ .ഒരു സംശയോം വേണ്ട ഇത് നമ്മള് നടത്തും.” ഗോപാലന്‍ ഉത്സാഹതികവോടെ പറഞ്ഞു.

പിന്നത്തെ ആഴ്ച സുധാകരനും ബന്ധുക്കളും പെണ്ണുകാണാന്‍ വന്നു. ഗോപാലനും ഭാര്യയും കാലത്തെതന്നെ വേലായുധന്‍റെ വീട്ടില്‍ എത്തിയിരുന്നു.

സ്വന്തം കാറില്‍ വന്നിറങ്ങുന്ന സുധാകരനേയും വീട്ടുകാരേയും കണ്ടപ്പോള്‍ മകളുടെ ഭാഗ്യമോര്‍ത്ത് കൗസല്യയുടെ കണ്ണുനിറഞ്ഞുപോയി.

സുധാകരന് സുമംഗലയെ വളരെ ഇഷ്ടപ്പെട്ടു. ശിവപ്രസാദിന്‍റെ വിവാഹാലോചന മുടങ്ങിയപ്പോള്‍ തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം നടക്കുമല്ലോ എന്ന ആശ്വാസമായിരുന്നു സുമംഗലക്ക്. ഇപ്പോളിതാ വേറൊന്ന്. പക്ഷെ അച്ഛനമ്മമാരുടെ താല്പര്യത്തിന് വഴങ്ങേണ്ടിവന്നു അവള്‍ക്ക്.

സുമംഗലയുടെ ഫൈനല്‍ പരീക്ഷ കഴിഞ്ഞാല്‍ അധികം വൈകാതെ വിവാഹം നടത്താമെന്നും ഗള്‍ഫിലുള്ള ചില അടുത്ത ബന്ധുക്കളോടും കൂടി ആലോചിച്ചശേഷം കല്യാണത്തിയതിയെക്കുറിച്ച് ഉടന്‍തന്നെ ഒരു തീരുമാനത്തിലെത്താമെന്നും പറഞ്ഞാണ് സുധാകരനും വീട്ടുകാരും യാത്രപറഞ്ഞിറങ്ങിയത്.

ഒരാഴ്ച കഴിഞ്ഞിട്ടും സുധാകരന്‍റെ വീട്ടുകാരുടെ ഭാഗത്തുനിന്നും വിവരമൊന്നും എത്താതായപ്പോള്‍ കൗസല്യക്ക്‌ ഉല്‍ക്കണ്ഠയായി. ”ഇതുവരെ ചെക്കന്‍വീട്ടുകാര് വിവരമൊന്നും അറിയിച്ചില്ലല്ലോ. നിങ്ങള് ഗോപാലേട്ടനെ ഒന്ന് വിളിച്ചുനോക്ക്” വേലായുധന്‍ ജോലിസ്ഥലത്തേക്ക് ഇറങ്ങാന്‍ നേരം കൗസല്യ ഓര്‍മ്മിപ്പിച്ചു.

അയാളുടെ മനസ്സിലും അതൊരു ചോദ്യചിഹ്നമായി ഘനീഭവിച്ച് കിടന്നിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ അയാള്‍ ഗോപാലനെ വിളിച്ചു. ”അളിയാ, സുധാകരന്‍റെ വീട്ടീന്ന് വിവരം വല്ലതും അറിഞ്ഞോ?”

“ഇല്ലല്ലോ, വേലായുധേട്ടാ. ഞാനും അത് കാത്തിരിക്കുവാ. അവര് പെട്ടെന്ന് വിവരമറിയിക്കാമെന്ന് പറഞ്ഞേച്ചല്ലേ പോയത് “

“ഇവിടെ കൗസൂന് വിവരമറിയാഞ്ഞിട്ടൊരു സൊഖക്കൊറവ്. അത്രനല്ലൊരു ബന്ധമല്ലേ നീ ഒപ്പിച്ചു തന്നിരിക്കുന്നെ.”

“എന്തിനാ വിഷമിക്കുന്നേ. അത്രക്കും ഉറപ്പ് പറഞ്ഞിട്ടല്ലേ അവര് പോയത്. ഒരു കാര്യം ചെയ്യാം. നാളെ ഞാറാഴ്ച്ചയല്ലേ. ഞാന്‍ അവരുടെ വീട്ടിലോട്ടൊന്ന് പോകാം. എന്നിട്ട് ചേട്ടനെ വിളിച്ചുവിവരം പറയാം

“എങ്കി അതുമതി.” വേലായുധന്‍ സമ്മതിച്ചു.

ഗോപാലനുമായി സംസാരിച്ച വിവരം സന്ധ്യക്ക്‌ കൗസല്യയോട് പറഞ്ഞുകൊണ്ട് നില്‍ക്കുമ്പോള്‍ അതാ അയാള്‍ മുഴുവനോടെ അവരുടെ മുന്നില്‍ !

“നീ ഇന്നുതന്നെ അവരുടെ വീട്ടി പോയോ? ”വേലായുധന്‍ വിസ്മയാധീനനായി

“ഒന്നും പറയണ്ടെന്‍റെ വേലായുധന്‍ചേട്ടാ, എന്‍റെ മേല്‍വിലാസത്തില്‍ സുധാകരന്‍റെ അച്ഛന്‍ ഒരു കത്തയച്ചിരിക്കുന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാ കത്ത് കാണുന്നേ. കുറച്ചുനേരം കണ്ണില്‍ ഇരുട്ടുകേറിപ്പോയി കേട്ടോ. പിന്നെ കത്തുംകൊണ്ട് നേരെ ഇങ്ങോട്ട് പോരുകാരുന്നു.” ഗോപാലന്‍ നാവിന്‍തുമ്പാൽ ചുണ്ടുനനച്ചുകൊണ്ട് ഒരുവിധത്തില്‍ പറഞ്ഞവസാനിപ്പിച്ചു.

“എന്താ ഗോപാലേട്ടാ കത്തില്… അവര്…” കൗസല്യയുടെ സ്വരമിടറി.

“ഞാനെന്തുപറയാനാ എന്‍റെ പെങ്ങളേ, അവര്‍ക്കെന്തോ ഒരു താല്പര്യക്കൊറവ് പോലെ. ഈ ആലോചനയവര്‍ നിര്‍ത്തിവെക്കുകാണെന്ന്. സുമമോളടെ പടോം മടക്കി. സുധാകരന്‍റെ ഫോട്ടോ എത്രേം വേഗം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.”

“എന്നിട്ട് ആ കത്തെവിടെ?”

ഗോപാലന്‍ പോക്കറ്റില്‍നിന്ന് കത്തെടുത്ത് നീട്ടി. കത്തിലെ വരികളിലൂടെ കണ്ണോടിച്ചുകൊണ്ട്‌ വേലായുധന്‍ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു. ”എന്താ ഇങ്ങനെ ഒരു ചുവടുമാറ്റമെന്ന് മനസിലാകുന്നില്ല. ഇതിലും നല്ല ആലോചന വല്ലതും ഒത്തുവന്ന് കാണുമോ?”

“എങ്കിലവര് അതെഴുതുമായിരുന്നല്ലോ. നമ്മളോട് ഒരു ക്ഷമപോലും ചോദിക്കാതെ, ഛെ! എന്തൊരു മര്യാദകേടാ അവര് കാണിച്ചത്‌.”

കൗസല്യയപ്പോള്‍ സംശയം ഉന്നയിച്ചു. “കഴിഞ്ഞ തവണത്തെപ്പോലെ സരസമ്മ അവരോട് എന്തെങ്കിലും ഏഷണി ഓതിക്കൊടുത്തതാണോ?”

“ഹേയ്, അങ്ങനെയാകാന്‍ വഴിയില്ല. ഇങ്ങനെ ഒരാലോചനയുടെ കാര്യംതന്നെ അവരറിയാന്‍ യാതൊരു വഴിയുമില്ല.”

“പിന്നെന്തുകൊണ്ടാണോ അവരിക്കാര്യം വേണ്ടെന്നുവെച്ചത്.“

അപ്പോഴേക്കും ഗേറ്റിലൊരു ആളനക്കം. മങ്ങിയ വെളിച്ചത്തില്‍ ആരോ ഗേറ്റ് കടന്നുവരുന്നു.

വാതിലിന്‍റെ പിറകില്‍ മറഞ്ഞുനിന്നുകൊണ്ട് ഉമ്മറകോലായില്‍ നടക്കുന്ന സംഭാഷണം ചെവിയോര്‍ത്ത്‌ നില്‍ക്കുകയായിരുന്ന നിമ്മിമോള്‍ സുമംഗലയോട് സ്വകാര്യം പറഞ്ഞു. ”ദേ,സരസമ്മേടെ മകന്‍.”

കൗസല്യക്കും വേലായുധനും ആളെ മനസ്സിലായെങ്കിലും ഗോപാലന്‍ ചോദിച്ചു. “ആരാ?”

ഉമ്മറപ്പടിക്ക്‌ താഴെവരെ എത്തിയിരുന്ന വെളിച്ചത്തിലേക്ക് നീങ്ങിനിന്നുകൊണ്ട് നന്ദകുമാര്‍ അറിയിച്ചു. “അയല്‍ക്കാരനാ. സരസമ്മേടെ മകന്‍ നന്ദന്‍”

ഗോപാലന്‍റെ മുഖമപ്പോള്‍ കടന്നലുകുത്തിയപോലായി. “ഉം? എന്താവേണ്ടത്?”

“ഒരു കാര്യം അറിയിക്കാന്‍ വന്നതാ.”

“എന്ത് കാര്യം?”

“ഇവിടെ നിന്നോണ്ട്‌ പറയാന്‍ വിഷമമാണ്.” അനുവാദം ചോദിക്കാതെതന്നെ അയാള്‍ കോലായിലേക്ക് കയറി. ഗോപാലന്‍റെ അടുത്തുതന്നെ തിണ്ണയിലിരിക്കുകയും ചെയ്തു..

“നിങ്ങള്‍ സുമംഗലയുടെ കല്യാണക്കാര്യമാണോ പറഞ്ഞോണ്ടിരുന്നത്? അത് തെറ്റിപ്പിരിഞ്ഞതിനെക്കുറിച്ച്?”

നന്ദനെങ്ങനെ ഇക്കാര്യം അറിഞ്ഞെന്ന വിഭ്രമത്തോടെ ഗോപലന്‍ പരുഷസ്വരത്തില്‍ ചോദിച്ചു “എന്താ അങ്ങനെ ചോദിച്ചത്?”

“അങ്ങനെ സംഭവിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് തോന്നി.”

“എങ്കിത്തന്നെ നിനക്കെന്താ ഇതില് കാര്യം?” ഗോപാലന്‍ കത്തിക്കയറി.

“അല്പം കാര്യമുണ്ട്. അത് പറയാന്‍കൂടിയാ ഞാന്‍ വന്നത്.”

ഗോപാലനപ്പോള്‍ ഒരു നിമിഷത്തേക്ക് സ്തബ്ധനായി.പിന്നെ ചോദിച്ചു “താനെങ്ങനെയാ ഇതറിഞ്ഞത്‌?”

“എന്‍റെ അമ്മ പറഞ്ഞ്”

തന്‍റെ സംശയം ശരിയായിരുന്നില്ലേ എന്ന ഭാവത്തില്‍ കൗസല്യ വേലായുധനെ നോക്കി ചുണ്ടു കൂര്‍പ്പിച്ചു

“സരസമ്മയിതെങ്ങനെ അറിഞ്ഞു?” ഗോപാലന്‍ കൂടുതല്‍ വിസ്മിതനായി

“കല്യാണം മുടക്കിയത് ഇത്തവണയും എന്‍റെ അമ്മയാ. അതുകൊണ്ടുതന്നെ. എന്‍റെ അമ്മ കുടുംബശ്രീയില്‍നിന്നു മടങ്ങി ഞങ്ങടെ വീട്ടുപടിക്കല്‍ എത്തിയപ്പോഴാ സുധാകരന്‍റെ വീട്ടുകാര് കാറുമായി സുമംഗലയുടെ വീടന്വേഷിച്ച് അമ്മേടെ മുമ്പില്‍ത്തന്നെ എത്തുന്നത്. അമ്മ നിങ്ങടെ വീടവര്‍ക്ക് കാണിച്ചുകൊടുത്തു. സുധാകരന്‍റെ വീടെവിടെയാണെന്ന് ചോദിച്ചറിയുകയും ചെയ്തു. ശേഷം നിങ്ങക്കൂഹിക്കാമല്ലോ.”

“അതുശരി. അപ്പോ ഈ അക്രമം ചെയ്തതും അവളാണല്ലേ.?” കൗസല്യ മൂക്കത്ത് വിരല്‍ചേര്‍ത്തുകൊണ്ട് വേലായുധനെ തുറിച്ചുനോക്കി.

“അമ്മയ്ക്കുവേണ്ടി ഞാന്‍ നിങ്ങളോട് മാപ്പുചോദിക്കുന്നു.”

“ഇയാളാള് കൊള്ളാമല്ലോ ചേച്ചി” നിമ്മിമോളുടെ സ്വരത്തില്‍ വിസ്മയത്തോടൊപ്പമൊരു അംഗീകാരത്തിന്‍റെ ധ്വനിയും

“ഇത്രേം ദ്രോഹം ചെയ്തിട്ട് വെറുതെ ഒരു മാപ്പപേക്ഷകൊണ്ട് തീര്‍ക്കാമെന്നാണോ?”

“എനിക്ക് മറ്റൊരപെക്ഷകൂടിയുണ്ട്. സുമംഗലക്ക് സമ്മതമാണെങ്കില്‍ സുമംഗലയെ വിവാഹംകഴിക്കാന്‍ ഞാന്‍ തയ്യാറാ”

“അയ്യോ! അവളെ അങ്ങനെ കൊലക്ക് കൊടുക്കാന്‍ ഞങ്ങള് തീരുമാനിച്ചിട്ടില്ലേ .”കൗസല്യയുടെ പരിഹാസംകലര്‍ന്ന സ്വരം

വേലായുധന്‍റെ പ്രതികരണം അല്പം മയത്തിലായിരുന്നു. “അവള്‍ക്കു ഇനീം മോളിലോട്ട് പഠിക്കണമെന്നാ”

“അതിനെന്താ, എനിക്ക് ചെന്നൈയിലാ ജോലി. അവിടെ ധാരാളം കോളേജുള്ള സ്ഥലമല്ലേ? അവിടെ എന്തുകോഴ്സിന് വേണമെങ്കിലും ചേരാമല്ലോ.എനിക്ക് നൂറുവട്ടം സമ്മതമാ.”

“നിങ്ങള് എന്തെല്ലാം പറഞ്ഞാലും ഞങ്ങക്ക് ഈ ബന്ധം തീരെ സമ്മതമല്ല” കൗസല്യ തീര്‍ത്തുപറഞ്ഞു.

“എന്‍റെ അമ്മ പോരെടുക്കുമെന്ന് വിചാരിച്ചല്ലേ. എന്‍റെ അമ്മേടെ മനസ്സ് മാറുന്നതുവരെ ഞാന്‍ സുമംഗലയെ എന്‍റെ വീട്ടില്‍ താമസിപ്പിക്കില്ല. അതുപോരെ. എന്‍റെ അച്ഛനും ചേച്ചിക്കുമിക്കാര്യം പൂര്‍ണ്ണസമ്മതമാ. സുമംഗലയെ അവര്‍ക്ക് ഇഷ്ടമാണ്. അവര്‍ക്ക് മാത്രമല്ല എനിക്കും. എന്‍റെ അമ്മയ്ക്കും സുമംഗലയെ ഇഷ്ടമാകാതെ വരില്ലെന്നാണ് എന്‍റെ പ്രതീക്ഷ. അല്പം സാവകാശം വേണ്ടി വരുമെന്ന് മാത്രം.”

നിമ്മിമോള്‍ സുമംഗലയുടെ കാതിലപ്പോള്‍ സ്വകാര്യം പറഞ്ഞു. “പുള്ളിയേ എനിക്കും ഇഷ്ടപ്പെട്ടു. നല്ല സ്ട്രോങ്ങ്‌ നട്ടെല്ലുള്ള പാര്‍ട്ടിയാ, അല്ലേ ചേച്ചി.”

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ?” സുമംഗല ഗൗരവത്തിലാണ് ആരംഭിച്ചതെങ്കിലും അവള്‍ പെട്ടെന്ന് ചിരിച്ചുപോയി.

“ഞങ്ങള്‍ക്ക് തീരെ സമ്മതമല്ലെന്ന് തീര്‍ത്തു പറഞ്ഞല്ലോ. ഇനി നന്ദകുമാറ് ഒന്ന് പോയേ”കൗസല്യ തറപ്പിച്ചുപറഞ്ഞു.

“ഞാന്‍ പോയേക്കാം. പക്ഷെ എന്‍റെ അമ്മ, സുമംഗലയുടെ കല്യാണം മുടക്കിയതിന്‍റെ കാരണം കൂടി നിങ്ങളറിയണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ അമ്മയുടെ കല്യാണവും ഇങ്ങനെ മുടങ്ങിയതാ. വിവാഹം ചെയ്യാമെന്ന് വാക്ക് പറഞ്ഞ കളിക്കൂട്ടുകാരന്‍ കൂടുതല്‍ ചന്തമുള്ള പെണ്ണിന്‍റെ കല്യാണാലോചന വന്നപ്പോ കാലുമാറി. അതാ കാരണം. അതിന്‍റെ മുറിവ് അമ്മേടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.”

“അതാരാ സരസമ്മയെ ചതിച്ചവന്‍?” ഗോപാലന്‍ പെട്ടെന്ന് ചോദിച്ചുപോയി.

“ആ കഥയൊക്കെ സുമംഗലയുടെ അച്ഛനറിയാം. അങ്ങോട്ട്‌ ചോദിച്ചാല്‍ മതി. ഞാന്‍ നാളെ ചെന്നൈക്ക് മടങ്ങും. അടുത്തവരവിന് ഞാനിവിടെ ഒരിക്കല്‍ക്കൂടി വരും. സുമംഗലയുടെ തീരുമാനമറിയാന്‍”

“അയ്യോ! അപ്പോ ആ വില്ലന്‍ നമ്മുടെ അച്ഛനായിരുന്നല്ലേ!”

നിമ്മിമോളുടെ വിമര്‍ശനം സുമംഗലയുടെ കാതില്‍ വീണതേയില്ല. അവളുടെ കണ്ണുകളപ്പോള്‍ നാട്ടുവെളിച്ചത്തിലൂടെ തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ നടന്നകലുന്ന നന്ദനെ പിന്തുടരുകയായിരുന്നു.

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...