ഓസ്ക്കാർ വേദിയിൽ വച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചത് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്കിടയിലും മാധ്യമലോകത്തും വൻവിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. വിൽ സ്മിത്തിന്‍റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇതിനിടെ അദ്ദേഹം അക്കാദമി അംഗത്വം രാജിവച്ചിരിക്കെയാണ്. അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആന്‍റ് സയൻസിൽ നിന്നാണ് സ്‌ഥാനമൊഴിഞ്ഞിരിക്കുന്നത്. അക്കാദമി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്നും അക്കാദമിയിൽ അംഗമായി തുടരാൻ താൻ യോഗ്യനല്ലെന്നുമാണ് വിൽ സ്മിത്ത് വ്യക്‌തമാക്കിയിരിക്കുന്നത്.

94-ാമത് ഓസ്ക്കർ അക്കാദമി ചടങ്ങിലാണ് അസ്വഭാവികമായ സംഭവം നടന്നത്. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച വിൽ സ്മിത്ത് വേദിയിൽ വച്ച് അവതാരകന്‍റെ മുഖത്തടിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 1997 ൽ ജി ഐ ജെയിൻ ചിത്രത്തിൽ ഡെമിമൂർ തലമൊട്ടയടിച്ച് അഭിനയിച്ചിരുന്നു. അതിന്‍റെ രണ്ടാം പതിപ്പിൽ ജാഡയെ കാണാനാകുമെന്ന അവതാരകൻ ക്രിസ്റോക്കിന്‍റെ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്.

ക്ഷമാപണം

മികച്ച നടനുള്ള ഓസ്ക്കാർ അവാർഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വിൽ സ്മിത്ത് അക്കാദമിയോട് മാപ്പ് പറയുകയായിരുന്നു. അക്കാദമിയോടും നോമിനികളോടും ക്ഷമ ചോദിച്ചു. ആക്രമണം ഏത് രീതിയിലുള്ളതായാലും അത് വിഷമമുണർത്തുന്നതാണ്. പുരസ്ക്കാര ചടങ്ങിൽ തന്‍റെ പെരുമാറ്റം അംഗീകരിക്കാനും ന്യായീകരിക്കാനും പറ്റാത്തതായിരുന്നുവെന്നും ജാഡയെപ്പറ്റിയുള്ള തമാശ തനിക്ക് സഹിക്കാവുന്നതായിരുന്നില്ലെന്നും അതുകൊണ്ടാണ് താൻ അത്തരത്തിൽ വികാരാധീനനായി പെരുമാറിയതെന്നും വിൽ സ്മിത്ത് വേദിയിൽ പറഞ്ഞു.

അതോടൊപ്പം തന്നെ വിൽ സ്മിത്ത് വില്ല്യം റിച്ചാർഡിന്‍റെ കുടുംബത്തോടും മാപ്പ് ചോദിക്കുകയുണ്ടായി. ടെന്നീസ് താരങ്ങളായ വിനസ് വില്ല്യംസിന്‍റെയും സെറീന വില്ല്യംസിന്‍റെ പിതാവും ടെന്നീസ് താരവും പരിശീലകനുമായ റിച്ചാർഡ് ഡോവ് വില്ല്യമിന്‍റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള കിങ് റിച്ചാർഡ് എന്ന സിനിമയിലെ റോബർട്ടിന്‍റെ വേഷത്തിലെത്തുന്നത് വിൽ സ്മിത്താണ്. വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്ക്കാറിന് അർഹമാക്കി കഥാപാത്രം.

2006 ൽ ഇറങ്ങിയ “ദി പെർസ്യൂട്ട് ഓഫ് ഹാപ്പിനസ്” ആണ് വിൽ സ്മിത്തിന്‍റെ ശ്രദ്ധേയമായ മറ്റൊരു ചിത്രം. അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നുവത്.

ടെലിവിഷൻ താരം

90 കളിൽ ടെലിവിഷൻ താരമായിട്ടായിരുന്നു വിൽ സ്മിത്തിന്‍റെ രംഗപ്രവേശം. ദി ഫ്രഷ് പ്രിൻസ് ഓഫ് ബെൽ- എയർ എന്ന ടെലിവിഷൻ ഹാസ്യ സീരിസിലൂടെയായിരുന്നുവത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതായിരുന്നു അതിലെ വിൽ സ്മിത്തിന്‍റെ പ്രകടനം. സീരിസിലെ പ്രകടനം മുൻനിർത്തി മികച്ച ടെലിവിഷൻ നടൻ എന്ന നിലയിൽ അദ്ദേഹം രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡ് നോമിനേഷനുകളിലും എത്തിയിരുന്നു.

ആ സീരിസിന്‍റെ 24 എപിസോഡുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായിരുന്നു സ്മിത്ത്. തുടർന്ന് രണ്ട് വർഷത്തിനു ശേഷമാണ് വിൽ സ്മിത്തിന്‍റെ ആദ്യ സിനിമയായ വെയർ ദി ഡേ ടേക്സ് യുവ ഇറങ്ങുന്നത്. തുടർന്ന് ബാഡ് ബോയ്സ്, ഇൻഡിപെൻഡൻസ് ഡെ, മെൻ ഇൻ ബ്ലാക്ക് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങൾ വില്ല്യംസിന്‍റേതായി ഇറങ്ങുകയുണ്ടായി. ബോക്സിംഗ് താരം മുഹമ്മദാലിയുടെ ജീവ ചരിത്രത്തെ ആസ്പദമാക്കി 2001 ൽ ഇറങ്ങിയ അലിവ യിൽ മുഹമ്മദ് അലിയായാണ് സ്മിത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ മികച്ച പ്രകടനമാണ് വിൽ സ്മിത്ത് കാഴ്ച വച്ചത്.

കരാട്ടെ കിഡ്, മെൻ ഇൻ ബ്ലാക്ക്- 3, സ്യൂയിസൈഡ് സ്ക്വാഡ്, അലാദിൻ, ബാഡ് ബോയ്സ് ഫോർ ലവ്, ലൈഫ് ഇൻ എ ഇയർ എന്നിവയാണ് വിൽ സ്മിത്തിന്‍റെ മറ്റ് ചിത്രങ്ങൾ.

और कहानियां पढ़ने के लिए क्लिक करें...