കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും മാത്രമുള്ള ഇടങ്ങളല്ല ആധുനിക ഗൃഹസങ്കൽപത്തിലെ കുളിമുറിയും അടുക്കളയും… പുതിയ ജീവിത സങ്കൽപത്തിനനുസരിച്ച് അവയിൽ വന്ന മാറ്റങ്ങൾ അത്ഭുതാവഹമാണ്.

ടബ്ബ്, ജാക്കുസി, ഷവർ, ക്യൂബിക്കിൾ, വ്യത്യസ്തതരം ടാപ്പുകൾ, ഷവറുകൾ. സോപ്പ് സ്റ്റാൻഡ്, ടവ്വൽ ഹാങ്ങർ, ഡ്രസ്സിംഗ് സ്പേസ്, കബോർഡ് എന്നിവ അണിചേർന്നതാണ് ആധുനിക ബാത്ത്റൂം. ബാത്ത്റൂം പോലെ തന്നെ അടുക്കളയുടെ മോടിയിലും പ്രൗഢിയിലും അടിമുടി മാറ്റമുണ്ടായിരിക്കുന്നു. ഭംഗിയായും ചിട്ടയായും അടുക്കള സജ്ജീകരിക്കാൻ സഹായിക്കുന്ന വ്യത്യസ്തരം മൊഡ്യൂളാർ കിച്ചണുകൾ വിവിധ നിറങ്ങളിൽ ലഭ്യമാണ്. ഇവ വാങ്ങി ഫിക്സ് ചെയ്താൽ മാത്രം മതി. മൊഡ്യൂളാർ കിച്ചൻ ആധുനിക അടുക്കളയുടെ നൂതന രൂപമാണ്. ബജറ്റ് അനുസരിച്ച് വാങ്ങാവുന്ന റെഡിമെയ്ഡ് അടുക്കളയാണിത്. 40,000 രൂപ മുതൽ 5 ലക്ഷം വരെ വിലയുള്ള മൊഡ്യൂളാർ കിച്ചന്‍റെ വൈവിധ്യമാർന്ന ശ്രേണി തന്നെയുണ്ട്. കിച്ചൻ ക്യാബിനറ്റുകൾക്ക് ഉപയോഗിക്കുന്ന തടി, അലങ്കാരപ്പണികൾ, മെറ്റീരിയൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് വില. ഭക്ഷണം പാകം ചെയ്യുന്നതിന് ചിമ്മിനിയോടുകൂടിയ ആധുനിക ഗ്യാസടുപ്പ്, കുക്കിംഗ് ഏരിയ, അടുക്കള ഉപകരണങ്ങളും പാത്രങ്ങളും മറ്റും ചിട്ടയായി സൂക്ഷിക്കാനുള്ള ക്യാബിനറ്റുകൾ എന്നിവയെല്ലാം ചേർന്നതാണ് മൊഡ്യൂളാർ കിച്ചൻ.

ഹൈടെക് ബാത്ത്റൂം

ആധുനിക ജീവിതശൈലിയുടെ ഭാഗമാണിത്. സുന്ദരവും വൃത്തിയുള്ളതുമായ ഒരു സ്വപ്നലോകം. സമയമെടുത്ത് രസിച്ചു കുളിക്കുകയെന്ന സങ്കൽപമാണ് മോഡേൺ ബാത്ത്റൂമിലൂടെ സാക്ഷാത്കരിക്കുന്നത്. തീമിനനുസരിച്ച് ബാത്ത്റൂം സജ്ജീകരിക്കുന്ന ട്രെൻഡുമുണ്ട്. റൊമാന്‍റിക് ലൈറ്റുകളും പെയിന്‍റിംഗുകളും തൂക്കിയിടുന്ന രീതിയും മോഡേൺ ബാത്ത്റൂമിന്‍റെ പ്രത്യേകതയാണ്.

ബാത്ത് ടബ്ബ് ആണ് മോഡേൺ ബാത്ത്റൂമിന്‍റെ പ്രത്യേകതകളിലൊന്ന്. 2.5*5 അടിയുള്ളതാണ് സാധാരണ ബാത്ത് ടബ്ബ്. 5000 രൂപ മുതൽ ലഭ്യം. ജാക്കുസി എന്ന ഓമനപ്പേരിൽ വേറിട്ട ഒരു ഹൈടെക് ബാത്ത്ടബ്ബും മോഡേൺ ബാത്ത്റൂമിൽ സ്ഥാനം നേടിയിട്ടുണ്ട്. ഇതിൽ വെള്ളത്തിന്‍റെ ചൂട് കൺട്രോൾ ചെയ്യാനുള്ള പ്രത്യേക സംവിധാനവും ടെലിഫോണിക് ഷവറുമുണ്ട്. വെള്ളത്തിന് ശക്തി കൂട്ടാനായി 6 ജെറ്റ് ഘടിപ്പിച്ചിരിക്കുന്നു. 50,000 രൂപ മുതലാണ് വില. വളരെ കുറഞ്ഞ ചെലവിൽ മോഡേൺ ബാത്ത്റൂം ഒരുക്കാനും വഴിയുണ്ട്. ഷവറും മിക്സച്ചറും ബിപ്കാകും പ്രത്യേകം വാങ്ങി ഒരു സുന്ദരൻ ബാത്ത്റൂം ഒരുക്കാം. 6000ത്തിനും 12,000ത്തിനുമിടയിൽ വില വരും. സാധാരണ ബാത്ത്റൂം ഫിറ്റിംഗുകളേക്കാൾ ചെലവ് കൂടുമെന്ന് മാത്രം. വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമുള്ള ടോയ്‍ലെറ്റുകൾ വിപണിയിലുണ്ട്. ടാങ്ക് ജെറ്റ് സ്പ്രേ, ബിപ്കാക്, ആംഗിൾകാക് എന്നിവയോടുകൂടിയതാണ് മോഡേൺ ടോയ്‍ലെറ്റ്.

ചുവരിൽ ഘടിപ്പിക്കാവുന്ന തരം ടോയ്‍ലെറ്റുകളും ചില കമ്പനികൾ ഇറക്കുന്നുണ്ട്. പത്രം വായിക്കാനും ഷേവിംഗിനും ഇടമുണ്ട്. ഹൈടെക് ബാത്ത്റൂമിന് മികച്ചയിനം ടൈലുകൾ വേണം. സക്വയർ ഫീറ്റിന് 25 രൂപയിൽ തുടങ്ങുന്നു ഇതിന്‍റെ വില.

വൃത്തിയുള്ള ബാത്ത്റൂം

ബാത്ത്റൂം എപ്പോഴും വൃത്തിയായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. പായൽ പിടിച്ചു കിടക്കുന്നത് ബാത്ത്റൂം ദുർഗന്ധപൂരിതമാക്കും. അതുകൊണ്ട് നിലവും ചുവരുകളും ഡിറ്റർജന്‍റ് ഉപയോഗിച്ച് വൃത്തിയാക്കണം. കണ്ണാടി, വാഷ് ബേസിൻ, ടാപ്പുകൾ, സോപ്പ് സ്റ്റാൻഡ് എന്നിവയും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ബാത്ത്റൂം വെട്ടിത്തിളങ്ങാൻ ചില മുൻകരുതലുകൾ ആവശ്യമാണ്. ക്രീം, ലോഷൻ, സോപ്പ്, ടവ്വൽ എന്നിവ സജ്ജീകരിക്കാനുള്ള കാബിനുകൾ ബാത്ത്റൂമിൽ ഘടിപ്പിക്കാം. വാഷ്ബേസിനിൽ ഒന്നോ രണ്ടോ നാഫ്തലീൻ ഗുളികകൾ ഇടാം. ഫ്ളാഷ് ടാങ്കിലിടാനായി ഗുളിക രൂപത്തിലുള്ള അണുനാശിനിയും ലഭ്യമാണ്. ഓരോ ഉപയോഗത്തിനുശേഷവും ബാത്ത് ടബ്ബ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മണിപ്ലാന്‍റ്, മുല്ല തുടങ്ങിയ ഇൻഡോർ ചെടികൾ അലങ്കാരങ്ങളായി ബാത്ത്റൂമിൽ വെയ്ക്കാം.

എൻക്ലോഷർ കംപ്ലീറ്റ് ബാത്ത്റൂം സെറ്റ്

എൻക്ലോഷർ കംപ്ലീറ്റ് ബാത്ത്റൂം സെറ്റ് ആണ് ഹൈടെക് ബാത്ത്റൂമിൽ ഫിക്സ് ചെയ്യുന്നത്. ബാത്ത് ഷവർ, ജെറ്റ്, സ്പൗട്ട്, ടെലിഫോണിക് ഷവർ വിത്ത് റേഡിയോ എഫ്.എം എന്നിവ ഉൾപ്പെടുന്നതാണിത്. പാട്ടുകേട്ട് ആസ്വദിച്ച് കുളിക്കാമെന്നതാണ് ഈ സ്പെഷ്യൽ ബാത്തിന്‍റെ രസം. ഒരു ലക്ഷത്തിന് മുകളിലാണ് ഇതിന്‍റെ വില. സ്റ്റീം, ഹൈഡ്രോതെറാപ്പി മസാജ്, ഫ്രൂട്ട് മസാജ്, ബാക്ക്ഗ്രൗണ്ട് ലൈറ്റ്, ഓവർ ഹെഡ് ഷവർ വിത്ത് ലൈറ്റ്, എൽസിഡി സ്ക്രീൻ, ലക്ഷ്വറി ഹെഡ് റെസ്റ്റ് പില്ലോ, മിറർ, ഷെൽഫ് ടവ്വൽ റാക്ക് തുടങ്ങിയ മോഡേൺ ഹൈടെക്ക് സജ്ജീകരണങ്ങളാണ് ഈ കംപ്ലീറ്റ് ബാത്ത്റൂമിന്‍റെ പ്രത്യേകതകൾ. ഇലക്ട്രിക് ഷോക്കേൽക്കാതിരിക്കാൻ കറന്‍റ് പ്രൂഫ് പൈപ്പും ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, അടിയന്തിരഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് പവർ ഷട്ട്ഡൗൺ സിസ്റ്റവുമുണ്ട്. ഈ ബാത്ത്റൂമിനെ സ്റ്റീം ബാത്ത്റൂം അല്ലെങ്കിൽ സ്റ്റീം ഷവർ റൂം എന്നാണ് വിശേഷിപ്പിക്കുക. വ്യത്യസ്ത സൈസുകളിൽ ഇവ ലഭ്യമാണ്. എൻക്ലോഷർ കംപ്ലീറ്റ് ബാത്ത്റൂം സെറ്റിന് പണം മുടക്കാൻ താൽപര്യമില്ലാത്തവർക്കായി പാനൽ സിസ്റ്റം ലഭ്യമാണ്. 6 ജെറ്റ്, 1 സ്പൗട്ട്, ഒരു ഓപ്പറേറ്റർ ഷവർ എന്നിവ ഉൾപ്പെടുന്നതാണിത്. 10,000 നും 25,000നുമിടയിലാണ് ഇതിന്‍റെ വില.

ഹൈടെക് കിച്ചൻ

kitchen

മുമ്പ് പാചകം മാത്രം ചെയ്യുന്ന ഒരിടമായിരുന്നു അടുക്കള. വ്യത്യസ്ത തരം ജോലികൾ ചെയ്യാനുള്ള വിശാലമായ ലോകമാണിത്. ഡൈനിംഗ്/ ബ്രേക്ക്ഫാസ്റ്റ് സ്പേസ്, കുട്ടികൾക്ക് ഹോംവർക്ക് ചെയ്യാനുള്ള ഇടം, കമ്പ്യൂട്ടർ കോർണർ ഒക്കെയുള്ള വിശാലമായ ലോകം. പാചകത്തിനും വാഷിംഗിനുമായി പ്രത്യേക പ്ലാറ്റ്ഫോം സംവിധാനവും അടുക്കളയിൽ ഉണ്ടായിരിക്കും. അടുക്കളയുടെ ആകർഷണീയത കൂട്ടുന്നതിന് സഹായകമായ വ്യത്യസ്തതം സിങ്കുകളും ലഭ്യമാണ്. സിങ്കിന്‍റെ പരിഷ്കരിച്ച രൂപത്തിൽ സിങ്ക്കാക്കും ബിപ്കാങ്കും ഉണ്ടായിരിക്കും. ചൂടുവെള്ളം വേണമെന്നുണ്ടെങ്കിൽ മിക്സച്ചറും ഘടിപ്പിക്കാം.

ഫാൻസി, ഹൈടെക്ക് കിച്ചൻ വേണമെന്നുണ്ടെങ്കിൽ മൊഡ്യൂളാർ കിച്ചൻ തെരഞ്ഞെടുക്കാം. മികച്ചയിനം വാട്ടർപ്രൂഫ് പ്ലൈയാണ് ഇതിലുപയോഗിക്കുന്നത്. ഇടത്തരം അടുക്കളയിൽ ഗ്യാസടുപ്പ് വെയ്ക്കാനായി പ്രത്യേക സംവിധാനമുണ്ട്. ഷിഫ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ മൊഡ്യൂളാർ കിച്ചൻ പാർട്സായി ഇളക്കിയെടുക്കാം. ആവശ്യാനുസരണം കിച്ചൻ മൊഡ്യൂളാർ ചെലവുകുറച്ച് നിർമ്മിച്ചെടുക്കാം.

പ്ലാറ്റ്ഫോമിന് ഗ്രാനൈറ്റാണ് യോജിക്കുക. കിച്ചൻ സെറ്റിന് മുകളിലായി വളരെ ഭംഗിയേറിയ ഷെൽഫുകളും കാബിനുകളും ഒരുക്കാം. ഗ്യാസടുപ്പിന് മുകളിൽ ചിമ്മിനി വെയ്ക്കുന്നതാണ് (കുക്ക് ഹോബ്) ആധുനിക രീതി. പുകയും മണവും പുറത്തേയ്ക്ക് പോകാൻ ഇത് സഹായിക്കും. ആവശ്യാനുസരണം അടുക്കളയുടെ പ്രത്യേക ഏരിയകളിൽ വെളിച്ചസംവിധാനമൊരുക്കുന്ന ട്രെൻഡും ഉണ്ട്.

ടൈൽസിന്‍റെ കാര്യത്തിലും ശ്രദ്ധ വേണം. തെന്നി വീണുള്ള പ്രശ്നങ്ങൾ ഒട്ടുമുണ്ടാകാത്ത പ്രത്യേകതരം കിച്ചൻ ടൈലുകളാണ് ഫ്ളോറിംഗിനായി ഉപയോഗിക്കേണ്ടത്. നല്ല കാറ്റും വെളിച്ചവും കടന്നു വരുന്ന ദിക്കിലായിരിക്കണം അടുക്കള പണിയേണ്ടത്.

അത്യാവശ്യ വസ്തുക്കൾ

  • അടുക്കളയിൽ റാക്ക് ആവശ്യമാണ്. പ്ലെയിറ്റുകളും ബൗളുകളും അനായാസം ഉണക്കാൻ റാക്കുകൾ സഹായിക്കും. പാത്രങ്ങൾ അന്വേഷിച്ച് നടന്ന് സമയം പാഴാവുകയില്ല.
  • സിങ്കിനടിയിലെ ഒഴിഞ്ഞയിടത്ത് ഷെൽഫ് നിർമ്മിക്കാം. ക്ലീനിംഗ് വസ്തുക്കൾ, സ്ക്രബർ, ഡിഷ്‍വാഷ് തുടങ്ങിയവ ഈ ഷെൽഫിൽ വെയ്ക്കാം.
  • കപ്പുകളും സ്പൂണുകളും കട്ട്ലറിയും മറ്റും വെയ്ക്കാനായി ഹുക്ക് റാക്കുകൾ ഫിറ്റ് ചെയ്യാം.
  • പരിപ്പ്, ആട്ട, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വെയ്ക്കാനായി പൂൾ ഔട്ട് ബാസ്ക്കറ്റ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ആവശ്യമുള്ള വസ്തു എടുത്തശേഷം ഈ ഷെൽഫ് അകത്തേക്ക് തള്ളിവയ്ക്കാം.
  • സ്പൂൺ, കത്തി, മുള്ള്, ഓപ്പണർ തുടങ്ങിയ വസ്തുക്കൾ വെയ്ക്കാൻ കട്ട്ലറി ഇൻസർട്ടും വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് സിങ്ക്, റഫ്രിജറേറ്റർ, ഗ്യാസടുപ്പ് എന്നിവയ്ക്ക് ഇടയിൽ 3 മുതൽ 8 അടിവരെ ദൂരമുണ്ടായിരിക്കണം. അടുക്കളജോലി കഴിഞ്ഞാൽ ഉടൻ ഗ്യാസ് സിലിണ്ടർ ഓഫാക്കണം. ഫയർ അലാറം, ഗ്യാസ് ഡിറ്റക്ടർ, സ്മോക്ക് ഡിറ്റക്ടർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ടായിരിക്കുന്നത് അപകടങ്ങൾ ഒഴിവാക്കും. അപകട സാധ്യതയുണ്ടാവുമ്പോൾ ഇവ അലാറാം മുഴക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു മുമ്പ് നന്നായി പരിശോധിക്കുക. എന്തെങ്കിലും അസാധാരണത്വം തോന്നിയാൽ ഉടൻ ഉപകരണം ഓഫ് ചെയ്യണം. പാചകം ചെയ്യുമ്പോൾ കോട്ടൺ വസ്ത്രങ്ങൾ അണിയുന്നതാണ് നല്ലത്. കൊച്ചുകുട്ടികളെ ഗ്യാസടുപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ അടുത്ത് വരാൻ അനുവദിക്കരുത്. കത്തുന്ന വസ്തുക്കളോ എണ്ണയോ എണ്ണമയമുള്ള വസ്തുക്കളോ ഗ്യാസടുപ്പിന് സമീപം വെയ്ക്കരുത്.

और कहानियां पढ़ने के लिए क्लिक करें...