സംഗീതയുടെ പെരുമാറ്റത്തിൽ ഇന്നെന്തോ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇഷ്ടപ്പെട്ട പാട്ടു മൂളി, ജോലിയിൽ വ്യാപൃതയായി നടക്കുന്ന അവളെ കണ്ടിട്ട് പുതുമണവാട്ടിയായി അവൾ ഈ വീട്ടിൽ കയറി വന്ന കാലം രാജീവിന് ഓർമ്മ വന്നു.
“പപ്പാ, ഈ മമ്മിക്കിതെന്തുപറ്റി? സാധാരണ ബഹളം വയ്ക്കാറുള്ള മമ്മി ഇന്ന് വളരെ റിലാക്സ്ഡ് ആണല്ലോ?”
മകൻ സൂരജിന്‍റെ ചോദ്യം കൂടിയായപ്പോൾ അയാൾക്ക് എന്തോ അപാകത തോന്നി.
“എന്താ സംഗീതേ, നീയിന്ന് വലിയ സന്തോഷത്തിലാണല്ലോ?”
ഭാര്യയുടെ ഈ മാറ്റത്തിന്‍റെ കാരണമറിയാൻ അയാൾക്ക് താല്പര്യം തോന്നി.
“ഏമാനേ… വല്ലപ്പോഴും സന്തോഷിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗിയാവും. പിന്നെ കിടക്ക തന്നെ ശരണം. പിന്നെ എന്നെ ഒരു മനുഷ്യനും തിരിഞ്ഞു നോക്കില്ല.”
ഈ ഫിലോസഫിക്കൽ സംസാരം സംഗീതയ്ക്ക് തീരെ ചേരുന്നുണ്ടായിരുന്നില്ല. മകൾ നിഷ അടുത്തു വന്ന് മമ്മിയുടെ നെറ്റിത്തടം തൊട്ട് പനിക്കുന്നുണ്ടോയെന്ന് നോക്കി.
“ഒഹ്! ഈ മമ്മിക്ക് പനിയൊന്നുമില്ല.” ദീർഘനിശ്വാസത്തോടെ അവൾ പപ്പയുടെ മുഖത്തേക്കു നോക്കി പറഞ്ഞു.
“അതിന് അസുഖം വന്ന് കിടപ്പിലായാലും ഞാൻ നിങ്ങൾക്കുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിത്തരില്ലേ. വരൂ… നല്ല ചൂടുള്ള പൂരി മസാല കഴിക്കാം…” സംഗീതയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞു.
സംഗീതയുടെ വിചിത്രമായ പെരുമാറ്റത്തിനു പിന്നിലുള്ള രഹസ്യം ചികയാനൊരുങ്ങാതെ അവരെല്ലാം ഡൈനിംഗ് ടേബിളിന് ചുറ്റും ഒത്തുകൂടി. സംഗീത തയ്യാറാക്കിയ പൂരി മസാലയുടെ രുചി ഉഗ്രനായതിനാൽ കൂടുതലൊന്നും സംസാരിക്കാനവർ മുതിർന്നതുമില്ല.
അല്പസമയം കഴിഞ്ഞപ്പോൾ സംഗീതയുടെ കൂട്ടുകാരി ആരതി അവിടെയെത്തിച്ചേർന്നു. അവർ പുറത്തേക്കു പോകാനൊരുങ്ങതു കണ്ട് രാജീവ് തിരക്കി. “ഊം… എങ്ങോട്ടാ?”
“ആ…” രഹസ്യം കലർന്ന പുഞ്ചിരിയോടെ അവൾ അവ്യക്തഭാഷയിൽ പറഞ്ഞു.
“അല്ല… എവിടേയ്ക്കാണാവോ?”
“ബ്യൂട്ടി പാർലറിലേയ്ക്ക്…”
“ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങില്ലെന്നൊക്കെ വീരവാദം പറഞ്ഞതാണല്ലോ… എന്നിട്ടിപ്പോ…”
“ആ… ഇപ്പോ പ്ലാൻ മാറ്റി…”
“ഇന്ന് വല്ല കൂട്ടുകാരികളുടെയും വീട്ടിൽ ഫംഗ്ഷനുണ്ടോ?”
“ഇല്ലില്ല…”
“പിന്നെ ബ്യൂട്ടി പാർലറിലേക്ക് പോകുന്നതോ?”
“ഒരു സന്തോഷത്തിന്” മറുപടി കേൾക്കാൻ നിൽക്കാതെ സംഗീത ഡോറിനടുത്തേക്കു നടന്നു.
സംഗീത വീട്ടിലുള്ളപ്പോൾ ആകെ ബഹളമയമായിരിക്കുമെങ്കിലും എല്ലാവരോടും മാന്യമായേ പെരുമാറാറുള്ളൂ. പക്ഷേ, ഇന്നത്തെ അവ്യക്‌തമായ മറുപടിയും വിചിത്രമായ പെരുമാറ്റവും കുടുംബാംഗങ്ങളെ ഒരു പദപ്രശ്നം കണക്കെ ഗ്രസിച്ചു നിന്നു.
ഏകദേശം 2 മണിക്കൂറിനു ശേഷം സംഗീത മടങ്ങി വന്നു. മുഖത്തിന് നല്ല നിറം കൈവന്നിരുന്നു. മുടി സ്റ്റൈലിൽ വെട്ടി ഒതുക്കിയിരുന്നു. രാജീവും മക്കളും സംഗീതയുടെ സൗന്ദര്യത്തെ പ്രശംസിക്കാൻ മറന്നില്ല.
“പറയൂ… ഇന്ന് ഈ അപ്സരസ് ആരെയാണ് ബോധം കെടുത്താൻ പോകുന്നത്?” ഭാര്യയെ പരിഹസിക്കാനുള്ള തീരുമാനത്തിലായിരുന്നു രാജീവ്.
“നിങ്ങളെ, അല്ലാതെ വേറെ ആരെയാ?” ഞെളിഞ്ഞു കൊണ്ടു പറയുമ്പോഴും സംഗീതയുടെ ശബ്ദത്തിൽ പരിഭവം നിറഞ്ഞിരുന്നു. “അല്ല, എന്നെ ശ്രദ്ധിക്കാൻ നിങ്ങൾക്കെവിടെയാ സമയം?”
“നീയെന്താ പറഞ്ഞു വരുന്നത് ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് മക്കളോടു പരാതി പറയുകയാണോ?” രാജീവിന്‍റെ ശബ്ദം കനത്തു.
“18 വർഷമായി എന്നെ സഹിക്കുകയല്ലേ? അപ്പോ അല്പസ്വല്പം സ്നേഹമൊക്കെ കാണും. പക്ഷെ…” അവൾ വാക്കുകൾ മുഴുമിപ്പിക്കാതെ നിന്നു.
“പക്ഷേ…യുടെ അർത്ഥമെന്താ?”
സ്നേഹമൊക്കെയുണ്ടായിരിക്കും. പക്ഷെ റൊമാൻസ് അറിയില്ല.” സംഗീത പൊട്ടിച്ചിരിക്കുന്നതു കണ്ട് മക്കളും ഒപ്പം കൂടി. രാജീവ് ശരിക്കും ചമ്മി.
“ഇതു മക്കളുടെ കാര്യത്തിലാണെങ്കിൽ ഓകെ. അവരുടെ പ്രായമതാണെന്നു പറയാം. പക്ഷേ നമ്മളോ…?”
“നിങ്ങൾക്ക് വയസ്സായെങ്കിൽ അതു നിങ്ങളുടെ കാര്യം. പക്ഷേ എന്‍റെ മനസ്സിപ്പോഴും റൊമാന്‍റിക്കാണ്.” സാരിത്തലപ്പൊന്ന് ഒതുക്കി സംഗീത ഗൗരവത്തോടെ പറഞ്ഞു.
“അല്ല, നീ എന്തിനുള്ള പുറപ്പാടാ?”
“ഞാനിന്ന് മാറ്റിനി ഷോയ്ക്ക് പോകുന്നുണ്ട്. വരുന്നവർ 2 മണിക്കു മുമ്പ് തയ്യാറായിക്കോ… അത്ര തന്നെ.” ആമുഖം കൂടാതെയുള്ള സംഗീതയുടെ സംസാരം കേട്ട് അവർക്കെല്ലാം ആശ്ചര്യമായി.
“സിനിമ കാണാൻ ഞാനില്ല. ഞാൻ ഫ്രണ്ട്സിനോടൊപ്പം മറ്റൊരിടത്തേയ്ക്ക് പോകാൻ ടൈം ഫിക്സ് ചെയ്തിരിക്കുകയാ…” സൂരജ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
“രണ്ടാഴ്ച കഴിഞ്ഞാൽ പരീക്ഷ തുടങ്ങും. ഞാനും വരുന്നില്ല.” നിഷയും ഒഴിഞ്ഞുമാറി.
“അപ്പോ നിങ്ങളുടെ കാര്യമോ?”
“ഞായറാഴ്ച വിശ്രമിക്കേണ്ട ദിവസമാണ്. നീ കേബിളിൽ നല്ല വല്ല ഫിലിമും…”
“നോ എക്സ്ക്യൂസ്. ഞാനിന്നെന്തായാലും ഫിലിം കണ്ടിരിക്കും.”
“ആരോടൊപ്പം?”
“നിങ്ങൾ എല്ലാവരോടുമൊപ്പം പോകാനാ എനിക്കു താല്പര്യം. പക്ഷേ നിങ്ങൾ ആരും വരുന്നില്ലെങ്കിൽ നോ പ്രോബ്ലം. ഞാൻ ഒറ്റയ്ക്കു പൊയ്ക്കൊള്ളാം.”
“വേണ്ട, വേണ്ട. നീ ഒറ്റയ്ക്ക് സിനിമ കാണാനൊന്നും പോകേണ്ട.” രാജീവ് ഗൗരവത്തോടെ പറഞ്ഞു.
“വേണ്ടെന്നോ?” സംഗീതയുടെ നൈറ്റി ചുളിഞ്ഞു.
“ഇനിയും വിഡ്ഡി ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ.”
“ഇങ്ങനെ ശാസിച്ച് നിശബ്ദയാക്കാനും മാത്രം ഞാനത്ര കൊച്ചു കുട്ടിയൊന്നുമല്ല. നിങ്ങൾ എന്‍റെ കൂടെ വരണം. അല്ലെങ്കിൽ ഞാനൊറ്റയ്ക്ക് പോകും.”
“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?”
“എന്തായാലും ഞാൻ മക്കളുടെയത്ര കൊച്ചു കുട്ടിയൊന്നുമല്ലല്ലോ? അവർക്ക് ഒറ്റയ്ക്ക് പോയി സിനിമ കാണാമെങ്കിൽ എനിക്കും ആയിക്കൂടേ?” സംഗീത ദേഷ്യമടക്കാനാവാതെ ഉറക്കെ പറഞ്ഞു.
“ഞാൻ മോശം സ്വഭാവക്കാരിയാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്? നിങ്ങൾക്കെന്നെ വിശ്വാസമില്ലേ?”
“നീയെന്ത് അസംബന്ധമാണ് സംസാരിക്കുന്നത്?”
“പിന്നെ നിങ്ങളെന്തു കൊണ്ടെന്നെ ഒറ്റയ്ക്ക് സിനിമയ്ക്ക് അയയ്ക്കുന്നില്ല? സന്തോഷിക്കാനും പുറത്തു പോകാനും എനിക്കും അവകാശമില്ലേ?” ധൈര്യവും ആത്മവിശ്വാസവും സംഗീതയുടെ വാക്കുകളിൽ പ്രകടമായി.
“സ്ത്രീകൾ ഒറ്റയ്ക്കിങ്ങനെ സിനിമ കാണാൻ പോകുന്നത് ശരിയല്ല” രാജീവ് പറഞ്ഞു.
“ഞാൻ നാല് ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ട്, കൂടെ ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിൽ യാതൊരു വിഷമവുമില്ല. ഒന്നു പുറത്തിറങ്ങാൻ കൂട്ടിനായി ആരോടെങ്കിലുമൊക്കെ യാചിക്കുന്ന ശീലം ഞാനങ്ങ് ഉപേക്ഷിച്ചു.”
സംഗീതയുടെ സിനിമാ സ്റ്റൈലിലുള്ള ഡയലോഗുകൾ കേട്ട് എല്ലാവരും തരിച്ചിരിക്കുകയായിരുന്നു.
അവളുടെ ദേഷ്യവും മുറുമുറുപ്പും മാറ്റാനായി സിനിമയ്ക്ക് പോകാമെന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നു. കുടുംബാംഗങ്ങൾ ഓരോരുത്തർക്കും വേണ്ടി സംഗീത എത്രമാത്രമാണ് ബുദ്ധിമുട്ടുന്നത്. സംഗീതയുടെ ചെറിയൊരു ആഗ്രഹം പോലും സഫലമാക്കാൻ സാധിച്ചില്ലെങ്കിൽ ആ കുറ്റബോധം എന്നെന്നേക്കുമായി ഗ്രസിച്ചു കളയുമെന്ന് അവർ ഭയപ്പെട്ടു.
“സിനിമ കണ്ട ശേഷം നമുക്ക് സൗത്ത് ഇന്ത്യൻ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിക്കാം. നിന്‍റെ മമ്മിക്ക് ശരിക്കും സന്തോഷമായിക്കോട്ടെ.” രാജീവ് നിഷയെ നോക്കി പറഞ്ഞു.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അവരെല്ലാവരും കൂടി പുറത്തു കറങ്ങാനിറങ്ങിയത്. സിനിമയും ഭക്ഷണവുമൊക്കെയായി പിക്നിക് മൂഡിലായിരുന്നു അവർ അന്ന്. കൊച്ചു കുട്ടികളെപ്പോലെ ഉത്സാഹവും സന്തോഷവുമായിരുന്നു സംഗീതയ്ക്ക്.
സിനിമ കണ്ടതിനു ശേഷം ചെറിയൊരു ഷോപ്പിംഗ് നടത്തണമെന്ന് സംഗീത വാശിപിടിച്ചു. നിഷയ്ക്കും സൂരജിനും വേഗം മടങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ സംഗീത അവരെ ശ്രദ്ധിച്ചതേയില്ല.
“ഇന്നത്തെ ഒരു ദിവസം എനിക്ക് ഓർമ്മച്ചെപ്പിൽ സൂക്ഷിക്കണം. അതുകൊണ്ട് നിങ്ങളുടെ ചെറിയ ചെറിയ എക്സ്ക്യൂസുകൾ ഞാൻ കേൾക്കുന്നേയില്ല.” സംഗീത കൊച്ചു കുട്ടിയെപ്പോലെ രാജീവിന്‍റെ കൈയിൽ മുറുകെ പിടിച്ച് ഷോപ്പിംഗ് മാളിനടുത്തേയ്ക്ക് നടന്നു.
“മോനേ, സൂരജ്… നീ ഇന്ന് മമ്മിക്ക് വേണ്ടി നല്ലൊരു പെർഫ്യൂം സെലക്ട് ചെയ്യ്. നിഷ, എനിക്ക് ചേരുന്ന നല്ല രണ്ട് നെയിൽ പോളിഷ് എടുക്ക്… പറ്റുമെങ്കിൽ 2 ലിപ്സ്റ്റിക്കും കൂടി വാങ്ങണം.
“എത്ര വർഷമായി നിങ്ങളെനിക്ക് നല്ലൊരു സാരി വാങ്ങി തന്നിട്ട്. ഇന്ന് നിങ്ങളുടെ പേഴ്സ് കാലിയാക്കിയിട്ടു തന്നെ ബാക്കി കാര്യം… പിശുക്കൻ…” സംഗീത ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“സാധാരണയായി നീയാണല്ലോ ഞങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ വാങ്ങിത്തരാറുള്ളത്. ഇന്ന് ഞങ്ങളുടെ കാര്യമേ മറന്ന മട്ടാണല്ലോ?” രാജീവ് പറഞ്ഞതു കേട്ട് സംഗീത പൊട്ടിച്ചിരിച്ചതല്ലാതെ മറുപടി പറയാൻ കൂട്ടാക്കിയില്ല.
2 മണിക്കൂർ നീണ്ട ഷോപ്പിംഗ് കഴിഞ്ഞപ്പോഴേയ്ക്കും അവർ നന്നേ തളർന്നിരുന്നു.
വീട്ടിലെത്തിയപ്പോൾ അവരെക്കാത്ത് ഡോറിനടുത്തായി പൂച്ചെണ്ടും പിടിച്ച് ഫ്ളവർ മാർട്ട് ജീവനക്കാരൻ നിൽപ്പുണ്ടായിരുന്നു. പൂച്ചെണ്ട് അയച്ച ആളുടെ പേര് കാർഡിൽ എഴുതിയിരുന്നില്ല.
“ആർക്ക് വേണ്ടിയാവും ഈ കാർഡ്? അയച്ച ആളുടെ പേരും ഇതിൽ എഴുതിയിട്ടില്ലല്ലോ?” നിഷയുടെ ഈ ചോദ്യത്തിന്‍റെ മറുപടി 5 മിനിറ്റിനു ശേഷമാണ് സംഗീത നൽകിയത്.
“എനിക്കറിയാമായിരുന്നു നിങ്ങളിലാർക്കും എന്‍റെ ജന്മദിനം ഓർമ്മ കാണില്ലെന്ന്. ഈ പൂച്ചെണ്ടിലൂടെ നിങ്ങളെ പ്രതിനിധീകരിച്ച് ഞാൻ തന്നെ എനിക്ക് ആശംസ നൽകുകയായിരുന്നു. ഹാപ്പി ബർത്ത് ഡേ ടു മീ… ഡിയർ ലോൺലി സംഗീത… ഹാപ്പി ബർത്ത് ഡേ ടു മീ.” ഉദാസീനമായൊരു പുഞ്ചിരിയോടെ സംഗീത പൂച്ചെണ്ട് കൈയിൽ പിടിച്ച് നൃത്തം ചെയ്യുവാൻ തുടങ്ങി.
സൂരജ് ഓടി വന്ന് മമ്മിയുടെ കൈയിൽ മുറുകെ പിടിച്ചു. കുറ്റബോധത്തോടെ പറഞ്ഞു. “മോം… വീ ആൾ ആർ വെരി സോറി. വെരി വെരി ഹാപ്പി ബർത്ത് ഡേ ടു യൂ…”
“മോം… സോറി.” അവളുടെ കണ്ണ് നിറഞ്ഞു. “ഹാപ്പി ബർത്ത് ഡേ…” നിഷയും മമ്മിയെ കെട്ടിപ്പിടിച്ച് കരയുവാൻ തുടങ്ങി.
“നിന്‍റെ ബർത്ത്ഡോ ഞങ്ങൾ ആരും ഓർക്കാത്തത് വളരെ മോശമായിപ്പോയി. ഹാപ്പി ബർത്ത്ഡേ… മൈ ഡിയർ…” സംഗീതയുടെ ബർത്ത് ഡേ കാര്യം മറന്നതിൽ രാജീവിനും വല്ലാത്ത കുറ്റബോധം തോന്നി.
“അതിന് കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല.” ചിരിച്ചു കൊണ്ട് സംഗീത മറുപടി നൽകി.
“ബർത്ത് ഡേയ്ക്ക് ഞാൻ ചെയ്യണമെന്ന് ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ചെയ്‌തിട്ടുണ്ട്. രാവിലെ എനിക്കിഷ്ടപ്പെട്ട പൂരി മസാലയും കായ വറുത്തതും ഉണ്ടാക്കി. കുറേ നാളായി ബ്യൂട്ടി പാർലറിലൊന്നു പോകണമെന്ന് വിചാരിക്കുന്നു. മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫിലിം കാണണമെന്നും നിങ്ങളോടൊപ്പം കറങ്ങണമെന്നുമുണ്ടായിരുന്നു. ഇഷ്ടമുള്ള ഗിഫ്റ്റൊക്കെ വാങ്ങാൻ സാധിച്ചു. പുറത്തു നിന്നും ഭക്ഷണം കഴിച്ചു. ഞാൻ ശരിക്കും എൻജോയ് ചെയ്തു. മാത്രമല്ല, ഭംഗിയുള്ള പൂച്ചെണ്ട് എനിക്ക് ഗിഫ്റ്റായി കിട്ടുകയും ചെയ്‌തു. പൂക്കൾ എനിക്ക് ജീവനു തുല്യം ഇഷ്ടമാണെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ…” ചിരിച്ചു കൊണ്ട് സംസാരിച്ചിരുന്ന സംഗീതയുടെ ശബ്ദമിടറി. കണ്ണു നിറഞ്ഞു. ഇതുകണ്ട് രാജീവും വല്ലാതായി.
“വി ഓൾ ലൗ യു…” രാജീവും മക്കളും സംഗീതയുടെ ചുറ്റും കൂടി നിന്നു. ഹാപ്പി ബർത്ത് ഡേ ഗാനം ആലപിച്ചു. കുടുംബാംഗങ്ങൾ തന്നെ ശ്രദ്ധിക്കുന്നുവെന്ന ചിന്ത സംഗീതയെ സന്തോഷവതിയാക്കി.
“നൗ ഐ ആം റിയലി ഹാപ്പി. നിങ്ങളെല്ലാം എന്‍റെ കാര്യത്തിൽ എത്രമാത്രം കെയർഫുള്ളാണ്. ഇന്നെന്‍റെ ബർത്ത് ഡേയാണ്. ഞാൻ ഇന്ന് നിങ്ങളെയെല്ലാം ചെറുതായൊന്നു വിഷമിപ്പിച്ചു ഇല്ലേ? എന്നോടു ക്ഷമിക്കൂ…”
സംഗീത സൂരജിനെയും നിഷയെയും തന്നോടു ചേർത്തു പിടിച്ചു കൊണ്ട് രാജീവിനെ നോക്കി പുഞ്ചിരിച്ചു. അവളുടെ മനസ്സിൽ അന്നു കണ്ട സിനിമയിലെ രംഗമായിരുന്നു അപ്പോൾ.