രണ്ട് വർഷങ്ങൾക്ക് ശേഷം അമ്മയെ കാണാൻ വൃദ്ധസദനത്തിലേക്ക് നിർമ്മല യാത്രയായി. തലേന്ന് ആസ്ട്രേലിയയിൽ നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളു.
അടച്ചു കിടന്ന വീട് തുറന്നപ്പോൾ മുക്കിലും മൂലയിലുമെല്ലാം കുടിയിരുന്ന അമ്മയുടെ ഓർമ്മകൾ ചിറകടിച്ചുയർന്നു.
പഠിക്കാൻ മിടുക്കിയായ നിർമ്മല പഠിക്കാനും, പാർട്ട് ടൈം ജോലിക്കുമായി ആസ്ട്രേലിയയിലേക്ക് പോകമ്പോൾ, വീട്ടിൽ തനിച്ചായ അമ്മയെ വൃദ്ധസദനത്തിൽ ആക്കിയിരുന്നു അവൾ കൂടെ ഉള്ളപ്പോഴും പകൽ സമയം അമ്മ തനിച്ചായിരുന്നു. അൽപം മാനസിക വിഷമം അച്ഛന്‍റെ മരണശേഷം അമ്മ അനുഭവിച്ചിരുന്നതായി അവൾ അറിഞ്ഞിരുന്നു. രാവിലെ പോയാൽ രാത്രി തിരിച്ചെത്തുന്ന അവൾ ഇടയ്ക്ക് പകൽ അമ്മയെ ഒന്നു വന്ന് നോക്കണമെന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് പറയാറുണ്ട്.
ചെറിയ മാനസിക വിഷമം ഉണ്ടെന്ന് പറഞ്ഞതോടെ പല വൃദ്ധസദനങ്ങളും കയ്യൊഴിഞ്ഞു. അവസാനം ഒരു കൂട്ടുകാരിയുടെ അച്ഛന്‍റെ ശുപാർശയിൽ ഒരു വൃദ്ധസദനം അമ്മയെ ഏറ്റെടുത്തു.
വൃദ്ധ സദനത്തിലെ അമ്മയുടെ കാര്യങ്ങൾ രണ്ട് വർഷങ്ങളും കൃത്യമായി അന്വേഷിച്ചു. പലപ്പോഴും അമ്മയുടെ അഭാവം അവളെ സങ്കടപ്പെടുത്തിയിരുന്നു. സംസാരിക്കാൻ വൃദ്ധസദന നിയമങ്ങൾ അനുവദിച്ചിരുന്നില്ല.
അമ്മ സന്തോഷവതിയായിരുന്നു. നിഷ്കളങ്കയായ ഒരു കുഞ്ഞിനെപ്പോലെ അവളെ നോക്കി പുഞ്ചിരിച്ചു. എങ്കിലും അധികമൊന്നും സംസാരിച്ചില്ല.
അമ്മയെ തിരിച്ചു കൊണ്ട് പോകാനാണ് ഞാൻ വന്നത് എന്നു പറഞ്ഞപ്പോൾ അമ്മ നിർവികാരയായി പറഞ്ഞു.
“വേണ്ട. ഞാൻ ഇവിടെ തനിച്ചല്ല. എന്നെ ഇവിടെ ഉള്ളവർ വളരെ സ്നേഹിക്കുന്നു.”
“അവിടെ വന്നാൽ എന്‍റെ ലോകത്ത് ഞാൻ തനിച്ചാവും, നിന്‍റെ ലോകം നിനക്ക് മാത്രമായി ഞാൻ വിട്ടു തന്നിരിക്കുന്നു.”
ആകെ പകച്ച്, മറുപടി ഇല്ലാതെ അവൾ നിന്നപ്പോൾ അമ്മ യാത്ര പറയാതെ അകത്തേക്ക് നടന്നകന്നു.