ദാമ്പത്യജീവിതത്തിലെ കേവലമായ ആനന്ദം മാത്രമല്ല സെക്സ്. ശരീരത്തിന്‍റേയും മനസ്സിന്‍റേയും വൈകാരികമായ ആവശ്യങ്ങളെ അത് തൃപ്തിപ്പെടുത്തുന്നു. ഈ പരമമായ ആനന്ദത്തെയാണ് ഓർഗാസം എന്ന് മെഡിക്കൽ സയൻസ് വിശേഷിപ്പിക്കുന്നത്. ഓർഗാസം വരെയെത്താൻ ഫോർപ്ലേ കൂടിയേ തീരൂ.

പ്രണയനിർഭരമായ വാക്കുകൾ, പരസ്പരമുള്ള കുസൃതികാട്ടലുകൾ, സ്പർശനം, ചുംബനം, ആലിംഗനം തുടങ്ങി ശരീരത്തിന്‍റെ ഓരോ അണുവിലും പ്രണയത്തുടിപ്പുകൾ നിറയ്ക്കുന്ന പ്രക്രിയയാണ് ഫോർപ്ലേ (ലൈംഗികപൂർവ്വകേളികൾ).

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ഇത് ആവശ്യമാണെന്ന് സെക്സ് എക്സ്പെർട്ടുകൾ അഭിപ്രായപ്പെടുന്നു. സെക്സിൽ ഫോർപ്ലേയ്ക്കുള്ള സ്ഥാനമെന്താണെന്നും അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

താൽപര്യക്കുറവ്

സ്ത്രീരോഗ വിദഗ്ദ്ധ ഡോ. സുഹാസിനി പറയുന്നു, ലോകമെമ്പാടുമുള്ള യുവാക്കളിൽ സെക്സിനോടുള്ള താൽപര്യക്കുറവ് വർദ്ധിച്ചിരിക്കുകയാണ്. വളരെ ഗൗരവമായാണ് സോഷ്യോളജിസ്റ്റുകൾ ഈ സ്ഥിതിവിശേഷത്തെ കാണുന്നത്. വർദ്ധിച്ചു വരുന്ന ആകാംഷ, പണം സമ്പാദിക്കാനുള്ള വ്യഗ്രത, ജോലിയോടുള്ള അമിത ആഭിമുഖ്യം എന്നിവയൊക്കെയാണ് ഈ താൽപര്യക്കുറവിനുള്ള പ്രധാന കാരണങ്ങൾ. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ സ്വസ്ഥമായ ദാമ്പത്യം അവർക്ക് നഷ്ടപ്പെടുകയാണ്. ജോലി കഴിഞ്ഞ് തളർന്നെത്തുന്ന അവർ കിടന്നയുടനെ ഉറങ്ങിപ്പോവുകയോ എത്രയും പെട്ടെന്ന് ഒരു ചടങ്ങുപോലെ ലൈംഗിക പ്രക്രിയ അവസാനിപ്പിച്ച് ഉറങ്ങുകയോ ചെയ്യുന്നു. ഇവിടെ ഫോർപ്ലേക്കുള്ള സാധ്യതയേയില്ല. അതുകൊണ്ട് മാനസികവും ശാരീരികവുമായ അടുപ്പവും സ്നേഹവുമൊന്നും ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ സൃഷ്ടിക്കപ്പെടുന്നില്ല.

ഉത്തേജനം

ആലിംഗനം, ചുംബനം എന്നിവ ശരീരത്തിൽ ഒരു സ്രവം ഉൽപ്പാദിപ്പിക്കുന്നു. ലൈംഗികാവയവങ്ങൾ ആർദ്രമാക്കാനും ലൈംഗിക പ്രക്രിയ വേദനരഹിതവും ആനന്ദപ്രദവുമാക്കാനും അത് സഹായിക്കും. ഫോർപ്ലേയൊന്നുമില്ലാതെ സെക്സിൽ ഏർപ്പെടുകയാണെങ്കിൽ ലൈംഗികാവയവങ്ങൾ ശുഷ്കമായിരിക്കും. അപ്പോൾ സെക്സ് ദുഷ്കരവും വിരസവുമായി തോന്നും.

“സ്ത്രീയോട് പ്രണയാസക്തനായി സംസാരിക്കുമ്പോഴൊക്കെ പുരുഷഹോർമോണുകൾക്ക് ഉലച്ചിലുണ്ടാവുന്നു. ഹോർമോണുകളിലുണ്ടാവുന്ന ഈ ഉലച്ചിലാണ് മസ്തിഷ്കത്തിൽ സെക്സിനോടുള്ള താൽപര്യം ഉണർത്തുന്നത്. ഇതൊരു അനാട്ടമിക് റിയാക്ഷനാണ്.”

തിരക്ക് വേണ്ടേ വേണ്ടേ

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബയോളജി വിഭാഗം തലവൻ ഡോ. വില്യം ഒബോന രചിച്ച ഫോർപ്ലേ ദി വാമിംഗ് പ്രോസസിൽ വളരെ വിശദമായി ഫോർപ്ലേയെക്കുറിച്ച് പറയുന്നുണ്ട്. ഇതിൽ സെക്സിനെ മൂന്നു പ്രധാന ഭാഗങ്ങളായി വേർതിരിക്കുന്നു. അതിൽ ആദ്യത്തേത് ഫോർപ്ലേയാണ്. രണ്ടാമതായി വരുന്നത് ലൈംഗിക ബന്ധപ്പെടലാണ്. മൂന്നമതായാണ് ഓർഗാസം അഥവാ രതിമൂർച്ഛ ഉണ്ടാകുന്നത്. എത്രമാത്രം വിശാലമായി ഫോർപ്ലേയിൽ ഏർപ്പെടുന്നോ അത്രയും കൂടുതൽ ലൈംഗികാനുഭൂതി ഡോ. ഒബോന പറയുന്നു.

മനശാസ്ത്രജ്ഞനായ ഡോ. നരേന്ദ്രൻ തന്‍റെ കേസ് ഡയറിയിലെ ഒരനുഭവകഥ വിവരിക്കുന്നു. “ലൈംഗിക സംതൃപ്തിയില്ലെന്ന പരാതിയുമായി ഒരു ഭാര്യയും ഭർത്താവും എത്തി. ഇരുവരും നല്ല ആരോഗ്യമുള്ളവർ. വിശദമായി സംസാരിച്ചപ്പോൾ കാരണം വ്യക്തമായി. ഉദ്യോഗസ്ഥരായ ഇരുവരും ജോലി കഴിഞ്ഞ് തളർന്ന് ഏറെ രാത്രിയായാണ് വീട്ടിലെത്തിയിരുന്നത്. രാവിലെ നേരത്തേ എഴുന്നേൽക്കണം, ഓഫീസിലെ തിരക്കിനും വീട്ടിലെ ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ സെക്സും ധൃതി പിടിച്ച കാര്യമായി. ഫോർപ്ലേയോ സെക്സ് എൻജോയ്മെന്‍റോ നടക്കുന്നില്ല. ഇത് അഭിപ്രായഭിന്നതയ്ക്കുള്ള കാരണമായി.

പ്രതിവിധിയായി, കുറച്ചു ദിവസം അവധിയെടുത്ത് ഏതെങ്കിലും പിക്നിക് സ്പോട്ടിൽ പോകാനാണ് ഞാനവരോട് ആവശ്യപ്പെട്ടത്. അതോടെ അവരുടെ പ്രശ്നം പരിഹരിക്കപ്പെട്ടു.”

ശരിയായ ആശയവിനിമയമില്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്. ലൈംഗിക കാര്യങ്ങളിൽ ഇഷ്ടങ്ങളും താൽപര്യങ്ങളും പരസ്പരം പങ്കു വയ്ക്കാനുള്ള സങ്കോചവും പ്രധാന കാരണമാണ്.

16-ാം നൂറ്റാണ്ടിൽ അക്ബർ എഴുതിയ ആത്മകഥയിൽ ഫോർപ്ലയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടത്രേ. അക്ബർ ജോധാബായിക്കൊപ്പം അന്തപുരത്തിൽ ശയിക്കാൻ പോകുമ്പോൾ സിത്താർ, സന്തൂർ തുടങ്ങിയവയുടെ സംഗീതം മുറിക്ക് പുറത്ത് പ്രത്യേകം ഏർപ്പാടാക്കിയിരുന്നുവത്രേ. പണ്ട് ലൈംഗിക വിദ്യാഭ്യാസം നൽകാനായി രാജകൊട്ടാരങ്ങളിൽ പ്രത്യേകം ആളുകളെയും നിയോഗിച്ചിരുന്നു.

ദാമ്പത്യജീവിതത്തിൽ പ്രവേശിക്കുന്നവർക്ക് ലൈംഗിക കാര്യങ്ങളിൽ ശാസ്ത്രീയമായ അറിവു ലഭ്യമാക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. അപക്വമായ സെക്സ് ധാരണകൾ ദാമ്പത്യത്തെ സംഘർഷഭരിതമാക്കും. ഇത്തരം കാര്യങ്ങൾ വിവാഹമോചനത്തിനു തന്നെ കാരണമാകാം.

ഗർഭധാരണത്തെ സഹായിക്കും

ഫോർപ്ലേയിലൂടെ സുഖകരമായ സെക്സിന് ലൈംഗികാവയവങ്ങൾ പാകപ്പെടുകയാണ് ചെയ്യുന്നത്. യുറേത്ര, വജൈന, യൂറോജനിറ്റൽ സിസ്റ്റം എന്നിവ ഈ ഘട്ടത്തിൽ വികസിക്കുന്നു. പുരുഷാവയവങ്ങളിലും സമാന്തരമായ മാറ്റങ്ങളുണ്ടാവുകയും അതോടൊപ്പം ബീജങ്ങളുടെ മൂവ്മെന്‍റ് കൂടുകയും ചെയ്യുന്നു. ഇത് ഗർഭധാരണത്തിന് സഹായകരമാണ്.

നല്ല ആരോഗ്യത്തിനും ഫോർപ്ലേ സഹായകമാണ്. സ്നേഹവും വിശ്വസവും പോലെ തന്നെ വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കാൻ ആഹ്ലാദകരമായ ലൈംഗികതയും അനിവാര്യമാണ്.

और कहानियां पढ़ने के लिए क्लिक करें...