ബീഹാറിലെ നളന്ദ ജില്ല ചരിത്ര പ്രസിദ്ധമാണ്. വിദ്യയുടെ സർവ്വോത്തമമായ ഒരു കേന്ദ്രമായി ഇവിടം അറിയപ്പെടുന്നു. നിരവധി മഹാന്മാർ നളന്ദയുടെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഈ ജില്ലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരുണ്ട്. അതാണ് അനിതാ ദേവി.

നളന്ദ ജില്ലയിലെ അനന്തപൂർ ഗ്രാമ നിവാസിയാണ് അനിത. തന്‍റെ കഠിനാധ്വാനശീലവും ആത്മവിശ്വാസവും കൊണ്ട് മാതൃകയാവുകയാണ് ഈ വനിത. തന്‍റെ കർമ്മ മേഖലയിലൂടെ സ്വന്തം കുടുംബത്തെ മാത്രമല്ല ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റി മറിച്ചിരിക്കുകയാണ് ഇവർ.

കൂൺ കൃഷിയിലാണ് അനിത തുടക്കം കുറിച്ച് തന്‍റെ പേര് പതിപ്പിച്ചത്. പിന്നീട് ഇവർ മീൻ വളർത്തൽ, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, കൃഷി ഇങ്ങനെ നിരവധി രംഗങ്ങളിൽ വിജയം വരിച്ചു.

നിരാശയിൽ നിന്ന് ധൈര്യത്തിലേക്ക്

2010 ലെ കാര്യമാണ്. പഠിപ്പൊക്കെ ഉണ്ടെങ്കിലും അനിതാ ദേവിയുടെ മുന്നിൽ കുട്ടികളെ വളർത്തലും അവർക്ക് നല്ല വിദ്യാഭ്യാസം നൽകലും വലിയ ചോദ്യ ചിഹ്നമായി മാറിയത് കൃത്യമായ വരുമാന മാർഗ്ഗം ഇല്ലാത്തതു കൊണ്ടാണ്. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് 7 പേരുള്ള കുടുംബത്തിന്‍റെ ദൈനം ദിന ചെലവ് നടന്നു പോകാൻ വളരെ പ്രയാസമായിരുന്നു.

അനിതയുടെ ഭർത്താവ് സഞ്ജയ് കുമാർ ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഒരു ജോലി നഗരത്തിൽ ലഭിക്കാതെ നാട്ടിലേക്ക് നിരാശനായി മടങ്ങി കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ അനിതാ ദേവി പ്രതീക്ഷ കൈവിടുന്ന വ്യക്‌തിയായിരുന്നില്ല. ഹോം സയൻസിൽ ബിരുദം നേടിയിടുള്ള അനിത എന്തെങ്കിലും പുതിയ വഴി കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തിലെത്തി.

ആ സമയത്താണ് തൊട്ടടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിൽ കാർഷിക മേള നടന്നത്. ഭർത്താവിനൊപ്പം അനിത അവിടം സന്ദർശിച്ചു. കൂൺ കൃഷി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് രാജേന്ദ്ര പ്രസാദ് കൃഷി യൂണിവേഴ്സിറ്റിയിൽ കൂൺ ഉല്പാദനത്തെ കുറിച്ച് പരിശീലനം നേടി.

മഷ്റൂം ലേഡിയുടെ യാത്ര

ട്രെയിനിങ്ങിനു ശേഷം അവർ ആദ്യം ചെറിയ മുതൽ മുടക്കിൽ ഓയിസ്റ്റർ മഷ്റൂമും പിന്നീട് ബട്ടൻ മഷ്റൂമും ഉൽപാദിപ്പിക്കാൻ തുടങ്ങി. വയലിലെ കച്ചിയിൽ നിന്നും മഷ്റൂം ഉൽപാദിപ്പിച്ചു. ഭർത്താവ് അത് പാക്ക് ചെയ്ത് മാർക്കറ്റിൽ വിൽക്കുന്ന ജോലി ഏറ്റെടുത്തു. അങ്ങനെ ഒട്ടൊരു വരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞു. തുടർന്ന് കൂടുതൽ ഏരിയയിൽ കൂൺ കൃഷി ആരംഭിച്ചു. ഈ വേളയിൽ ഗ്രാമത്തിലെ കുറേ സ്ത്രീകളെയും കൂടെ ചേർത്തു.

“തുടക്കത്തിൽ ഞാൻ ഭർത്താവിനൊപ്പം എല്ലാതരം മേളകളിലും പങ്കെടുത്ത് മഷ്റൂം വിഭവങ്ങൾ ആളുകളെ പരിചയപ്പെടുത്തുന്ന ജോലി ചെയ്‌തു. കൂണിന്‍റെ സ്വാദ് ആളുകൾക്ക് ഇഷ്ടമായി. അങ്ങനെ കസ്റ്റമർമാരുടെ എണ്ണം വർദ്ധിച്ചു വന്നു. ആവശ്യക്കാർ കൂടി വന്നപ്പോൾ ഞങ്ങൾ ഹോട്ടലുകളുമായും സമ്പർക്കം പുലർത്തി. അവിടെയും ധാരാളം വിറ്റഴിക്കാൻ കഴിഞ്ഞു. ഇപ്പോൾ എന്‍റെ ഭർത്താവ് നഗരത്തിൽ വൻതോതിൽ കൂൺ എത്തിച്ച് വിൽക്കുന്നു. പലയിടത്തു നിന്നും ആളുകൾ കൂൺ കൃഷി മനസിലാക്കാൻ എത്തിത്തുടങ്ങി. അപ്പോൾ അവരെ സഹായിക്കാനായി ഞങ്ങൾ മാധേപൂർ ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനി ലിമിറ്റഡ് എന്ന പേരിൽ ഒരു സ്‌ഥാപനം രജിസ്റ്റർ ചെയ്തു.

പ്രധാന വരുമാന മാർഗ്ഗം

ഇന്ന് ഈ കമ്പനിയിൽ 5000 സ്ത്രീകൾ പങ്കു ചേർന്നിട്ടുണ്ട്. 12 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ 20 ലക്ഷം രൂപ വാർഷിക വരുമാനം അനിത ഇന്ന് ഉണ്ടാക്കുന്നു. ദിവസം 300 കിലോ കൂൺ ആണ് ഉല്പാദിപ്പിക്കുന്നത്.

“ഞാൻ കൂൺ കൃഷി ആരംഭിച്ച സമയത്ത് എനിക്ക് വട്ടാണെന്ന് പറഞ്ഞവരുണ്ട്. ഇന്ന് അവർ എനിക്കൊപ്പം വർക്ക് ചെയ്യുന്നുണ്ട്. ഈ ബിസിനസിലൂടെ എന്‍റെ കുടുംബം രക്ഷപ്പെട്ടു. കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാനായി. മൂന്നു മക്കളും പിജി കോഴ്സ് കഴിഞ്ഞു. കഠിന പരിശ്രമം കൊണ്ടു മാത്രമാണ് ഇന്ന് ഈ ഗ്രാമം എന്നെ തിരിച്ചറിയുന്നത്.” കൂൺ വിത്തുകൾക്ക് ഡിമാന്‍റ് വന്നതോടെ അതും നൽകാൻ അനിത തയ്യാറായി. അതിനുള്ള പരിശീലനവും അനിത നൽകുന്നു. അനിതയുടെ കഠിനപ്രയത്നത്തിന് നിരവധി പുരസ്കാരങ്ങളും തേടിയെത്തി. ഇന്ന് മഷ്റൂം ലേഡി എന്ന പേര് ബീഹാറിൽ മാത്രമല്ല രാജ്യമെമ്പാടും പ്രശസ്തമാണ്.

और कहानियां पढ़ने के लिए क्लिक करें...