ഒരു കുട്ടി ഓൺലൈൻ അടിമത്തത്തിന് പോയിട്ടുണ്ടോ എന്നറിയുന്നതിന് ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഉണ്ട്.

  1. രാവിലെ തൊട്ട് വൈകുന്നേരം വരെ കൂടുതൽ സമയം ഓൺലൈൻ സംവിധാനം ഉപയോഗിക്കുകയോ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുകയോ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയോ ചെയ്യുന്ന അവസ്‌ഥ.
  2. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സമയം സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്‌ഥ. അരമണിക്കൂർ കളിച്ചിട്ട് ഗെയിം നിർത്താമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിട്ട് മണിക്കൂറുകളോളം കളിക്കുക. രാത്രി മൊത്തം ഉറക്കമിളിച്ചിരുന്ന് കളിക്കുന്ന തരത്തിലേക്ക് നിയന്ത്രണം വിട്ട് പോകുന്ന അവസ്‌ഥ.
  3. ക്രമേണ ഈ ഓൺലൈൻ ഉപയോഗത്തിന്‍റെ സമയം കൂടി കൂടി വരും. ആദ്യത്തെ ആഴ്ച അരമണിക്കൂർ, പിന്നീട് അത് ഒരു മണിക്കൂർ ആകുന്നു. അങ്ങനെ സമയം കൂടി വരുന്ന അവസ്‌ഥ.
  4. എന്തെങ്കിലും കാരണവശാൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ അതായത് കറന്‍റില്ലാതെ വരിക, നെറ്റ് കണക്ഷൻ ഇല്ലാത്തതു കൊണ്ടോ മൊബൈൽ കിട്ടാത്തതുകൊണ്ടോ അതുപയോഗിക്കാൻ പറ്റാതെ വന്നാൽ അവരിൽ ചില പിൻവാങ്ങൽ (Withdrawal syndrome) ലക്ഷണങ്ങൾ പ്രകടമാവും. മദ്യം കിട്ടാതെ വരുമ്പോൾ കടുത്ത മദ്യപാനികളിൽ ഉണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണം (Withdrawal syndrome) പോലെ അമിത ദേഷ്യം, ഉത്കണ്ഠ, നിരാശ, സങ്കടം ചിലപ്പോൾ ആത്മഹത്യ പ്രവണത വരെ അതിന്‍റെ ഭാഗമായി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന തരത്തിലേക്ക് അത് പോകാം.
  5. മറ്റ് സന്തോഷമുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കി സന്തോഷം കിട്ടുന്ന ഏക പോംവഴിയായി മാറുന്നു ഈ ഓൺലൈൻ ഉപാധികൾ. വ്യായാമം ചെയ്യാനോ പാട്ട് കേൾക്കാനോ പുറത്തു പോകാനോ എന്നിങ്ങനെയുള്ള ഒന്നിലും കുട്ടികൾക്ക് താൽപര്യമില്ലാതെയാകുന്നു.
  6. ഇങ്ങനെ പോയി കഴിഞ്ഞാൽ ഇത് ശരിയാവില്ലെന്നും, ഇത് നമ്മുടെ നിയന്ത്രണത്തിലാകുന്നില്ലെന്നും മിക്കവരും മനസിലാക്കുമെങ്കിലും ഓൺലൈൻ ദുരുപയോഗം ഇല്ലാതാക്കാൻ സാധിക്കാതെ വരുന്നു.

മേൽവിവരിച്ച ഈ 6 ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും ഒരു കുട്ടി പ്രദർശിപ്പിച്ചാൽ കുട്ടി ഓൺലൈൻ അടിമത്തത്തിന് വിധേയമായിരിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം. പല രൂപത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ ഉണ്ട്. ഓൺലൈൻ ഗെയിം അടിമത്തം ആണ് അതിലേറ്റവും പ്രധാനം. അടുത്തത് അശ്ലീല സൈറ്റുകളുടെ (പോൺ സൈറ്റുകൾ) അടിമത്തം, സോഷ്യൽ മീഡിയ അടിമത്തം അങ്ങനെ പലതരത്തിലുള്ള ഓൺലൈൻ അടിമത്തങ്ങൾ കാണപ്പെടുന്നു എന്നുള്ളതാണ്.

കുട്ടിക്ക് ഒരു ഡിജിറ്റൽ ഉപകരണം നൽകുമ്പോൾ തുടക്കത്തിൽ തന്നെ അത് ഉപയോഗിക്കേണ്ട സമയപരിധി നിശ്ചയിക്കണം. എത്ര സമയം ഓൺലൈൻ ഉപാധികൾ  ഉപയോഗിക്കാമെന്ന് മാതാപിതാക്കൾ വ്യക്‌തമായി നിഷ്ക്കർഷിച്ചിരിക്കണം. കുട്ടികൾ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തുകയും വേണം.

പേരന്‍റൽ കൺട്രോൾ ആപ്പുകൾ

പേരന്‍റൽ കൺട്രോൾ ആപ്പുകളുടെ ഫലപ്രദമായ ഉപയോഗം കുട്ടികളുടെ അമിതമായ ഓൺലൈൻ അടിമത്തം നിയന്ത്രിക്കാൻ സഹായിക്കും. ലാപ്ടോപ്പ് ഉപയോഗം നിയന്ത്രിക്കുന്നതിനായി ardamax keylogger എന്ന പേരന്‍റൽ കൺട്രോൾ ആപ്പുണ്ട്. ഇത് ഇൻസ്റ്റാൾ ചെയ്‌ത് കഴിഞ്ഞാൽ കുട്ടി ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന്‍റെ സമയം നിയന്ത്രിക്കാൻ പറ്റും, ഏതെങ്കിലും സൈറ്റ് ബ്ലോക്ക് ചെയ്യണമെന്നുണ്ടെങ്കിൽ അത് ബ്ലോക്ക് ചെയ്യാനും ഇതിൽ സംവിധാനമുണ്ട്.

മൊബൈൽ ഫോൺ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾക്കായി mspy സെൽഫോൺ ട്രാക്കർ എന്നൊരു ആപ്പുണ്ട്. കുട്ടിയുപയോഗിക്കുന്ന മൊബൈലിൽ ഇത് ഇൻസ്റ്റാൾ ചെയ്‌താൽ കുട്ടി ഏതൊക്കെ കാര്യത്തിനുവേണ്ടി മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന വിശദാംശങ്ങൾ സ്ക്രീൻ ഷോട്ടായിട്ട് രക്ഷിതാക്കളുടെ മൊബൈലിൽ കിട്ടികൊണ്ടിരിക്കും. പക്ഷെ സമ്പൂർണ്ണമായി കുട്ടികളുടെ സ്വകാര്യത വയലേറ്റ് ചെയ്യുന്ന കാര്യമായതുകൊണ്ട് അതത്ര അഭികാമ്യമല്ല. അതിനാൽ നിർദ്ദേശിക്കാനും കഴിയില്ല.

ഇവ രണ്ടും പണചെലവുള്ള ആപ്പുകളാണ്. എന്നാൽ പൊതു സമൂഹത്തിന് ഏറ്റവും അഫോർഡബിളായിട്ടുള്ള ഫ്രീ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആന്‍റ് ടീൻസ് എന്ന ആപ്പ് കുട്ടി ഉപയോഗിക്കുന്ന മൊബൈലിലേക്ക് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ ഫാമിലി ഫോർ പേരന്‍റ്സ് എന്ന ആപ്പ് രക്ഷിതാവിന്‍റെ മൊബൈലിലും ഇൻസ്റ്റാൾ ചെയ്ത് ഇവ രണ്ടും കൂടി പെയർ ചെയ്യാം. പെയർ ചെയ്‌ത് കഴിഞ്ഞാൽ 3 തരത്തിലുള്ള നിയന്ത്രണങ്ങൾ സാധ്യമാകും.

  1. കുട്ടിയുടെ മൊബൈൽ ഒരു ദിവസം എത്രനേരം പ്രവർത്തിക്കണമെന്നത് രക്ഷിതാവിന് സെറ്റ് ചെയ്ത് വയ്ക്കാം. ഒരു മണിക്കൂർ നേരത്തേക്ക് സെറ്റ് ചെയ്ത് വച്ചിട്ടുള്ള മൊബൈൽ ആ സമയപരിധി കഴിഞ്ഞാൽ സ്വയം ഡിസേബിൾഡ് ആകും.
  2. മൊബൈൽ, തവണയനുസരിച്ച് അൺലോക്ക് ചെയ്യാനുള്ള സംവിധാനവും സെറ്റ് ചെയ്യാം. 20 പ്രാവശ്യം അൺലോക്ക് ചെയ്യുന്ന വിധത്തിൽ സെറ്റ് ചെയ്ത് വയ്ക്കുന്ന മൊബൈൽ അത്രയും തവണ കഴിഞ്ഞാൽ സ്വയം ഡിസേബിൾഡ് ആകും.
  3. ചില സൈറ്റുകൾ ബ്ലോക്കും ചെയ്യാം. ഗെയിമിംഗ് സൈറ്റുകളോ പോൺ സൈറ്റുകളോ അങ്ങനെയുള്ളവ ബ്ലോക്ക് ചെയ്യാനും സംവിധാനമുണ്ട്. ഗൂഗിൾ ഫാമിലി ലിങ്ക് സൗജന്യമായതിനാൽ അത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. സൈബർ ഉപാധികളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പറ്റാത്ത പല മാതാപിതാക്കളുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വിശ്വസ്തരായിട്ടുള്ള ആരുടെയെങ്കിലും സഹായത്തോടെ ഇത് ഇൻസ്റ്റോൾ ചെയ്യാം.

മാതാപിതാക്കൾ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുക

  • മാതാപിതാക്കൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുട്ടികളോടൊപ്പം ഒരു മണിക്കൂറെങ്കിലും സമയം ചെലവഴിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. ഈ ക്വാളിറ്റി ടൈം കുട്ടികളെ ശാസിക്കാനോ കുറ്റപ്പെടുത്താനോ ഉള്ളതല്ല. മറിച്ച് അവർക്ക് പറയാനുള്ളത് മാതാപിതാക്കൾ കേൾക്കേണ്ട സമയമാണ്. കുട്ടികളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ഇത്തരം അവസരങ്ങൾ സഹായിക്കും. അവർ ആരുമായിട്ട് ചങ്ങാത്തം കൂടുന്നു, അവർ ഓൺലൈനിൽ ആശയവിനിമയം നടത്തുന്നുണ്ടോ അത് അനാരോഗ്യകരമായിട്ടുള്ളതാണോ എന്തെങ്കിലും ചൂഷണത്തിലേക്ക് പോകുന്നുണ്ടോ എന്നൊക്കെ തുടക്കത്തിലെ അറിയാൻ പറ്റും. അതൊക്കെ തുടക്കത്തിൽ തന്നെ കൃത്യമായി മനസിലാക്കി മാതാപിതാക്കൾക്ക് വേണ്ട ഇടപെടലുകൾ നടത്താം.

ക്രിയാത്മകമായ ലോകത്തേക്ക്

  • കുട്ടികൾക്ക് ആഹ്ലാദം നൽകുന്ന ഒന്നായിട്ടാണ് മൊബൈൽ ഫോണിന്‍റെ ഉപയോഗവും അടിമത്തവും വരുന്നത്. അതുകൊണ്ട് ആഹ്ലാദം പകരുന്ന മറ്റ് പ്രവർത്തികളിലേക്ക് കുട്ടികളെ വഴി തിരിച്ചു വിടാം. ഉദാ: സംഗീതം കേൾക്കുക, വ്യായാമം ചെയ്യുക, കളിക്കാൻ വിടുക, പുറത്ത് സുഹൃത്തുക്കൾക്കൊപ്പം പോകാൻ അനുവദിക്കുക എന്നിങ്ങനെയുള്ള ആരോഗ്യകരമായിട്ടുള്ള വിനോദങ്ങളിൽ സമയം വിനിയോഗിക്കാൻ ശക്തമായിട്ട് കുട്ടികളെ പ്രേരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മൊബൈൽ അടിമത്തത്തിലേക്ക് ചുരുങ്ങി പോകാനുള്ള സാധ്യത വളരെ കുറയും.
  • മൊബൈലിന്‍റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പഠനത്തേയും ഓർമ്മശക്തിയേയും എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് വ്യക്തമായി പറഞ്ഞ് കുട്ടികളെ ബോധ്യപ്പെടുത്താം.
और कहानियां पढ़ने के लिए क्लिक करें...