വർഷ അന്നും ക്ലബ്ബിലെത്താൻ വൈകിയിരുന്നു. വട്ടം കൂടി ചീട്ടുകളിക്കലും ഏഷണിയും പൊങ്ങച്ചം പറച്ചിലുമൊക്കെയായി പതിവുകാരായ സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു. വർഷയെ കണ്ട് മിസിസ്സ് ജോളിൻ ചിരിച്ചു. “ഇന്നും വൈകിയല്ലേ…? ആഴ്ചയിൽ ഒരൊറ്റ ദിവസം ക്ലബ്ബിൽ വന്നാൽ മതിയല്ലോ വർഷാ പുതിയ എക്സ്ക്യൂസ് എന്താ?”
“കൃത്യസമയത്തു തന്നെ വരണമെന്നുണ്ട്. പറ്റണ്ടേ? വീട്ടുജോലിയൊക്കെ ഒതുക്കുമ്പോഴേക്കും രണ്ട് മണിയാവും. റെഡിയാവാൻ 10 മിനിറ്റു സമയമെടുക്കും. പിന്നെ ഇവിടം വരെയെത്താൻ ഒരു ഇരുപതു മിനിറ്റും.” വർഷ തന്‍റെ ഭാഗം ന്യായീകരിച്ചു.
മിസ്സിസ്സ് ജോളിൻ ക്ലബ്ബിന്‍റെ അധ്യക്ഷയായതിനാൽ ഈയൊരു ന്യായീകരണം ആവശ്യമായിരുന്നു താനും. അധ്യക്ഷ മാത്രമല്ല കളക്ടറുടെ ഭാര്യ കൂടിയാണ് ജോളിൻ. വർഷയും ഒരു സർക്കാർ ഉദ്യോഗസ്‌ഥന്‍റെ ഭാര്യയാണെന്നതിനാൽ ഇതുപോലുള്ള സാഹചര്യങ്ങളിൽ അതൃപ്തിയും അനിഷ്ടവുമൊക്കെ മാറ്റി വച്ച് വളരെ ഭവ്യതയോടെ പെരുമാറേണ്ടി വരാറുണ്ട്. അതാതു ജില്ലകളിലെ ഉദ്യോഗസ്‌ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കളക്ടറല്ലേ എഴുതുന്നത്.
വർഷ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഭാര്യ മിസിസ്സ് നീലാംബരിയുടെ അടുത്തു ചെന്നിരുന്നു.
“വർഷേ, നീയെന്തിനാണ് ഈ അനാവശ്യ ടെൻഷനൊക്കെ തലയിലേറ്റി നടക്കുന്നത്?”
വർഷ ആശ്ചര്യ ഭാവത്തോടെ അവരെ നോക്കി.
“എന്താ, ഞാൻ പറഞ്ഞതു തെറ്റാണോ? നിങ്ങളുടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിൽ ജോലിക്കാർക്കാണോ പഞ്ഞം. മിസ്റ്റർ സൂരജിനോടു പറഞ്ഞ് വീട്ടിൽ ഒന്നുരണ്ട് ജോലിക്കാരെ വച്ചാൽ പോരെ. പിന്നെ വിഷമവും കഷ്ടപ്പാടുമൊന്നും വേണ്ടല്ലോ?”
“അതൊക്കെ എന്‍റെ പുള്ളിക്കാരനെ കണ്ടു പഠിക്കണം. ഒരുപറ്റം സെർവന്‍റ്സ് അല്ലേ വീട്ടിലുള്ളത്.” മിസിസ്സ് ചിത്രാംഗദ ഗമ ഒട്ടും കുറയ്ക്കാതെ പറഞ്ഞു.
ഒട്ടനവധി പെർഫ്യൂം ബോട്ടിലുകൾ നിലത്തു വീണെന്നു തോന്നിക്കും വിധം പെട്ടെന്ന് ആ അന്തരീക്ഷമാകെ സുഗന്ധഭരിതമായി ഇളം റോസ് നിറത്തിലുള്ള സാരി, മാച്ചിംഗ് സാന്‍റൽസ്, പേഴ്സ്, വജ്ര മൂക്കുത്തി, ബ്രോഡ് നെക്ക്ലെസ്സ്… മിസിസ്സ് കീർത്തന ഹാളിലേക്ക് പ്രവേശിച്ചു.
“കീർത്തന മാഡം ഇന്നെന്താ ലേറ്റായത്? സാധാരണ മാഡമാണല്ലോ ആദ്യമെത്താറുള്ളത്.”
കീർത്തന മുഖത്ത് തെല്ലൊരു ക്ഷീണം വരുത്തി വർഷയ്ക്ക് മുന്നിലുള്ള സോഫയിൽ അമർന്നിരുന്നു.
“ഞങ്ങൾ ഖജൂരാഹോ വരെ പോയിരുന്നു. ഇന്ന് 12 മണിക്കാ മടങ്ങി വന്നത്. കുളിച്ചു ഫ്രഷായി ഭക്ഷണമൊക്കെ കഴിഞ്ഞപ്പോൾ നേരം വൈകി.”
അതുവരെ മിണ്ടാതിരുന്ന മിസിസ്സ് സുനന്ദിനി പുച്ഛഭാവത്തോടെ വർഷയെ നോക്കി. “വർഷാ, 10 മിനിറ്റിനുള്ളിൽ തയ്യാറാവുകയോ, അദ്ഭുതം തന്നെ…”
“എനിക്ക് ചെറുതായൊന്നു റെഡിയാവാൻ തന്നെ 2 മണിക്കൂർ വേണ്ടിവരും. പുറത്തിറങ്ങി നടക്കാനുള്ളതല്ലേ, അപ്പേ അല്പസ്വല്പം സ്റ്റൈൽ വേണ്ടേ. പിന്നെ സമയം വേണ്ടുവോളമുണ്ട്. അതുകൊണ്ട്…” ഒരു ക്ലോസപ്പ് പുഞ്ചിരിയോടെ സൂസനാണ് മറുപടി നൽകിയത്.
അതിനിടയിൽ അധ്യക്ഷ മിസിസ്സ് ജോളിൻ നിർണ്ണായകമായ ഡയലോഗിലൂടെ സംഭാഷണത്തിന് ഒരു വിരാമമിടുവിച്ചു.
“മിസ് സൂസൻ പറഞ്ഞതും ശരിയാ. രണ്ടു മണിക്കൂറിൽ കുറഞ്ഞ മേക്കപ്പോ…” തെല്ലൊരു പുച്ഛത്തോടെയാണ് അവർ വർഷയെ നോക്കിയത്.
“ഏതാണ്ട് ഇത്രയൊക്കെ സമയം എനിക്കും വേണ്ടി വരാറുണ്ട്. അതൊക്കെയിരിക്കട്ടെ നമുക്ക് കാർഡ് കളിക്കാം.” മിസിസ്സ് ജോളിൻ ക്ലബ്ബ് ബോയിയോടു ചീട്ടു കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങൾ കേട്ടും കേൾക്കാതെയും വർഷ മൗനം പാലിച്ചു. കളിക്കിടയിൽ സാരികളെക്കുറിച്ചുള്ള ചർച്ചയും തകൃതിയായി നടന്നു. സാരികളുടെ ലേറ്റസ്റ്റ് ട്രെന്‍റ്സ്, ഡിസൈനുകൾ, ഇംപോർട്ടസ് സാരീസ്… കമന്‍റ്സിന് ഒട്ടും കുറവില്ലായിരുന്നു. എന്നിരുന്നാലും മിസിസ്സ് ജോളിന്‍റെ അഭിപ്രായം അന്തിമമായിരുന്നു.
രാത്രി ജോലിയൊക്കെ ഒതുക്കി കുട്ടികളെ ഹോംവർക്ക് ചെയ്യാൻ സഹായിച്ച് വർഷ മുറിയിലെത്തി. സൂരജ് ഒരു നോവൽ വായിക്കുകയായിരുന്നു.
“ഞാൻ ക്ലബ്ബിലെ അംഗത്വം വേണ്ടെന്നു വയ്ക്കാൻ പോവുകയാ.”
“ഇതെന്താ പെട്ടെന്നിങ്ങനെയൊരു തീരുമാനം?” സൂരജ് മാസികയിൽ നിന്നും മുഖമുയർത്തി.
“എനിക്കവിടെ തീരെ പിടിക്കുന്നില്ല.”
“വർഷാ… ഓന്തിന്‍റേതു പോലെയാണ് നിന്‍റെ സ്വഭാവം. എപ്പോ നിറം മാറുമെന്നു പറയാൻ പറ്റില്ല. പരിചയമില്ലാത്ത സ്‌ഥലമാണ്, നേരം പോകുന്നില്ല എന്നൊക്കെ പറഞ്ഞതു കൊണ്ടല്ലേ നിന്നെ ക്ലബ്ബിൽ ചേർത്തത്. ധാരാളം ആളുകളുമായി പരിചയപ്പെടാനും സാധിക്കും. ക്ലബ്ബ് അല്ലേ… അപ്പോ വലിയ വലിയ ഉദ്യോഗസ്‌ഥരുടെ ഭാര്യമാരൊക്കെ വരും.”
“അതുകൊണ്ടാ ഞാൻ പോകുന്നില്ലെന്നു പറഞ്ഞത്” വർഷ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
“വെറുതെ അതുമിതും പറഞ്ഞ് നേരം കളയണ്ട പറയാനുള്ളതെന്താണെന്ന് നേരാംവണ്ണം തുറന്നു പറയ്… നീ ഇത്രമാത്രം ടെൻഷനടിക്കാനെന്തിരിക്കുന്നു? നീയും ഒരു ഓഫീസറുടെ ഭാര്യയല്ലേ?”
“ആഹ്, സത്യസന്ധനായ ഒരു ഓഫീസറുടെ ഭാര്യയായതു കാരണം വില കൂടിയ സാരികളോ, നല്ല പെർഫ്യൂമോ ഒന്നും എന്‍റെ പക്കൽ ഇല്ലല്ലോ. ഒരു കൈ സഹായത്തിന് ജോലിക്കാരുമില്ല. പത്രാസ്സു കാണിക്കാനും പറയാനും മാത്രം എന്താണ് എനിക്കുള്ളത്?”
വർഷയുടെ പരിഭവം കേട്ട് സൂരജ് പൊട്ടിച്ചിരിച്ചു. “അപ്പോ അതാണ് കാര്യം അല്ലേ? നിന്‍റെ എല്ലാ വിഷമവും ഞാനുടൻ തീർത്തു തരാം.”
എന്താവും സൂരജിന്‍റെ അടുത്ത നീക്കം. വർഷ ആശ്ചര്യഭാവേന സൂരജിനെ നോക്കി.
“വേണ്ടത്ര സൗന്ദര്യവർദ്ധക വസ്തുക്കളൊന്നുമില്ലെന്നതല്ലേ നിന്‍റെ വിഷമം. കുറെ ചായം പൂശിയെന്നു കരുതി സുന്ദരിയാവണമെന്നില്ല. നിന്‍റെ കാര്യം തന്നെ നോക്ക്… ആഭരണങ്ങൾ അധികമിട്ടിട്ടില്ല. വലിയ മേക്കപ്പൊന്നുമില്ല. എന്നിട്ടും വർഷാ, നീ സുന്ദരിയല്ലേ…”
വർഷ മറുപടി പറയാനൊരുങ്ങുന്നതു കണ്ട് സൂരജ് അവളുടെ വാ പൊത്തിപ്പിടിച്ചു. “ഇനി അടുത്ത പ്രശ്നം… ജോലിക്ക് ആളില്ലെന്നല്ലേ പരാതി. നിന്നെപ്പോലെ നല്ല ചുറുചുറുക്കും മിടുക്കുമുള്ള ഭാര്യയുണ്ടെങ്കിൽ പ്രത്യേകിച്ച് ജോലിക്കാർ വേണോ? ഒരു പാവം ഭർത്താവും രണ്ട് പാവം കുട്ടികളുമല്ലേയുള്ളൂ. മൂന്നുപേരുടെ കാര്യം നോക്കിയാൽ പോരേ. അപ്പോ അതിന് നീ തന്നെ ധാരാളം.” സൂരജ് അവൾക്കരികിൽ വന്നിരുന്നു.
ഭർത്താവിന്‍റെ തമാശ വർഷയ്ക്ക് ഒട്ടും ഇഷ്ടമായില്ല. “ഇനിയും വെറുതെ സോപ്പിട്ട് എന്നെ പറ്റിക്കാൻ നോക്കണ്ട. കുറച്ചു കൂടുന്നുണ്ട്. നിങ്ങളുടെ വാക്ക് വിശ്വസിക്കാൻ മാത്രം ഞാൻ മണ്ടിയല്ല.” അവൾ മുഖം കനപ്പിച്ചു പറഞ്ഞു.
വർഷയുടെ മുഖത്ത് ദേഷ്യവും വിഷാദവും ഇരച്ചു കയറുന്നു. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ സൂരജ് അല്പസമയം മിണ്ടാതിരുന്നു. വർഷയുടെ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് സൂരജ് തുടർന്നു, “വർഷാ, ഇതുവരെ നിന്‍റെ ഒരാഗ്രഹവും സാധിച്ചു തരാൻ എനിക്ക് സാധിച്ചിട്ടില്ല. ആ ഒരു വിഷമം എന്നെ അലട്ടുന്നുണ്ട്, സോറി.” സൂരജിന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.
“ഇനി മുതൽ ശമ്പളം നിന്നെ ഏല്പിക്കാം. നിനക്ക് ഇഷ്ടമുള്ളതു പോലെ ചെലവഴിക്കാം. വില കൂടിയ ഡ്രസ്സ് വാങ്ങുകയോ, സെർവന്‍റ്സിനെ വയ്ക്കുകയോ, ഭാവിയിലേക്ക് പണം കരുതി വയ്ക്കുകയോ എന്തുമാവാം. അരുതെന്നു പറഞ്ഞ് ഞാൻ ഇന്നേവരെ എന്തെങ്കിലുമൊരു കാര്യത്തിനു തടസ്സം നിന്നിട്ടുണ്ടോ? ഇനിയൊട്ടുണ്ടാവുകയുമില്ല. ഇതിലുമധികം സഹായം ചെയ്യാൻ എനിക്ക് കെല്പില്ല. പണം വെറുതെ ഒഴുക്കി കളയാനുള്ളതല്ലെന്ന മുതിർന്നവരുടെ വാക്ക് ഞാൻ മാനിക്കുന്നു. പണം വാരിക്കോരി ചെലവഴിക്കരുതെന്ന അഭിപ്രായമാണെനിക്ക് ഡിപ്പാർട്ട്മെന്‍റിൽ ഉന്നത ഉദ്യോഗമായതിനാൽ സെർവന്‍റ്സിനെ കിട്ടുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടില്ലെന്നത് വാസ്തവം തന്നെ. പക്ഷേ ഓഫീസ് ജോലികൾ ചെയ്യാൻ മാത്രമാണ് ഞാനവരെ ഏല്പിക്കാറുള്ളത്. ഉത്തരവാദിത്തമുള്ള സ്‌ഥാനമാനങ്ങളുടെ ദുരുപയോഗവും ചൂഷണവും. എനിക്ക് താല്പര്യമില്ല.”
“ഇനി തീരുമാനം നിന്‍റേതാണ്. ജീവിതത്തിന്‍റെ അമൂല്യ നിമിഷങ്ങൾ വൃഥാ പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
സൂരജിന്‍റെ മനസ്സിലെ അസ്വസ്ഥത വർഷ മനസ്സിലാക്കി. വർഷയ്ക്ക് കുറ്റബോധം തോന്നി. തന്‍റെ ഭർത്താവ് കുടുംബത്തെ എത്രമാത്രം സ്നേഹിക്കുന്നു. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നു.
ഓ! ഞാനിത് എന്തിനുള്ള പുറപ്പാടായിരുന്നു. സ്വർത്ഥ താല്പര്യത്തിനു വേണ്ടി ഭർത്താവിനെ പതനത്തിലേക്ക് നയിക്കുകയായിരുന്നില്ലേ. തന്‍റെ സ്വാർത്ഥതയ്ക്ക് വേണ്ടി സൂരജ് തന്‍റെ ആദർശങ്ങളെ ബലി കഴിച്ചില്ലല്ലോ. ഓരോന്നും ആലോചിക്കുന്നതിനിടയിൽ സൂരജിന്‍റെ ശബ്ദം കേട്ട് അവൾ ഞെട്ടി. “വർഷാ, എന്നോടു ദേഷ്യമാണോ? നാളെ ഓഫീസിൽ നിന്നും മടങ്ങി വരുമ്പോൾ പണം നിന്നെ ഏല്പിക്കാം. പിന്നെ നിനക്കിഷ്ടമുള്ള പോലെ ചെലവഴിക്കാമല്ലോ…”
“വേണ്ട സൂരജ്, എനിക്കൊന്നും വേണ്ട. നിങ്ങളും മക്കളും മടങ്ങുന്ന ഈ കൊച്ചു കുടുംബത്തോടൊപ്പം ഞാനെന്നും സന്തുഷ്ടയാണ്. ഞാനെന്തൊരു വിഡ്ഢിയാ. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഇതുവരെ തർക്കിക്കുകയായിരുന്നില്ലേ?”
വർഷ സംസാരം തുടർന്നു, “സത്യത്തിൽ ആ പോഷ് പെണ്ണുങ്ങളുടെയിടയിൽ ഞാൻ മാത്രം പലപ്പോഴും ഒറ്റപ്പെടുന്നതു പോലെ. മനസ്സ് കോംപ്ലക്സ് കൊണ്ടു നിറയും. അതുകൊണ്ടാ ഇനി മുതൽ ക്ലബ്ബിൽ പോകുന്നില്ലെന്നു പറഞ്ഞത്. പക്ഷെ അത് ഇത്രത്തോളമാവുമെന്ന് ഞാനൊരിക്കലും കരുതിയില്ല.”
വർഷയുടെ ഏറ്റുപറച്ചിൽ കേട്ട് സൂരജിന് ആശ്വാസം തോന്നി. ജീവിതത്തിലെ ഒരു ദുർഘടം പിടിച്ച ഘട്ടം തരണം ചെയ്തുവെന്നോണം സൂരജിന്‍റെ മുഖത്ത് സന്തോഷം അലതല്ലി.
“ഓ, അപ്പോ അതാണ് കാര്യം. നീ എന്നെ പരീക്ഷിക്കുകയായിരുന്നുവല്ലേ?”
വർഷയ്ക്ക് മറുപടി പറയുന്നതിന് അവസരം കൊടുക്കാതെ സൂരജ് തുടർന്നു. “നിനക്ക് ഈ ഇൻഫീരിയോരിറ്റി കോംപ്ലക്സൊക്കെ എന്നാണുണ്ടായത്? അനീതിക്കും കൈക്കൂലിക്കുമെതിരെ നീ എന്നും ശക്തമായി പ്രതികരിക്കുമായിരുന്നല്ലോ? തികഞ്ഞ ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ എത്ര വലിയ പ്രൗഢി കണ്ടാലും മനസ്സ് പതറുകയില്ല.”
സൂരജിന്‍റെ വാക്കുകൾ വർഷയിൽ മനം മാറ്റമുണ്ടാക്കി. വർഷ തികഞ്ഞ മനോബലത്തോടെ ക്ലബ്ബിൽ പോകാൻ തുടങ്ങി. അവിടത്തെ സാഹചര്യങ്ങളുമായി ഒത്തു പോകാൻ പഠിച്ചു. എന്നാൽ ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ക്ലബ്ബിൽ പോകേണ്ടെന്ന് വർഷ തീരുമാനിച്ചു.
വർഷ ആവശ്യപ്പെട്ടതനുസരിച്ച് സൂരജ് ഒരു തയ്യൽ മെഷീൻ വാങ്ങി. വർഷ തയ്യലും മറ്റുമായി വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. സമയം വേണ്ട രീതിയിൽ വിനിയോഗിക്കുവാനും വരുമാനം വർദ്ധിക്കുവാനും തുടങ്ങി.
ഒരു ദിവസം മിസിസ്സ് ജോളിനും മിസിസ്സ് നീലാംബരിയും വർഷയുടെ വീട്ടിലെത്തി.
“ക്ലബ്ബിലെ ന്യൂ ഇയർ ഡിന്നർ പാർട്ടി നാളെയാണ് വരണം.”
വർഷ ആദ്യം ചിരിയിൽ മറുപടി ഒതുക്കി. “അതിന് ഞാനിപ്പോൾ ക്ലബ്ബിലെ മെംബർ പോലുമല്ലല്ലോ?”
“അതു കാര്യമാക്കേണ്ട. പണ്ട് ക്ലബ്ബ് മെംബറായിരുന്നില്ലേ? ഇപ്പോഴെന്താ ക്ലബ്ബിലേക്ക് വരാത്തത്? ഓഹോ, ഇപ്പോ തയ്യലും എംബ്രോയ്ഡറിയുമൊക്കെ ചെയ്യുന്നുണ്ടോ? ഭർത്താവിൽ നിന്നും കാലണ കിട്ടാത്ത പെണ്ണുങ്ങളാണ് ഈ ജോലിയൊക്കെ ചെയ്യുക. സത്യത്തിൽ സൂരജിനെ തരം താഴ്ത്തുന്ന കാര്യമല്ലേയിത്? വർഷാ, നീ ശരിക്കുമെന്നാലോചിച്ചു നോക്ക്…” വെറുപ്പും പുച്ഛവും അവരുടെ സംസാരത്തിൽ തുളുമ്പി നിന്നു.
ആ വാക്കുകൾ വർഷയിൽ അമർഷം നിറച്ചെങ്കിലും ദേഷ്യം ഒട്ടും പുറത്തു കാട്ടാതെ ചിരിച്ചു കൊണ്ട് വർഷ അവരുടെ ക്ഷണം നിരസിച്ചു. അവർ മടങ്ങിയ ശേഷവും വർഷ ഏറെ നേരം ആലോചിച്ചിരുന്നു. വീട്ടിലെ വരുമാനം കൂട്ടാൻ നല്ലൊരു കൈത്തൊഴിലല്ലേ തയ്യൽ. താൻ അനാവശ്യമായി സമയം പാഴാക്കാതെ നല്ലൊരു കാര്യത്തിനല്ലേ വിനിയോഗിക്കുന്നത്. അതെങ്ങനെയാ ഭർത്താവിന് കളങ്കം വരുത്തുക. കുറേ ആഭരണങ്ങളും പട്ടുസാരിയുമുടുത്ത് ക്ലബ്ബിൽ പോയിട്ടാണോ ഭർത്താവിന്‍റെ അന്തസ്സു കാട്ടേണ്ടത്?
അതിനിടെ മിസ്റ്റർ റോണിക്ക് ചെന്നൈയിലേക്ക് ട്രാൻസ്ഫറായി. അവർ യാത്രയാവുന്നതിനു മുമ്പ് മിസിസ്സ് ജോളിനെ ചെന്നു കാണണം. വർഷ തീർച്ചയാക്കി. ക്ലബ്ബ് മെംബേഴ്സ് ഒട്ടുമിക്കവരും നേരത്തെ തന്നെ അവിടെയെത്തിയിരുന്നു. പാർട്ടി തിരക്കിനു ശേഷം വർഷ മിസിസ്സ് ജോളിന്‍റെ അരികിലെത്തി.
“ചെന്നൈയിൽ വരുമ്പോൾ വീട്ടിലേക്ക് വരണം.”
വർഷയുടെ അമ്മാവൻ ചെന്നൈയിലാണ് താമസിക്കുന്നതെന്ന് മിസിസ്സ് ജോളിന് അറിയാമായിരുന്നു.
“വരാം.” മടങ്ങുന്നതിനു മുമ്പായി വർഷ അവർക്ക് വാക്കു നൽകി.
രണ്ടു വർഷത്തിനു ശേഷം അമ്മാവന്‍റെ മകളുടെ വിവാഹാവശ്യത്തിനായി അവർ ചെന്നൈയിലെത്തി. വിവാഹത്തിരക്കുകൾ കഴിഞ്ഞതോടെ മിസിസ്സ് ജോളിനെ കാണണമെന്ന് വർഷ വാശിപ്പിടിച്ചു. മുമ്പ് നൽകിയ അഡ്രസ്സ് കൃത്യമല്ലാത്തതിനാൽ രണ്ടുമൂന്നു ദിവസം തിരച്ചിൽ തുടർന്നു. മടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ, സൂരജ് ഒരു കണക്കിന് അവരുടെ താമസസ്ഥലം കണ്ടുപിടിച്ചു. ധാരാളം ഊടുവഴികളിലൂടെ നീങ്ങി ഓട്ടോ ഒരു ചേരിപ്രദേശത്ത് നിന്നു. അവിടത്തെ ജീർണ്ണിച്ച പൊട്ടിപ്പൊളിഞ്ഞ വീടുകൾ കണ്ട് വർഷ അന്ധാളിച്ചു.
“സൂരജ്, ഇതു തന്നെയാണോ സ്ഥലം. അഡ്രസ്സൊക്കെ കറക്ട് അല്ലേ?”
“ഇതു തന്നെയാ സ്‌ഥലം. ഞാൻ രണ്ടുദിവസം മുമ്പ് ഇവിടെ വന്നതാ?” സൂരജിന്‍റെ ശബ്ദമിടറി. വർഷയ്ക്ക് ദേഷ്യം തോന്നി. രണ്ടു ദിവസം മുമ്പ് വന്നയാളാണോ അറിയില്ലെന്നു നുണ പറഞ്ഞത്.
“നീയിങ്ങനെ തുറിച്ചു നോക്കണ്ട. എന്‍റെ പുറകെ വന്നാൽ മാത്രം മതി.”
ഇടുങ്ങിയ വഴികൾ താണ്ടി ഒടുവിൽ അവർ ഇടിഞ്ഞുവീഴാറായ ഒരു വീടിനരികിലെത്തി. സൂരജ് പതിയെ വാതിലിൽ മുട്ടി.
“അല്ല, ഇതെന്തു തമാശയാ? നോക്കൂ ഇതു തന്നെയാണോ അവരുടെ വീട്? മിസിസ്സ് ജോളിൻ ഗവൺമെന്‍റ് ബംഗ്ലാവ് വേണ്ടെന്ന് വച്ച് എന്നുമുതലാ ഇങ്ങോട്ട് താമസം മാറ്റിയത്?”
“മിണ്ടരുത്.” സൂരജ് ആംഗ്യഭാഷയിൽ പറഞ്ഞു. അപ്പോഴേക്കും മിസിസ്സ് ജോളിൻ വാതിൽ തുറന്നു പുറത്തേക്കു വന്നു. വർഷയെ കണ്ട് മിസിസ്സ് ജോളിൻ ആദ്യമൊന്നു ഞെട്ടി.
“അകത്തേക്കു വരൂ…”
മിസിസ്സ് ജോളിനെ കണ്ട് വർഷ സ്തംഭിച്ചു നിന്നു. ഇതൊക്കെ വാസ്തവമാണെന്ന് തിരിച്ചറിയാൻ വർഷയ്ക്ക് സ്വല്പം സമയം വേണ്ടിവന്നു.
“ഞാനിപ്പോ വരാം. നിങ്ങൾ അകത്തിരുന്ന് സംസാരിക്ക്.” സൂരജ് പുറത്തേക്കിറങ്ങി നടന്നു.
ഔപചാരികമായി ഒന്നോ രണ്ടോ വാക്കുകൾ സംസാരിച്ച് മിസിസ്സ് ജോളിൻ അകത്തേക്കു പോയി. സ്വപ്നമോ, യാഥാർത്ഥ്യമോ? എന്‍റെ കണ്ണുകൾക്ക് തെറ്റുപറ്റിയതാവുമോ? ഒരു കാലത്ത് ഇംപോർട്ടഡ് പെർഫ്യൂമിന്‍റെ സുഗന്ധം, ക്ലബ്ബിൽ മിസിസ്സ് ജോളിന്‍റെ സാന്നിധ്യമറിയിച്ചിരുന്നു. ലേറ്റസ്റ്റ് സാരികളേയും ട്രെന്‍റിനെക്കുറിച്ചും മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു. പുതിയ ജ്വല്ലറി, സാരി, ഫർണിച്ചർ ഷോപ്പുകളെക്കുറിച്ച് അറിയണമെങ്കിൽ മിസിസ്സ് ജോളിനോടു ചോദിച്ചാൽ മതിയാവും. കുത്തുവാക്കു പറയാനും മിസിസ്സ് ജോളിൻ ഒട്ടും പിന്നിലല്ലായിരുന്നു. അതേ മിസിസ്സ് ജോളിനാണോ ഇത്?
കീറിപ്പറിഞ്ഞ സാധാരണ സാരിയുടുത്ത്. മേക്കപ്പ് എന്നു പറയാൻ നെറ്റിയിൽ ഒരു ചുവന്ന പൊട്ടുമാത്രം. ആഭരണമെന്നു പറയാൻ നാലഞ്ചു കുപ്പിവള, കൈകളിലും.
ചായഗ്ലാസ് മേശപ്പുറത്തു വയ്ക്കുന്ന ശബ്ദം കേട്ട് ചിന്താമഗ്നയായിരുന്ന വർഷയുടെ ശ്രദ്ധ തിരിഞ്ഞു. മുളകുപൊടിയും വിയർപ്പും കലർന്ന ഗന്ധമായിരുന്നു അവരുടേത്. വർഷയ്ക്ക് താനേതോ മാന്ത്രികലോകത്ത് വന്നെത്തിയപോലെ തോന്നി. മിസിസ്സ് ജോളിനെ പോലൊരു ധനിക-ദരിദ്രയായതിനു പിന്നിലുള്ള രഹസ്യമറിയാനായി വർഷയുടെ മനസ്സ് വെമ്പൽ കൊണ്ടു. സത്യാവസ്‌ഥ ചോദിച്ചറിയണമെന്നുണ്ടായിരുന്നു വർഷയ്ക്ക്. മനസ്സിൽ തിളച്ചു മറിയുന്ന ചോദ്യങ്ങൾ അറിയാതെ അവളുടെ നാവിൻ തുമ്പിൽ വന്നു, “ഇതെന്തുപറ്റി? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ?”
ദുഃഖമടക്കാനാവാതെ മിസിസ്സ് ജോളിന്‍റെ കണ്ണ് നിറഞ്ഞു. “എന്തു പറയാനാ വർഷാ? കഷ്ടകാലത്തിനിടയിൽ കല്ലുമഴയും എന്നു പറഞ്ഞതു പോലെയായിരുന്നു ഞങ്ങളുടെ അവസ്‌ഥ. ഇവിടെ വന്ന് ഒരു മാസമായപ്പോഴേക്കും അദ്ദേഹത്തെക്കുറിച്ച് ആരോ പരാതി ൽകി. ഇക്കാലത്ത് കൈക്കൂലി വാങ്ങാത്തവരുണ്ടോ? ഹരിശ്ചന്ദ്രനെപ്പോലെ നൂറുശതമാനം സത്യസന്ധതയുള്ളവർ കാണുമോ? ഞങ്ങൾ സുഖമായി ജീവിക്കുന്നതു കണ്ട് ആർക്കൊക്കെയോ അസൂയ തോന്നിക്കാണും.”
മിസിസ്സ് ജോളിൻ കുറ്റബോധത്തോടെ നിലത്തു നോക്കിയാണ് സംസാരിച്ചത്. “കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഒരു ദിവസം പോലീസ് വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. അദ്ദേഹമിപ്പോൾ ജയിലിലാണ്. ഞങ്ങളുടെ വീടും സ്വത്തുമൊക്കെ പണയത്തിലും. ബന്ധുക്കളുടെ ഒരു വിവരവുമില്ല.” മിസിസ്സ് ജോളിന്‍റെ തൊണ്ട ഇടറി.
വർഷ സശ്രദ്ധം എല്ലാം കേട്ടുകൊണ്ടിരുന്നു. അവരെ എങ്ങനെ ആശ്വസിപ്പിക്കണം? വർഷ വിഷമിച്ചു.
കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം മിസിസ്സ് ജോളിൻ ദയനീയമായി വർഷയെ നോക്കി. “സമ്പത്ത് ഉള്ള കാലത്ത് കൂടെ നടന്നവരെയൊന്നും ഇപ്പോ കാണാനേയില്ല. പരിചയക്കാരെന്നു പറയാനും മാത്രം ദാ… ഇപ്പോൾ നിങ്ങൾ മാത്രം….”
അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന സൂരജ് ചോദിച്ചു, “നിങ്ങൾക്ക് തയ്യൽ അറിയാമോ?”
“ഉവ്വ്… അറിയാം.”
“എന്നാൽ പിന്നെ ഒരു തയ്യൽ മെഷീൻ വാങ്ങിക്കൂടേ? നിങ്ങൾക്ക് ഈ അവസ്‌ഥയിൽ ഒരു സഹായമാവും. വെറുതെ സമയം പാഴാക്കേണ്ട.”
ഇതുകേട്ട് മിസിസ്സ് ജോളിൻ ശരിക്കും ഞെട്ടി. മുമ്പ് വർഷയുടെ വീട്ടിൽ തയ്യൽ മെഷീൻ കണ്ട് താൻ എന്തുമാത്രം പരിഹസിച്ചതാണ്. മിസിസ്സ് ജോളിന്‍റെ മുഖം വാടുന്നതു കണ്ട് വർഷ അവരെ സമാധാനിപ്പിച്ചു.
“ഞാൻ പറഞ്ഞത് തെറ്റായ അർത്ഥത്തിലെടുക്കരുത്. പരിശ്രമവും സ്വന്തമായി തൊഴിൽ ചെയ്യുന്നതും നല്ലതാണ്. അധ്വാനിക്കുന്നതിലൂടെ മനുഷ്യൻ അധഃപതിക്കുകയല്ല മറിച്ച് ഉയരങ്ങൾ കീഴടക്കുകയാണ് ചെയ്യുന്നത്.” സൂരജ് പറഞ്ഞു.
അപരാധബോധം കാരണം മിസിസ്സ് ജോളിൻ മുഖമുയർത്തി അവരെ നോക്കിയതു പോലുമില്ല. ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അവർ പഠിച്ചിരുന്നു.
“ഞാൻ നാളെത്തന്നെ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ചെറിയ തവണകളായി പണമടച്ച് ഉടനെ ഒരു തയ്യൽ മെഷീൻ വാങ്ങണം. എന്‍റെ മക്കളുടെ ഭാവി… അതുമാത്രമാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.” ജോളിൻ മുഖം തുടച്ചു.
മടങ്ങുന്നതിനു മുമ്പായി സൂരജ് ഒരു കവർ മിസിസ്സ് ജോളിന്‍റെ കൈകളിൽ ഏല്പിച്ചു.
“ദയവായി ഇതു വാങ്ങണം. നിങ്ങളുടെ ഭർത്താവ് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ആ സൗഹൃദത്തിന്‍റെ പേരിൽ ഇത്രയുമെങ്കിലും ചെയ്യേണ്ടത് എന്‍റെ കർത്തവ്യമല്ലേ. ഒരു തയ്യൽ മെഷീൻ വാങ്ങാനുള്ള മുഴുവൻ പണവും ഇതിലുണ്ട്. നിങ്ങൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളെ അറിയിക്കാൻ മടിക്കരുത്.” പിന്നെ അധികനേരം അവരവിടെ നിന്നില്ല.
വർഷയും സൂരജും വൃത്തിഹീനമായ ആ ഇടുങ്ങിയ തെരുവിലൂടെ ദ്രുതഗതിയിൽ നടന്നു. “പാവം… അവരുടെ കാര്യം കഷ്ടം തന്നെ. അവർക്കിങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല.” വർഷയുടെ ഞെട്ടൽ മാറിയിരുന്നില്ല.
“ഈ ലോകം വളരെ വലിയതാണ് വർഷാ. പലതരക്കാരുണ്ട് ഇവിടെ. കൂടുതൽ സെന്‍റിമെന്‍റലാവണ്ട. മനുഷ്യത്വത്തിന്‍റെ പേരിൽ നമുക്കാവും വിധം നാം ചെയ്തിട്ടുണ്ട്.” സൂരജിന്‍റെ നടത്തത്തിന് വേഗത കൂടി.
സ്വപ്നവും യാഥാർത്ഥ്യവും തിരിച്ചറിയാനായാൽ ജീവിതം മഴവില്ലു പോലെ മനോഹരമായിത്തീരും. നഗരത്തിരക്കിലൂടെ കാർ വേഗം കണ്ടെത്താൻ ശ്രമിക്കുമ്പോഴും വർഷ ഭർത്താവിനോട് ചേർന്നിരുന്നു.