രാവിലെ ആറ് ആറരയ്ക്ക് ഉണരും. മനസ്സില്ലാമനസ്സോടെ അടുക്കളയിൽ കയറി ഏറ്റവുമെളുപ്പം പാകം ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഭക്ഷണമുണ്ടാക്കും. ബ്രഡും ജാമും ഇരിപ്പുണ്ടെങ്കിൽ ഹാവൂ, ഇനി വേറെ ബ്രേക്ഫാസ്റ്റുണ്ടാക്കി മെനക്കെടേണ്ടല്ലോ എന്ന് സമാധാനിക്കും.

കുട്ടികൾക്കും ഭർത്താവിനും ഭക്ഷണം നൽകി അവരെ സ്കൂളിലേക്കും ഓഫീസിലേക്കും പറഞ്ഞയച്ചു കഴിഞ്ഞാൽ ഒരു യുദ്ധമൊഴിഞ്ഞ പ്രതീതിയായിരിക്കും വീട്ടമ്മയ്ക്ക്.

പിന്നെയാണ് അവരുടെ ഒരു ദിവസം ശരിക്കും തുടങ്ങാൻ പോകുന്നത്. നേരേ ചെന്നു വീഴുകയാണ് ടിവിക്കു മുന്നിൽ. ചാനലുകൾ മാറ്റി മാറ്റി ഇഷ്ടപ്പെട്ട സീരിയലുകൾ ഒന്നൊഴിയാതെ കണ്ടിരിക്കെയാവും വേലക്കാരിയുടെ വരവ്. എക്സ്പ്രസ്സ് വേഗതയിൽ വീട്ടുജോലികളൊക്കെയും തീർത്ത് വേലക്കാരിയും വിട വാങ്ങുന്നതോടെ വീട്ടമ്മ പതിവുപോലെ ഫോണിൽ ബന്ധുക്കളേയും കൂട്ടുകാരികളേയും വിളിച്ച് കുശലാന്വേഷണം തുടങ്ങും. പരദൂഷണവും പാരവെയ്പും കഴിയുമ്പോഴേക്കും സമയം ഉച്ചയാകും. സ്കൂളിൽ നിന്നും മടങ്ങി വരുന്ന കുട്ടികൾക്ക് ഭക്ഷണവും കൊടുത്ത് കളിക്കാനയച്ചശേഷം വീട്ടമ്മ പതിയെ നാട്ടുവിശേഷം അറിയാനായി അടുത്ത വീട്ടിലേയ്ക്ക് പായുന്നു…

ഇത് ഒരാളുടെ മാത്രം കഥയല്ല. ഇങ്ങനെ ധാരാളം വീട്ടമ്മമാരുണ്ട്. ഓരോ ദിവസവും എത്ര സമയമാണ് അവർ അനാവശ്യകാര്യങ്ങൾക്കായി പാഴാക്കി കളയുന്നത്. ബാഹ്യമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റുന്ന എത്രയോ സ്ത്രീകളുണ്ട്. ചില വീട്ടമ്മമാരെ ശ്രദ്ധിച്ചിട്ടില്ലേ…. സകല സമയവും ആക്റ്റീവായിരിക്കും. ബാങ്കിൽ പോയി ഇടപാട് നടത്തുക, ഗ്യാസ് ബുക്ക് ചെയ്യുക, ഇലക്ട്രിസിറ്റി- ടെലിഫോൺ ബിൽ അടയ്ക്കുക… വീട്ടിലെ സകല ഉത്തരവാദിത്തങ്ങളും ഇവർ തനിയെ ചെയ്യും. വരുമാനം കണ്ടെത്താൻ ചില്ലറ സ്വയം തൊഴിൽ ചെയ്യുന്നവരും കാണും.

ജോലി 2-3 മണിക്കൂറിൽ

ഭക്ഷണം പാകം ചെയ്യുക, കഴിക്കുക, ഉറങ്ങുക, ഇതാണ് വീട്ടുവേലയ്ക്കാരുള്ള വീട്ടമ്മമാരുടെ പൊതുവായ രീതി. കുട്ടികൾക്ക് ജങ്ക്ഫുഡ് ഇഷ്ടമാണെങ്കിൽ അതും വലിയൊരു സൗകര്യമായി കരുതുന്നവരുണ്ട്. കാരണം, ഫുഡ് പുറത്തു നിന്ന് വാങ്ങിയാൽ മതിയാല്ലോ. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ കുറഞ്ഞത് രണ്ടു വേലക്കാരികളെയെങ്കിലും വെയ്ക്കുന്നത് പതിവാണിപ്പോൾ. ഇത്തരം സമ്പന്ന ഗൃഹങ്ങളിൽ അംഗങ്ങൾ കുറവായിരിക്കുകയും ചെയ്യും. മുതിർന്ന കുട്ടികളാണെങ്കിൽ ഹോസ്റ്റലിലും മറ്റും നിന്ന് പഠിക്കുന്നവരുമാകാം. ജോലി സംബന്ധമായി വിദേശത്തോ മറുനാട്ടിലോ ആയിരിക്കും ഭർത്താക്കന്മാർ. ഇത്തരം സാഹചര്യങ്ങളിലുള്ള വീട്ടമ്മയ്ക്ക് ജീവിതമെപ്പോഴും ഒഴിവുകാലമായിരിക്കും. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.

ഒഴിവുസമയം വേണ്ട

ശാരീരികവും മാനസികവുമായ ഊർജ്ജസ്വലത കൈവരികാകൻ കൂടുതൽ പ്രവൃത്തികളിൽ ഏർപ്പെടുക. ഇഷ്ടമുള്ള ജോലികളിൽ ഏർപ്പെട്ട് ജീവിതത്തിന് കൂടുതൽ തിളക്കവും സൗന്ദര്യവും പകരാം. മാർക്കറ്റിൽ പോയി വീട്ടുസാധനങ്ങൾ വാങ്ങുക. വീട് വൃത്തിയാക്കുക, വീട് പുതിയ രീതിയിൽ സജ്ജീകരിക്കുക, കർട്ടൻ കഴുകുക, അലമാരിയിൽ വസ്ത്രങ്ങൾ വൃത്തിയോടെ മടക്കി വയ്ക്കുക, പൂന്തോട്ടം നിർമ്മിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന സംതൃപ്തി എത്ര വലുതാണ്.

ഫിറ്റ്നസിന് ജോലി

ടിവിയിലും സിനിമയിലും കാണുന്ന സുന്ദരിമാരെപ്പോലെ ശരീരസൗന്ദര്യം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്? 30 വയസ്സ് പിന്നിടുന്നതോടെ സ്വന്തം ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ പുലർത്തുന്വരാണ് ഭൂരിഭാഗം പേരും. ഇത് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളും ക്ഷണിച്ചു വരുത്തും. അമിതവണ്ണവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചില ഉദാഹരണങ്ങൾ മാത്രം. ശരീരത്തിനു വ്യായാമം ലഭിക്കാത്തതു മൂലമാണ് ഇതുകൊണ്ടാകുന്നത്. വീട്ടിലെ എല്ലാ ജോലിക്കും പ്രത്യേകം വേലക്കാരി വേലക്കാരികളുണ്ടെന്ന് പറയുന്നത് ഇന്ന് സ്റ്റാറ്റസ് സിംബലാണ്. ഈ പൊങ്ങച്ചം സ്വന്തം ശരീരത്തി് തന്നെ വിനയാകുമെന്ന് പറയേണ്ടതില്ലല്ലോ. അദ്ധ്വാനമില്ലായ്മയും അമിത ഭക്ഷണവും അനാരോഗ്യകരമായ ജീവിത രീതിയുമൊക്കെ കടുത്ത വെല്ലുവിളികളാകുന്നു.

അഭിരുചികൾ വളർത്തുക

ഏതൊരു വ്യക്തിയുടേയും ഉള്ളിന്‍റെയുള്ളിൽ കലാഭിരുചി ഒളിഞ്ഞിരിപ്പുണ്ടാവും. കഴിവ് തിരിച്ചറിഞ്ഞ് വളർത്തിയെടുക്കാനുള്ള അവസരമൊരുക്കണം. മനസ്സിനും ശരീരത്തിനും അത് പോസിറ്റീവ് എനർജി നൽകും. ഒഴിവുവേളകൾ അതിനായി മാറ്റി വയ്ക്കാം. പെയ്ന്‍റിംഗ്, സംഗീതം, പാചകം, തയ്യൽ എംബ്രോയ്ഡറി വർക്ക്, പൂന്തോട്ട നിർമ്മാണം തുടങ്ങിയ ഹോബികൾ ഒഴിവുവേളകളെ സുന്ദരമാക്കും. ഗൃഹനാഥയുടെ ക്രിയാത്മശേഷി ചുറ്റുമുള്ളവർ തിരിച്ചറിയാനും അംഗീകരിക്കാനും അത് അവസരമൊരുക്കും.

പരാതികൾ വേണ്ട

വേലക്കാരി ശരിയായി ജോലി ചെയ്യുന്നില്ല, കുട്ടികൾ അനുസരിക്കുന്നില്ല, പച്ചക്കറിക്കാരൻ കൂടുതൽ വിലയെടുക്കുന്നു എന്നിങ്ങനെയുള്ള വീട്ടമ്മയുടെ പരാതികൾ അവരുടെ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്. മിക്ക പരാതികളും സ്വയം പരിഹരിക്കാവുന്നതേയുള്ളൂ. വീട്ടുവേലക്കാരി ശരിയായി ജോലി ചെയ്യുന്നില്ലെങ്കിൽ ആ ജോലി സ്വയമേറ്റെടുത്ത് ഭംഗിയാക്കുകയല്ലേ ലളിതമാർഗ്ഗം? വീട്ടുജോലി സ്വയം ചെയ്യുന്നതിലൂടെ ചെലവ് ചുരുക്കാം. കൂടാതെ മാർക്കറ്റിൽ പോയി വിലനിലവാരം നോക്കി ബുദ്ധിപൂർവ്വം സാധനങ്ങൾ വാങ്ങിക്കുന്നതിലും ഗൃഹനാഥയ്ക്ക് സാമർത്ഥ്യം തെളിയിക്കാനാവും. വീട്ടിലെ ഏത് കാര്യത്തിനും പ്ലാനിംഗ് വേണം. പുതിയ ഉൽപന്നങ്ങളേതാണ്, ഗുണമേന്മ, വില നിലവാരം എന്നീ കാര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ച് സാധനങ്ങൾ വാങ്ങുന്നത് പണലാഭമുണ്ടാക്കും.

വീട്ടമ്മ- ഒരു മാതൃക

വീട്ടുജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിലൂടെ കുട്ടികൾക്കും ഭർത്താവിനും പകരുകയാണ് വീട്ടമ്മ ചെയ്യുന്നത്. ഗൃഹനാഥയെ വീട്ടുജോലികളിൽ സഹായിക്കാനായി ഭർത്താവും കുട്ടികളും മുന്നോട്ടുവരും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ പങ്കിട്ട് ചെയ്യുന്നതിലൂടെ കുടുംബാംഗങ്ങൾ തമ്മിൽ നല്ലൊരടുപ്പം സൃഷ്ടിക്കപ്പെടും. ഒഴിവു സമയങ്ങളിൽ മടി പിടിച്ചിരിക്കാതെ കുട്ടികൾക്ക് ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടക്കി നൽകുന്നത് അവരിൽ ആഹ്ലാദവും സ്നേഹവും നിറയ്ക്കും. ഹോബിയിൽ ഏർപ്പെടുന്നതും മനസ്സിൽ സന്തോഷമുളവാക്കും.

മടി പിടിച്ചിരിക്കുന്ന വീട്ടമ്മയിൽ നിന്ന് ഊർജ്ജസ്വലതയും കർമ്മനിഷ്ഠയുമായ വീട്ടമ്മയായി നിങ്ങൾ മാറുമ്പോൾ വീടിന്‍റെ മൊത്തം അന്തരീക്ഷം തന്നെ മാറും. കുടുംബാംഗങ്ങളിലെല്ലാം അത് പോസിറ്റീവ് എനർജി നിറയ്ക്കും.

और कहानियां पढ़ने के लिए क्लिक करें...