സാന്ദ്രാ ഫിലിപ്പിന് എപ്പോഴും തിരക്കാണ്. പക്ഷേ, കൂൾ ആണ് കക്ഷി. സദാ പ്രസന്നമായ മുഖത്തോടെ മാത്രമേ അവരെ കണ്ടിട്ടുള്ളൂ. ഈയിടെ പ്രൊമോഷനായി, കൂടുതൽ ഉത്തരവാദിത്വവുമായി. എന്നിട്ടും വീട്ടിലെ കാര്യങ്ങളും ഔദ്യോഗികമായ കാര്യങ്ങളും അവർ നന്നായി മാനേജ് ചെയ്തു കൊണ്ടു പോകുന്നു. അയൽക്കാരിയായ സ്‌മിതയ്‌ക്ക് അവരുടെ കാര്യം ഓർക്കുമ്പോൾ തന്നെ അദ്‌ഭുതമാണ്. വീട്ടമ്മയായ സ്‌മിതയ്‌ക്ക് തന്നെ ഒന്നിനും സമയം തികയുന്നില്ല. സ്‌മിതയുടെ ടൈം മാനേജ്‌മെന്‍റ് ശരിയല്ലെന്ന് ഭർത്താവ് എപ്പോഴും പറയുകയും ചെയ്യും. ഒരിക്കൽ സമയത്തിന് ഭക്ഷണം തയ്യാറാകാത്തതിനാൽ കുട്ടികളെ സ്‌കൂളിൽ അയയ്ക്കാൻ കഴിയാതെ വന്നിട്ടുമുണ്ട്.

സാന്ദ്രാ ഫിലിപ്പ്, ജോലിഭാരം കുറയ്‌ക്കാനും സമയം ലാഭിക്കാനുമുള്ള വഴികൾ സ്‌മിതയ്‌ക്ക് പറഞ്ഞുകൊടുക്കുന്നു. നിങ്ങളും അത് അപ്ലൈ ചെയ്‌തു നോക്കൂ. എന്നിട്ട് സാന്ദ്രാ ഫിലിപ്പിനെ പോലെ കൂൾ ആയി നടക്കൂ…

വീട്ടുവേലക്കാരി ഒരു സുഹൃത്ത്

വീട്ടുത്തരവാദിത്തവും ഔദ്യോഗികരംഗവും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിന് ചില എളുപ്പവിദ്യകളുണ്ട്. അതിലൊന്നാണ് നല്ല കാര്യശേഷിയും ഉത്തരവാദിത്തബോധവുമുള്ള വീട്ടുവേലക്കാരി ഉണ്ടായിരിക്കുകയെന്നത്.

അത്തരത്തിലുള്ള ഒരു സഹായിയുടെ സാന്നിധ്യം വലിയൊരാശ്വാസം പകരാം.

  • പച്ചക്കറി മുറിക്കുക
  • ആട്ട കുഴയ്‌ക്കുക
  • വെള്ളം നിറച്ചു വയ്‌ക്കുക
  • വീടും പരിസരവും വൃത്തിയാക്കുക
  • തുണിയലക്കുക
  • അലക്കി ഉണക്കിയ തുണി മടക്കിവയ്‌ക്കുക
  • പച്ചക്കറി കഴുകി വെള്ളം വാർത്ത് ഫ്രിഡ്‌ജിൽ കൃത്യമായി വയ്‌ക്കുക.

ഇതെല്ലാം തന്നെ ഒരു ഗൃഹനാഥയെ സംബന്ധിച്ച് സമയലാഭമുണ്ടാക്കുന്ന പ്രവൃത്തികളാണ്. ഒരു പക്ഷേ രാവിലെ ഒരു മണിക്കൂർ ഇതുവഴി ബോണസായി ലഭിക്കാം.

വീട്ടിൽ പാർട്ടി സംഘടിപ്പിക്കുകയോ അല്ലെങ്കിൽ അവിചാരിതമായി രാത്രി ഡിന്നറിന് അതിഥികൾ വരികയോ ചെയ്താൽ ടേബിൾ സെറ്റ് ചെയ്യാനും വീടൊരുക്കാനും പച്ചക്കറി മുറിക്കാനുമൊക്കെ പരിചാരികയുടെ സഹായമാവശ്യമായി വരാം. വേലക്കാരി സഹായിക്കാൻ സന്നദ്ധയാകുന്ന പക്ഷം അവരുടെ സഹായമനസ്‌കതയെ മാനിക്കുക. അത്തരം സന്ദർഭങ്ങളിലുള്ള സേവനങ്ങൾക്ക് അധിക ശമ്പളം നൽകുക. അധിക സമയം ജോലി ചെയ്‌തതിനുള്ള പാരിതോഷികമെന്ന നിലയിൽ ഇതവരിൽ സന്തോഷമുളവാക്കും.

ഓരോ ദിവസവും ഇത്തിരിനേരം

ഉദ്യോഗസ്‌ഥയാവുമ്പോൾ വീട്ടിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാൻ കഴിയാതെ വരാം. എല്ലാ കാര്യത്തിനുമായി വേലക്കാരിയെ ആശ്രയിക്കുകയെന്നത് ശരിയാകണമെന്നില്ല. ഈ സാഹചര്യത്തിൽ ചില ജോലികൾ ആഴ്‌ചയവസാനത്തേക്ക് മാറ്റി വയ്‌ക്കുക സാധാരണമാണ്. ഇത് പലപ്പോഴും നമ്മുടെ ഒരവധി ദിവസത്തെയാവും നശിപ്പിച്ചു കളയുക. അതൊഴിവാക്കാനായി ദിവസവും ഇത്തിരി സമയം അത്തരം ജോലിക്കായി മാറ്റി വയ്‌ക്കുക. അങ്ങനെയായാൽ ഒരു അവധി ദിവസം മൊത്തമായി വിശ്രമദിവസമായി ലഭിക്കാം.

വസ്‌ത്രമലക്കൽ

രണ്ട് ദിവസം കൂടുമ്പോൾ വസ്‌ത്രമലക്കുക. വാഷിംഗ്‌മെഷീനിൽ അലക്കേണ്ടതും അല്ലാത്തതുമായ വസ്‌ത്രങ്ങൾ വേർതിരിച്ച് കഴുകിയിടുക. ഇത് ജോലി കൂടുതൽ എളുപ്പമുള്ളതാക്കും. ഒഴിവ്വേള വായനയ്‌ക്കോ ഔട്ടിങ്ങിനോ ആയി വിനിയോഗിക്കാം.

ഓരോ ദിവസത്തിന് ഓരോ ടാസ്‌ക്

സ്വന്തം വാർഡ്രോബ് അടുക്കി ഒതുക്കി വയ്‌ക്കണം. അല്ലെങ്കിൽ ന്യൂസ്‌പേപ്പറും പഴയ ബുക്കുമൊക്കെ മാറ്റി വയ്‌ക്കണം എന്ന തീരുമാനത്തിലാണോ? എങ്കിൽ ആ ജോലി ആഴ്‌ചയവസാനത്തേക്ക് മാറ്റിവയ്‌ക്കാം. ടിവി കണ്ടുകൊണ്ടോ, പാട്ടു കേട്ടുകൊണ്ടോ ആ ജോലി ഭംഗിയായി പൂർത്തീകരിക്കാം. ജോലിയുടെ മുഷിപ്പോ ബുദ്ധിമുട്ടോ അറിയുകയുമില്ല.

സാങ്കേതിക ജ്‌ഞാനം

ഉദ്യോഗസ്‌ഥയെന്ന നിലയിൽ സാങ്കേതികമായ ജ്‌ഞാനവും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനുമുള്ള കഴിവും നമ്മുടെ സമയത്തെ മികച്ചതാക്കും. ചില ഗാഡ്‌ജറ്റുകൾ അത്തരത്തിൽ നമുക്ക് ഏറെ പ്രയോജനപ്രദമാകാറുണ്ട്. ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ എന്നിവ.

കുക്ക് ആന്‍റ് ഫ്രീസ്

ആഴ്‌ചയവസാനം രണ്ടോ മൂന്നോ വിഭവങ്ങൾ പാകം ചെയ്ത് ഫ്രിഡ്‌ജിൽ ഭംഗിയായി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ അൽപാൽപമെടുത്ത് മൈക്രോവേവിൽ ചൂടാക്കി ഉപയോഗിക്കാം. ഏതെങ്കിലും ദിവസം ഉണരാൻ വൈകിയാലോ അല്ലെങ്കിൽ ഓഫീസിൽ നിന്നും അവിചാരിതമായി വീട്ടിൽ വൈകിയെത്തിയാലോ കുടുംബാംഗങ്ങൾക്ക് ഈ വിഭവങ്ങൾ സ്വയം ചൂടാക്കി കഴിക്കാമല്ലോ.

ഭക്ഷണവും പാചകവും

പാചകം അൽപം കുഴപ്പം പിടിച്ച ജോലിയാണല്ലോ. ഓരോ ദിവസവും എന്തുണ്ടാക്കണമെന്ന കൺഫ്യൂഷൻ ചിലപ്പോൾ ഗൃഹനാഥയ്‌ക്ക് തലവേദനയുണ്ടാക്കാം. പക്ഷേ അൽപം കൗശലം പ്രയോഗിച്ചാൽ ഇത്തരം പ്രയാസങ്ങളെ മറികടക്കാവുന്നതേയുള്ളൂ. കാര്യം സിമ്പിളാണ്. ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ഒരാഴ്‌ച ഭംഗിയായി പ്ലാൻ ചെയ്യുക

മുൻകൂട്ടി ഒരാഴ്‌ചത്തേക്കുള്ള മെനു പ്ലാൻ ചെയ്യുക. മെനുവിന് ആവശ്യമായ വസ്‌തുക്കളും ചേരുവകളും ഒരാഴ്‌ചത്തേക്ക് തയ്യാറാക്കി വയ്‌ക്കാൻ പ്ലാനിംഗ് സഹായിക്കും.

ചേരുവകളെല്ലാം റെഡിയാക്കി വയ്‌ക്കാം

പച്ചക്കറി അരിയുന്നത് സമയനഷ്‌ടമുണ്ടാക്കുന്ന ജോലിയാണല്ലോ. ഈ ജോലി കുടുംബാംഗങ്ങളോ വേലക്കാരിയോ ഏറ്റെടുക്കുകയാണെങ്കിൽ ആ സമയം നിങ്ങൾക്ക് മറ്റ് ഏതെങ്കിലും ജോലിക്കായി വിനിയോഗിക്കാം. നോൺ വെജിറ്റേറിയനാണെങ്കിൽ ചിക്കൻ/മത്സ്യം എന്നിവ മാരിനേറ്റ് ചെയ്ത് ഫ്രീസറിൽ സൂക്ഷിക്കാം. കറികൾക്കാവശ്യമുള്ളത് മുൻകൂട്ടിയരച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് സമയനഷ്‌ടം ഒഴിവാക്കാൻ സഹായിക്കും. അതുപോലെ പരിപ്പ്, പയർ എന്നിവ കുക്കറിൽ വേവിച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ പുറത്തെടുത്ത് കറി തയ്യാറാക്കാം.

സമയം കിട്ടുമ്പോൾ ഉള്ളി, വെളുത്തുള്ളി എന്നിവ തൊലി നീക്കി കഴുകി വൃത്തിയാക്കി വയ്‌ക്കാം. കറിക്ക് ചേർക്കാനുള്ള കറിവേപ്പില, മല്ലിയില എന്നിവ കഴുകി കണ്ടെയ്‌നറിൽ അടച്ചു സൂക്ഷിക്കാം. ഫ്രഷ്‌നസ് ഒട്ടും നഷ്‌ടപ്പെടുകയുമില്ല.

ക്വിക്ക് ലഞ്ച് ബോക്‌സ്

ഭർത്താവിനോ കുട്ടികൾക്കോ ലഞ്ച് കൊണ്ടുപോകണമെന്നുണ്ടെങ്കിൽ ഡിന്നറിനുള്ള ഭക്ഷണത്തിന്‍റെ അളവ് വർദ്ധിപ്പിക്കുകയെന്നതാണ് ഏറ്റവും നല്ല ഐഡിയ. ഐറ്റങ്ങളുടെ അളവാണ് വർദ്ധിപ്പിക്കേണ്ടത്. രാത്രി ഭക്ഷണം കഴിഞ്ഞ് ബാക്കിവരുന്ന കറി തണുത്ത ശേഷം ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. കറി സ്‌റ്റോക് ഉണ്ടെങ്കിൽ രാവിലെ ഒരു ടെൻഷനുമില്ലാതെ ബ്രേക്‌ഫാസ്‌റ്റും ചോറും തയ്യാറാക്കിയാൽ മതി. രാവിലെ ബ്രേക്‌ഫാസ്‌റ്റിന് സാൻവിച്ചാണ് തയ്യാറാക്കുന്നതെങ്കിൽ ഫില്ലിംഗിന് ആവശ്യമായ പച്ചക്കറികൾ മുൻകൂട്ടി തയ്യാറാക്കാം.

ഡ്രസ്സിംഗ് ആന്‍റ് മേക്കപ്പ്

അൽപം ബുദ്ധിയും ചാതുര്യവും ഉണ്ടെങ്കിൽ ഡ്രസ്സിംഗിലും മേക്കപ്പിലും സമയലാഭമുണ്ടാക്കാം. എന്താണ് പിറ്റേന്ന് ധരിക്കേണ്ടത് എന്നത് തലേന്ന് തന്നെ തീരുമാനിക്കാം. രാത്രി ടിവി കാണുന്ന സമയം വസ്‌ത്രം തെരഞ്ഞെടുക്കാം. ഒപ്പം അവ വൃത്തിയായി അയൺ ചെയ്തു വയ്‌ക്കാം. ഒരാഴ്‌ചത്തേക്കുള്ള വസ്‌ത്രങ്ങൾ ഒരുമിച്ച് അയൺ ചെയ്ത് വച്ചാൽ സമയലാഭത്തോടൊപ്പം വൈദ്യുതിയുടെ ഉപയോഗവും കുറയ്‌ക്കാം. രാവിലത്തെ ടെൻഷനും തിരക്കും ഒഴിവാക്കുകയും ചെയ്യാം.

ഒരേ സമയം രണ്ടു കാര്യം

ഒരേ സമയത്ത് രണ്ടു ജോലികളിൽ ഏർപ്പെടാനായാൽ സമയം ലാഭിക്കാം. അതിനുള്ള വൈദഗ്‌ദ്ധ്യം നേടാനായാൽ വീട്ടിൽ ഫ്രീയായിട്ടിരിക്കാനും സമയം ലഭിക്കും. ഒരേ സമയം സമാന്തരമായി പല ജോലികളും സൗകര്യമനുസരിച്ച് ചെയ്താൽ ഗൃഹനാഥയെ സംബന്ധിച്ച് അതൊരു മികച്ച കോർഡിനേറ്റിംഗ് ആണ്. ഒരേ സമയം ചെയ്യാൻ കഴിയുന്നതായ ജോലികൾ ഏതെന്ന് തിരിച്ചറിയുക പ്രധാനമാണ്. ഉദാ: പാചകം ചെയ്യുന്നതിനിടയിൽ വാഷിംഗ് മെഷീനിൽ തുണിയലക്കാനിടാം. അല്ലെങ്കിൽ ആ സമയം മുറി വൃത്തിയാക്കാൻ ഉപയോഗപ്പെടുത്താം.

ഭർത്താവിന്‍റെ പിന്തുണ

ഗൃഹനാഥയുടെ ജോലിഭാരം കുറയ്‌ക്കുന്നതിന് ഭർത്താക്കന്മാരുടെ ഉദാരമായ സമീപനമാവശ്യമാണ്. ഇന്ന് വീട്ടുജോലികൾ ചെയ്യുന്നത് ഒരു കുറച്ചിലായി ആരും കാണാറില്ല. മണിക്കൂറുകളോളം ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ ഭർത്താവിന്‍റെ സഹായമാവശ്യപ്പെടാം.

ഓരോ ജോലി ഓരോരുത്തർക്ക്

വീട്ടുത്തരവാദിത്തങ്ങൾ രണ്ടായി ഭാഗിച്ചെടുക്കുക. എല്ലാ ജോലിയും ഒരാൾ തന്നെ ചെയ്യണമെന്നത് അസാധ്യമായ കാര്യമാണ്. അതിനാൽ ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുക. എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും പുലർത്തുക. വീട്ടിലേക്കാവശ്യമായ സാധനങ്ങളുടെ ലിസ്‌റ്റ് ഒരാൾ തയ്യാറാക്കുന്നപക്ഷം മറ്റേയാൾക്ക് അതിനെപ്പറ്റിയുള്ള ടെൻഷൻ ഒഴിഞ്ഞുകിട്ടും.

സ്വയം പര്യാപ്‌തതയും പ്രൊഫഷണലിസവും

വീട്ടിലെ കാര്യങ്ങൾ ഓടിനടന്ന് ചുറുചുറുക്കോടെ നോക്കുന്നതിനൊപ്പം ഓഫീസിൽ ചെയ്യേണ്ട ജോലിയെപ്പറ്റി മനസിൽ ചില കണക്കുകൂട്ടലുകൾ നടത്താം. വ്യക്‌തിപരമായ പ്രശ്നങ്ങൾ ജോലിയുടെ ക്വാളിറ്റിയെ ഒരിക്കലും ബാധിക്കരുത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമരുത്.

और कहानियां पढ़ने के लिए क्लिक करें...