സ്ത്രീകളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്‌തക്കുറവ് അഥവാ അനീമിയ. സ്ത്രീ ആരോഗ്യവതിയാണെങ്കിൽ അവളുടെ കുടുംബവും ആരോഗ്യമുള്ളതായിരിക്കും എന്ന് ഓർമ്മിക്കുക. സ്ത്രീകൾ കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ മറക്കുകയോ അവഗണിക്കുകയോ ചെയ്‌താൽ പിന്നീട് ഗൗരവമേറിയ പ്രശ്നങ്ങളുണ്ടായേക്കാം.

ലക്ഷണങ്ങൾ

വിളർച്ചയുടെ കാരണമനുസരിച്ച് വിവിധ ലക്ഷണങ്ങൾ കാണപ്പെടുന്നു. തളർച്ച, കിതപ്പ്, ശക്തിക്കുറവ്, വിളർച്ച, ക്ഷീണം, തലചുറ്റൽ, തലവേദന, പെട്ടെന്നു ദേഷ്യം വരിക, ശ്രദ്ധാകേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഉറക്കക്കുറവ്, വിഷാദം, ലൈംഗിക ബന്ധത്തിൽ താൽപര്യക്കുറവ് എന്നിവയുണ്ടാവാം. ജോലി ചെയ്യുമ്പോൾ ശ്വാസതടസ്സം, വർദ്ധിച്ച ഹൃദയമിടിപ്പ്, ജോലിക്ഷമത കുറയുക എന്നിവയുണ്ടാവാം. മുറിവുണങ്ങാൻ താമസം, രോഗപ്രതിരോധ ശക്തി കുറയുക, തണുപ്പു സഹിക്കാൻ പ്രയാസം എന്നിവയും കാണാറുണ്ട്. വിശപ്പു കുറവ്, പെൻസിൽ കടിച്ചു തിന്നുക, മണ്ണും അരിയും മറ്റും തിന്നുക എന്നീ ലക്ഷണങ്ങൾ കാണാം. ഭക്ഷണം ഇറക്കാൻ വിഷമവും ഉണ്ടാവാം.

കാരീയം ശരീരത്തിനകത്തു പ്രവേശിച്ചുണ്ടാകുന്ന വിളർച്ചയോടൊപ്പം വയറുവേദന, മലബന്ധം, ഛർദ്ദി, മോണയിൽ കരിനീല വരകൾ എന്നിവയും ഉണ്ടാക്കുന്നു.

വായിലും നാക്കിലും പുണ്ണ്, ചുണ്ടിലും വായയുടെ കോണുകളിലും വീണ്ടുകീറലുകൾ, നഖം വേഗം പൊട്ടുക, നടക്കാൻ വിഷമം, കൈകാലുകളുടെ മാംസപേശികൾക്ക് പിടുത്തവും കോച്ചലും, കൈകാലുകളിൽ തരിപ്പും മരവിപ്പും, സൂചികുത്തുന്നതു പോലെയുള്ള തോന്നലും, സ്പർശനം മനസ്സിലാക്കാൻ പ്രയാസം, ഓർമ്മക്കുറവ്, തലചുറ്റൽ, മാനസിക വിഭ്രാന്തി എന്നിവ വിറ്റാമിൻ ബി 12 ന്‍റെ കുറവുകൊണ്ടുള്ള അനീമിയയുടെ ലക്ഷണങ്ങളാവാം.

രോഗനിർണ്ണയം

രോഗിയുടെ ലക്ഷണങ്ങളും രോഗചരിത്രവും ചോദിച്ചു മനസ്സിലാക്കിയ ശേഷം ഡോക്ടർ രോഗിയെ വിശദമായി പരിശോധിക്കുകയും അതിനുശേഷം രോഗം നിർണ്ണയിക്കാനാവശ്യമായ പരിശോധനകൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. രക്‌ത പരിശോധനകൾ പലതരത്തിലുണ്ട്. ചുവന്ന രക്‌താണുക്കളുടെ എണ്ണം, ഇഎസ്ആർ, ഹീമോഗ്ലോബിന്‍റെ അളവ്, രക്‌തത്തിൽ ഇരുമ്പിന്‍റെ അംശം അളക്കാനുള്ള പരിശോധനകൾ, അനീമിയ ഏതുതരമാണെന്നു മനസ്സിലാക്കാൻ പെരിഫെറൽ സ്മിയർ തുടങ്ങിയവ. മൂത്ര പരിശോധനയും പ്രധാനമാണ്. മൂത്രത്തിൽ പഴുപ്പ്, പ്രോട്ടീൻ, പഞ്ചസാര എന്നിവ കാണുന്നത് വിവിധ രോഗങ്ങളുടെ ലക്ഷണമാണ്. മല പരിശോധന വഴി മൂലക്കൂരു, വിരശല്യം, വയറ്റിലെ വ്രണം തുടങ്ങിയവ നിർണ്ണയിക്കാം. നെഞ്ചിന്‍റെ എക്സ്റേ, മജ്ജ പരിശോധന, വയറ്റിൽ വ്രണമുണ്ടോഎന്നറിയാനുള്ള എൻഡോസ്കോപ്പി, മൂലക്കുരു ഉണ്ടോ എന്നറിയാനുള്ള പരിശോധന എന്നിങ്ങനെ രോഗങ്ങൾക്കനുസരിച്ച് പലതരം പരിശോധനകൾ ഡോക്ടർ നിർദ്ദേശിക്കും.

പാരമ്പര്യമായി കുടുംബത്തിൽ എന്തെങ്കിലും രോഗമുണ്ടായ ചരിത്രം, ഭക്ഷണരീതി, ജീവിതരീതി കഴിക്കുന്ന മരുന്നുകൾ എന്നിവയെക്കുറിച്ച് രോഗി ഡോക്ടറോട് പറയേണ്ടതാണ്. ആർത്തവ പ്രശ്നങ്ങളുണ്ടെങ്കിൽ അതു പറയണം. ഗർഭിണിയാണെങ്കിൽ ഭക്ഷണരീതി, ഗർഭകാല പ്രശ്നങ്ങൾ, കഴിക്കുന്ന മരുന്നുകൾ, രക്‌തസ്രാവമുണ്ടോ എന്ന കാര്യം തുടങ്ങിയവ ഡോക്ടറോട് പറയണം.

ചികിത്സ

വിളർച്ചയുണ്ടെങ്കിൽ കാരണം കണ്ടുപിടിച്ച് വേഗം ചികിത്സ തുടങ്ങേണ്ടതാണ്. ചികിത്സിക്കാൻ വൈകിയാൽ പല പ്രശ്നങ്ങളും ഉണ്ടാവും. ഹൃദയത്തിനെ ബാധിച്ച് ഹൃദയത്തിന്‍റെ പ്രവർത്തനം തകരാറിലാവുക, തലചുറ്റി വീഴൽ, മാനസികമായ ആശയക്കുഴപ്പം എന്നിവയുണ്ടാവാം. ഗർഭിണികൾക്ക് വിളർച്ചയുണ്ടായാൽ മാസം തികയാതെയുള്ള പ്രസവം, ഗർഭസ്‌ഥ ശിശുവിന് വളർച്ചക്കുറവ്, വൈകല്യങ്ങൾ, നവജാതശിശുവിന് തൂക്കക്കുറവ്, അണുബാധ എന്നിവ ഉണ്ടാവാം. വിളർച്ച ചിലപ്പോൾ വന്ധ്യതയും ഉണ്ടാക്കാറുണ്ട്.

രോഗത്തിനനുസരിച്ച് ഡോക്ടർ ചികിത്സ നിർദ്ദേശിക്കുന്നു. ഗർഭിണികൾ സന്തുലിതാഹാരത്തിനു പുറമേ ഡോക്‌ടർ നിർദ്ദേശിക്കുന്ന അയേണും ഫോളിക് ആസിഡും വിറ്റാമിനുകളും അടങ്ങിയ ഗുളികകൾ കൃത്യമായി കഴിക്കണം.

വിളർച്ച മാറണമെങ്കിൽ മൂന്നു മുതൽ ആറുമാസം വരെ ഗുളികകൾ കൃത്യമായി കഴിക്കേണ്ടി വരും. അതിനുശേഷം ഇരുമ്പുസത്തടങ്ങിയ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ചിലർക്ക് അയേൺ ഗുളികകൾ കഴിക്കാൻ വിഷമമോ, ഛർദ്ദി, വയറിളക്കം, വയറുവേദന, മലബന്ധം എന്നീ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ മാത്രം ഡോക്ടർ അയേൺ ഇഞ്ചക്ഷൻ നിർദ്ദേശിക്കാറുണ്ട്. അനീമിയ വളരെ കൂടുതലാണെങ്കിലും ശസ്ത്രക്രിയയ്ക്കു ശേഷവും അയേൺ ഇഞ്ചക്ഷൻ നല്കേണ്ടി വരാറുണ്ട്. അമിത രക്തസ്രാവത്തിനു ശേഷവും വിളർച്ച കൂടുതലായി ഹൃദയത്തെ ബാധിക്കാനിടയുള്ള അവസ്‌ഥയിലും ചിലപ്പോൾ രക്തം കയറ്റേണ്ടി വരും. രോഗപ്രതിരോധശക്തി നശിക്കുന്ന രോഗങ്ങളിൽ സ്റ്റീറോയ്ഡ് ഇഞ്ചക്ഷൻ നല്‌കാറുണ്ട്. ദീർഘകാല വൃക്ക രോഗങ്ങളിൽ ഹോർമോൺ മരുന്നിന്‍റെ രൂപത്തിൽ നല്‌കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്ത്രീകൾ ഏതു പ്രായത്തിലായാലും വിളർച്ച ഉണ്ടാവാൻ സാദ്ധ്യത കൂടുതലുള്ളതിനാൽ ഇരുമ്പിന്‍റെ അംശവും ജീവകങ്ങളും മാംസ്യവും ധാതുക്കളും മറ്റും അടങ്ങിയ സന്തുലിതാഹാരം കഴിക്കേണ്ടത് വളരെ ആവശ്യമാണ്.

കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ ശരീരം മെലിയാനായി ഭക്ഷണം കുറയ്ക്കുന്നതും ആധുനിക ജീവിതശൈലിയനുസരിച്ച് പോഷകാഹാരത്തിനു പകരം ഫാസ്‌റ്റ് ഫുഡ് കഴിക്കാനിഷ്ടപ്പെടുന്നതും ശരിയല്ല. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും സന്തുലിതാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്.

ഇരുമ്പിന്‍റെ അംശം കൂടുതലുള്ള ഇലക്കറികൾ, പാവയ്ക്ക, നെല്ലിക്ക, പച്ചക്കറികൾ, മാംസം എന്നിവ കഴിക്കണം. അതിനു പുറമേ മുട്ട, പാൽ, ധാന്യവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ, കടല, അണ്ടിപരിപ്പ്, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഉണക്കമുന്തിരി, കരൾ, ശർക്കര, മത്സ്യം എന്നിവയിലും ഇരുമ്പിന്‍റെ അംശം ധാരാളമുണ്ട്. ഇരുമ്പിന്‍റെ അംശം മാത്രമല്ല ജീവകങ്ങളും ധാതുക്കളും കുറയുമ്പോൾ  വിളർച്ചയുണ്ടാവാമെന്നതിനാൽ സന്തുലിതാഹാരം കഴിക്കേണ്ടത് വിളർച്ച തടയാൻ സഹായിക്കും.

വിളർച്ചയുണ്ടാക്കാനിടയുള്ള രോഗങ്ങളും ആർത്തവപ്രശ്നങ്ങളും മറ്റുമുണ്ടെങ്കിൽ അവഗണിക്കാതെ കഴിയുന്നതും വേഗം ഡോക്‌ടറെ സമീപിക്കുകയും ചികിത്സ തുടങ്ങുകയും ചെയ്യേണ്ടതാണ്.

और कहानियां पढ़ने के लिए क्लिक करें...