ഭാര്യയ്ക്കും ഭർത്താവിനുമിടയിലെ വെറുമൊരു കോൺട്രാക്റ്റല്ല വിവാഹം. ജീവിതാന്ത്യം വരെ പരസ്പരം കൈകോർത്തു പിടിച്ച് മുന്നോട്ടു നീങ്ങുന്ന സ്നേഹ സുരഭിലമായ യാത്രയാവണമത്. എന്നാൽ ദാമ്പത്യം മധ്യവയസ്സിലെത്തുന്നതോടെ വിരസതയോടെ ജീവിതം തള്ളിനീക്കുന്നവരായിരിക്കും ഭൂരിഭാഗവും. പ്രായമാകുന്നതിനു മുമ്പോ വയസ്സൻ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നതിനു കാരണം പാരമ്പര്യമോ ഹോർമോൺ തകരാറുകളോ ആവാം.
പ്രാരബ്ധങ്ങളും ജീവിത സാഹചര്യങ്ങളും വിവാഹജീവിതത്തെ അകാല വാർദ്ധക്യത്തിലേക്ക് തള്ളിനീക്കുന്നു. സാമ്പത്തികമോ ഭൗതികമോ ആയ കുറവുകൾ കൊണ്ടു മാത്രം ഇങ്ങനെ സംഭവിക്കണമെന്നില്ല. സുഖസൗകര്യങ്ങൾക്ക് നടുവിൽ കഴിയുന്ന ദമ്പതിമാരുടെ മുഖത്തും നിരാശയും വിഷാദവും നിഴലിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? ഇതിന് നേർവിപരീതമാണ് ചില ദമ്പതിമാർ. അവരെ കണ്ടാൽ ഒട്ടും പ്രായമില്ലെന്നേ തോന്നൂ…
സ്നേഹിക്കാം സ്നേഹം നേടാം
പരസ്പരം സ്നേഹവും കരുതലുമുള്ള ദമ്പതിമാർ ദീർഘനാൾ യൗവനവും സൗന്ദര്യവും കൊണ്ട് അനുഗൃഹിതരായിരിക്കും. അതു നിലനിർത്താൻ കഴിയുന്നത്ര ശ്രമിക്കുകയും ചെയ്യും.
ഭർത്താവിന്‍റെ സ്നേഹവും തന്നിലേക്കുള്ള ആകർഷണവും നഷ്ടപ്പെടാൻ ഭാര്യമാർ ഒരിക്കലും ആഗ്രഹിക്കാറില്ലെന്നാണ് സന്തുഷ്ടി നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കുന്ന സ്ത്രീകൾ പറയുന്നത്. “സ്വന്തം വേഷത്തിലും മേക്കപ്പിലും സ്റ്റൈലിലും എപ്പോഴും അപ്റ്റുഡേറ്റായിരിക്കാൻ ശ്രദ്ധിക്കും.” കൊച്ചിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയായ രാധിക പറയുന്നു.
“സ്വന്തം ഫിഗറിലും ബോധവതികളായിരിക്കണം. മനസ്സിലെപ്പോഴും ഞാൻ ചെറുപ്പം കാത്തുസൂക്ഷിക്കാറുണ്ട്. അതു നമ്മുടെ വ്യക്‌തിത്വത്തിലും പുതുമ നിറയ്ക്കുന്നു. അതാണ് ഞങ്ങളുടെ സന്തുഷ്ടി നിറഞ്ഞ ദാമ്പത്യത്തിന്‍റെ സീക്രട്ട്.” രണ്ട് മുതിർന്ന കുട്ടികളുടെ അമ്മയായ ലക്ഷ്മി ശശിധരൻ പറയുന്നു. സർക്കാർ ഉദ്യോഗസ്‌ഥനായ ഭർത്താവ് ശശിധരനും അതിനോട് യോജിക്കുന്നു.
“ഭാര്യ സ്മാർട്ടും സുന്ദരിയുമായിരുന്നാൽ ഭർത്താവ് സ്വയം അലർട്ടാവും. സ്വന്തം പേഴ്സണാലിറ്റി ഗ്രൂമിംഗിൽ കൂടുതൽ ശ്രദ്ധ നൽകും. ഇതെല്ലാം തന്നെ ജീവിതത്തോടുള്ള പോസിറ്റീവായ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഒരുപക്ഷേ അതാവാം ഞങ്ങളുടെ ബന്ധത്തെ കൂടുതൽ സുന്ദരവും ഗാഢവുമാക്കുന്നത്.”
പരസ്പരമുള്ള കരുതൽ
വിവാഹത്തിന് ഏതാനും നാളുകൾക്കു ശേഷം കുടുംബം, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്തങ്ങളുടെ നിഴലിലായിരിക്കും ഭാര്യയും ഭർത്താവും. ആ സമയത്ത് പരസ്പരമുള്ള കരുതൽ സ്വാഭാവികമമായും ഉണ്ടായിരിക്കണമെന്നില്ല. ഈ ഉദാസീനത സ്വന്തം കാര്യത്തിലും അശ്രദ്ധയുണ്ടാക്കും. ഭർത്താവിന്‍റെ ശ്രദ്ധയും കരുതലും ലഭിക്കാതെ വരുമ്പോൾ അണിഞ്ഞൊരുങ്ങി നടന്നിട്ടെന്ത് കാര്യമെന്നാവും ഭാര്യയുടെ ചിന്ത. ഈ മനോഭാവം ദാമ്പത്യത്തിലെ ഊഷ്മളതയും അടുപ്പവും നഷ്ടപ്പെടുത്താൻ ഇടയാക്കും.
ഔപചാരികത ആവശ്യം
ദാമ്പത്യത്തിന്‍റെ ആദ്യനാളുകളിൽ ഭാര്യയും ഭർത്താവും പുതിയ പുസ്തകം പോലെയായിരിക്കും. പുസ്തകത്തിന്‍റെ ഓരോ താളുകളിലും നിറയുന്ന മനോഹരമായ രഹസ്യങ്ങളും കൗതുകങ്ങളും പോലെ. ദമ്പതികൾ പരസ്പരമറിയാൻ മനസ്സുകൊണ്ട് വെമ്പൽ കൊള്ളും. എന്നാൽ എല്ലാം പരസ്പരം അറിഞ്ഞു കഴിയുന്നതോടെ ഇനിയെന്താണെന്ന ചിന്തയാവും. ദാമ്പത്യ ജീവിതം കൂടുതൽ സുതാര്യമാകുന്നതോടെ പരസ്പരമുള്ള കൗതുകവും താൽപര്യവും കുറയുക സ്വാഭാവികമാണ്.
മനസ്സിൽ ചെറുപ്പം സൂക്ഷിക്കാം
പ്രണയത്തിന് പ്രായമില്ലല്ലോ. ഏത് പ്രായത്തിലും പ്രണയമുണ്ടാകാം. എന്നും പ്രണയത്തിന്‍റെ മാധുര്യം ആസ്വദിക്കുകയും കാത്തുസൂക്ഷിക്കുകയും വേണം. “റൊമാൻസ് ഏതു പ്രായത്തിലുമുള്ള ഭാര്യാഭർത്താക്കന്മാരിലും പുതിയ ഊർജ്ജം പകരും. പ്രായം കുറച്ച് തോന്നിപ്പിക്കും.” സെക്സ് തെറാപ്പിസ്റ്റ് ഡോ കിരൺ ശർമ്മ പറയുന്നു.
വിജയകരമായ വിവാഹജിവിതത്തിന്
സ്വസ്ഥവും സുന്ദരവുമായ വിവാഹ ജീവിതത്തിൽ സെക്സും റൊമാൻസും വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്നാണ് മനഃശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനമനുസരിച്ച്, ലൈംഗിക സംതൃപ്തി നിറഞ്ഞ വിവാഹജീവിതം നയിക്കുന്ന സ്ത്രീകളിൽ മൈഗ്രേനും ഹൃദ്രോഗവും ഉണ്ടാകാനുളള സാധ്യത 20 ശതമാനം കുറവാണ്. അതോടൊപ്പം ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ അവരിൽ വളരെ വൈകിയേ പ്രത്യക്ഷപ്പെടുന്നുള്ളൂ.
വികാരങ്ങളെ മാനിക്കുക
വികാരങ്ങളേയും ആഗ്രഹങ്ങളേയും പരസ്പരം മാനിക്കുമ്പോഴാണ് ദാമ്പത്യം സന്തുഷ്ടവും സുന്ദരവുമാകുന്നത്. മികച്ച വ്യക്തിത്വവും ആരോഗ്യവും പരസ്പരമുള്ള ആകർഷണത്തെ കൂട്ടുന്നു. അതുകൊണ്ട് വ്യക്‌തിത്വവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ നൽകാം. ജീവിതത്തിലെ ഓരോ നിമിഷത്തേയും ആഹ്ലാദകരമാക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങളെ ചെറുപ്പമാക്കും.