നാം രണ്ട്, നമുക്കൊന്ന് എന്ന കുടുംബ സങ്കല്പമാണ് മിക്ക ദമ്പതികൾക്കും. അതുകൊണ്ട് ഒറ്റക്കുട്ടി മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. വളരെ ചുരുക്കം പേർ മാത്രമാണ്. രണ്ടോ അതിലധികമോ കുട്ടികൾ വേണമെന്ന് താല്പര്യമ പുലർത്തുന്നത്. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾക്കു പുറമേ, രണ്ട് കുട്ടികളുണ്ടെങ്കിൽ രണ്ടുപേർക്കും തുല്യ ശ്രദ്ധയും പരിഗണനയും നൽകാൻ സാഹചര്യമില്ലാത്തതും ഒരു പ്രശ്നം തന്നെ. എന്നാൽ ഒറ്റക്കുട്ടി എന്നത് മിക്ക ദമ്പതികൾക്കും വെല്ലുവിളിയായി മാറാറുമുണ്ട്.

“ഒറ്റക്കുട്ടികൾ പൊതുവെ കൂടുതൽ സ്വതന്ത്രരും കാര്യഗ്രഹണശേഷിയുള്ളവരും മറ്റുള്ളവരുമായി ഇടപെടുന്നതിൽ താല്പര്യം കാട്ടുന്നവരുമാണ്. വീട്ടിൽ മറ്റ് കുട്ടികളില്ലാത്തതിനാൽ ഇവർ കൂടുതലും മാതാപിതാക്കൾക്കൊപ്പമാവും സമയം പങ്കിടുക. അതുകൊണ്ട് മുതിർന്നവുടെ സ്വഭാവ പ്രത്യേകതകളും പെരുമാറ്റരീതികളുമൊക്കെയാവും ഇവരെ കൂടുതൽ സ്വാധീനിക്കുക. മറ്റ് കുട്ടികളെ അപേക്ഷിച്ച് ഇവർ കൂടുതൽ പക്വമതികളുമായിരിക്കും. ഇത്തരം കുട്ടികൾ തങ്ങളുടെ പ്രശ്നങ്ങൾ കൂട്ടുകാരുമായിട്ടാവും പങ്കുവയ്ക്കുക. അതിനാൽ ഇവർ വേഗത്തിൽ മറ്റ് കുട്ടികളുമായി കൂട്ടുകൂടും. ഇത്തരക്കാരുടെ സൗഹൃദങ്ങൾ തീവ്രവും സത്യസന്ധവുമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.”

എന്നാൽ ബാഹ്യലോകവുമായി ബന്ധം സ്ഥാപിക്കുന്നതിന് ഇത്തരക്കാർ സമയമെടുക്കും. ഇക്കാര്യത്തിൽ അവർക്ക് നീണ്ടയളവിൽ രക്ഷിതാക്കളുടെ പ്രോത്സാഹനവും സഹായവും കിട്ടിയില്ലെങ്കിൽ അവരുടെ ആത്മവിശ്വാസം തന്നെ കുറയാനിടയുണ്ട്. ഇതവരെ സങ്കോചമുള്ളവരാക്കുകയും ചെയ്യും. എന്നാൽ ഇത്തരം പ്രശ്നം സഹോദരങ്ങളുള്ള കുട്ടികളിലും ഉണ്ടാവാം.

നല്ല രീതിയിൽ വളർത്തുക

മാതാപിതാക്കൾ പകർന്നു നൽകുന്ന സംസ്കാരമാണ് കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുന്നത്. അവരെ കരുത്തുള്ളവരാക്കുന്നതും. കുട്ടികളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരിക, അവർക്ക് നല്ലൊരു ഭാവിയൊരുക്കുക എന്നതൊക്കെ രക്ഷിതാക്കളുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചാണിരിക്കുക.

ഒറ്റക്കുട്ടിയേ ഉള്ളല്ലോയെന്ന അപകർഷതാബോധത്തിൽ നിന്നും സ്വയം മുക്തരായിരിക്കണം മാതാപിതാക്കൾ. കുട്ടിക്ക് കൂട്ടായി സഹോദരനോ സഹോദരിയോ ഇല്ലാത്തത് വലിയ തെറ്റായിപ്പോയെന്ന് ചൂണ്ടിക്കാട്ടാൻ ധാരാളം പേരുണ്ടാവും. ഇത്തരം കാര്യങ്ങൾ കേട്ട് മനസ്സ് വിഷമിപ്പിക്കാതിരിക്കുക. സ്വന്തം ജീവിതം എങ്ങനെയായിരിക്കണമെന്ന് മറ്റുള്ളവരല്ലല്ലോ തീരുമാനിക്കേണ്ടത്.

നല്ല നയം

ഒറ്റക്കുട്ടിയായതിനാൽ സ്വഭാവം മോശമായിപ്പോകുമെന്ന് ധരിക്കുന്ന മാതാപിതാക്കളുണ്ട്. അതുകൊണ്ട് ഇത്തരം മാതാപിതാക്കൾ കുട്ടിക്ക് അമിത വാത്സല്യം നൽകി വളർത്തുകയോ, കർശനമായ നിയന്ത്രണത്തിൽ കുട്ടിയെ വളർത്തിക്കൊണ്ടുവരികയോ ചെയ്യാം. ഈ രണ്ട് പരിതസ്‌ഥിതികളും കുട്ടികളെ സംബന്ധിച്ച് നന്നല്ല. ഇതിനിടയിലായുള്ള ഒരു മാർഗ്ഗം സ്വീകരിക്കുകയാണ് ഉചിതമായ പോംവഴി. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അതാത് സമയത്ത് അവരെ തിരുത്തുക.

സ്വയം പര്യാപ്തരാക്കുക

ചില മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ വ്യക്‌തിത്വവികാസം പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് അവരെ വളർത്തുക. അമിതമായ സംരക്ഷണം അടിച്ചേല്പിക്കുന്നതും അസ്വസ്ഥത ജനിപ്പിക്കാറുണ്ട്. ഏത് കാര്യത്തിനും മാതാപിതാക്കളെ ആശ്രയിക്കുന്നവരായി ഇത്തരം കുട്ടികൾ മാറിയേക്കാം.

കുട്ടികൾക്ക് സ്വന്തം പ്രതിഭ വളർത്തിക്കൊണ്ടു വരാനുള്ള അന്തരീക്ഷമാണ് ഒരുക്കേണ്ടത്. കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വളർത്തിക്കൊണ്ടുവരാനുള്ള ചുറ്റുപാടുകൾ തീർക്കുന്നതിലാവണം മാതാപിതാക്കളുടെ ശ്രദ്ധ. ഏത് കാര്യത്തിനും മാതാപിതാക്കൾ തങ്ങൾക്കൊപ്പമുണ്ടാകുമെന്ന വിശ്വാസം കുട്ടികളിൽ വളർത്തിയെടുക്കണം.

സഹകരണ മനോഭാവം

പ്രോത്സാഹനവും പിന്തുണയുമില്ലാതെ കുട്ടികൾക്ക് വളരാനാവില്ല. എന്നാൽ ബാല്യകാലത്ത് ഇത്തരം ആനുകൂല്യങ്ങളൊന്നുമില്ലാതെ പ്രതിബന്ധങ്ങളെ തരണം ചെയ്‌ത് ഉയരങ്ങൾ കീഴടക്കിയ എത്രയോ മഹാരഥന്മാർ ഉണ്ടായിട്ടുണ്ട്.

കുട്ടികളിൽ സഹകരണ മനോഭാവം വളർത്തിയെടുക്കുന്നതിന് മറ്റു കുട്ടികളെക്കൂടി വീട്ടിലേക്ക് ക്ഷണിക്കുക. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് മികച്ച പെരുമാറ്റ ശീലം വളർത്തിയെടുക്കാൻ സഹായിക്കും.

നോ പറയാം

ഒറ്റക്കുട്ടിയായതിനാൽ എല്ലാവിധ സുഖസൗകര്യങ്ങളും നൽകാൻ സ്വാഭാവികമായും മാതാപിതാക്കൾക്ക് ഏറെ താല്പര്യമായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് മുമ്പായി കുട്ടിയുടെ സ്വഭാവത്തെ അത് ബാധിക്കുമോയെന്ന് ചിന്തിക്കണം.

കുട്ടിയുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് വേർതിരിച്ച് അറിയേണ്ടതും അനിവാര്യമാണ്. നല്ല വിദ്യാഭ്യാസം നേടിയെടുക്കുക എന്നത് കുട്ടിയുടെ ആവശ്യവും അവകാശവും കൂടിയാണ്. എന്നാൽ കളിപ്പാട്ടങ്ങൾ വേണമെന്നത് ഡിമാന്‍റാണ്.

മനസ്സ് പറയുന്നത് കേൾക്കാം

കുട്ടികൾ പരസ്പരം തുണയാകുമല്ലോയെന്ന് കരുതിയാണ് ഭൂരിഭാഗം മാതാപിതാക്കളും രണ്ട് കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്നത്. എന്നാൽ ഇരുവരുടേയും ഇഷ്ടാനിഷ്ടങ്ങൾ, സൗഹൃദങ്ങൾ, ശീലങ്ങൾ, രീതികൾ എന്നിവയെല്ലാം വ്യത്യസ്തമായാലോ? മുതിർന്നു കഴിഞ്ഞാൽ സഹോദരന്മാർ തമ്മിൽ സ്നേഹവും അടുപ്പവുമുണ്ടായിരിക്കുമോയെന്നും ഇന്നത്തെ കാലത്ത് തീർത്തും പറയാനാവില്ല.

നല്ല സംസ്കാരവും മൂല്യബോധവുമുള്ളവനാണ് കുട്ടിയെങ്കിൽ തീർച്ചയായും അവന്‍റെ വ്യക്‌തിത്വം സന്തുലിതമായിരിക്കും. അതുകൊണ്ട് കുട്ടിക്ക് വളരാൻ ആരോഗ്യകരമായ അന്തരീക്ഷമൊരുക്കുകയാണ് മാതാപിതാക്കളെ സംബന്ധിച്ച് പ്രധാനം.

और कहानियां पढ़ने के लिए क्लिक करें...