എന്‍റെ കാര്യത്തിൽ അവൻ പുലർത്തുന്ന നിഷ്ക്കർഷത ഇപ്പോൾ ഈ ടാബ്ലെറ്റിൽ നിന്നാണല്ലോ തുടങ്ങുന്നത് എന്നോർത്തു. അവനെക്കുറിച്ചാണ് ഞാനിപ്പോൾ ഓർത്തു കൊണ്ടു കിടന്നതെന്ന് അവനറിഞ്ഞുവോ? ആദ്യം ടാബ്ലെറ്റ് വിഴുങ്ങി വെള്ളവും കുടിച്ച ശേഷം അരുൺ നീട്ടിയ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹവും, സഹതാപവും സ്ഫുരിക്കുന്ന ആ കണ്ണുകൾ എന്നെ തൊട്ടുഴിയുന്നതറിഞ്ഞു. ഇന്നിപ്പോൾ എന്നിൽ നിലനിൽക്കുന്ന ജീവ ചൈതന്യം അതിനുത്തരവാദി നീ മാത്രമാണ് അരുൺ എന്നു പറയണമെന്നു തോന്നി.

“മാഡം…. എന്താണിങ്ങനെ ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിക്കിടക്കുന്നത്? മാഡത്തിനിപ്പോൾ എങ്ങിനെയുണ്ട്? വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? വേദനയോ മറ്റോ തോന്നിയ്ക്കുന്നുണ്ടോ?”

“ഓ… ഒന്നുമില്ല അരുൺ… ഐ ആം പെർഫെക്റ്റിലി ഓകെ. പക്ഷെ കുറച്ചു ദിവസമായി നീ അടുത്തില്ലാതിരുന്നതു കൊണ്ടുള്ള ഏകാന്തത മാത്രമാണ് എന്നെ അലട്ടിക്കൊണ്ടിരുന്നത്.”

“ഓ… സോറി മാഡം. മാഡത്തിന് ഓർമ്മയില്ലാതെ മയങ്ങിക്കിടന്ന നാളുകളൊന്നിൽ എനിക്ക് പെട്ടെന്ന് കോഴിക്കോട് പോകേണ്ടി വന്നു. എന്‍റെ മുത്തശ്ശിയ്ക്ക് സുഖമില്ല എന്നറിയിച്ചിട്ട്, അമ്മയുമൊത്ത് അവിടം വരെ പോയി.”

“മുത്തശ്ശിയ്ക്കിപ്പോൾ എങ്ങിനെയുണ്ട്?”

“മുത്തശ്ശിയ്ക്കിപ്പോൾ കുഴപ്പമൊന്നുമില്ല. പ്രായാധിക്യം കൊണ്ടുള്ള ചില പ്രോബ്ലങ്ങൾ. അതെല്ലാം മാറി ഇപ്പോൾ സുഖമായിട്ടിരിക്കുന്നു.”

“മുത്തശ്ശി വളർത്തിയിരുന്ന വല്യമ്മയുടെ മക്കൾ ഇപ്പോൾ എവിടെയാണ്?”

“അവർ രണ്ടുപേരും അമേരിയ്ക്കയിലാണ്. കല്യാണം കഴിഞ്ഞ് അവിടെത്തന്നെ സ്‌ഥിര താമസമാക്കി.”

“അപ്പോൾ മുത്തശ്ശി ഒറ്റയ്ക്കാണോ താമസം?”

“അല്ല, അമ്മയുടെ ബ്രദറിന്‍റെ കൂടെയാണ്. അമ്മാവൻ കുടുംബവുമൊത്ത് തറവാട്ടിൽത്തന്നെയാണ് താമസം…”

എല്ലാം അരുന്ധതി പറഞ്ഞിട്ടുള്ളതാണല്ലോ എന്ന് അപ്പോളോർത്തു. അജ്ഞാതമായ ഏതോ പ്രേരണയാൽ ഭൂതകാലത്തിലേയ്ക്ക് ഒരു പ്രവാഹത്തിലെന്നപ്പോലെ ഊളിയിട്ടിറങ്ങുമ്പോൾ മറവിയുടെ ഒരു മാറാല വന്ന് പലപ്പോഴും വർത്തമാന കാലത്തെ എന്നിൽ നിന്നും മറയ്ക്കുകയാണല്ലോ എന്ന് ഓർത്തു പോയി. എന്‍റെ മുന്നിൽ ഇപ്പോൾ പീലിവിടർത്തിയാടുന്നത് ഭൂതകാല സ്മരണകളാണ്. വർത്തമാനകാലം ഒരു നിഴൽക്കൂത്തിലെന്നപോലെ മങ്ങിയ ചില ചിത്രങ്ങൾ മാത്രം.

ഒരുപക്ഷെ ഒരു മേജർ ഓപ്പറേഷനു ശേഷമുള്ള ശരീരത്തിന്‍റെ അസ്വാഭാവിക പ്രതികരണങ്ങളാണിവ എന്നും ഓർക്കാതിരുന്നില്ല. എന്നാൽ ചില സമയങ്ങളിൽ വർത്തമാനകാലം എന്‍റെ മുന്നിൽ പ്രകാശമാനമാകുന്നുണ്ട്. അപ്പോൾ ബോധതലങ്ങൾ എല്ലാറ്റിനോടും ശരിയായി പ്രതികരിക്കുകയും ചെയ്യുന്നു.

അത്തരമൊരു ഘട്ടത്തിലാണ് അരുൺ എന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, അപ്പോഴുള്ള എന്‍റെ പ്രതികരണങ്ങളിൽ ഭൂതകാലം വിസ്മൃതിയിലമരുകയും വർത്തമാനകാലം കൂടുതൽ ഊർജ്ജസ്വലതയോടെ പ്രകാശിക്കുകയും ചെയ്യുകയാണുണ്ടായത്. ഞങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അരുൺ വാതിലിനടുത്തേയ്ക്ക് നടന്നു ചെന്നു.

അരുൺ ചെന്ന് വാതിൽ തുറന്നു. അൽപം കഴിഞ്ഞപ്പോൾ ഡോക്ടർ ഹേമാംബിക അങ്ങോട്ടേയ്ക്കു കടന്നു വന്നു.

ഹലോ? പ്രൊഫസർ, ഹൗ ആർ യൂ?…

ഡോക്ടർ പരിശോധിച്ച് പുഞ്ചിരിയോടെ പറഞ്ഞു. “മിസ്സിസ് മീരാ നാരായണൻ, നിങ്ങളിപ്പോൾ കുറെയൊക്കെ ബെറ്റർ ആയിട്ടുണ്ട്. അടുത്തു തന്നെ ഹോസ്പിറ്റൽ വിടാനാകുമെന്നു തോന്നുന്നു.”

“താങ്ക് യൂ… ഡോക്ടർ…” ഞാൻ പ്രതിവചിച്ചു.

“മാഡം… പക്ഷെ നിങ്ങളുടെ ബോഡി വളരെ വീക്കാണ്…” അത് ഒരു മേജർ ഓപ്പറേഷനു ശേഷമുള്ള അവസ്‌ഥയാണ്. ഇപ്പോൾ തലച്ചോറുൾപ്പെടെ എല്ലാം സാധാരണ ഗതിയിലേയ്ക്ക് മടങ്ങി വരുന്നതേയുള്ളൂ. അതിന്‍റേതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അൽപം ചില ഓർമ്മക്കുറവുകളും മറ്റും. ചില ഹാലൂസിനേഷൻസ് താൽക്കാലിക അൽഷിമേഴ്സ് പോലുള്ള ചില അവസ്‌ഥകൾ. പ്രെസൻസിനേക്കാൾ പാസ്റ്റ് ആയിരിക്കും ഇപ്പോൾ കൂടുതൽ ഓർമ്മയിൽ തങ്ങി നിൽക്കുക. ഈ അവസ്‌ഥയൊക്കെ ഇപ്പോൾ താത്കാലികമാണ്. എല്ലാം ശരിയാകും. ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ മാഡത്തിന് ഹോസ്പിറ്റൽ വിടാൻ പറ്റും.”

ഞാൻ വീണ്ടു നന്ദി വാക്കുകൾ ഉരുവിട്ടു. ഡോക്ടറുടെ പാദപതനം അകന്നു പോയപ്പോൾ അരുൺ പറഞ്ഞു.

“ഞാൻ പോയി മാഡത്തിന് കഴിയ്ക്കാനെന്തെങ്കിലും വാങ്ങിയിട്ടു വരാം… ഇന്ന് മമ്മിയ്ക്കും നല്ല സുഖമില്ലായിരുന്നു. അതാണ് ആഹാരവുമായി എത്താതിരുന്നത്.”

“ഓ… അതു സാരമില്ല അരുൺ.?എനിക്കിനിയിപ്പോൾ ഒന്നും വേണമെന്നില്ല. അരുൺ കഴിച്ചിട്ടു വന്നോളൂ…”

ഞാൻ അരുണിനെ നിർബന്ധിച്ച് പറഞ്ഞയച്ചു. രണ്ടാഴ്ചയോളമായി ഞാനീ ഹോസ്പിറ്റലിൽ വന്നിട്ട്. ഓപ്പറേഷനു ശേഷമുള്ള ദിനങ്ങളിൽ അരുണും, അരുന്ധതിയും എല്ലായ്പ്പോഴും ഒപ്പമുണ്ടായിരുന്നു. ദേവദൂതരെപ്പോലെ അവർ എന്നെ ശുശ്രൂഷിച്ചു കൊണ്ട് എല്ലായ്പ്പോഴും അടുത്തു നിന്നു. ഇല്ലെങ്കിൽ ആരും തുണയില്ലാതെ ഞാനീ ഹോസ്പിറ്റൽ ബെഡിൽ ഒറ്റപ്പെട്ടു പോകുമായിരുന്നു. എല്ലായ്പ്പോഴും ദൈവകരങ്ങൾ എന്നിലേയ്ക്കു നീണ്ടുവരാറുള്ളത് ഈ രൂപത്തിലാണല്ലോ എന്നും ഓർത്തു.

“മാഡം, ഡോക്ടർ പറഞ്ഞു പതുക്കെ എഴുന്നേറ്റു നടക്കാൻ. ഞാൻ മാഡത്തെ പതുക്കെ കൈപിടിച്ച് ഈ വരാന്തയിലൂടെ നടത്താം.”

ഇഞ്ചക്ഷനെടുക്കാൻ വന്ന മലയാളി സിസ്റ്ററുടെ വാക്കുകൾ ചിന്തയിൽ നിന്നുമുണർത്തി. അല്ലെങ്കിൽ തന്നെ ഈ കിടപ്പ് എനിക്ക് മതിയായിത്തുടങ്ങിയിരിക്കുന്നു. അൽപം എഴുന്നേറ്റു നടക്കാനായെങ്കിൽ എന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ട് എത്ര ദിവസമായി. ഓപ്പറേഷനു ശേഷമുള്ള അടിവയറ്റിലെ മുറിവുകൾ കരിഞ്ഞു തുടങ്ങിയിരിക്കുന്നു. വേദനയ്ക്കും നല്ല ശമനമുണ്ട്. ഇനിയും ഈ കിടപ്പിൽ നിന്നുമൊരു മോചനം ഞാനും ആഗ്രഹിച്ചതാണ്.

“മാഡം വരൂ… ഞാൻ പതുക്കെ എഴുന്നേൽപ്പിക്കാം…” സിസ്റ്ററുടെ കരങ്ങളുടെ താങ്ങിൽ പതുക്കെ എഴുന്നേറ്റിരിയ്ക്കുമ്പോൾ സന്തോഷം തോന്നി. എങ്കിലും ക്ഷീണം വിട്ടകലാതിരുന്നതിനാൽ തലയ്ക്ക് നല്ല ഭാരം തോന്നി. എഴുന്നേറ്റു നടക്കുവാൻ തീരെ ആവുകയില്ലെന്നു തോന്നിയപ്പോൾ സിസ്റ്ററിനോടു പറഞ്ഞു.

“സിസ്റ്റർ, ഇന്നിപ്പോൾ നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നല്ല ക്ഷീണം തോന്നുന്നുണ്ട്. നടന്നാൽ ചിലപ്പോൾ ഞാൻ തലകറങ്ങി വീഴും. അടുത്ത ദിവസം മുതൽ ഞാൻ നടന്നു തുടങ്ങാം.”

സിസ്റ്റർ പിന്നെ കൂടുതൽ നിർബന്ധിക്കാതെ തലയിണ ചാരി വച്ച് എന്നെ അതിൽ ഇരുത്തി.

“ശരി മാഡം… ഇന്നിപ്പോൾ ഇങ്ങനെ ഇരുന്നോളൂ. ഞാൻ ഡോക്ടറോടും പറഞ്ഞോളാം. അടുത്ത ദിവസം മുതൽ മാഡം നടന്നു തുടങ്ങുമെന്ന്. അങ്ങനെ പറഞ്ഞു സിസ്റ്റർ എന്നെ നോക്കി പുഞ്ചിരിച്ചു.

സത്യത്തിൽ ഏറെ ദിനങ്ങൾക്കു ശേഷം അങ്ങിനെ എഴുന്നേറ്റിരിയ്ക്കാൻ കഴിഞ്ഞപ്പോൾ തന്നെ വലിയ ആശ്വാസം തോന്നി. സിസ്റ്റർ കൈകളിൽ എടുത്തു തന്ന മെഡിസിൻ വായിലേയ്ക്കിട്ട് ഗ്ലാസ്സിൽ നീട്ടിയ വെള്ളവും കുടിച്ചു കഴിഞ്ഞപ്പോഴാണ് ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ടത്. സിസ്റ്റർ ചെന്ന് വാതിൽ തുറന്നപ്പോൾ അത് അരുന്ധതിയായിരുന്നു. “കൺഗ്രാചുലേഷൻസ് മാഡം. ഫഹദ് സാർ എത്തിയതായറിഞ്ഞു. അരുൺ എല്ലാം ഞങ്ങളോടു പറഞ്ഞു.” അരുന്ധതി ആഹ്ലാദത്തോടെ അടുത്തെത്തിപ്പറഞ്ഞു.

“മാഡം മിടുക്കിയായിപ്പോയല്ലോ. എഴുന്നേറ്റിരിയ്ക്കാനും മറ്റും തുടങ്ങിയോ? ഫഹദ്സാർ വന്നതിന്‍റെ ചെയ്ഞ്ച് ആണോ ഇത്?” അത്യധികം ഉത്സാഹത്തോടെ അരുന്ധതി ചോദിച്ചു.

“അതെ അരുന്ധതി. എത്ര ദിവസമായി ഈ കിടപ്പു തുടങ്ങിയിട്ട്. ഇനിയും ഒന്ന് നേരെ എഴുന്നേറ്റു നടന്നാൽ മതിയായിരുന്നു.”

“മാഡം… എത്രയും പെട്ടെന്നു തന്നെ പഴയ പോലെയാകും. അതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. കാരണം മാഡം ആഗ്രഹിച്ചതു പോലെ ഫഹദ്സാർ അടുത്തെത്തിയതിന്‍റെ സന്തോഷമുണ്ടല്ലോ…” അരുണിന്‍റെ ആ അമ്മയ്ക്ക് അങ്ങനെയല്ലാതെ ചിന്തിക്കാനാവുകയില്ലല്ലോ എന്നോർത്തു. ആ അമ്മയിൽ നിന്നാകാം മകനും ഇത്ര നല്ല മനസ്സ് പകർന്നു കിട്ടിയത്. അൽപ സമയത്തിനുള്ളിൽ സിസ്റ്റർ മടങ്ങിപ്പോയി. പുറത്ത് ആഹാരം കഴിയ്ക്കുവാനായി പോയിരുന്ന അരുൺ ഉച്ചയ്ക്ക് പാഴ്സലുമായി മടങ്ങി എത്തി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അരുന്ധതിയും ആഹാരവുമായാണ് എത്തിയിരിക്കുന്നത്. അരുണിന്‍റെ കൈയ്യിലെ പാഴ്സൽ കണ്ട് അരുന്ധതി പറഞ്ഞു. “ഓ… സോറി മാഡം… രാവിലെ എനിക്ക് ആഹാരവുമായി വരാൻ കഴിഞ്ഞില്ല. നല്ല തലവേദന തോന്നി. എന്നാൽ അൽപം വിശ്രമിച്ചപ്പോൾ അത് മാറി. അപ്പോൾ മാഡത്തിന് ഉച്ചയ്ക്കുള്ള ആഹാരം പാകം ചെയ്ത് ഞാനിങ്ങോട്ട് പോന്നു. അരുണിനെ അപ്പോൾ വിളിച്ചറിയിക്കാൻ കഴിഞ്ഞില്ല. അതാണിപ്പോള്‍ അബദ്ധമായത്.”

“മമ്മി… നല്ല ആളാണ്. എന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ ഈ ആഹാരം വാങ്ങുമായിരുന്നോ?” അരുൺ അമ്മയോട് പരിഭവിച്ചു.

സോറി അരുൺ… എന്‍റെ ഫോണിന് ചാർജ് ഉണ്ടായിരുന്നില്ല. അതാണ് നിന്നെ വിളിയ്ക്കാൻ പറ്റാതിരുന്നത്. ഏതായാലും സാരമില്ല. ആ ആഹാരം ഞാൻ കഴിയ്ക്കാം. തലവേദന കാരണം രാവിലെ ഞാൻ ഒന്നും കഴിച്ചിരുന്നില്ല. ഇപ്പോൾ നല്ല വിശപ്പുണ്ട്. അൽപം കഴിഞ്ഞപ്പോൾ ഫഹദ്സാറും വന്നെത്തി. പരസ്പരമുള്ള പരിചയപ്പെടുത്തൽ കഴിഞ്ഞ് അന്ന് ഞങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അരുന്ധതി എനിയ്ക്കുള്ള ആഹാരം വിളമ്പി കൈയ്യിൽ ത്തരുകയായിരുന്നു. വളരെ ദിവസങ്ങൾക്കു ശേഷം എനിക്കെഴുന്നേറ്റിരുന്ന് സ്വയം ആഹാരം കഴിയ്ക്കാൻ കഴിഞ്ഞു. അതോടെ മനസ്സിൽ ആത്മവിശ്വാസം വിരുന്നു വന്നു. ഇനി എനിയ്ക്ക് ഉടൻ തന്നെ എഴുന്നേറ്റു നടക്കാറാകും. അതോടെ വളരെ വേഗം ഹോസ്പിറ്റൽ വിടാനും കഴിയും.

മരുന്നുകളുടേയും കുത്തിവയ്പുകളുടേയും ഈ ലോകത്തു നിന്ന് എത്രയും പെട്ടെന്ന് ഒരു മോചനം. അതുമാത്രമേ അപ്പോൾ മനസ്സിലുണ്ടായിരുന്നുള്ളൂ. പതിവുപോലെ ഫഹദ്സാർ അന്നും അരുൺ ഏർപ്പെടുത്തിയ താമസസ്ഥലത്തേയ്ക്ക് വൈകുന്നേരം മടങ്ങിപ്പോയി. അന്ന് രാത്രിയിൽ അരുന്ധതിയും അരുണും ആ മുറിയിൽ എനിക്ക് കൂട്ടു കിടന്നു.

കഴിഞ്ഞു പോയ ദിനങ്ങളിൽ മിക്കവാറും രാത്രികളിൽ അരുണോ അരുന്ധതിയോ എനിക്കൊപ്പമുണ്ടാകുമായിരുന്നു. ഏതോ അടുത്ത ബന്ധുവിനെയെന്ന പോലെ എന്നെ സംരക്ഷിച്ചു കൊണ്ട്. നന്മയുടെ മൂർത്തിമദ്ഭാവമായ ആ അമ്മയും മകനും എന്നെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തുകയായിരുന്നു.

ജീവിതത്തിന്‍റെ നടുക്കടലിൽ മുങ്ങിത്താണു തുടങ്ങിയ ഒരു ചെറു തോണിയിലെ ഏകയായ യാത്രക്കാരിയായിരുന്നു ഞാൻ. എന്നാൽ മുങ്ങിത്താഴും മുമ്പേ എന്നെ കൈപിടിച്ചു കയറ്റാൻ എന്‍റെ രക്ഷകരായെത്തുകയായിരുന്നു ആ അമ്മയും മകനും. പിന്നെ ഇപ്പോൾ ഫഹദ്സാറും. അവരോടുള്ള നന്ദി വാക്കുകൾക്കതീതമാണ്.

ഞാൻ പെറ്റു വളർത്തിയ പൊന്നുമകൾ എന്നെ ഒറ്റപ്പെടുത്തിയപ്പോൾ, ജീവിതത്തിന്‍റെ ഇരുൾ നിറഞ്ഞ വഴിത്താരയിൽ പ്രകാശത്തിന്‍റെ കൈത്തിരിനാളവുമായി അവർ മൂവരും നടന്നെത്തി. ഇന്നവർ എനിക്ക് താങ്ങും തണലുമാണ്. മുന്നോട്ടുള്ള ഓരോ അടിവയ്പിലും വഴികാട്ടികളാണ്… സഹായസന്നദ്ധരാണ്.

ഇന്നിപ്പോൾ കുരുടനു കാഴ്ച പോലെ ഞാനാ കൈകളിൽ പിടിച്ച് മുന്നോട്ടു നടന്നു തുടങ്ങിയിരിക്കുന്നു. ഇനിയും ഈ കരങ്ങളിലെ അഭിയം അതും ഈശ്വരൻ തട്ടിത്തെറിപ്പിയ്ക്കാതിരുന്നാൽ മതിയായിരുന്നു. എന്നെ ഒറ്റയ്ക്കാക്കി പീഡിപ്പിക്കാതിരുന്നാൽ മതിയായിരുന്നു. എന്നാൽ അപ്പോൾത്തന്നെ ഈശ്വരൻ കരുണാമയനാണല്ലോ എന്നോർത്തു.

ഫഹദ്സാറുമൊത്തുള്ള ഒരു ജീവിതം വീണ്ടുമൊരിയ്ക്കൽ കൂടി സാധ്യമാകുമെന്ന് ഞാൻ വിചാരിച്ചിരുന്നതല്ല. എന്നിട്ടും ഈശ്വരൻ അദ്ദേഹത്തെ എന്‍റെ കണ്മുന്നിൽ ക്കൊണ്ടെത്തിച്ചു തന്നു.

ഫഹദ്സാറിന്‍റെ സ്നേഹം വറ്റാത്ത പാൽക്കടലാണ്. ഇത്രകാലങ്ങൾക്കു ശേഷവും അതിലെ ഉറവറ്റിയിട്ടില്ലെന്നറിയുമ്പോൾ അദ്ഭുതം തോന്നുന്നു.

ഈശ്വര സൃഷ്ടികളിൽ അപൂർവ്വമായി മാത്രം കാണുന്ന ആത്മാർത്ഥതയുടെ പ്രതിരൂപമാണദ്ദേഹം. ഒരു യഥാർതത്ഥ മനുഷ്യൻ… മനസ്സ് ചിന്തകളുടെ ലോകത്ത് വിഹരിക്കുമ്പോൾ അടുത്തെവിടെയോ ക്ലോക്കിൽ അലാറം അടിക്കുന്നതു കേട്ടു. ജനലിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോൾ പുലരിയുടെ ആദ്യതുടിപ്പുകൾ കിഴക്കു ദിക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കണ്ടു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...