ഈ ഉത്സവകാലത്തിന് ഒരു പ്രത്യേകതയുണ്ട്. നിങ്ങളുടെ ജീവിതം രണ്ടായി പകുക്കാൻ പോവുകയാണ്. ഈ ഉത്സവകാലത്തിനു മുമ്പും ശേഷവും. ആ മാറ്റം ആസ്വദിക്കാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഉത്സവം അടുത്താൽ എല്ലാം തുടച്ച് വൃത്തിയാക്കാൻ എല്ലാവരും ആഗ്രഹിക്കും. പക്ഷേ ആ വൃത്തി പലരും മനസ്സിൽ സൂക്ഷിക്കാറില്ലെന്ന് മാത്രം. ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലിനിടയിൽ എല്ലാം വെട്ടിപ്പിടിക്കാൻ നോക്കും. ഈ ഉത്സവകാലത്ത് പരിസരം വൃത്തിയാക്കുന്നതിനൊപ്പം മനസ്സും ഒന്ന് ക്ലീൻ ചെയ്‌താലോ.
മാനസിക ആരോഗ്യം വർദ്ധിപ്പിക്കാൻ മാത്രമല്ല തന്‍റെ ജീവിതം മറ്റുള്ളവർക്ക് കൂടി ഗുണമുണ്ടാക്കുന്നതാണെന്ന തോന്നൽ അപ്പോൾ ഉണ്ടാകും. അതൊരു വലിയ മാറ്റമല്ലേ. നിങ്ങൾക്ക് കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാനും കൂടുതൽ മനസ്സമാധാനം ലഭിക്കാനും അതുകൊണ്ട് കഴിയും. മനുഷ്യ മനസ്സിനെ മലിനമാക്കുന്ന വികാരങ്ങൾ ഒഴിവാക്കാം. നിങ്ങളുടെ മനസ്സിലേയ്‌ക്ക് കാറ്റും വെളിച്ചവും കൂടുതൽ വരുമ്പോൾ നിങ്ങൾ ബഹുമാനിതനും സമൂഹത്തിനു കൂടുതൽ വേണ്ടപ്പെട്ടവനുമായിതീരും.
സംശയം പാടില്ല
പലരും സംശയത്തിനും ഇരകളാവാറുണ്ട്. അത് സ്‌ഥിര സ്വഭാവമായി മാറുമ്പോഴാണ് വ്യക്‌തിത്വം ദുഷിച്ചു തുടങ്ങുന്നത്. ഒരാളെ ചതിക്കുന്നത് അയാളുടെ സംശയമായിരിക്കുമെന്ന് വില്യം ഷേക്‌സ്‌പിയർ പറഞ്ഞിട്ടുണ്ട്. ഈ സ്വഭാവം കാരണം കൈയിൽ കിട്ടിയ നല്ല കാര്യങ്ങൾ വരെ പിടിവിട്ട് പോകും. വിജയത്തിനു തൊട്ടരികിൽ വച്ച് കാര്യങ്ങൾ വഴുതി പോകുന്നത് സംശയമെന്ന ചീത്ത വിചാരം ഉള്ളിൽ ഉള്ളവർക്കായിരിക്കും. അതിനാൽ ഈ ഉത്സവകാലത്ത് ഇത്തരം സ്വഭാവം ഒഴിവാക്കാൻ ബോധപൂർവ്വം ശ്രമിക്കുക. മനസ്സിലെ ആദ്യത്തെ ക്ലീൻ അപ്പ് ഇതു തന്നെയായിക്കോട്ടെ.
ഭയം അകറ്റുക
ഫോർമുല വൺ കാർ റേസർ, നാരായൺ കാർത്തിക് പറയുന്നതിങ്ങനെ “ജീവിതത്തിൽ ഭയത്തിന് യാതൊരു സ്‌ഥാനവുമില്ല. ഞാൻ ഭയവുമായി ചങ്ങാത്തത്തിലാണ്. ഭയത്തിനു പകരം ഞാൻ ആത്മവിശ്വാസം കൊണ്ട് നടക്കുന്ന ആളാണ്.”
നമ്മുടെ കഴിവുകളെക്കുറിച്ച്, ശക്‌തി കേന്ദ്രങ്ങളെക്കുറിച്ച് അറിവില്ലാതെ കഴിയുമ്പോഴാണ് പരാജയ ഭീതി ഉടലെടുക്കുന്നത്. അത് മനസ്സിൽ വേരുറച്ചാൽ പല കാര്യങ്ങൾ ഏറ്റെടുക്കാനും മറ്റും മടി തോന്നും. അത് ജീവിത വിജയത്തെ പുറകിലേക്ക് വലിച്ചിടാൻ ഇടയാക്കുന്നു. അതിനാൽ ഭയത്തെ മാറ്റി വച്ച്, ആത്വിശ്വാസത്തോടെ ജീവിതത്തെ നേരിടുക. വിജയം നിങ്ങളുടെ കൈപ്പിടിയിലാവും.
അന്ധവിശ്വാസം
യുക്‌തി രഹിതമായി കാര്യങ്ങളെ കാണാൻ തുടങ്ങിയാൽ മനസ്സ് മനുഷ്യനെ പരാജയത്തിലേക്കാണ് കൊണ്ടുപോവുക. അതിനാൽ അന്ധവിശ്വസം വെടിഞ്ഞ് ആധുനിക മനുഷ്യന്‍റെ മനസ്സ് കൈവരിക്കാൻ ശ്രദ്ധിക്കണം. അന്ധവിശ്വാസം നിങ്ങളെ മാത്രമല്ല നിങ്ങളുടെ ചുറ്റിലുള്ളവരെയും മഹത്വമില്ലാത്തവരാക്കിയേക്കും. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവരായിരിക്കും ഇത്തരക്കാർ. അതിനാൽ അവർ ഏതു കാര്യത്തിനും മറ്റുള്ളവരെ അഭയം പ്രാപിക്കും. ഈ ഉത്സവ കാലം അന്ധവിശ്വാസത്തെ കുടഞ്ഞുകളയാൻ കൂടിയുള്ളതാവട്ടെ.
ദേഷ്യം
മനുഷ്യമനസ്സിലെ നന്മകളെ ഇല്ലാതാക്കുന്ന ഭൂതമാണ് ദേഷ്യം. ദേഷ്യം വരുമ്പോൾ മനുഷ്യന്‍റെ വിവേകം നഷ്‌ടപ്പെടുന്നു. എപ്പോഴും എന്തിനും ഏതിനും ദേഷ്യപ്പെടുന്നവരെ ആരെങ്കിലും ഇഷ്‌ടപ്പെടുമോ? മാനസികാരോഗ്യവും ശാരീരികാരോഗ്യവും ക്ഷയിക്കാൻ ദേഷ്യം ഇടയാക്കും. ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവാനേ ദേഷ്യം ഉപകരിക്കൂ. വ്യക്‌തി വികസനത്തെ മുരടിപ്പിക്കുന്ന വികാരം കൂടിയാണ് അമിതമായ ദേഷ്യം. വീട്ടുകാർക്ക് മാത്രമല്ല കൂട്ടുകാർക്കും ഇത്തരം സ്വഭാവമുള്ളവർ തലവേദന സൃഷ്‌ടിക്കും. അതിനാൽ നിങ്ങൾ മുൻകോപമുള്ള ആളാണെങ്കിൽ സ്വയം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. അറിയാതെ ദേഷ്യപ്പെട്ടുപോയാൽ ക്ഷമ ചോദിക്കാൻ മടിക്കരുത്.
പകയും അസൂയയും
ഈ രണ്ട് കാര്യങ്ങളും മനുഷ്യന്‍റെ മന:സമാധാനം കെടുത്തുന്നവയാണ്. ഇങ്ങനെയുള്ള വ്യക്‌തികൾ എപ്പോഴും മറ്റുള്ളവരുടെ വളർച്ചയും കുറ്റങ്ങളും കണ്ടുപിടിച്ച് ദുഷിക്കുന്നവരായിരിക്കും. അതിനാൽ തന്നെ ജീവിതത്തിന്‍റെ വിലപ്പെട്ട സമയം ഇങ്ങനെ പാഴായിപോകും. ആ നേരം കൊണ്ട് തന്നെക്കുറിച്ചും തന്‍റെ കഴിവുകൾ വികസിപ്പിക്കുന്നതിനെപ്പറ്റിയും ചിന്തിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്‌താൽ ഒരു വ്യക്‌തിയെന്ന നിലയ്‌ക്ക് എത്ര ഉയരങ്ങൾ കീഴടക്കാൻ കഴിയും. ഇത്തരക്കാർ പക്ഷേ അങ്ങനെയൊന്നും ചിന്തിക്കില്ല. അതിനാൽ ഈ ഉത്സവകാലം പക പോകാനുള്ള മനസ്സിന് തീ കൊടുക്കുക. അവിടെ നന്മയുടെ പ്രകാശം പരക്കട്ടെ.
നിരാശ
മനസ്സിന്‍റെ ശരിയായ ദശാബോധം ശരീരത്തിനെയും സ്വാധീനിക്കുന്നുവെന്നാണ് മന:ശാസ്‌ത്രജ്‌ഞന്മാർ പറയുന്നത്. ഈ ഉത്സവ സീസൺ നിരാശാ ബോധം മാറ്റിവെച്ച് നല്ല നാളെ സ്വപ്‌നം കാണാൻ കൂടി നിങ്ങളെ പ്രാപ്‌തമാക്കട്ടെ. മുൻ അമേരിക്കൻ പ്രസിഡന്‍റായ റൂസ്‌വെൽറ്റിന്‍റെ രണ്ട് കാലുകൾക്കും സ്വാധീന ശേഷി ഇല്ലായിരുന്നു. എന്നിട്ടും അദ്ദേഹം നിരാശനാവാതെ മുന്നേറി. മനസ്സിനെ നിരാശയുടെ തടവറയിൽ നിന്ന് മോചിപ്പിച്ചാൽ എന്തും കീഴടക്കാം.
ചിന്താഗതി
നല്ല ചിന്തകൾ നല്ല മനുഷ്യനേയും നല്ല സമൂഹത്തേയും സൃഷ്ടിക്കുമെന്ന് ആർക്കാണ് അറിയാത്തത്. പക്ഷേ പലരും തങ്ങളുടെ ചിന്താ പദ്ധതിയുടെ കുഴപ്പം കാരണമാണ് പരാജയപ്പെടുന്നത്. നമ്മുടെ ചിന്തകൾക്ക് നാവിനേക്കാൾ മൂർച്ചയുണ്ടെന്ന കാര്യം മറക്കരുത്. അത് ശരീരത്തെ മുറിവേൽപ്പിക്കാതെ നോക്കണം. അതിനാൽ ചീത്ത ചിന്തകളെ മനസ്സിൽ നിന്ന് ആട്ടിയൊടിക്കുവാൻ സദാ ശ്രമിക്കണം. ഈ ഉത്സവകാലം അതിനായി ശ്രമിച്ചോളൂ. വിജയം നിങ്ങളുടെ കൈപ്പിടിയിലൊതുങ്ങും.
അപകർഷതാ ബോധം
സ്വയം സന്തോഷിക്കുവാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനോ അപകർഷതാബോധമുള്ള ഒരാൾക്ക് സാധിക്കുകയില്ല. നെഗറ്റീവ് എനർജി മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നവരായിരിക്കും ഇക്കൂട്ടർ. തങ്ങളുടെ കഴിവ് കേടുകളെപ്പറ്റി മാത്രം ഓർക്കുകയും ആ കഥകൾ പറഞ്ഞ് മറ്റുള്ളവരുടെ ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്യുന്ന ശീലമാണ് ഇവരെ അകറ്റി നിർത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഘടകം. ആയതിനാൽ മനസ്സിനെ ദൃഢമാക്കി അപകർഷതാബോധത്തെ മറികടക്കാൻ ശ്രമിക്കണം.
ഇനി മനസ്സിനേയും മറ്റുള്ളവരെയും പ്രചോദിപ്പിക്കുകയും ശാന്തസുന്ദരമായ അവസ്ഥ ജീവിതത്തിന് സമ്മാനിക്കുകയും ചെയ്യുന്ന ഒത്തിരി ഗുണങ്ങൾ മനുഷ്യരിൽ അന്തർലീനമായി കിടപ്പുണ്ട്. അത് കണ്ടെത്തി വികസിപ്പിക്കാൻ ശ്രമിക്കുകയും വേണം. ആ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ജീവിതത്തിൽ നന്മകളുടേയും സന്തോഷത്തിന്‍റെയും സമ്പൽസമൃദ്ധിയുടേയും പൂത്തിരി തെളിയും.
പുഞ്ചിരി
തുറന്ന ചിരി ആയുസ്സ് വർദ്ധിപ്പിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. അതിനാൽ ഇനി ചിരിക്കാനുള്ള അവസരം വെറുതെ വിട്ടുകളയരുതേ… ചിരിക്കുന്നത് ഹൃദയത്തിന് വളരെ നല്ലതാണ്. ചിരിക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും രക്‌തധമനികളിലേക്ക് രക്‌തപ്രവാഹം സുഗമമാവുകയും ചെയ്യുന്നു. അത് വ്യക്‌തിയ്ക്ക് ശാരീരികവും മാനസികവുമായ ഉന്മേഷം നൽകും. ശരീരത്തിന്‍റെ എല്ലാ അവയവങ്ങളും നന്നായി പ്രവർത്തിക്കാൻ ഇത് ഉപകരിക്കുന്നു. ചിരി നല്ല വ്യക്തിത്വത്തിന് ആഭരണ ശോഭ നൽകുന്നു. നിങ്ങളുടെ ചിരി മറ്റുള്ളവരേയും സന്തോഷിപ്പിക്കുമല്ലോ. അതിനാൽ ഈ ഉത്സവ കാലം തൊട്ട് ഒരു ദിവസം ഒരു വ്യക്‌തിയോട് ചിരിച്ചാൽ, 10 വർഷം കൊണ്ട് നിങ്ങൾ 3600 പേരെ സന്തോഷിപ്പിച്ചു എന്നാണ് അർത്ഥം. എന്താ അത് അത്ര മോശം കാര്യമാണോ?
ശുഭചിന്ത
എല്ലാം ശരിയാവും എന്ന ബോധം തന്നെ എത്ര മനോഹരമാണ്. “സകാരാത്മകമായ ചിന്ത നല്ല തരംഗങ്ങളെ സൃഷ്ടിക്കുന്നു. അത് നിങ്ങളുടെ ചുറ്റുമുള്ളവരേയും സ്വാധീനിക്കും. അതിനു ശേഷമുള്ള മാറ്റം നിങ്ങളെ മറ്റൊരാളാക്കി മാറ്റും. ഇങ്ങനെ മാറ്റങ്ങൾ ഓരോന്നായി വന്നുചേരും. സന്തോഷത്തിന്‍റെ അലകൾ ഉണ്ടാവും” പ്രമുഖ മന:ശാസ്ത്രജ്‌ഞനായ പ്രൊഫസർ റിച്ചാഡ് ഫോക്സ് പറയുന്നു. ഈ ഉത്സവാന്തരീക്ഷത്തിന്‍റെ ഇടയിൽ നല്ല ചിന്തകൾക്കായി മനസ്സിൽ ഇടം നൽകിക്കോളൂ.
ആത്മവിശ്വാസം
ദീപങ്ങളുടെ ആഘോഷം കഴിഞ്ഞിരിക്കുന്ന നിറവിൽ ഇനി അടുത്ത ഉത്സവം വരെ ആത്മവിശ്വാസത്തിന്‍റെ പ്രകാശകിരണങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചോളൂ. ഇനിയും ഉത്സവങ്ങൾ അനവധി വരാനുണ്ടല്ലോ. പ്രസന്നവാനായ വ്യക്‌തിയാണ് കൂടുതൽ ക്രിയാത്മകമാവുന്ന വ്യക്‌തി എന്ന കാര്യം മറക്കണ്ട. ആത്മവിശ്വാസമാണ് ഒരാൾക്ക് പ്രസന്നത നൽകുന്നത്. പാലം കുലുങ്ങിയാലും സ്വയം കുലുങ്ങാതെ സൂക്ഷിക്കണമെങ്കിൽ നല്ല ആത്മവിശ്വാസം വേണം. സുധാചന്ദ്രന്‍റെ കാര്യമറിയാമല്ലോ. ഒരു കാൽ നഷ്ടപ്പെട്ടിട്ടും അവർ നൃത്തത്തിന്‍റെ മേഖലകളിൽ തിളങ്ങി. കൃത്രിമക്കാൽ ഉപയോഗിച്ച് അവർ എത്ര നൃത്തവേദികളാണ് ധന്യമാക്കിയത്. അതാണ് ആത്മവിശ്വാസം. അത് വാടാതെ സൂക്ഷിക്കണം.
സ്നേഹം കാത്തു സൂക്ഷിക്കാം
പങ്കാളിയോടുള്ള സ്നേഹം എപ്പോഴും അണയാതെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതവഴിയിൽ താങ്ങും തണലുമാകുന്നവരെ ഒരിക്കലും വെറുക്കുകയോ വെറുപ്പിക്കുകയോ ചെയ്യരുത്. ബന്ധുക്കളോടും അയൽക്കാരോടും സ്നേഹം സൂക്ഷിക്കുക. ആപത്ത് കാലത്ത് ആരാണ് ആദ്യം ഉപകരിക്കുകയെന്ന് പറയാനാവില്ല. അതിനാൽ സ്നേഹത്തിന്‍റെ കണിക വറ്റാത്ത മനസ്സ് കാത്ത് സൂക്ഷിക്കണം. ഈ ലോകത്ത് സ്നേഹം കൊണ്ട് പരിഹരിക്കാൻ കഴിയാത്ത യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് മനസ്സിലാക്കുക.
ധൂർത്ത് ഒഴിവാക്കാം
ഒരുപാട് കാശ് ഉണ്ട് എന്ന് കരുതി വാരിക്കോരി അനാവശ്യകാര്യങ്ങൾക്ക് ചെലവഴിക്കരുത്. പണം ക്രിയാത്മകമായി ചെലവിടാൻ ശീലിക്കുക. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും മനസ്സ് കാണിക്കണം. പണം ധൂർത്തടിക്കുന്നത് നല്ല ശീലമല്ല. ഒരുപാട് ആഭരണങ്ങളും ഉടയാടകളും മറ്റും വാങ്ങി കാശ് കളയുന്നവർ ഈ ഭൂമിയിൽ ഒരു നേരത്തിനുള്ള ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർ ഉണ്ടെന്ന് ഓർക്കണം. ജീവിത നിലവാരത്തിനനുസരിച്ച് ജീവിക്കുന്നതും കലയാണ്. ബജറ്റ് ഇട്ട് ആവശ്യാനുസരണം പണം ചെലവഴിക്കാൻ മറക്കരുത്. ഇൻവെസ്റ്റ്മെന്‍റ് എന്ന നിലയ്ക്ക് സ്വർണ്ണനാണയങ്ങളോ ഭൂമിയോ ഫ്ളാറ്റോ വാങ്ങാവുന്നതാണ്.
സാമൂഹ്യ പ്രതിബദ്ധത
നാം എല്ലാവരും സമൂഹജീവികളാണല്ലോ. അതിനാൽ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവം ഏൽപ്പിക്കരുത്. വൈദ്യുതിയുടെ ദുർവ്യയം തടയാൻ ശ്രമിക്കണം. അതുപോലെ വെള്ളം അനാവശ്യമായി പാഴാക്കിക്കളയരുത്.
ഭാവിതലമുറയ്ക്ക് വേണ്ടിയുള്ളതാണ് ഊർജ്‌ജ സ്രോതസ്സുകൾ. അവ ആവശ്യത്തിനു മാത്രം ഉപയോഗിക്കാൻ ശീലിക്കണം. മരങ്ങൾ നട്ടുപിടിപ്പിക്കാനും ഈ ഉത്സവകാലത്ത് തീരുമാനമെടുക്കാം. സ്വന്തം വീട്ടുവളപ്പിലോ റോഡരികിലോ പുറം പോക്കിലോ മരം നടാം. അതുപോലെ അനാവശ്യമായി വണ്ടി ഓടിച്ച് ഇന്ധനം കളയുന്നതും ഒഴിവാക്കണം.