ഏത് ആഘോഷത്തിന്‍റെയും ഹൈലൈറ്റ് എന്ന് പറയുന്നത് മധുര പലഹാരങ്ങൾ തന്നെയാണ്. ആഘോഷാവസരങ്ങളിൽ സമ്മാനങ്ങളായും മധുര പലഹാരങ്ങൾ കൊടുക്കാറുണ്ട്. പ്രത്യേകിച്ചും ദീപാവലി പോലുള്ള ആഘോഷങ്ങളിലാണ് ഉത്തരേന്ത്യൻ മധുരപലഹാരങ്ങൾക്ക് പ്രിയമേറുന്നത്. ഇത്തരം ആഘോഷവേളകളിൽ മധുരപലഹാര വിപണി വൻതോതിൽ സജീവമാകും. എന്നാൽ ഈ മിഠായികൾ തീർത്തും പരിശുദ്ധമാണോ മിഠായിയിൽ ചേർക്കുന്ന ഖോയ (പാല്‍ക്കട്ടി) യിലാണ് ഏറ്റവുമധികം മായം കലർത്തുന്നത്. അതുപോലെ നിറവും മായം കലർന്നത് തന്നെ. കടലമാവും പഞ്ചസാരയും മറ്റും ചേർത്ത് തയ്യാറാക്കുന്ന ബൂന്ദി കൊണ്ടുള്ള ലഡ്ഡുവും ബാലുഷാഹിയുമൊക്കെ എളുപ്പം മായം കലർത്താന്‍ പറ്റുന്നവയാണ്.

ഇക്കാരണത്താൽ ഇപ്പോൾ ആളുകൾ മിഠായികൾ വാങ്ങുന്നത് കുറഞ്ഞിരിക്കുകയാണെന്നാണ് വിപണി സൂചിപ്പിക്കുന്നത്. ഡ്രൈഫ്രൂട്ട് ചോക്ക്ളേറ്റുകൾക്കും ഡ്രൈ ഫ്രൂട്ടുകൾ ചേർത്ത് തയ്യാറാക്കുന്ന പലഹാരങ്ങൾക്കുമാണ് ഇപ്പോൾ പ്രിയം. വിലയൽപം കൂടുതലാണെങ്കിലും ഡ്രൈഫ്രൂട്ട്സുകളുടെ ഗുണമേന്മ ഡിമാന്‍റ് വർദ്ധിപ്പിച്ചിരിക്കുകയാണ്. മിഠായിയിൽ മായം ചേർക്കുന്നത് വ്യാപകമായതിനാൽ അവ കഴിക്കുന്നതിന് മുമ്പായി നല്ല വണ്ണം പരിശോധിച്ചറിയേണ്ടതാണ്. ഇത് വീട്ടിൽ സ്വയം ചെയ്യാവുന്നതാണ്.

എങ്ങനെയാണ് വ്യാജ ഖോയ തയ്യാറാക്കുന്നത്

ഒരു കിലോഗ്രാം പാലിൽ നിന്ന് കേവലം 200 ഗ്രാം ഖോയ മാത്രമാണ് ലഭിക്കുക. ഇത് വ്യാപാരികളെ സംബന്ധിച്ച് വലിയ നഷ്ടമായിരിക്കും. അതിനാൽ കൂടുതൽ ലാഭത്തിനായി മായം കലർന്ന ഖോയ തയ്യാറാക്കാൻ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മൈദ, വാട്ടർ ചെസ്റ്റ്നട്ടിന്‍റെ മാവ് എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതിൽ ഉരുളക്കിഴങ്ങാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്.

മായം കലർന്ന ശുദ്ധമല്ലാത്ത ഖോയ കൊണ്ട് ഉണ്ടാക്കുന്ന മധുരപലഹാരങ്ങൾ വളരെ വേഗം കേടായി പോകും. ഇതിന് പുറമെ, വ്യാജ ഖോയ തയ്യാറാക്കുന്നതിന് സ്റ്റാർച്ച്, അയഡിൻ, എന്നിവയും ചേർക്കുന്നുണ്ട്. ഇതൊക്കെ ഖോയയുടെ തൂക്കം വർദ്ധിപ്പിക്കും. ഖോയയുടെ തൂക്കം വർദ്ധിപ്പിക്കാൻ ഗോതമ്പുപൊടി ചേർക്കുന്ന പതിവുമുണ്ട്.

മായം കലർന്ന ഖോയ ഒറിജിനലാണെന്ന് കാട്ടാൻ രാസവസ്തുവും ചേർക്കുന്നുണ്ട്. ചില കടക്കാരാകട്ടെ പാൽപ്പൊടിയിൽ വനസ്പതി ചേർത്ത് ഖോയ തയ്യാറാക്കുന്നുണ്ട്. അതിനു വേണ്ടി അവർ കൃത്രിമപ്പാലാണ് ഉപയോഗിക്കുന്നത്. ആഘോഷ സീസണുകളുടെ കാലമാകുന്നതോടെ സിന്തറ്റിക് പാലിന്‍റെ ഉൽപ്പാദനം കൂടുക പതിവാണ്.

സിന്തറ്റിക് പാൽ തയ്യാറാക്കുന്നതിന് ഏറ്റവുമാദ്യം യൂറിയ ചെറിയ തീയിൽ തിളപ്പിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം അതിൽ വസ്ത്രമലക്കാൻ ഉപയോഗിക്കുന്ന ഡിറ്റർജന്‍റ്, സോഡ സ്റ്റാർച്ച്, വാഷിംഗ് പൗഡർ എന്നിവ ചേർക്കുന്നു. ശേഷം യഥാർത്ഥ പാൽ അൽപം ചേർക്കും. ഇത്തരത്തിൽ തയ്യാറാക്കുന്ന ഖോയ ആരോഗ്യത്തിന് അപകടകരമാണ്.

ആരോഗ്യത്തിന് ഹാനി സൃഷ്ടിക്കുന്ന മായം കലർന്ന മിഠായികൾ

മായം കലർന്ന ഖോയയും സിന്തറ്റിക് പാലുകൊണ്ടുള്ള ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തിന് നന്നല്ല. വൃക്കയേയും കരളിനേയും ദോഷകരമായി ബാധിക്കും. ഇത്തരത്തിലുള്ള മധുരപലഹാരങ്ങൾ കഴിക്കുന്നത് ചർമ്മവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ക്ഷണിച്ചു വരുത്തും. ഇത്തരത്തിലും കൃത്രിമ മധുരപലഹാരങ്ങൾ അമിതയളവിൽ കഴിക്കുന്നത് കരളിന് ദോഷം ചെയ്യും. കരളിന്‍റെ സൈസ് വലുതാകും. ഇത് കാൻസർ ഉണ്ടാകാൻ വരെ കാരണമാകാം. അതിനാൽ യഥാർത്ഥ പാലും കൃത്രിമപ്പാലും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയുകയാണ് വേണ്ടത്.

സിന്തറ്റിക് മിൽക്കിന് സോപ്പിന്‍റെ പോലെയുള്ള ഗന്ധമായിരിക്കും ഉണ്ടാവുക. എന്നാൽ ഒറിജിനൽ പാലിന് പ്രത്യേകിച്ച് ഗന്ധമൊന്നുമുണ്ടാവില്ല. നേരിയ മധുരമുണ്ടായിരിക്കും. കൃത്രിമപ്പാലിൽ ഡിറ്റർജന്‍റും സോഡയും ചേർക്കുന്നതിനാൽ ഒരു കയ്പു രുചിയാവും ഉണ്ടാവുക. ഇതോടൊപ്പം യഥാർത്ഥ പാൽ സ്റ്റോർ ചെയ്‌താൽ അതിന്‍റെ നിറം മാറുകയില്ല, എന്നാൽ കൃത്രിമ പാൽ കുറച്ചു സമയം കഴിഞ്ഞാൽ മഞ്ഞ നിറമാകും. യഥാർത്ഥ പാലിൽ യൂറിയയുണ്ടെങ്കിലും അത് വളരെ നേരിയ മഞ്ഞ നിറത്തിലുള്ളതായിരിക്കും. യഥാർത്ഥ പാൽ തിളപ്പിച്ചാലും അതിന്‍റെ നിറം മാറുകയില്ല. സിന്തറ്റിക് പാൽ തിളപ്പിച്ചാൽ മഞ്ഞ നിറത്തിലുള്ളതാവും. യഥാർത്ഥ പാൽ കൈകൾക്കിടയിൽ വച്ച് അമർത്തി ഉരച്ചാലും യാതൊരു എണ്ണമയവുമുണ്ടാകില്ല.

മായത്തിന്‍റെ മഹാജാലം

ഉത്സവനാളുകളിലാണ് മായം ചേർക്കൽ കൊടുമ്പിരി കൊള്ളുന്നത്. മിഠായി, ഡ്രൈഫ്രൂട്ട്, പാൽ, പനീർ, നെയ്യ് എന്നിവ നല്ല കാശു കൊടുത്താലെ കിട്ടൂ. എന്നാൽ തിരിച്ച് കിട്ടുന്നതോ മഹാരോഗങ്ങളും.

വ്യാജവും നല്ലതും എളുപ്പം കണ്ടുപിടിക്കാം

പാലിൽ കലർന്നിരിക്കുന്ന മായം അനായാസം കണ്ടുപിടിക്കാം. അൽപം പാലിൽ തുല്യ അളവിലായി വെള്ളം ചേർക്കാം. പാലിൽ പത വരികയാണെങ്കിൽ അതിൽ ഡിറ്റർജന്‍റ് ചേർത്തിട്ടുണ്ടെന്ന് അറിയാൻ പറ്റും. സിന്തറ്റിക് പാൽ തിരിച്ചറിയാൻ കൈ കൊണ്ട് തിരുമ്മി നോക്കുക. സോപ്പ് പോലെ തെന്നലുണ്ടെങ്കിൽ പാൽ സിന്തറ്റിക്കാണെന്ന് സാരം. സിന്തറ്റിക് പാൽ തിളപ്പിച്ചാൽ മഞ്ഞ നിറമായി മാറും.

ഇതുപോലെ തന്നെയാണ് ഖോയയിലെ മായം കലർന്നിട്ടുണ്ടോയെന്ന് അറിയുന്നതും. ഫിൽറ്ററിൽ 2- 3 തുള്ളി അയഡിൻ ഇട്ടുക. അയഡിൻ കറുക്കുകയാണെങ്കിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഖോയ തരിതരിയായിട്ടുള്ളതാണെങ്കിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. അതറിയാനായി വിരലുകൾക്കിടയിൽ വച്ച് ഖോയ തിരുമ്മി നോക്കാം. തരിതരിയായിട്ടാണ് വരുന്നതെങ്കിൽ മായമുണ്ട്.

പനീർ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിക്കുക. ഇതിൽ ഏതാനും തുള്ളി അയഡിൻ ഒഴിക്കുക. പനീർ നീല നിറത്തിലുള്ളതാവുകയാണെങ്കിൽ മായം കലർന്നിട്ടുണ്ടെന്ന് നിശ്ചയിക്കാം.

സ്വീറ്റ്സ് പൊതിയുന്ന സിൽവർ വർക്കിലും അലുമിനിയം കലർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. സിൽവർ വർക്ക് കത്തിച്ചാൽ അതേ തൂക്കത്തിൽ ചെറിയൊരു ബോളായി മാറും. സിൽവർ വർക്കിൽ മായമുണ്ടെങ്കിൽ കത്തിച്ചു നോക്കുമ്പോൾ കറുത്ത നിറത്തിലുള്ള കത്തിയ കടലാസു പോലെയാകും.

ചോക്ക്ളേറ്റ്, കോഫി, ചോക്ക്ളേറ്റ് പൗഡറുകളിൽ ചിക്കറി, ശർക്കര എന്നിവ മായമായി കലർത്താറുണ്ട്. ചോക്ക്ളേറ്റ് പൗഡറാക്കി അതിൽ ഒരു ഗ്ലാസ് വെള്ളം തളിച്ചു നോക്കൂ. കോഫിയും ചോക്ക്ളേറ്റ് പൗഡറും വെള്ളത്തിന് മീതെ നീന്തി നടക്കും. ചിക്കറിയാണെങ്കിൽ വെള്ളത്തിനടിയിൽ അടിഞ്ഞു കൂടും. ഇത് തന്നെയാണ് ശർക്കര മായമായി കലർത്തിയാലുള്ള അവസ്‌ഥയും. വെള്ളത്തിൽ ചോക്ക്ളേറ്റ് ഇട്ടാൽ ശർക്കര ചേർന്നിട്ടുണ്ടെങ്കിൽ വളരെ മൃദുലമായ വഴുവഴുക്കുള്ള ഒരു പദാർത്ഥം വെള്ളത്തിൽ അലിഞ്ഞു ചേരുന്നത് കാണാം.

और कहानियां पढ़ने के लिए क्लिक करें...