‘മസാൻ’ എന്ന ചിത്രത്തിലെ ബനാറസി പയ്യനായി അഭിനയിച്ച നടൻ വിക്കി കൗശലിന് ഈ ചിത്രത്തിന് ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ മികച്ച പുരുഷ നവാഗതപുരസ്കാരം ലഭിച്ചു. വിക്കിയുടെ അച്ഛൻ ശ്യാം കൗശൽ ഒരു ആക്ഷൻ, സ്റ്റണ്ട് സംവിധായകനാണ്. ക്രിഷ് 2, ബജ്രംഗി ഭായിജാൻ, സ്ലം ഡോഗ് മില്യണയർ, 3 ഇഡിയറ്റ്സ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ആക്ഷൻ ചെയ്തിട്ടുണ്ട്.
വിക്കിക്ക് അഭിനയിക്കാനുള്ള ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം അഭിനയത്തിൽ പരിശീലനം നേടി അഭിനയ മേഖലയിലേക്ക് കടന്നു. ഇതിന് മുമ്പ്, ഗാങ്സ് ഓഫ് വസേപൂർ എന്ന ചിത്രത്തിൽ സംവിധായകൻ അനുരാഗ് കശ്യപിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു, ഇത് അഭിനയം സൂക്ഷ്മമായി പഠിക്കാൻ ഉള്ള അവസരം നൽകി.
വിക്കി അഭിനയിച്ച ‘സർദാർ ഉദ്ദം’ എന്ന സിനിമ ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങി. സർദാർ ഉദ്ദം സിങ്ങിന്റെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിൽ വിക്കിയുടെ പ്രകടനം വളരെയധികം പ്രശംസ അർഹിക്കുന്നുണ്ട്. വിക്കിയിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ ചില അനുഭവങ്ങൾ നമുക്ക് കേൾക്കാം .
ചോദ്യം- ഈ സിനിമ നിങ്ങൾക്ക് വളരെ സ്പെഷ്യൽ ആണല്ലോ
അതെ, ജാലിയൻ വാലാബാഗ് പുനർനിർമ്മിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. അതിന്റെ സ്ക്രിപ്റ്റ് എന്നെ വല്ലാതെ പിടിച്ചു കുലുക്കി, ചിലപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു. കഥ നേരത്തെ അറിയാമായിരുന്നു, പക്ഷേ അത് യഥാർത്ഥമായി ചിത്രീകരിക്കേണ്ടി വന്നപ്പോൾ, അതേ വികാരം എന്നിലും വന്നു. ഇതുകൂടാതെ, സംവിധായകൻ ഷൂജിത് സിർകാറിന്റെ സെറ്റ് യഥാർത്ഥവും സീൻ അനുസരിച്ച് ഗൗരവമുള്ളതുമായിരുന്നു. ചില നേരങ്ങളിൽ എന്റെ രക്തം വറ്റിപ്പോയ പോലെ ഒക്കെ തോന്നിയിരുന്നു. നൂറ് വർഷങ്ങൾക്ക് മുമ്പ്, 20000 വരുന്ന ഒരു ജനക്കൂട്ടം ഈ രംഗം നേരിട്ടു കണ്ടു അനുഭവിച്ചുവെന്ന് എല്ലാ രാത്രിയും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു, അവിടെ നിന്ന് അവർക്ക് രക്ഷപ്പെടാൻ മാർഗമില്ല. നിരായുധരായ ആളുകൾക്ക് നേരെ സൈനികർ തുടർച്ചയായി വെടിയുതിർക്കുന്നു. ആ കൂട്ടത്തിൽ കുട്ടികളും വൃദ്ധരും ചെറുപ്പക്കാരും ഉണ്ടായിരുന്നു. ഈ രംഗം എന്നെ ഒരുപാട് അമ്പരപ്പിച്ചു.
ചോദ്യം- ഇർഫാൻ ഖാൻ ഈ സിനിമ ചെയ്യേണ്ടതായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം കാരണം നിങ്ങൾക്ക് ഈ സിനിമ ലഭിച്ചു, നിങ്ങളെക്കാൾ നന്നായി ഇർഫാന് അഭിനയിക്കാൻ കഴിയുമായിരുന്നുവെന്ന് കരുതുന്നുണ്ടോ?
നടൻ ഇർഫാൻ ഖാൻ പ്രതിഭാശാലിയായ കലാകാരനും ലോകമെമ്പാടും പ്രശസ്തനുമായിരുന്നു. അദ്ദേഹം നിരവധി വിജയകരമായ സിനിമകൾ ചെയ്തിട്ടുണ്ട്, ഈ റോൾ എന്നെക്കാൾ നന്നായി ചെയ്യാൻ കഴിയുമായിരുന്നു. അദ്ദേഹത്തെപ്പോലെ ഈ റോൾ ചെയ്യുന്നതിൽ ഞാൻ വിജയിക്കുകയാണെങ്കിൽ, അത് എനിക്ക് ഒരു വലിയ കാര്യമായിരിക്കും. ഈ വേഷം നന്നായി അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യവും ഉത്തരവാദിത്തവും ഉണ്ട്. ഈ സിനിമ അദ്ദേഹത്തിന് എന്റെ ഭാഗത്തുനിന്നുള്ള ഒരു ചെറിയ ആദരാഞ്ജലിയാണ്.
ചോദ്യം- സംവിധായകൻ ഷൂജിത് സിർകാറിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം എങ്ങനെയായിരുന്നു?
അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോൾ ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. ആ അനുഭവം മികച്ചതാണ്. വർക്ക് തുടങ്ങും മുൻപ് ഞാൻ ശൂന്യമായ ഒരു പാത്രമായി നിലകൊണ്ടു, അങ്ങനെ എനിക്ക് അദേഹത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും നിറവേറ്റാൻ കഴിഞ്ഞു. ഷൂജിത് സിർകാർ 20 വർഷം മുമ്പ് ഈ ചിത്രം മനസ്സിൽ കണ്ട പ്രതിഭ ആണ്. അദ്ദേഹം ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയെങ്കിലും അദ്ദേഹത്തിന് ഒരു നിർമ്മാതാവിനെ എവിടെയും കിട്ടിയില്ല, കാരണം അദ്ദേഹം പുതിയ ആളായിരുന്നു മാത്രമല്ല അത്തരം സിനിമകൾ ട്രെൻഡിൽ ഇല്ലായിരുന്നു. ഇന്ന് ഈ ജീവചരിത്ര ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു.
ചോദ്യം- ഈ സിനിമയിൽ സ്വാതന്ത്ര്യ സമരസേനാനി സർദാർ ഉദ്ദം സിംഗിന്റെ വേഷം ചെയ്തു, അത് എത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു
ഇതിൽ ഞാൻ എന്നെത്തന്നെ ശാരീരികമായി തയ്യാറാക്കിയിരുന്നു, കാരണം ഇതിൽ എനിക്ക് 20 വയസ്സുള്ള സർദാർ ഉദ്ദം നെയും 40 വയസുള്ള സർദാർ ഉദ്ദം നെയും അവതരിപ്പിക്കേണ്ടി വന്നു, അത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ എനിക്ക് 14 മുതൽ 15 കിലോഗ്രാം വരെ കുറയ്ക്കേണ്ടി വന്നു, അത് വളരെ ബുദ്ധിമുട്ടായിരുന്നു. ആ ഭാഗം ഷൂട്ട് ചെയ്ത ശേഷം, വീണ്ടും 25 ദിവസത്തിനുള്ളിൽ 14, 15 കിലോഗ്രാം വർദ്ധിപ്പിക്കേണ്ടിയും വന്നു. ഇതിനായി, സോഷ്യൽ മീഡിയയിൽനിന്ന് ഞാൻ ചില ഫോട്ടോകൾ കണ്ടെത്തി, പിന്നീട് ചില പഴയ പുസ്തകങ്ങളിൽ നിന്ന് സർദാർ ഉദ്ദം സിംഗ് വളരെ ശക്തനായ വ്യക്തിയാണെന്ന് മനസ്സിലാക്കി. ഇതിനു പുറമെ, വിവിധ രാജ്യങ്ങളിൽ അദ്ദേഹം വ്യത്യസ്ത രൂപങ്ങളും പേരുകളും ഉപയോഗിച്ചിരുന്നു, ഇതിനായി റഷ്യയിലും സെർബിയയിലും ഒക്കെ പോയി ഷൂട്ട് ചെയ്തു. കാരണം ആ കാലഘട്ടത്തിലെ എല്ലാം യഥാർത്ഥമായി കാണിക്കാൻ ടീം ശ്രമിച്ചു, ആ വ്യക്തിയുടെ വേദനയും ദുഖവും പോലുള്ള മാനസിക വികാരം മുഖത്ത് കൊണ്ടുവരാൻ ഷൂജിത് സിർകാർ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.
ചോദ്യം: ഇത്രയും തീവ്രമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം സ്വയം എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
എന്റെ ക്ഷമ വർദ്ധിച്ചതായി തോന്നുന്നുണ്ട്. കാരണം ഒരു വ്യക്തി ജാലിയൻ വാലാബാഗിന്റെ വേദന 21 വർഷം ഉള്ളിൽ സൂക്ഷിക്കുകയും 21 വർഷത്തിനു ശേഷം ലണ്ടനിലേക്ക് പോയി പ്രതികാരം ചെയ്യുകയും ചെയ്തു. ഇതിന് വളരെയധികം ക്ഷമ ആവശ്യമാണ്, എനിക്കും കുറച്ച് ക്ഷമ ഉണ്ടായിരിക്കണം.
ചോദ്യം- സർദാർ ഉദം സിങ്ങിന്റെ ജീവചരിത്രം നിങ്ങൾക്ക് പരിചിതമായിരുന്നോ, കാരണം സർദാർ ഉദ്ദം സിങ്ങിനെക്കുറിച്ച് വളരെ കുറച്ച് മാത്രമേ എഴുതപ്പെട്ടിട്ടുള്ളു
സർദാർ ഉദ്ദം സിങ്ങിനെക്കുറിച്ച് എനിക്കറിയാം, കാരണം പഞ്ചാബിലെ എന്റെ ഗ്രാമം ജാലിയൻ വാലാബാഗിലെ ഹോഷിയാർപൂരിൽ നിന്ന് 2 മണിക്കൂർ മാത്രം അകലെയാണ്. ഞാൻ എന്റെ മാതാപിതാക്കളിൽ നിന്ന് കുറേ വിവരങ്ങൾ ശേഖരിച്ചു.
പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും സംഗീതത്തിലൂടെയും ഈ സ്വാതന്ത്ര്യ സമര സേനാനികളെ നാം ഓർക്കേണ്ടതുണ്ട്, കാരണം നമുക്ക് ലഭിച്ച ജനാധിപത്യം ഇവരുടെ ത്യാഗത്തിന്റെ പ്രതിഫലം ആണ്. അത് സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം അക്കാലത്ത് 200 വർഷം ഭരിച്ച ബ്രിട്ടീഷുകാരെ പുറത്താക്കുക എന്നത് എളുപ്പമായിരുന്നില്ലല്ലോ .
ചോദ്യം- എന്താണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത്, ദേഷ്യം വരുമ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യാം?
എനിക്ക് വളരെ ക്ഷീണം തോന്നുമ്പോഴോ ശക്തമായ വിശപ്പുണ്ടാകുമ്പോഴോ എനിക്ക് ദേഷ്യം വരും. ഞാൻ ഏകനായി ഇരുന്നോ അല്ലെങ്കിൽ ഭക്ഷണം കഴിച്ചുകൊണ്ടോ ഞാൻ ശാന്തനാകും. ആ വേളകളിൽ. ഞാൻ ആരോടും സംസാരിക്കില്ല, കാരണം ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഞാൻ ചിലപ്പോൾ ദേഷ്യപ്പെട്ടേക്കാം അല്ലെങ്കിൽ കരഞ്ഞേക്കാം എന്നതാണ് അവസ്ഥ.